1 GBP = 92.00 INR                       

BREAKING NEWS

നഷ്ടപ്പെടുമെന്ന് കരുതിയ സ്വരം തിരിച്ചു പിടിച്ച കഥ പറഞ്ഞു ദാസേട്ടന്‍; ആരോഗ്യത്തോടെ ജീവിക്കുന്നതും ഒരു രഹസ്യമാണ്; പ്രേമിച്ചു കൊണ്ടേയിരിക്കണമെന്നു പറയുന്നതില്‍ കാര്യമുണ്ട്; അപ്പന്‍ നല്‍കിയ അമൂല്യ ഉപദേശവും ഇന്നും കൂട്ടായി ഉണ്ട്; മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ എണ്‍പതിലേക്കു നീങ്ങുമ്പോള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ''ചിട്ടയായ ജീവിതം മനുഷ്യന്റെ ആരോഗ്യത്തിനു ആവശ്യം ആണെന്നത് പുതിയ അറിവൊന്നുമല്ല. ഒരിക്കല്‍ ഞാനും അത്തരം ഒരനുഭവത്തിലൂടെ കടന്നു പോയിരുന്നു. ശബ്ദമെല്ലാം നഷ്ടമാകുന്ന പോലെ. പിച്ച് കിട്ടാന്‍ പ്രയാസം നേരിടുന്ന പോലെ''.... ഗന്ധര്‍വഗായകന്‍ യേശുദാസില്‍ നിന്നും ഈ വാക്കുകള്‍ കേട്ടപ്പോള്‍ സദസ്സാകെ സ്തബ്ധമായി. കഴിഞ്ഞ ദിവസം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്ന സംഗീത നിശയില്‍ ആണ് ദാസേട്ടന്‍ ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെ പ്രാധാന്യം സ്വന്തം അനുഭവത്തില്‍ നിന്നും വ്യക്തമാക്കിയത്. ഇത് ഗായകരോട് മാത്രമുള്ള അനുഭവം പങ്കിടല്‍ അല്ലെന്നും മുഴുവന്‍ ആളുകളോടും പറയാന്‍ ഉള്ള കാര്യമാണെന്ന് മുഖവുര നല്‍കിയാണ് അദ്ദേഹം പറഞ്ഞ് തുടങ്ങിയത്. ഏകദേശം 25 വര്‍ഷം മുന്‍പാണ് സംഭവം. രാത്രി വൈകി റെക്കോര്‍ഡിങ് കഴിഞ്ഞു വീട്ടിലെത്തുക പതിവായിരുന്നു. പതിനൊന്നു മണിക്കൊക്കെ ചോറും കറികളും കഴിക്കുക പതിവായി. ശബ്ദം നിലയ്ക്കുക എന്നുവച്ചാല്‍ ഒരു ഗായകന്റെ അന്ത്യം കൂടിയാണ്.

മലയാളികള്‍ ആശുപത്രികളെ സഹായിക്കുന്ന ശീലം കളയണം
തുടര്‍ന്ന് പല സ്ഥലത്തും അന്വേഷണം നടത്തി. കാനഡയില്‍ നിന്നുള്ള ഒരു ഡോക്ടറില്‍ നിന്നാണ് ഉപദേശം ലഭിച്ചത്. അതോടെ ചിട്ടയായി ആഹാരം കഴിച്ചു തുടങ്ങി. അങ്ങനെയാണ് ചോറ് ഉപേക്ഷിച്ചു ചപ്പാത്തി ശീലമാക്കിയത്. ശബ്ദം കൂടുതല്‍ മെച്ചമായി തുടങ്ങി. തുടര്‍ന്ന് ഇന്നേവരെ ആഹാര ശീലത്തില്‍ കൃത്യമായ ശീലമുണ്ട്. അതുകൊണ്ടു ഞാന്‍ ഇന്നും ചെറുപ്പക്കാരനായി ജീവിക്കുന്നു എന്ന് ദാസേട്ടന്‍ പറഞ്ഞപ്പോള്‍ സദസ് കയ്യടിയും പൊട്ടിച്ചിരിയും പങ്കിട്ടാണ് ആ നിമിഷങ്ങള്‍ ആസ്വദിച്ചത്. കൂടെ അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു. മനുഷ്യര്‍ മാത്രമാണ് ആവശ്യം ഇല്ലാത്ത ആഹാരം കൂടി കഴിക്കുന്നത്. 
മൃഗങ്ങളെ ഒക്കെ നാം കണ്ടുപഠിക്കണം. അവ ഒരിക്കലും തനിക്കാവശ്യമില്ലാത്ത ഭക്ഷണം കഴിക്കില്ല, മനുഷ്യര്‍ നേരെ തിരിച്ചും. കൂടുതല്‍ കഴിക്കുന്നതും ശരീരത്തിന് ചേരാത്ത ഭക്ഷണമാണ്. അതിനാല്‍ മലയാളികള്‍ ആശുപത്രികളെ സഹായിക്കുന്ന ആഹാര രീതി ഉപേക്ഷിക്കണം. കേരളത്തില്‍ വളര്‍ന്നു പൊങ്ങുന്ന ആശുപത്രി ബിസിനസ് സൂചിപ്പിച്ചു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പെട്രോള്‍ കാറിനു ഡീസലും ഡീസല്‍ കാറിനു പെട്രോളും പറ്റില്ലെന്ന് പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ മനുഷ്യ ശരീരത്തിനും ബാധകമാണ് എന്ന് നാം ഓര്‍ക്കണം. ഇത്തരത്തില്‍ ചിരിയും ചിന്തയും കോര്‍ത്തിണക്കിയാണ് ഗന്ധര്‍വ ഗാനസന്ധ്യ സ്റ്റോക്കില്‍ ആവേശത്തിരയില്‍ ഇളകിയാര്‍ത്തത്.

