1 GBP = 91.30 INR                       

BREAKING NEWS

തുര്‍ക്കി സൈനിക ആക്രമണത്തിനെതിരെ കൂര്‍ദുകള്‍ക്ക് സൈനിക പിന്തുണയുമായി സിറിയന്‍ സര്‍ക്കാര്‍; സമ്മര്‍ദ്ദ തന്ത്രവുമായി കൈയൊഴിയാ തെ യുഎസും; ആക്രമണം കടുത്തതോടെ പലായനം ചെയ്തവരുടെ എണ്ണം 1.60 ലക്ഷത്തോളമായെന്ന് ഐക്യരാഷ്ട്ര സംഘടന; ഐഎസ് ഭീകരരുടെ കുടുംബാംഗളായ എണ്ണൂറോളം പേര്‍ രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ട്; എര്‍ദോഗന്‍ വീണ്ടും നിറയൊഴിക്കുന്നത് ആഭ്യന്തര യുദ്ധത്തില്‍ മുറിവേറ്റു ചോരയൊലിക്കുന്ന സിറിയയുടെ നെഞ്ചിലേക്ക്

Britishmalayali
kz´wteJI³

ദമാസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. തുര്‍ക്കി സേനയുടെ ആക്രമണം ചെറുക്കാന്‍ കുര്‍ദ് വിമതര്‍ക്ക് സിറിയന്‍ സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ തുര്‍ക്കിക്കെതിരെ സമ്മര്‍ദ്ദ തന്ത്രവുമായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും രംഗത്ത്. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കൊണ്ടുവരുന്നത് വാണിജ്യ ഇടപാടുകളിലുള്ള നിയന്ത്രണമെന്ന് വിവരം. മുന്നറിയിപ്പായി സ്റ്റീല്‍ ഇറക്കുമതിയുടെ നികുതി 50ശതമാനമാക്കി ഉയര്‍ത്തി. അതേസമയം അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കാമെന്ന് സിറിയന്‍ സര്‍ക്കാര്‍ സമ്മതിച്ചു. അമേരിക്ക സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് കുര്‍ദുകള്‍ സിറിയന്‍ സര്‍ക്കാരിന്റെ സഹായം തേടിയത്.

അതിര്‍ത്തിയില്‍ ഉടനീളം സൈന്യത്തെ വിന്യസിക്കാമെന്നാണ് സിറിയന്‍ സൈന്യവുമായി ഉണ്ടാക്കിയ ഉടമ്പടി. ഇതിനിടെ സിറിയയില്‍ ബാക്കിയുള്ള 1000 അമേരിക്കന്‍ സൈനികരെയും പിന്‍വലിക്കാനുള്ള നടപടി തുടങ്ങിയതായി അമേരിക്ക അറിയിച്ചു. അമേരിക്കന്‍ സേന പിന്മാറിയതിന് പിന്നാലെ സിറിയയിലെ കുര്‍ദ്ദുകള്‍ക്ക് നേരെ തുര്‍ക്കി ആക്രമണം അഴിച്ചു വിടുകയായിരുന്നു. സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണം ആറാം ദിവസത്തിലേക്കു കടന്നതോടെ പലായനം ചെയ്ത സാധാരണക്കാരുടെ എണ്ണം 1.60 ലക്ഷത്തോളമായെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

തുര്‍ക്കിയുടെ ആക്രമണത്തെ തുടര്‍ന്ന്, ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങളെ താമസിപ്പിച്ചിരുന്ന ക്യാംപില്‍നിന്ന് എണ്ണൂറോളം പേര്‍ രക്ഷപ്പെട്ടു. കുര്‍ദ് സായുധ സേനയായ വൈപിജിയിലെ അഞ്ഞൂറോളം പേരെ വധിച്ചതായി തുര്‍ക്കി അവകാശപ്പെട്ടു. 52 സാധാരണ പൗരന്മാരടക്കം ഇരുനൂറിലേരെ പേര്‍ കൊല്ലപ്പെട്ടതായാണു മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററിയുടെ കണക്ക്. കുര്‍ദുകള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ തുര്‍ക്കിയില്‍ 18 പേര്‍ കൊല്ലപ്പെട്ടു.

