
മൂന്നുവര്‍ഷം മുമ്പ് യൂറോപ്യന്‍ യൂണിയന് വിട്ടുപോകാന്‍ തീരുമാനമെടുത്ത ഹിതപരിശോധന കഴിഞ്ഞതുമുതല്‍, അയര്ലന്റിനെച്ചൊല്ലിയായിരുന്നു ബ്രക്സിറ്റ് നീണ്ടുപോയത്. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ അയര്‍ലന്റിലും ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്ലന്റിനുമിടയിലെ അതിര്‍ത്തി എങ്ങനെ വേണമെന്ന ആശയക്കുഴപ്പാണ് ബ്രക്സിറ്റിനെ ഇത്രകാലവും കീറാമുട്ടിയായി നിലനിര്‍ത്തിയത്.
ഇന്നലെ ബ്രസല്‍സില്‍ നടന്ന ചര്‍ച്ചയില്‍ ബ്രക്സിറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യന്‍ യൂണിയന് അധ്യക്ഷന്‍ ഴാങ്ക് ക്ലോഡ് ജങ്കറും തമ്മില്‍ ധാരണയിലെത്തിയതോടെ, പുതിയ കരാര്‍ അംഗീകരിക്കപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റിലും ബ്രിട്ടീഷ് പാര്‍ലമെന്റിലും കരാര്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍, ഇനിയുള്ള രണ്ടാഴ്ചകൊണ്ട് ബ്രിട്ടന് യൂറോപ്പിന് പുറത്തേക്ക് വാതില്‍ തുറക്കാനാനാകും.
നിലവില്‍ അയര്‍ലന്റിനും നോര്‍ത്തേണ്‍ അയര്ലന്റിനുമിടയില് അതിര്ത്തിയുണ്ടായിരുന്നില്ല. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലുള്ളവര്‍ക്ക് യഥേഷ്ടം അങ്ങോട്ടുമിങ്ങോട്ടും പോകാമെന്നതിനാല്‍, തടസ്സങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍, ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് പുറത്തുകടക്കുന്നതോടെ, അതിര്‍ത്തി എന്നത് യാഥാര്‍ഥ്യമാകുമെന്ന സ്ഥിതിയായി. കരയിലൂടെയും കടലിലൂടെയുമുള്ള ചരക്കുഗതാഗതത്തിന് നിയന്ത്രണങ്ങള്‍ വരുത്തേണ്ടിയുമിരുന്നു. ഇതോടെയാണ് ബ്രക്സിറ്റില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്. പുതിയ കരാറിലും അയര്‍ലന്റിന്റെ ഇപ്പോഴത്തെ സ്ഥിതി തുടരാനാണ് തീരുമാനം. അതായത്, ബ്രിട്ടന്റെ ഭാഗമായി നോര്‍ത്തേണ്‍ അയര്‍ലന്റ് തുടരുകയും അതേസമയം തന്നെ യൂറോപ്യന്‍ യൂണിയന്റെ പൊതു വിപണിയില്‍ നിലനിര്‍ത്തുകയും ചെയ്യുമെന്നതാണ് പുതിയ കരാറിലൂടെ വിഭാവനം ചെയ്യുന്നത്.
ബ്രക്സിറ്റ് നടപ്പാക്കുന്നത് ബ്രിട്ടന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് നേരത്തെതന്നെ ആശങ്കയുണ്ടായിരുന്നു. നോര്‍ത്തേണ്‍ അയര്‍ലന്റിനെ യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ക്കും നികുതി വ്യവസ്ഥകള്‍ക്കും ബാധകമാക്കി നിര്‍ത്തിക്കൊണ്ട് ബ്രിട്ടന്റെ ഭാഗമായി നിലനിര്‍ത്തുന്നതെങ്ങനെയെന്ന സംശയം ഇപ്പോള്‍ത്തന്നെ ശക്തമായിട്ടുണ്ട്. അയര്‍ലന്റും നോര്‍ത്തേണ്‍ അയര്‍ലന്റും തമ്മില്‍ തുറന്ന അതിര്‍ത്തി വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതാണ് യൂറോപ്യന്‍ നേതാക്കളെ സംതൃപ്തരാക്കുന്നത്. എന്നാല്‍, ഇത്തരമൊരു അതിര്‍ത്തി നിലനിര്‍ത്തുന്നതിനോട് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ജനങ്ങള്‍ യോജിക്കുന്നുമില്ല.
ആശയക്കുഴപ്പം പൂര്‍ണമായി വിട്ടുമാറിയിട്ടില്ലാത്ത ഈ കരാറിന്റെ വിജയത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍നിന്നുള്ള ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡി.യു.പി.) സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നാളെ പാര്‍ലമെന്റില്‍ കരാറിനെ പിന്തുണയ്ക്കില്ലെന്ന് ഡിയുപി നേതാവ് ആര്‍ലിന്‍ ഫോസ്റ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായി ഇപ്പോഴുണ്ടാക്കിയിട്ടുള്ള കരാര്‍ മുമ്പ് മൂന്നുവട്ടം പാര്‍ലമെന്റ് തള്ളിയ, മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ കരാറിനെക്കാള്‍ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും ആരോപിച്ചു. പാര്‍ലമെന്റ് ഈ കരാര്‍ തള്ളണമെന്നും ബ്രക്സിറ്റ് നടപ്പാക്കുന്നതില്‍ അല്പംകൂടി സാവകാശം നേടിയെടുക്കണമെന്നുമാണ് കോര്ബിന് പറയുന്നത്.
