1 GBP = 92.20 INR                       

BREAKING NEWS

കയ്യിലെ കാശു മുടക്കി ടിക്കറ്റ് എടുത്തു പുറത്തു നില്‍ക്കേണ്ടി വന്ന മലയാളി ചേട്ടനെ പോലുള്ളവര്‍ എന്നിനി ഈ കലാപരിപാടി നിര്‍ത്തും? മൊബൈല്‍ ഫോണ്‍ മാനിയയില്‍ വട്ടം കറങ്ങി കുറെ ചേച്ചിമാരും; യേശുദാസിനു ലഭിച്ച അച്ചടക്കമുള്ള സദസ് ഉണ്ണിമേനോന് ലഭിക്കാതിരുന്നതെന്തേ? സുരക്ഷാ ഉദ്യോഗസ്ഥര്‍ മലയാളികളെ ചട്ടം പഠിപ്പിക്കുന്നത് രസകരമായ കാഴ്ചയാകുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കയ്യിലെ കാശു മുടക്കി ടിക്കറ്റ് എടുത്തു പരിപാടി കാണാന്‍ വന്നിട്ടു വെളിയില്‍ നില്‍ക്കേണ്ടി വരിക. അതിന്റെ പേരില്‍ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുക. കൂടെ വന്ന ഭാര്യ കുറച്ചു നേരം ഇതെല്ലം നോക്കി നിന്ന ശേഷം മനസില്ലാമനസോടെ അകത്തു പോയി പരിപാടി ആസ്വദിക്കുക. അല്‍പം നിലതെറ്റിയ അവസ്ഥയില്‍ ഉള്ള ഭര്‍ത്താവ് പറയുന്ന ന്യായീകരണം കേട്ട് സംഘടനാ ഭാരവാഹികള്‍ അടക്കമുള്ള കാഴ്ചക്കാര്‍ ഞങ്ങളാരും ഇതൊന്നും കണ്ടില്ലേ എന്ന മട്ടില്‍ തല വെട്ടിച്ചു കടന്നു പോകുക. മലയാളി ജീവിതം ആസ്പദമാക്കിയുള്ള ഷോര്‍ട്ട് ഫിലിമിനുള്ള സ്‌ക്രിപ്റ്റ് ആണെന്ന് തെറ്റിദ്ധരിക്കണ്ട, കഴിഞ്ഞ ദിവസം നടന്ന ഗന്ധര്‍വ സന്ധ്യയിലെ രസകരമായ ചില കാഴ്ചകളാണിവ.

മലയാളിയെന്നാല്‍ ഇങ്ങനെയൊക്കെയാണ് എന്ന പൊതുധാരണയില്‍ എത്തിയ ഏതാനും ചില കാണികള്‍ക്കാണ് ഗാനസന്ധ്യയില്‍ എട്ടിന്റെ പണി കിട്ടിയത്. ആയിരക്കണക്കിന് പൗണ്ട് മുടക്കി സംഘടിപ്പിക്കപ്പെടുന്ന ഒരു പൊതുപരിപാടിയില്‍ പാലിക്കേണ്ട മിനിമം മര്യാദകള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന കാഴ്ചകള്‍ സമ്മാനിച്ച ഗന്ധര്‍വ സന്ധ്യ മികച്ച അച്ചടക്കത്തിലും അതിലേറെ ഒരു ഗാനസദസ് എങ്ങനെ ആയിരിക്കണമെന്നതിനും മികച്ച ഉദാഹരണമായി മാറിയത് സ്റ്റോക് ഓണ്‍ ട്രെന്റിലെ കിങ്‌സ് ഹാളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു മിനിറ്റ് പോലും വിശ്രമിക്കാതെ ചെയ്ത കഠിനാധ്വാനം മൂലമാണ്.

