1 GBP = 92.70 INR                       

BREAKING NEWS

കര്‍ദ്ദിനാള്‍ ന്യൂമന്‍ ഇന്ന് വിശുദ്ധപദവിയിലേക്കെത്തുമ്പോള്‍ ഹൃദയംകൊണ്ട് വരവേല്ക്കാനൊരുങ്ങി യുകെ മലയാളികളും; വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ബര്‍മങ്ഹാമിലും ഓക്‌സ്‌ഫോര്‍ഡിലും വിവിധ പരിപാടികള്‍; വിശുദ്ധപ്രഖ്യാപനചടങ്ങില്‍ പങ്കെടുക്കാന്‍ ചാള്‍സ് രാജകുമാരനും

Britishmalayali
kz´wteJI³

ഇംഗ്ലണ്ടില്‍ ജനിച്ചു വളര്‍ന്ന കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലും ഇപ്പോള്‍ വിശുദ്ധരുടെ ഗണത്തിലെക്കും എത്തുമ്പോള്‍ യുകെയിലെ വിശ്വാസസമൂഹം ഏറെ ആവേശത്തിലാണ്.ഇംഗ്ലണ്ടില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത കത്തോലിക്കാ ആചാര്യനാണ് കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ (ആംഗ്ലിക്കന്‍ സഭ) അംഗമായി ജനിച്ചു കത്തോലിക്കാ സഭയില്‍ കര്‍ദിനാളായി അന്തരിച്ച അദ്ദേഹം ഇരുസഭകളിലും പുണ്യപുരുഷനായി വന്ദിക്കപ്പെടുന്നു എന്ന പ്രത്യേകതയും ന്യൂമാനുണ്ട്.

ആംഗ്ലിക്കന്‍ പൗരോഹിത്യം വെടിഞ്ഞു കത്തോലിക്കാ സഭയില്‍ ചേര്‍ന്ന ജോണ്‍ ഹെന്റി ന്യുമാന് മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പുകള്‍ക്കുശേഷം ലഭിക്കുന്ന വിശുദ്ധന്‍, കത്തോലിക്കാ സഭാംഗമായി മാറിയ ആംഗ്ലിക്കന്മാരില്‍നിന്നുള്ള പ്രഥമ വിശുദ്ധന്‍, ഇംഗ്ലണ്ടിന്റെ 'ആധുനിക വിശുദ്ധന്‍' എന്നിങ്ങനെയുള്ള വിശേഷണങ്ങളുമായാണ് വിശുദ്ധാരാമത്തിലേക്ക് പ്രവേശിക്കുന്നത്.മാത്രമല്ല ആഗോളതലത്തില്‍തന്നെ സഭ ഉപയോഗിക്കുന്ന വിഖ്യാതമായ പ്രാര്‍ഥനയുടെ രചയിതാവ് കൂടിയാണ് കര്‍ദിനാള്‍ ന്യുമാന്‍. കര്‍ദിനാള്‍ ന്യുമാന്റെ വിഖ്യാതമായ കവിത ഇന്നും യാമപ്രാര്‍ഥനയില്‍ സഭ ഉപയോഗിക്കുന്നു. ആഗോളതലത്തില്‍തന്നെ പ്രശസ്തമായ കവിതയും പ്രാര്‍ഥനയുമാണിത്. കേരളത്തില്‍ ഇന്നും ഉപയോഗിക്കുന്ന അറിയപ്പെട്ടെ അന്തിമോപചാര ശുശ്രൂഷാഗാനവും ഭക്തിഗാനവുമാണിത്. ഇത് കൂടാതെ ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ദേഹത്തിന്റെ പേരിലുള്ളതാണ.

ലണ്ടനില്‍ 1801 ല്‍ ജനിച്ച ന്യൂമാന്‍ ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയരുന്ന വിശുദ്ധ പദ പ്രഖ്യാപനത്തില്‍ ചാള്‍സ് രാജകുമാരന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വെയില്‍സ് രാജകുമാരന്റെ ഔദ്യോഗിക ഓഫീസായ ക്ലാരന്‍സ് ഹൗസ് ആണ് ഈ കാര്യം പുറത്തുവിട്ടത്. കര്‍ദ്ദിനാള്‍ ന്യൂമാന്‍ വൈദികന്‍ ആകുവാന്‍ പഠിച്ച പൊന്തിഫിക്കന്‍ അര്‍ബന്‍ കോളേജില്‍ നടക്കുന്ന ദിവ്യബലിയിലും അദ്ദേഹം പങ്കെടുക്കും.

ജീവിതത്തിന്റെ പകുതി (45 വര്‍ഷം) വീതം ആംഗ്ലിക്കന്‍ സഭയിലും കത്തോലിക്കാ സഭയിലും ചെലവഴിച്ച ജോണ്‍ ന്യൂമാന്‍ ഓക്‌സ്ഫഡില്‍ പ്രഫസറായാണു ലണ്ടന്‍ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. അവിടെ സെന്റ് മേരി ദ വിര്‍ജിന്‍ ദേവാലയത്തിലെ വികാരിയായിരുന്ന അദ്ദേഹത്തിന്റെ സുവിശേഷ പ്രഭാഷണങ്ങള്‍ ഏറെപ്പേരെ ആകര്‍ഷിച്ചു. ആംഗ്ലിക്കന്‍ സഭയില്‍ നവീകരണത്തിനുള്ള ആഹ്വാനമടങ്ങിയതായിരുന്നു ഉച്ചയ്ക്കുശേഷമുള്ള ആ പ്രഭാഷണങ്ങള്‍. അതു ശ്രവിക്കാന്‍ വരുന്നവര്‍ ഒരു പ്രസ്ഥാനമായി മാറി. ഓക്‌സ്ഫഡ് മൂവ്‌മെന്റ് എന്ന പേരും ലഭിച്ചു.ക്രമേണ ന്യൂമാന്‍ ആംഗ്ലിക്കന്‍ സഭയില്‍നിന്നു കത്തോലിക്കാ സഭയിലേക്കു മാറുന്നതിനുള്ള ആലോചനയായി. 1841ല്‍ പ്രസിദ്ധീകരിച്ച ഒരു ലഘുപുസ്തകം സഭയിലെ സ്ഥാനങ്ങള്‍ ഉപേക്ഷിക്കുന്നതിലേക്കു നയിച്ചു. 1842ല്‍ കുറച്ചു സുഹൃത്തുക്കളുമായി ലിറ്റില്‍മോര്‍ എന്ന സ്ഥലത്തേക്കു പോയി അര്‍ധതാപസ ജീവിതം നടത്തി. സഭയെയും വിശ്വാസത്തെയും പറ്റി ഗാഢമായ മനനം നടത്തിയ കാലമാണത്. അതിന്റെ പര്യവസാനം കത്തോലിക്കാ സഭയ്‌ക്കെതിരേ താന്‍ മുന്പു പറഞ്ഞതെല്ലാം തിരുത്തിക്കൊണ്ട് ഒക്‌സ്ഫഡ് കണ്‍സര്‍വേറ്റീവ് ജേര്‍ണലില്‍ ഒരു പരസ്യം നല്കുന്നതായിരുന്നു. ഒക്‌സ്ഫഡ് മൂവ്‌മെന്റില്‍പ്പെട്ടവര്‍ ഒന്നൊന്നായി കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. ഇറ്റാലിയന്‍ പാഷനിസ്റ്റ് വൈദികന്‍ ഡൊമിനിക് ബാര്‍ബെറിയാണ് 1845 ഒക്ടോബര്‍ ഒന്‍പതിനു ജോണ്‍ ന്യൂമാനെ കത്തോലിക്കാ സഭയിലേക്കു സ്വീകരിച്ചത്. പിന്നീടു റോമില്‍ പോയി വൈദികപട്ടം വീണ്ടും സ്വീകരിച്ചു. പിയൂസ് ഒന്‍പതാമന്‍ മാര്‍പാപ്പ ന്യൂമാനു ഡോക്ടര്‍ ഓഫ് ഡിവീനിറ്റി (ഡി.ഡി) ബിരുദം നല്കി. 

1847ല്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം എഗ്ബാസ്റ്റണില്‍ താമസമുറപ്പിച്ചു. 1850ല്‍ പിയൂസ് ഒന്പതാമന്‍ മാര്‍പാപ്പ ഇംഗ്ലണ്ടില്‍ കത്തോലിക്കാ ഹൈരാര്‍ക്കി സ്ഥാപിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ച്ബിഷപ്പിനെ ഹൈരാര്‍ക്കിയുടെ മേധാവിയാക്കി. ഇതിനെ തുടര്‍ന്ന് കത്തോലിക്കാവിരുദ്ധ രാഷ്ട്രീയക്കാരും മറ്റും ആരംഭിച്ച സഭാവിരുദ്ധ പ്രചാരണങ്ങളെ നേരിടുന്നതില്‍ ന്യൂമാന്‍ മുന്നില്‍ നിന്നു.  കത്തോലിക്കാ ഹൈരാര്‍ക്കിക്കെതിരായ പ്രചാരണത്തിനു വലിയ തിരിച്ചടിയായി ആ പ്രഭാഷണങ്ങള്‍. കത്തോലിക്കാ വിരുദ്ധരുടെ വാദമുഖങ്ങളെല്ലാം ന്യൂമാന്‍ ഖണ്ഡിച്ചു.പിന്നീട് അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ആരംഭിച്ച കാത്തലിക് യൂണിവേഴ്‌സിറ്റിയിലായി ന്യൂമാന്റെ പ്രവര്‍ത്തനം.1879-ല്‍ ലെയോ പതിമ്മൂന്നാമന്‍ മാര്‍പാപ്പയാണ് ന്യൂമാനെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തിയത്.വിദ്യാഭ്യാസ പ്രവര്‍ത്തകനായ ന്യൂമാന്‍ ദ ഐഡിയ ഓഫ് എ യൂണിവേഴ്‌സിറ്റി എന്ന പുസ്തകത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തെപ്പറ്റിയുള്ള തന്റെ ദര്‍ശനം രേഖപ്പെടുത്തി. ന്യൂമാന്റെ പേരില്‍ ധാരാളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകമെങ്ങും പ്രവര്‍ത്തിക്കുന്നുണ്ട്. 1801 ഫെബ്രുവരി 21 നു ലണ്ടനില്‍ ജനിച്ച ന്യൂമാന്‍ 1890 ഓഗസ്റ്റ് 11 നു ബര്‍മിങ്ങാമിലെ എഗ്ബാസ്റ്റണില്‍ ആണ് അന്തരിച്ചു. 