രാജ്യാന്തര തലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും ആക്രമണം അവസാനിപ്പിക്കാന്‍ തുര്‍ക്കി കൂട്ടാക്കിയിട്ടില്ല. ജര്‍മനിയും ഫ്രാന്‍സും സ്വീഡനും ഇറ്റലിയും തുര്‍ക്കിക്ക് ആയുധം നല്‍കില്ലെന്ന് പ്രഖ്യാപിച്ചു. ബ്രിട്ടനും അറബ് രാജ്യങ്ങളും പ്രതിഷേധം ഉയര്‍ത്തി. യുഎസ് ഉപരോധ ഭീഷണി മുഴക്കി. പിന്തുണച്ചില്ലെങ്കില്‍ 36 ലക്ഷം അഭയാര്‍ഥികളെ യൂറോപ്പിലേക്കു തുറന്നുവിടുമെന്നായിരുന്നു തുര്‍ക്കി പ്രസിഡന്റിന്റെ ഭീഷണി. ഇതു പ്രകോപനപരമെന്നു വിലയിരുത്തിയ യൂറോപ്യന്‍ യൂണിയന്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നു മുന്നറിയിപ്പു നല്‍കി. എട്ടു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ മുറിവേറ്റു ചോരയൊലിക്കുന്ന സിറിയയുടെ നെഞ്ചിലേക്കാണു തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ വീണ്ടും നിറയൊഴിക്കുന്നത്.

സിറിയയുടെ വടക്കുകിഴക്കു ഭാഗത്തുനിന്നാണു യുഎസ് ഭടന്മാര്‍ പിന്‍വാങ്ങുന്നത്. തുര്‍ക്കിയുടെ സൈന്യം ആ ഭാഗത്തേക്കു നീങ്ങുകയുമാണ്. നാറ്റോ സഖ്യരാഷ്ട്രമായ തുര്‍ക്കിയുമായി ഏറ്റുമുട്ടാതിരിക്കാനാണു യുഎസ് സൈനികരുടെ പിന്മാറ്റം. സിറിയയില്‍ ആഭ്യന്തര യുദ്ധം ഇതോടെ പുതിയ ഘട്ടത്തിലേക്കു കടന്നു. തുര്‍ക്കിയുടെ അതിര്‍ത്തിയുമായി ചേര്‍ന്നുകിടക്കുന്ന സിറിയയുടെ വടക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ എസ്ഡിഎഫ് നിയന്ത്രണത്തിലാണ്. യുഎസ് സഹായത്തോടെ കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഐഎസ് ഭീകരരുമായി പോരാടുകയും തുരത്തുകയും ചെയ്ത ശേഷമാണു പ്രദേശം അവര്‍ പിടിച്ചടക്കിയത്. തുര്‍ക്കി സൈന്യം ഇവിടെ പ്രവേശിക്കുന്നതോടെ എസ്ഡിഎഫുമായി ഏറ്റുമുട്ടി വലിയ രക്തച്ചൊരിച്ചല്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. .

തുര്‍ക്കി സൈന്യത്തിന്റെ മുന്നേറ്റത്തിനു തടസ്സം ഉണ്ടാകാതിരിക്കാനാണു വടക്കു കിഴക്കന്‍ സിറിയയില്‍നിന്നു യുഎസ് സൈനികരെ പിന്‍വലിക്കുന്ന കാര്യം ട്വിറ്ററിലൂടെ ട്രംപ് പ്രഖ്യാപിച്ചത്. 1000 യുഎസ് ഭടന്മാരാണു സിറിയയിലുള്ളത്. ഐഎസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ സഹായിക്കാനായി 2016 ല്‍ ആദ്യമായി അഞ്ഞൂറില്‍താഴെ ഭടന്മാരെ അയച്ചതു മുന്‍ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു. ട്രംപിന്റെ ഭരണ കാലത്ത് അവരുടെ എണ്ണം 2000 വരെയായി. പിന്നീടു കുറഞ്ഞു. സിറിയയില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും യുഎസ് സൈനികരെ തിരിച്ചുകൊണ്ടുവരുമെന്നത് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലം മുതല്‍ക്കേയുള്ള ട്രംപിന്റെ വാഗ്ദാനമാണ്.

യുഎസിന്റെ പിന്തുണ നഷ്ടപ്പെട്ടതു ക്ഷീണമാണെങ്കിലും എന്തു വിലകൊടുത്തും മാതൃരാജ്യത്തെ സംരക്ഷിക്കുമെന്നു കുര്‍ദുകള്‍ വ്യക്തമാക്കി. ട്രംപിന്റെ തീരുമാനത്തിനു തൊട്ടുപിന്നാലെ കുര്‍ദുകള്‍ക്കെതിരെ തുര്‍ക്കി പ്രസിഡന്റ് സൈനിക നടപടി തുടങ്ങുകയായിരുന്നു. ദിവസം ചെല്ലുന്തോറും സംഘര്‍ഷം രൂക്ഷമാകവെ, മധ്യസ്ഥതയ്ക്കു തയാറാണെന്നു യുഎസ് പ്രസിഡന്റ് പറയുന്നുണ്ട്. ഭീകരവിരുദ്ധ പോരാട്ടത്തില്‍ വിശ്വസ്ത പങ്കാളി ആയിരുന്ന കുര്‍ദുകളെ അദ്ദേഹം കൈവിട്ടെന്ന് രാജ്യത്തിനകത്തും പുറത്തും ആരോപണമുണ്ട്. എസ്ഡിഎഫിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 2000 ഐഎസ് ഭീകരര്‍ തടവിലുണ്ടെന്നു തുര്‍ക്കി പറയുന്നു. യൂറോപ്പില്‍ നിന്നുള്‍പ്പെടെയുള്ള വിദേശികളാണിവര്‍. ഇവരെ പിടികൂടാനാണെന്നു പറഞ്ഞാണു തുര്‍ക്കിയുടെ ആക്രമണം.

സിറിയയില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ റഷ്യയും, ഇറാനും
യുഎസുമായി പലപ്പോഴും ഇടഞ്ഞുകൊണ്ടിരിക്കുന്ന തുര്‍ക്കി പ്രസിഡന്റിനു പുറമെ സിറിയയില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന റഷ്യ, ഇറാന്‍ എന്നിവയ്ക്കുമായിരിക്കും യുഎസ് പിന്മാറ്റത്തിന്റെ പ്രയോജനമെന്നും വിമര്‍ശകര്‍ വാദിക്കുന്നു. ആഭ്യന്തര യുദ്ധത്തിനിടയില്‍ നഷ്ടപ്പെട്ട പ്രദേശങ്ങളുടെ വലിയൊരു ഭാഗം പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സൈന്യം തിരിച്ചുപിടിച്ചതു റഷ്യയുടെയും ഇറാന്റെയും സഹായത്തോടെയാണ്. യുഎസ് സഹായത്തോടെ കുര്‍ദുകള്‍ പരാജയപ്പെടുത്തിയ ഐഎസിനു പുനരുജ്ജീവനം നല്‍കാന്‍ പുതിയ സാഹചര്യം സഹായകമായേക്കാമെന്ന ആശങ്കയുമുണ്ട്.
ഐഎസിനോടുള്ള തുര്‍ക്കിയുടെ എതിര്‍പ്പ് കുര്‍ദുകളുടെ അത്രയും രൂക്ഷമല്ലെന്ന സംശയമാണു കാരണം. ഐഎസുമായി ബന്ധപ്പെട്ട ആയിരക്കണക്കിനാളുകള്‍ ഇപ്പോള്‍ കുര്‍ദുകളുടെ കസ്റ്റഡിയിലുണ്ട്. ഇവരെ വടക്കു കിഴക്കന്‍ സിറിയയില്‍ പല ക്യാംപുകളിലായി പാര്‍പ്പിച്ചിരിക്കുകയാണ്. ആ പ്രദേശം തുര്‍ക്കി സൈന്യത്തിന്റെ പിടിയിലാകുന്നതോടെ ഇവര്‍ അവരുടെ നിയന്ത്രണത്തിലാവും. ഇവരില്‍ കൂടുതലും ജര്‍മനിയും ഫ്രാന്‍സും പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. അവരെ സ്വന്തം നാടുകളില്‍ കൊണ്ടുപോയി തടവിലാക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല.

ആരാണു കുര്‍ദുകള്‍
മധ്യപൂര്‍വേഷ്യയിലെ പ്രബലമായ വംശമാണു കുര്‍ദുകള്‍. ലോകത്തു സ്വന്തമായി രാജ്യമില്ലാത്ത വലിയ വംശം. 25 മുതല്‍ 35 ദശലക്ഷം വരെ ജനസംഖ്യയുള്ള കുര്‍ദുകള്‍ തുര്‍ക്കി, ഇറാഖ്, സിറിയ, ഇറാന്‍, അര്‍മേനിയ എന്നീ രാജ്യങ്ങളിലായി പരന്നുകിടക്കുന്നു. കുര്‍ദിഷ് ഭാഷ സംസാരിക്കുന്ന, ആഘോഷങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തനതുശൈലി കാത്തു സൂക്ഷിക്കുന്ന കുര്‍ദുകളില്‍ സുന്നി മുസ്ലിംകള്‍ക്കാണു ഭൂരിപക്ഷം. സ്വന്തമായി 'കുര്‍ദിസ്ഥാന്‍' എന്നൊരു രാജ്യമാണു പതിറ്റാണ്ടുകളായി ഇവരുടെ സ്വപ്നം. ഓട്ടോമന്‍ സാമ്ര്യാജ്യത്തിന്റെ പതനത്തോളം പഴക്കമുണ്ട് കുര്‍ദുകളുടെ സ്വതന്ത്ര്യരാജ്യ മോഹത്തിന്. ഓട്ടോമന്‍ പതനത്തെ തുടര്‍ന്നു മധ്യപൂര്‍വദേശത്തു സ്വതന്ത്ര രാജ്യങ്ങളുണ്ടായെങ്കിലും കുര്‍ദുകള്‍ പലയിടങ്ങളിലായി ചിതറിപ്പോയി.
പ്രത്യേക മേഖലാ പദവി, രാഷ്ട്രീയ അവകാശങ്ങള്‍, സ്വതന്ത്രരാജ്യം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുര്‍ദുകള്‍ പലപ്പോഴും നീക്കങ്ങള്‍ നടത്തിയെങ്കിലും എല്ലാം കൊടും പീഡനങ്ങളിലാണ് അവസാനിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണു കുര്‍ദുകള്‍ക്ക് രാജ്യാന്തരശ്രദ്ധ ലഭിക്കുന്നത്, പ്രത്യേകിച്ചും ഇറാഖില്‍. 2003ലെ ഇറാഖ് അധിനിവേശകാലത്തു യുഎസ് സഖ്യസേനയുടെ മുഖ്യപങ്കാളികളായി പെഷ്മര്‍ഗ എന്നുമറിയപ്പെടുന്ന കുര്‍ദിഷ് പോരാളികള്‍. സദ്ദാം ഹുസൈന്റെ പതനവും സിറിയന്‍ ആഭ്യന്തരയുദ്ധവും ഐഎസിന്റെ ഉദയവും കുര്‍ദിസ്ഥാന്‍ മോഹങ്ങളെ തല്‍ക്കാലം മരവിപ്പിച്ചു. ഐഎസ് എന്ന പൊതു ശത്രുവിനെ തുരത്താന്‍ ഇറാഖിലും സിറിയയിലും സൈന്യത്തിനൊപ്പം ചേര്‍ന്നു കുര്‍ദുകള്‍.

കുര്‍ദുകള്‍ ശക്തി പ്രാപിക്കുന്നതു ഭീഷണിയാണെന്നു തുര്‍ക്കി
സിറിയയുടെ തെക്കന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് കുര്‍ദുകള്‍ ശക്തി പ്രാപിക്കുന്നതു ഭീഷണിയാണെന്നു തുര്‍ക്കി കരുതുന്നു. 'ഓപ്പറേഷന്‍ പീസ് സ്പ്രിങ്' എന്ന പേരില്‍ വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദുകളെ ഉന്മൂലനാശമാണു അവരുടെ ലക്ഷ്യം. പതിറ്റാണ്ടുകളായി തുര്‍ക്കിയില്‍ കുര്‍ദുകളുടെ അവകാശ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. സ്വയംഭരണവും കൂടുതല്‍ രാഷ്ട്രീയ അധികാരവും കുര്‍ദുകള്‍ ആവശ്യപ്പെടുന്നു.
അതിര്‍ത്തിയിലെ സിറിയന്‍ കുര്‍ദുകള്‍ കരുത്തരാകുന്നതു തുര്‍ക്കിയിലെ കുര്‍ദുകള്‍ക്കു ആവേശമാകുമെന്നും പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുമെന്നും എര്‍ദോഗന്‍ ഭയപ്പെടുന്നു. ഇങ്ങനെയാരു സാഹചര്യത്തെ എന്തുവില കൊടുത്തും തടയാനാണു സിറിയയിലേക്കുള്ള കടന്നുകയറ്റം. രാജ്യം സംരക്ഷിക്കാന്‍ 'അതിരുവിടുമ്പോള്‍' എത്രയോ സാധാരണക്കാര്‍ അഭയാര്‍ഥികളാവുന്നത് ആരും കാണുന്നില്ലെന്നു മാത്രം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category