പാശ്ചാത്യ സംഗീതവുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സംഗീതം ആസ്വദിക്കുന്നതിനു പോലും കൃത്യമായ മാനദണ്ഡം ഉണ്ടെന്ന അഭിപ്രായക്കാരന്‍ കൂടിയാണ് ഗാനഗന്ധര്‍വന്‍ യേശുദാസ്. ചടുല വേഗത്തിന്റെ താളം സമ്മാനിക്കുന്ന പാശ്ചാത്യ സംഗീതം ആസ്വദിക്കാന്‍ ശരീരത്തിന്റെ തിരയിളക്കങ്ങള്‍ അനുവദനീയം ആണെന്ന് പറയുന്ന യേശുദാസ് ഇന്ത്യന്‍ സംഗീതം കൂടുതല്‍ ഭാവാത്മകവും സ്വച്ഛതയും സമ്മാനിക്കുന്ന ഒന്നാണെന്ന അഭിപ്രായക്കാരനാണ്. അത്തരം ഒരു സംഗീതം ആസ്വദിക്കാന്‍ അച്ചടക്കമുള്ള ഒരു സദസും അനിവാര്യമാണ്. ഇക്കാര്യം വര്‍ഷങ്ങളായി അദ്ദേഹം മലയാളികളെ ഓര്‍മ്മിപ്പിക്കുന്നതുമാണ്.

വീണ്ടും സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ വേദിയില്‍ പഴമയും പുതുമയും തമ്മിലുള്ള ഗുണവത്യാസങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അദ്ദേഹം വരികള്‍ക്കിടയിലൂടെ പറഞ്ഞു പോകുകയും ചെയ്തു. എന്നാല്‍ സാധാരണ കരോക്കെ ഗാനമേളകളില്‍ പോയി ആടിപ്പാടി ശീലമുള്ള ഏതാനും പേര് അത്തരം ഒരു മനോഭാവത്തോടെ സംഗീത സന്ധ്യയെ സമീപിച്ചപ്പോളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യമായി ഇടപെടല്‍ നടത്തിയത്. ഒരു വര്‍ഷം മുഴുവന്‍ ഇത്തരം ചടങ്ങുകള്‍ നടക്കുന്ന കിങ്‌സ് ഹാളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ഓരോ പരിപാടിയെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടെന്നതിനും പലവട്ടം ഗാനസന്ധ്യ അവസരമൊരുക്കി.

നോ എന്നതിന് മറ്റൊരര്‍ത്ഥമില്ല
ആദ്യം കണ്ണുകൊണ്ടും പിന്നെ മുഖഭാവം കൊണ്ടും ചെയ്യരുത് എന്ന താക്കീത് നല്‍കിയ സുരക്ഷാ ഉദ്യോഗസ്ഥരോട് ഇതൊക്കെ ഞങ്ങള്‍ എത്ര കണ്ടതാണ് എന്ന ഭാവത്തിലാണ് വിലകൂടിയ ഫോണ്‍ ഉയര്‍ത്തിക്കാട്ടി തത്സമയ ഗാനസന്ധ്യയുടെ വീഡിയോ റെക്കോര്‍ഡിങ്ങിനു പലരും ശ്രമിച്ചത്. സ്ത്രീകളായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍ എന്നതും പ്രത്യേകതയായി. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വീഡിയോ ലൈവ് ആയി നല്‍കുന്നത് മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന പ്രവണതയാണ്.

എന്തും ഏതും ഇങ്ങനെ ചെയ്യാം എന്ന ധാരണയില്‍ എത്തിയവരാണ് മറ്റുള്ളവരുടെ മുന്നില്‍ അല്‍പം ചെറുതായി പോകും വിധം സുരക്ഷാ ഉദ്യോഗസ്ഥരുടെ താക്കീതിന് ഇരയായത്. ഇതൊക്കെ നിങ്ങളോടു പറഞ്ഞിട്ട് വേണോ എന്ന ഭാവത്തില്‍ കൈകൊണ്ടു ആംഗ്യം കാട്ടിയ സുരക്ഷാ ജീവനക്കാര്‍ പറഞ്ഞതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടില്‍ റെക്കോര്‍ഡിങ് തുടര്‍ന്നവര്‍ക്കു ഫോണ്‍ പിടിച്ചു വാങ്ങിക്കും എന്ന ശക്തമായ താക്കീതു ലഭിച്ചപ്പോഴാണ് പലരും നിരാശയോടെ ഫോണ്‍ ബാഗിലേക്കു വയ്ക്കാന്‍ തയ്യാറായത്. എന്നാല്‍ ഒരാളെ താക്കീതു നല്‍കി റെക്കോര്‍ഡിങ് അവസാനിപ്പിക്കുമ്പോള്‍ അടുത്ത ആള്‍ തുടങ്ങുന്ന വിധത്തില്‍ പലരും പെരുമാറുന്നതും അരോചകമായ അനുഭവമായതായി ചടങ്ങിനെത്തിയവര്‍ ചൂണ്ടിക്കാട്ടി.

പക്ഷെ ചടങ്ങിന്റെ പാതി സമയം വരെയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്ഷമ പരീക്ഷിക്കും വിധം ഹാളിന്റെ ഓരോ ഭാഗത്തു നിന്നും ഇത്തരം റെക്കോര്‍ഡിങ് ശ്രമങ്ങള്‍ തുടര്‍ന്നു. ബാല്‍ക്കണിയില്‍ കയറിക്കൂടിയവരും മോശമായില്ല. ഇവര്‍ക്കായി മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു താഴെ നിന്ന് വാക്കിടോക്കി വഴി നിര്‍ദേശങ്ങള്‍ നല്‍കിയാണ് ലൈവ് റെക്കോര്‍ഡിങ് പൂര്‍ണമായും അവസാനിപ്പിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ക്ക് സാധിച്ചത്.

ലോകപ്രശസ്തനായ ഒരു ഗായകന്റെ ലൈവ് സംഗീത നിശ മോശം ഗുണനിലവാരത്തില്‍ റെക്കോര്‍ഡ് ചെയ്യുന്നത് ആ ഗായകനെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഇത്തരം ചടങ്ങുകള്‍ സ്ഥിരം കൈകാര്യം ചെയ്യുന്ന സുരക്ഷാ ജീവനക്കാര്‍ക്ക് വ്യക്തമായിരുന്നു. അതിനാലാണ് പരിപാടിയുടെ സംഘാടകര്‍ ആവശ്യപ്പെടാതെ പോലും സുരക്ഷാ ജീവനക്കാര്‍ ശക്തമായ നിലപാട് എടുത്തത്. എന്നാല്‍ ചെയ്യരുത് എന്ന് പറഞ്ഞിട്ടും എന്താ ചെയ്താല്‍ എന്ന ഭാവത്തില്‍ പെരുമാറിയ ഏതാനും ചിലരുടെ നടപടി പരിപാടിക്ക് എത്തിയ മലയാളി സമൂഹത്തിനു തന്നെ ഹാള്‍ അധികൃതരുടെ മുന്നില്‍ മോശക്കാരായി ചിത്രീകരിക്കപ്പെടാന്‍ ഉള്ള സാധ്യതയും സൃഷ്ടിച്ചിരിക്കുകയാണ്.

യേശുദാസിനു ലഭിച്ച അച്ചടക്കമുള്ള സദസ്സിനെ എന്തുകൊണ്ട് ഉണ്ണിമേനോന് ലഭിച്ചില്ല?
മനസ് നിറഞ്ഞു ആസ്വദിക്കാന്‍ ഉള്ളതാണ് ഗാനസന്ധ്യകള്‍ എന്നത് പോലും ചടങ്ങിന് എത്തുന്നവരെ പറഞ്ഞു പഠിപ്പിക്കേണ്ട കാലമാണ് യുകെയില്‍. കഴിഞ്ഞ ദിവസം സ്റ്റോക്ഓണ്‍ട്രെന്റില്‍ എത്തിയ 1500 കാണികളില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇതിനു അപവാദമായി മാറിയെങ്കില്‍ അത് യേശുദാസ് എന്ന ഇതിഹാസത്തെ അറിയുന്നവരും സ്നേഹിക്കുന്നവരുമാണ് ചടങ്ങിലെ ഭൂരിഭാഗവും എന്നത് പ്രധാന കാരണമാണ്. എന്നാല്‍ യുകെയില്‍ എത്തുന്ന മിക്ക കലാകാരന്മാര്‍ക്കും ഈ ഭാഗ്യം കിട്ടാറില്ല.

അടുത്തിടെ യുകെയില്‍ എത്തിയ ഉണ്ണിമേനോന്‍ ഇത്തരം ഒരു ദുരനുഭവം തുറന്നു പറഞ്ഞതും മലയാളികള്‍ കുറച്ചു കൂടി മികവോടെ ഇത്തരം പരിപാടികള്‍ക്ക് എത്തണം എന്നോര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ്. ചെറിയ ഹാളും അതില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ അധികം കാണികളുമാണ് പലപ്പോഴും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പരിപാടികളുടെ മുഖമുദ്ര. ഈ ചടങ്ങില്‍ എത്തുന്ന ഭൂരിഭാഗവും പാട്ടു കേട്ടാസ്വദിക്കാന്‍ വേണ്ടിയാകില്ല എത്തുന്നതും. ഉണ്ണിമേനോന്‍ തന്റെ പരിപാടിയുടെ ആദ്യ ഭാഗം ഭംഗിയായി കൈകാര്യം ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി പാചകക്കാര്‍ എത്തുന്നത്.

ഒരു കര്‍ട്ടന്റെ മറ മാത്രമാണ് ഹാളും ഭക്ഷണ വിതരണ സ്ഥലവും തമ്മില്‍ ഉണ്ടായിരുന്നത്. ചാരിറ്റി എന്ന പേരില്‍ ഭക്ഷണം വിറ്റുകിട്ടുന്ന പണത്തില്‍ ആയിരുന്നു സംഘാടകരുടെ പൂര്‍ണ ശ്രദ്ധ. ഭക്ഷണ പാത്രം തുറന്നതോടെ കലപില കൂട്ടിയ കാണികളുടെ ബഹളം മൂലം സ്റ്റേജും സൗണ്ട് എഞ്ചിനീയറും തമ്മിലെ വിനിമയവും നഷ്ടമായി. അല്‍പം നീരസം സ്റ്റേജില്‍ തന്നെ പ്രകടമാക്കിയാണ് ഉണ്ണിമേനോന്‍ പരിപാടി തുടര്‍ന്നത്. വലിയ കലാകാരന്‍ ഒന്നും അല്ലെങ്കിലും അത്യാവശ്യം നന്നായി പാടുന്ന സൗത്ത് യോര്‍ക്ഷയറിലെ മലയാളി പാട്ടുകാരന്‍ ഇനി തിരഞ്ഞെടുത്ത ഒന്നോ രണ്ടോ മലയാളി ചടങ്ങുകളില്‍ മാത്രമേ പാടൂ എന്ന നിലപാടിലാണ്. സ്റ്റേജില്‍ പാടുമ്പോള്‍ പാടുന്ന ആളോടില്ലെങ്കിലും പാട്ടിനോടെങ്കിലും അല്‍പം ആദരവ് കാണിക്കാത്ത വേദികളില്‍ ഇനി പാട്ടുമായി എത്തില്ല എന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ നിലപാട്.

തീറ്റയും കുടിയും ആദ്യം, പാട്ടൊക്കെ പിന്നെ
എവിടെ വന്നാലും ആദ്യം ഭക്ഷണം എന്നത് മലയാളികള്‍ പൊതുവെ കൂടെ കരുതുന്ന ശീലങ്ങളില്‍ ഒന്നായി മാറുന്നു. മണിക്കൂറുകള്‍ വാഹനം ഓടിച്ചെത്തുന്ന ന്യായം ഒക്കെ ഒരു ഭാഗത്തു നിരത്താന്‍ ഉണ്ടാകാം, പക്ഷെ തങ്ങള്‍ വന്നത് എന്തിനു എന്നറിയാതെ പെരുമാറുന്ന ഒരു വിഭാഗം കാണികള്‍ യുകെയിലെ ചടങ്ങുകളില്‍ വര്‍ധിക്കുകയാണ്. ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോകേണ്ടവര്‍ പകരം ഗാനാസ്വാദനത്തിനു എത്തിയാല്‍ എങ്ങനെയിരിക്കും? ഭക്ഷണം കഴിക്കുക മാത്രമല്ല ഇരിക്കുന്ന കസേരയുടെ ചുവടു മുഴുവന്‍ കുപ്പത്തൊട്ടിയാക്കുന്ന രീതിയും മലയാളി പരിപാടികളില്‍ അന്യമല്ല.

ഒടുവില്‍ ചടങ്ങു കഴിഞ്ഞു രണ്ടോ മൂന്നോ മണിക്കൂര്‍ അധ്വാനിച്ച ശേഷം മാത്രമേ സംഘാടകര്‍ക്ക് വീട്ടില്‍ പോകാനാവൂ. ടോയ്‌ലെറ്റ് അടക്കം എങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത സമൂഹമായി യുകെ മലയാളികള്‍ മാറുന്നു എന്ന് പറയാന്‍ നൂറു പേര് തികച്ചു കൂടുന്ന ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ മതിയാകും. ഇക്കഥകള്‍ ആവര്‍ത്തിക്കാന്‍ ഉള്ള മനോഭാവവുമായി വന്നവര്‍ യേശുദാസ് ഗാനസന്ധ്യയില്‍ വിശന്നിരിക്കാനും കഴിയുമെന്നും തെളിയിച്ചു. പരിപാടി തുടങ്ങി അരമണിക്കൂറിനകം ബിരിയാണി പ്ലേറ്റുകളുമായി ഹാളിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയപ്പോള്‍ അവതാരകര്‍ മൈക്ക് കൈയ്യിലെടുത്തു ഹാളില്‍ ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ല എന്നോര്‍മ്മപ്പെടുത്തേണ്ടി വന്നു.

എന്നിട്ടും പതിവ് പോലെ വിലക്കു ലംഘിക്കാന്‍ ശ്രമിച്ചവര്‍ക്കു പുറത്തു പോകാന്‍ സുരക്ഷാ ജീവനക്കാരുടെ നിര്‍ദ്ദേശം ലഭിച്ചു. വീണ്ടും ഇതേ ശ്രമം തുടര്‍ന്നപ്പോള്‍ പിന്നൊന്നും ആലോചിക്കാതെ ഭക്ഷണവുമായി എത്തിയ പാചക സംഘത്തോട് വില്‍പ്പന അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുക ആയിരുന്നു, മാത്രമല്ല ആ പ്രദേശത്തേക്കുള്ള പ്രവേശനവും സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് പരിപാടിക്കിടയില്‍ ലഭിച്ച 15 മിനിറ്റ് വിശ്രമ വേളയില്‍ മാത്രമാണ് ഭക്ഷണ വിതരണം സാധിച്ചത്.

ഇതോടെ പാട്ടൊക്കെ ഞങ്ങള്‍ എത്ര കേട്ടതാ എന്ന ഭാവത്തില്‍ പുറത്തു വരാന്തകളില്‍ നിന്ന് കലപില വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്ന ചേട്ടന്മാര്‍ക്കും സുരക്ഷാ ജീവനക്കാരുടെ കണ്ണുരുട്ടല്‍ കാണേണ്ടി വന്നു. ഞങ്ങള്‍ ടോയ്‌ലെറ്റില്‍ പോകാന്‍ നില്‍ക്കുന്നവരാണ് എന്ന് പറഞ്ഞു വീണ്ടും നിര്‍ദ്ദേശം അവഗണിക്കാന്‍ ശ്രമിച്ചവരെ പത്തു മിനിറ്റ് സമയം നല്‍കി വീണ്ടും വര്‍ത്തമാനം പറഞ്ഞു ശബ്ദം ഉണ്ടാക്കാനാണ് ഭാവം എങ്കില്‍ ഹാളിനു പുറത്തു കാര്‍ പാര്‍ക്കില്‍ ആവശ്യത്തിന് സ്ഥലം ഉണ്ടെന്ന നിര്‍ദേശമാണ് ഹാള്‍ ജീവനക്കാര്‍  നല്‍കിയത്. ഇതോടെ പത്തി മടക്കിയ ചേട്ടന്മാര്‍ മാന്യതയോടെ കസേരകളില്‍ എത്തി പാട്ടുകള്‍ ആസ്വദിക്കാനും തുടങ്ങി. എന്നാല്‍ ഇത് ആദ്യമേ ചെയ്താല്‍ പോരെ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ല, കാരണം നമ്മള്‍ മലയാളികള്‍ അല്ലെ എന്നാണ് ഈ കാഴ്ചകള്‍ കണ്ടു നിന്ന ബര്‍മിങ്ഹാമില്‍ നിന്നെത്തിയ ഒരു രസികന്‍ പ്രതികരണം നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category