പ്രേമിച്ചു കൊണ്ടേയിരിക്കണം, അതില്‍ പ്രായമില്ല
പ്രണയത്തിനു പ്രായമില്ല, മാത്രമല്ല ജീവിതം മുഴുവന്‍ പ്രണയിച്ചു കൊണ്ടിരിക്കണം. ഇത് പറയുമ്പോള്‍ ചെറിയൊരു കള്ളച്ചിരി അദ്ദേഹം മുഖത്ത് സൂക്ഷിച്ചിരുന്നു. തനിക്കും വിവാഹത്തിന് മുന്‍പും പ്രണയം ഉണ്ടായിരുന്നു. ആ പ്രണയം ഇന്നും കൂടെയുണ്ട്. ഇത് പറഞ്ഞിട്ട് അല്‍പം ശബ്ദം താഴ്ത്തി, അവര്‍ മാത്രമേ നമ്മോടു ഒപ്പം ഉണ്ടാകൂ എന്ന ഉപദേശവും. ലോകത്തെ മുഴുവന്‍ ഭാര്യമാര്‍ക്കും സന്തോഷം ലഭിക്കുന്ന വാക്കുകളാണ് ദാസേട്ടന്‍ പറഞ്ഞത്. മുംബൈ ജീവിതവും മറ്റും പങ്കിടവേ ഓര്‍മ്മയില്‍ എത്തിയ  നീ മധുപകരൂ, എന്ന ഗാനം പാടവേയാണു അദ്ദേഹം പ്രണയത്തിന്റെ വഴികളിലൂടെ പോയത്. പാട്ട് ഇടയ്ക്കു നിര്‍ത്തിയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതും.
മുംബൈ സ്റ്റുഡിയോയും ഇതിഹാസ സംഗീത പ്രതിഭകള്‍ നടന്നു പോയ സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ തോന്നിയ കാര്യങ്ങളും ഒക്കെ പങ്കിട്ട ദാസേട്ടന്‍ നീ മധുപകരൂ എന്ന ഗാനം ഉഷ ഖന്ന നല്‍കിയ സംഗീതത്തില്‍ അനശ്വരം ആയിത്തീര്‍ന്ന കാര്യവും ഓര്‍മ്മിച്ചു. തുടര്‍ന്ന് പാട്ടിന്റെ രണ്ടാം ഭാഗത്തില്‍ ഉടലറിയാതെ, ഉയിരറിയാതെ എന്ന ഭാഗം വളരെ വികാര വിവശതയോടെ പാടിയപ്പോള്‍ സദസ്സ് ഇളകിയര്‍ത്താണ് ആ നിമിഷങ്ങള്‍ ആസ്വദിച്ചത്.

ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നത് വെറും ചൊല്ലല്ല
പുതുമയെ അതേവിധം ഉള്‍ക്കൊള്ളാന്‍ തനിക്കു ഇന്നും പൂര്‍ണമായും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇടക്കാലത്തു രൂപം കൊണ്ട, ട്യൂണ്‍ ഇട്ടശേഷം വരികള്‍ എഴുതുന്ന രീതിയൊക്കെ പുതുമയുടെ ശീലമായി കാണുവാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം സൂചന നല്‍കുകയും ചെയ്തു. പണ്ടുള്ളവ ഗോള്‍ഡ് ആകാന്‍ കാരണം വീണ്ടും വീണ്ടും പരിശീലനം നല്‍കിയാണ് അവയൊക്കെ രൂപപ്പെട്ടത് എന്നത് തന്നെ മുഖ്യ കാരണം.