ബാക്ക്സ്റ്റോപ്പ് ഒഴിവാക്കി പുതിയ കരാര്‍
അയര്‍ലന്റിനെ കസ്റ്റംസ് യൂണിയനില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ബാക്ക്സ്റ്റോപ്പ് ഉടമ്പടിയായിരുന്നു മുന്‍ കരാറുകളില്‍ തെരേസ മേ അടക്കമുള്ളവര്‍ രൂപം നല്‍കിയിരുന്നത്. ബാക്ക്സ്റ്റോപ്പ് ഉപാധി എടുത്തുകളഞ്ഞുവെന്നതാണ് ബോറിസ് ജോണ്‍സണും യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ പുതിയ കരാറിന്റെ വിജയം. ബ്രക്സിറ്റിനുശേഷവും ഐറിഷ് ബോര്‍ഡറിലൂടെയുള്ള വ്യാപാരത്തിന് നിയന്ത്രണങ്ങള്‍ നാമമാത്രമായി നിലനിര്‍ത്തിയാകും പുതിയ കരാര്‍ നിലവില്‍ വരിക. 2020 ഡിസംബറോടെ ഐറിഷ് അതിര്‍ത്തിവഴിയുള്ള വ്യാപാരത്തിന് പൂര്‍ണമായ രൂപം നല്‍കാനാണ് പുതിയ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
അയര്ലന്റുകള്ക്കിടയിലൂടെയുള്ള 310 മൈല്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ നാമമാത്രമാകുന്നതോടെ, ഫലത്തില്‍, യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയനില്‍ ബ്രിട്ടന് മുഴുവന്‍ നിലനില്‍ക്കുന്ന അവസ്ഥയാണുണ്ടാവുകയെന്ന് പ്രതിപക്ഷം ആരോപണമുയര്‍ത്തുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്റ് മാത്രമായി യൂറോപ്യന്‍ യൂണിയന്റെ വിപണി നിയമങ്ങള്‍ അനുസരിക്കേണ്ടിവരുന്നതിനെയാണ് ഡിയുപിയടക്കമുള്ള കക്ഷികള്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍, ഭാവിയില്‍ രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വ്യാപാരക്കരാറിനായി ഇങ്ങനെയൊരു വിട്ടുവീഴ്ചയില്ലാതെ തരമില്ലെന്ന നിലപാടിലാണ് ബോറിസ് ജോണ്സണ്.
പൗണ്ടിനുണര്വ്; വിപണിക്കാഹ്ലാദം
യൂറോപ്യന്‍ യൂണിയനുമായി കരാറില്ലാതെ വേര്പിരിയുമെന്ന ആശങ്കയിലായിരുന്നു ബ്രിട്ടീഷ് വിപണി. ബ്രെക്സിറ്റ് ചര്‍ച്ചകള്‍ ഓരോതവണ ഫലവത്താകാതെ പിരിയുമ്പോഴും അതിന്റെ ക്ഷീണം ഏറ്റവും കൂടുതല്‍ പ്രകടമായിരുന്നത് വിപണിയിലായിരുന്നു. പൗണ്ട് വിലയിലും ഈ മാറ്റങ്ങള്‍ പ്രതിഫലിച്ചുകൊണ്ടിരുന്നു. യൂറോപ്യന്‍ യൂണിയനുമായി കരാറിലെത്താനായതോടെ, വിപണിയിലും പൗണ്ട് വിലയിലും അതിന്റെ പ്രതിഫലനമുണ്ടാവുകയും ചെയ്തു. ബോറിസ് ജോണ്‍സണിന്റെ കരാര്‍ അംഗീകരിക്കാന്‍ പാര്‍ലമെന്റംഗങ്ങളോട് വ്യവസായ വാണിജ്യരംഗത്തെ പ്രമുഖര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
1985-നുശേഷം തുടര്‍ച്ചയായി ആറാം ദിവസമാണ് പൗണ്ട് ഡോളറിനെതിരെ മികവ് കാട്ടുന്നത്. കരാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഉയര്‍ന്ന പൗണ്ടുവില ഡോളറിനെതിരേ ഒരുശതമാനത്തിലേറെ മൂല്യം കൈവരിച്ച് 1.2988 എന്ന നിലയിലെത്തി. ഇതൊരു സുവര്‍ണാവസരമാണെന്നും ബ്രക്സിറ്റ് നടപ്പാക്കാന്‍ ബാധ്യസ്ഥരായ എല്ലാവരും അതിന് തയ്യാറാകണമെന്നും സിറ്റി ഓഫ് ലണ്ടന്‍ കോര്‍പറേഷന്റെ കാതറിന് മക്ഗിന്നസ് ആവശ്യപ്പെട്ടു. കാര്യങ്ങള്‍ കുറേക്കൂടി സൂക്ഷ്മതയോടെ കാണണമെന്നും അതിനായി കരാര്‍ അംഗീകരിക്കുകയാണ് ഇനിയെല്ലാവരും ചെയ്യേണ്ടതെന്നും ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആദം മാര്‍ഷല്‍ ആവശ്യപ്പെട്ടു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam