1 GBP = 94.00 INR                       

BREAKING NEWS

തേനും വയമ്പും മാത്രമല്ല കരിമ്പും കല്‍ക്കണ്ടവുമായി ഗാനപൂജയോ ടെ ദാസേട്ടന്‍ സംഗീത പ്രേമികള്‍ക്ക് നല്‍കിയത് ജീവിതത്തിലെ അസുലഭ സന്ധ്യ; യേശുദാസ് മണിക്കൂറുകള്‍ വേദിയില്‍ സൃഷ്ടിച്ചത് തെന്നിന്ത്യന്‍ ഗാനപ്രവാഹം; അത്ഭുതത്തോടെ കാണികള്‍ ഇരുന്നപ്പോള്‍ സ്റ്റോക് ഓണ്‍ ട്രെന്റില്‍ വിരിഞ്ഞത് പാട്ടുവസന്തം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

സ്റ്റോക് ഓണ്‍ ട്രെന്റ്: ബ്രിട്ടനില്‍ നിന്ന് മാത്രമല്ല അമേരിക്കയില്‍ നിന്നും ഗള്‍ഫില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നും പറന്നെത്തിയ ഗാനഗന്ധര്‍വ്വന്റെ ആരാധകര്‍. സ്റ്റോക് ഓണ്‍ ട്രെന്റിലെ കിങ്സ് ഹാളിലെ 1500 സീറ്റുകളില്‍ ഒന്ന് പോലും കാലിയാക്കാതെ കാണികള്‍ നിറഞ്ഞപ്പോള്‍ അതിലൂടെ തെളിഞ്ഞത് പ്രിയഗായകന് മലയാളികള്‍ നല്‍കുന്ന സ്‌നേഹമാണ്. മലയാളികള്‍ മാത്രമല്ല, തമിഴരും തെലുങ്കരും കന്നഡിഗറും ശ്രീലങ്കന്‍ വംശജരും ഒക്കെയായി ആരാധക കൂട്ടമാണ് സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിറഞ്ഞത്.

പലര്‍ക്കും ജന്മപുണ്യം പോലൊരു അനുഭവം. മറ്റു ചിലര്‍ക്കാകട്ടെ ജീവിതത്തില്‍ സൂക്ഷിച്ചു വയ്ക്കാന്‍ കിട്ടിയ അസുലഭ സന്ധ്യ. ദമ്പതികളില്‍ പലരും തോളില്‍ തല ചായ്ച്ചു ഗാനാസ്വാദനം നടത്തുന്ന അപൂര്‍വതയും ദാസേട്ടന്‍ ഇന്നലെ സ്റ്റോക് ഓണ്‍ ട്രെന്റില്‍ സൃഷ്ടിച്ചെടുത്തു. അരനൂറ്റാണ്ട് പിന്നിട്ടിട്ടും മലയാളികള്‍ക്ക് വേണ്ടി സുഖത്തിലും ദുഃഖത്തിലും വിഷമത്തിലും സന്തോഷത്തിലും കൂടെ നില്‍ക്കുന്ന ദാസേട്ടന്‍ അടുത്തുവന്നപ്പോള്‍ തങ്ങള്‍ എങ്ങനെ മാറിനില്‍ക്കും എന്ന ചിന്തയോടെയാണ് ഭൂരിഭാഗവും ഗാനസന്ധ്യ തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്നേ തന്നെ ഇരിപ്പിടത്തില്‍ ഇടം പിടിച്ചത്.