101 വര്‍ഷത്തിനുശേഷം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ ധന്യരുടെ ഗണത്തില്‍ ചേര്‍ത്തക്കുകയും 2010ല്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ ന്യൂമാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തു.  യുകെ മലയാളി സമൂഹവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന ന്യൂമാന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് യസഭ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ആത്മീയ ശുശ്രൂഷകള്‍ക്കു പുറമെ, പ്രമുഖര്‍ പങ്കെടുക്കുന്ന സിംപോസിയങ്ങളും സെമിനാറുകളും വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആംഗ്ലിക്കന്‍ സഭാ തലവനും കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പുമായ ജസ്റ്റില്‍ വെല്‍ബിയുടെ പ്രഭാഷണവും ശ്രദ്ധേയമാകും.ടോബര്‍ 19 വൈകിട്ട് 3.30 ന് നടക്കുന്ന പ്രഭാഷണത്തിന് വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലാണ് വേദി.

രണ്ട് കൃതജ്ഞതാ ബലികളാണ് ഇംഗ്ലണ്ടില്‍ അര്‍പ്പിക്കപ്പെടുക. 17ന് ലണ്ടന്‍ ഒറേട്ടറിയില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാബലിക്ക് വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് മുഖ്യകാര്‍മികത്വം വഹിക്കും. കര്‍ദിനാള്‍ ന്യൂമാന്‍ സ്ഥാപിച്ച, ബര്‍മിംഗ്ഹാമിലെ ആശ്രമത്തില്‍  18 വൈകിട്ട് 7.30ന് അര്‍പ്പിക്കുന്ന കൃതജ്ഞതാബലിക്ക് ബര്‍മിംഗ്ഹാം ആര്‍ച്ച്ബിഷപ്പ് ബെര്‍ണാര്‍ഡ് ലോംങ്ലി മുഖ്യകാര്‍മികനായിരിക്കും.

'കര്‍ദിനാള്‍ ന്യൂമാനും നവ സുവിശേഷവത്ക്കരണവും' എന്ന വിഷയത്തില്‍  16 വൈകിട്ട് 5.00ന് സംഘടിപ്പിച്ചിരിക്കുന്ന സിംപോസിയവും ശ്രദ്ധേയമാകും. കര്‍ദിനാള്‍ ന്യൂമാന്റെ പ്രഭാഷണങ്ങള്‍ക്ക് വേദിയായിട്ടുള്ള ഓക്സ്ഫോര്‍ഡ് സെന്റ് മേരീസ് കത്തോലിക്കായൂണിവേഴ്സിറ്റിയാണ് വേദി എന്നതും സവിശേഷതയാണ്. ആഗോളതലത്തില്‍തന്നെ ശ്രദ്ധേയസ്ഥാനമുള്ള വാഗ്മിയും 'വേര്‍ഡ് ഓണ്‍ ഫയര്‍' സ്ഥാപകനുമായ അമേരിക്കന്‍ ബിഷപ്പ് റോബര്‍ട്ട് ബേരനാണ് സിംപോസിയം നയിക്കുന്നത്.

തത്വചിന്തകരെയും ചരിത്രകാരന്മാരെയും അണിനിരത്തി സെന്റ് മേരീസ് കാത്തലിക് യൂണിവേഴ്സിറ്റിയും വെസ്റ്റ് മിനിസ്റ്റര്‍ ആബിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിംപോസിയത്തിന് സെന്റ് മാര്‍ഗരറ്റ് സിറ്റിയിലെ സെന്റ് മാര്‍ഗരറ്റ് ദൈവാലയമാണ് വേദി. 19 രാവിലെ 9.30ന് ആരംഭിക്കുന്ന സിംപോസിയം 'ജോണ്‍ ഹെന്റി ന്യൂമാന്‍: സ്വാധീനവും സംഭാവനയും' എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്.

വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഒരു എക്യുമെനിക്കല്‍ ശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.  17 വൈകിട്ട് 5.30ന് ഓക്സ്‌ഫോര്‍ഡിലെ സെന്റ് മേരീസ് യൂണിവേഴ്സിറ്റി ചര്‍ച്ചില്‍ നടക്കുന്ന ശുശ്രൂഷയില്‍ ബര്‍മിംഗ്ഹാം ആര്‍ച്ച്ബിഷപ്പ് ബര്‍ണാര്‍ഡ് ലോങ്ലി മുഖ്യ പ്രഭാഷണം നടത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category