ഇന്ന് ടെക്‌നോളജി വളര്‍ന്നപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വേഗത്തിലും എളുപ്പവും കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ പണ്ടുള്ളവര്‍ കാണിച്ചിരുന്ന ഡെഡിക്കേഷന്‍ ഇന്ന് പുതിയവയില്‍ കാണാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഒക്കെ എല്ലാവര്‍ക്കും പുതിയത് എന്ന ഡിമാന്‍ഡ് മാത്രമേയുള്ളൂ. എന്നാല്‍ പഴമയിലും പലതുണ്ട് എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം മഞ്ചല്‍ വാഴ്ക എന്ന പാട്ടും മലയാളത്തില്‍ റെക്കോര്‍ഡ് ഭേദിച്ച പ്രമദവനം എന്ന ഗാനവുമാണ് അദ്ദേഹം പാടിയത്.


ഇടക്കാലത്തു ഞാനും ഒന്ന് നിര്‍ത്താന്‍ ആലോചിച്ചതാണ്. മുന്‍പ് പലരും പ്രായമായവരെ തള്ളിപ്പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. അത് എന്റെ ജീവിതത്തിലും സംഭവിക്കുമല്ലോ, അപ്പോള്‍ സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണം എന്നതായിരുന്നു ആഗ്രഹം. പക്ഷെ ആ തീരുമാനത്തില്‍ സഹോദര തുല്യനായ രവീന്ദ്രനാണ് മാറ്റം ഉണ്ടാക്കിയത്. ഞാന്‍ പാട്ടുനിര്‍ത്തുക ആണെങ്കില്‍ അദ്ദേഹവും ജോലി നിര്‍ത്തി നാട്ടില്‍ പോയി വല്ല മുറുക്കാന്‍ കടയുമിട്ടു ജീവിക്കുമെന്ന് നിരാശയോടെ ഒരിക്കല്‍ പറഞ്ഞു. ഒരു കാല്‍ നൂറ്റാണ്ട് മുന്‍പാണ് ഈ സംഭവം.
മാമോദീസ മുങ്ങിയാലും മറ്റു മതങ്ങളെ ആദരിക്കാം
താന്‍ ക്രിസ്ത്യാനിയായി ജനിച്ചു മാമോദീസ മുങ്ങിയ വ്യക്തിയാണ്. പക്ഷെ താന്‍ താനായി തീരാന്‍ കാരണമായ പിതാവ് തനിക്കു ജീവിതത്തില്‍ നല്‍കിയ ഉപദേശം ഇന്നും എന്നെ ജീവിതത്തില്‍ കൈപിടിക്കാന്‍ കൂടെയുണ്ട്. മാമോദീസ മുങ്ങിയെങ്കിലും ക്രിസ്ത്യനും ഹൈന്ദവനും ഇസ്ലാമിനും വെത്യസ്ത ചിന്തയില്ലെന്നും എല്ലാ മതവും പരസ്പരം ആദരിക്കണം, ബഹുമാനിക്കണം. അപ്പോള്‍ അടുത്ത തലമുറയുമിതു കണ്ടു പഠിച്ചിരിക്കും. ഏതുമതത്തില്‍ പെട്ടവര്‍ ആയാലും വിളിക്കുന്നത് ഒരു ദൈവത്തെയാണ്. വിളി കേള്‍ക്കുന്ന ദൈവവും ഒന്ന് തന്നെയാണ്. തുടര്‍ന്ന് മതമൈത്രിക്കായി ഒരു ഗാനവും അദ്ദേഹം ആലപിച്ചു. 
തന്നെ സംസ്‌കൃതം പഠിപ്പിക്കാന്‍ ക്രിസ്ത്യാനിയായ അപ്പനെടുത്ത തീരുമാനമാണ് എന്നെ ഞാനാക്കിയത്. ശാസ്ത്രീയ സംഗീതത്തില്‍ പ്രാവീണ്യം നേടാന്‍ സംസ്‌കൃതം പഠിച്ചില്ലെങ്കില്‍ തനിക്കു കഴിയുമായിരുന്നില്ല. നമ്മുടെ കുട്ടികള്‍ സംസ്‌കൃതം പഠിക്കുന്ന കാര്യം കൂടുതല്‍ ഗൗരവത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും മികവുറ്റ ഒരു ഭാഷ ലോകത്തു വേറെയില്ല, അതു ഭാരതത്തിന്റെ സംഭാവനയാണ്. നമ്മുടെ പ്രാര്‍ത്ഥന പോലും എത്ര സുന്ദരമാണ്. ലോക സമസ്ത സുഖിനോ ഭവന്തു എന്നാണ് ഭാരതത്തിന്റെ പ്രാര്‍ത്ഥന. ഇത്രയും ശക്തവും അര്‍ത്ഥവത്തായതുമായ മറ്റൊരു പ്രാര്‍ത്ഥന ശകലം ലോകത്തെവിടെയും കാണാനാവില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category