അല്‍പം ഉയര്‍ന്ന തുകയിലാണ് ടിക്കറ്റുകള്‍ വിറ്റുപോയതെങ്കിലും സ്‌കോട്‌ലന്റില്‍ ദാസേട്ടന്‍ ആരാധകനായ ഡോ രാജ്‌മോഹനും കൂട്ടാളികളായ 10 ഓളം ഡോക്ടര്‍മാരും ചേര്‍ന്ന് മാസങ്ങള്‍ കൊണ്ട് പ്ലാന്‍ ചെയ്‌തെടുത്ത സംഗീത വിരുന്നാണ് ഇന്നലെ യുകെ മലയാളികളെ തേടി എത്തിയത്. തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ പരിപാടി പ്രഖ്യാപിച്ചിരുന്നിലെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷമായി മികച്ച പരിപാടികള്‍ യുകെ മലയാളികള്‍ക്ക് സമ്മാനിക്കുന്ന ലണ്ടനിലെ നോര്‍ഡിയും സുദേവും ചേര്‍ന്ന് ശ്രമിച്ചപ്പോള്‍ ഭാഗ്യത്തിന് ഒഴിവുണ്ടെന്നറിഞ്ഞ സ്റ്റോക്കിലെ കിങ്സ് ഹാള്‍ കയ്യോടെ ബുക്ക് ചെയ്തു ദാസേട്ടന്റെ സാന്നിധ്യം ഉറപ്പാക്കുക ആയിരുന്നു.


ഈ സ്റ്റേജ് വളരെ തിടുക്കത്തിലാണ് പ്ലാന്‍ ചെയ്തത്. പ്രത്യേകിച്ചും അടുത്ത ശനിയാഴ്ച ഇതേ ഹാളില്‍ മറ്റൊരു സംഗീത സന്ധ്യ നടക്കാനിരിക്കെ ദാസേട്ടന്റെ സംഗീത പരിപാടി നടക്കാനിടയിലെന്നു പോലും പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യയുടെ അതിരുവിട്ടും ഈ സംഗീത വിസ്മയത്തിന് ആരാധകര്‍ ഉണ്ടെന്നു ഒരിക്കല്‍ കൂടി തെളിഞ്ഞ ദിവസമായി ഇന്നലെ. സംഗീതത്തിന് ഭാഷയും മറ്റു അതിര്‍വരമ്പുകളും ഇല്ലെന്നു കൂടി തെളിയിച്ചാണ് കിങ്സ് ഹാളില്‍ ജനക്കൂട്ടം നിറഞ്ഞത്.

തേനും വയമ്പിലും നില്‍ക്കാതെ കല്‍ക്കണ്ടവും കര്‍പ്പൂരവും തപ്പിയെടുത്തു ഗാനപൂജ
ദാസേട്ടനും സംഘവും യുകെയില്‍ എത്തിയ ശേഷം നടത്തിയ റിഹേഴ്സല്‍ സംഘാടകര്‍ പുറത്തു വിട്ടപ്പോള്‍ മലയാളികള്‍ എക്കാലവും പാടിക്കൊണ്ടിരിക്കുന്ന തേനും വയമ്പും എന്ന ഗാനമായിരുന്നു. എന്നാല്‍ അതുമാത്രം പോരാ തന്നെ കാണാനും കേള്‍ക്കാനും എത്തിയവര്‍ക്ക് എന്ന് മനസിലാക്കിയ ദാസേട്ടന്‍ കരിമ്പും കല്‍ക്കണ്ടവും ഒക്കെ തപ്പിയെടുത്തു അസല്‍ ഗാനപൂജ തന്നെയാണ് ആസ്വാദകര്‍ക്കായി ഒരുക്കിയത്.

പ്രണയത്തിന്റെ കോവില്‍ ധ്യാനനിമഗ്നരായി മലയാളികളെ ഇരുത്തി അദ്ദേഹം പാടിയ നീ മധുപകരൂ, ഒരു പുഷ്പം മാത്രമെന്‍ തുടങ്ങിയ നിത്യവിസ്മയ ഗാനങ്ങള്‍ കൂടി പൂജക്കെടുത്തപ്പോള്‍ താളത്തിനൊത്ത കയ്യടികളുമായി കാണികളും കൂടിച്ചേര്‍ന്നു കര്‍പ്പൂര തിരിനാളം പോലെ നിന്ന് കത്തി, വേദിയിലെ ദേവന് മുന്നില്‍.

അവിടെയും നിര്‍ത്താന്‍ ഗായകന് കഴിയുമായിരുന്നില്ല. തനിക്ക് പ്രായമായെന്ന് ആരാണ് പറഞ്ഞതെന്ന വെല്ലുവിളിയുമായി 34 വര്‍ഷം മുന്‍പ് പാടിയ മോയിന്‍കുട്ടി വൈദ്യരുടെ സംകൃത പമഗിരി എന്ന മാപ്പിളഗാനം അന്നത്തെ അതെ ആവേശത്തിലും അല്‍പം കൂടി വേഗത്തിലും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ വേദിയില്‍ ഒപ്പം നിന്ന മകന്‍ വിജയ് പോലും ആ ശബ്ദ ഗാംഭീര്യത്തിന്റെ നിത്യ നിഗൂഢതയില്‍ അത്ഭുതം നിറഞ്ഞ മിഴികളോടെ നോക്കി നില്‍ക്കുക ആയിരുന്നു.

യേശുദാസിന്റെ അതിപ്രശസ്തമായ മുസ്ലിം മാപ്പിളഗാനമാണ് സംകൃത പമഗിരി. പലപ്പോഴും മുസ്ലിം വീടുകളിലും മറ്റും മൈലാഞ്ചി കല്യാണത്തില്‍ ഈ പാട്ടു നിര്‍ബന്ധവും ആണു താനും. വീണ്ടും തമിഴും തെലുങ്കും കന്നടയും ഹിന്ദിയുമെല്ലാം ആവര്‍ത്തിച്ചു പാടിയ യേശുദാസ് മലയാള ഗാന പരമ്പരയില്‍ നിന്നും ഏതാനും വ്യത്യസ്തതകള്‍ കൂടി കണ്ടെത്തിയിരുന്നു.
പതിവിലേറെ പ്രസന്നവദനനായി ഗന്ധര്‍വഗായകന്‍
സാധാരണ അല്‍പം പിരിമുറുക്കത്തില്‍ വേദിയില്‍ എത്താറുള്ള ദാസേട്ടന് പകരം മുഴുവന്‍ സമയവും ഗന്ധര്‍വസന്ധ്യ ആസ്വദിക്കുന്ന ദാസേട്ടനാണ് ഇന്നലെ ദൃശ്യമായത്. പതിവില്‍ കൂടുതല്‍ തമാശകളും കാര്യഗൗരവം നിറഞ്ഞ സംഭാഷണങ്ങളും. വേദിയിലെ ചെറിയ തകരാറില്‍ പോലും മനസ് കലങ്ങുന്ന ഗായകന്‍ ഇന്നലെ കവന്‍ട്രിയിലെ ജാസ് ഡിജിറ്റല്‍ ലൈവിലെ ശ്രീനാഥ് ഒരുക്കിയ ശബ്ദ വിസ്മയത്തില്‍ അതീവ സന്തുഷ്ടനായതിനു കൂടി തെളിവാണ് വേദിയില്‍ നിറഞ്ഞ മന്ദഹാസത്തോടെ പാട്ടുകള്‍ ഒന്നിന് പിന്നാലെ ഒന്നായി തന്റെ ആസ്വാദകര്‍ക്കായി അദ്ദേഹം നല്‍കിയ കാഴ്ച.
സാധാരണ വേദിക് പിന്നില്‍ നിന്നുള്ള അലമുറകള്‍ ഗൗനിക്കാതെ പാട്ടിന്റെ വഴിയേ പോകുന്ന ദാസേട്ടന്‍ ഇന്നലെ ആവശ്യപ്പെട്ട മുഴുവന്‍ ഗാനങ്ങളും പാടാനും തയ്യാറായി. ഇടയ്ക്കു പലരും ഒന്നിച്ചാവശ്യപ്പെട്ടപ്പോള്‍ ഒന്നും കേള്‍ക്കാന്‍ കഴിയുന്നില്ല ഒരു മൈക്ക് വച്ച് പറയൂ എന്ന തമാശ രൂപേനെ കളിയാക്കാനും തയ്യാറായി. ഇടയ്ക്കു ഒരാള്‍ ആവേശം മൂത്തു ലവ് യൂ ദാസേട്ടാ എന്നായപ്പോള്‍ തിരികെ നല്‍കിയത് മനോഹരമായ താങ്ക്യൂ.
പതിവുകള്‍ തെറ്റിച്ചു ദാസേട്ടന്‍, തമാശയ്ക്കു കൂടുതല്‍ സമയവും
പതിവുകള്‍ തെറ്റിക്കുന്ന തരത്തില്‍ ഇന്നലത്തെ ഗന്ധര്‍വസന്ധ്യ പ്രത്യേകം ശ്രദ്ധേയമായി. സാധാരണ ഇത്തരം ഗാനസദസുകളില്‍ അദ്ദേഹം പാടി പ്രശസ്തമാക്കിയ ഇടയകന്യകേ എന്ന ഗാനമാണ് ആലപിക്കുക എന്നത് ഇന്നലെ പതിവിനു വിപരീതമായി ഗണേശ സ്തുതിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. കൂടാതെ മതങ്ങളുടെ അന്തസത്തയിലേക്കു കടന്ന അദ്ദേഹം മൂന്നിലും വ്യത്യസ്തത ഇല്ലെന്നും ദൈവം ഒന്നാണെന്നും ഓര്‍മ്മിപ്പിച്ചു. തേടുവിന്‍ നാം യേശുവിന് നാമം എന്ന തമിഴ് ഗാനത്തിന് ഒപ്പം അയ്യപ്പസ്വാമിയിലേക്കു പോയ അദ്ദേഹം അല്ലഹുവിന് കാരുണ്യം ഇല്ലെങ്കില്‍ ഭൂമിയില്‍ ചൊല്ലി മത മൈത്രിയുടെ പ്രതീകമായി വേദിയില്‍ നിറഞ്ഞു.

തന്റെ സംഗീതം എല്ലാ ദേവീ ദേവന്മാര്‍ക്കും ഉള്ളതാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ആയിരുന്നു സമ്മിശ്ര ഈശ്വര പ്രാര്‍ത്ഥനകള്‍. ഇതോടൊപ്പം യുകെയില്‍ പാട്ടുപാടിക്കുന്ന ഏഴു പെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളും ചേര്‍ന്ന സംഘവും ചടങ്ങ് ആരംഭിക്കും മുന്‍പേ ഗണേശ വന്ദനം ചൊല്ലിയത് ദാസേട്ടനും നന്നായി ആസ്വദിച്ചു. കുട്ടികള്‍ കാല്‍ തൊട്ടു വണങ്ങാന്‍ എത്തിയപ്പോള്‍ സര്‍വ നന്മകളും ഉണ്ടാകട്ടെ എന്നാശംസിക്കുകയും ചെയ്തു. ചടങ്ങിന്റെ ഒടുവിലായി ഹരിവരാസനം ചൊല്ലാനും ഗന്ധര്‍വ ഗായകന്‍ തയ്യാറായി.

ഇങ്ങനെ ഓരോ കാഴ്ചയിലും ഒരു സംഗീത സന്ധ്യയുടെ പൂര്‍ണത തുടക്കം മുതല്‍ ഒടുക്കം വരെ നിഴലിട്ടു നിന്ന ദിവസം കൂടിയായിരുന്നു ഇന്നലെ. ഈ വര്‍ഷത്തെ യുകെ മലയാളി ജീവിതത്തിലെ എണ്ണപ്പെട്ട ദിവസങ്ങളില്‍ ഒന്നായി ഒക്ടോബര്‍ 13 മാറപ്പെട്ടു കഴിഞ്ഞു എന്ന് നിസശയം പറയാം. എത്ര ഉയര്‍ന്ന നിരക്ക് നല്‍കി ടിക്കറ്റ് എടുത്താലും അതില്‍ കുറ്റബോധം തോന്നാതെ വീട്ടിലേക്കു മടങ്ങുന്ന കാണികളാണ് ഒരു പരിപാടിയുടെ വിജയ ഘടകമെങ്കില്‍ ഗന്ധര്‍വസന്ധ്യ അതില്‍ നൂറു ശതമാനം വിജയം കണ്ടെത്തിയിരിക്കുന്നു. ഇത് ഓരോ സംഘാടകനും അഭിമാന നിമിഷം കൂടിയായി മാറുകയാണ്.
ചിത്രങ്ങള്‍: സിബി കുര്യന്‍, ഡോ. രാജ്‌മോഹന്‍
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category