1 GBP = 97.40 INR                       

BREAKING NEWS

ഭാരതത്തിന്റെ യശസ്സ് വാനോളമുയര്‍ത്തി വീണ്ടുമൊരു നൊബേല്‍ സമ്മാനം കൂടി ലഭിക്കുമ്പോള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യാം

Britishmalayali
റോയ് സ്റ്റീഫന്‍

രു ഭാരതീയനും കൂടി നൊബേല്‍ സമ്മാനം നേടുമ്പോള്‍ അഭിമാനം കൊള്ളുന്നത് നൂറ്റിഇരുപത് കോടി ജനങ്ങള്‍. ലോകത്തിലെ ദാരിദ്രവും പട്ടിണിയും മാറ്റാനുള്ള ചില പരിഹാരമാര്‍ഗങ്ങളുമായി ഒരു ദാരിദ്ര രാജ്യത്തുനിന്നും ഒരാള്‍ മുന്നോട്ട് വന്നതിനെ ലോകം ആദരിക്കുമ്പോള്‍ ലോകത്തെമ്പാടുമുള്ള ഭാരതീയര്‍ക്കും വീണ്ടും അഭിമാനിക്കാം. ഭാരതത്തിന് നൊബേല്‍ സമ്മാനം പുത്തരിയല്ലെങ്കിലും ദാരിദ്രത്തേയും  സാമ്പത്തിക പ്രതിസന്ധിയെയും അഭിമുഖീകരിക്കുന്ന ഒരു രാജ്യത്തിന് അപ്രതീക്ഷിതമായ സമ്മാനം ധാരളം പ്രതീക്ഷകള്‍ നല്‍കുന്നതാണ്. രാജ്യം വളരുന്നു എന്ന് അവകാശപ്പെടുമ്പോഴും പട്ടിണി സൂചിക വീണ്ടും താഴോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി നിലനില്‍ക്കുകയാണ് ഇപ്പോഴും ഭാരതം. ഒരു കാലത്തു ഭാരതത്തിന്റെ പിറകിലായിരുന്ന പാകിസ്ഥാനും ഇപ്പോള്‍ ഭാരതത്തിനു മുന്‍പില്‍ കയറിപ്പോയി ലോകത്തിലെ ശതകോടീശ്വരന്മാര്‍ ജീവിക്കുന്ന രാജ്യവും അമ്പിളി മാമനെയും ചൊവ്വ വരെയെത്തിയെന്ന് അവകാശപ്പെടുമ്പോഴും ശിശുമരണ നിരക്കും, ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പും, പോഷകാഹാരക്കുറവുകളും ഉള്‍പ്പെടെ മനുഷ്യരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പട്ടിണിയുടെ കണക്ക് തയാറാക്കുന്നത്.

അഭിജിത് ബാനര്‍ജിക്ക് നൊബേല്‍ സമ്മാനം ലെഭിക്കുന്നതിനു മുന്‍പ് ഭാരതത്തില്‍ നിന്നും മറ്റു പലര്‍ക്കും അത്യപൂര്‍വമായ ഈ സമ്മാനം ലഭിച്ചിട്ടുണ്ട്. ഏതായാലും കൊല്‍ക്കത്തയിലേക്ക് നൊബേല്‍ സമ്മനാമെത്തുന്നത് ഇത് നാലാം തവണയാണ് രവീന്ദ്രനാഥ് ടഗോര്‍, മദര്‍ തെരേസ, അമര്‍ത്യ സെന്‍ എന്നിവര്‍ക്കു ശേഷം ഇപ്പോള്‍ പ്രൊഫസര്‍ അഭിജിത് ബാനര്‍ജി. ലോകത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബല്‍ സമ്മാനം. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളില്‍, ലോകത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് ലഭിക്കുന്ന സമ്മാനം. നോബേല്‍ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യണ്‍ സ്വീഡന്‍ ക്രോണ് ഏകദേശം 6 കോടി 50  ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനത്തുകയായും ജേതാവിനു ലഭിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടുന്ന ആദ്യ ദമ്പതികളായി മാറുകയാണ് ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിയും ഫ്രഞ്ച വംശജ എസ്തേര്‍ ദഫ്ലോയും ഇവരോടൊപ്പം അമേരിക്കക്കാരനായ മൈക്കേല്‍ ക്രമറും കൂടി ഈ വര്‍ഷത്തെ പുരസ്‌കാരം പങ്കിടുകയാണ്. ലോകത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഇവര്‍ മുന്നോട്ടുവച്ച പരീക്ഷണാത്മക സമീപനത്തിന് നൊബേല്‍ സമ്മാനം നല്‍കി ആദരിക്കുമ്പോള്‍ വികസിത രാജ്യങ്ങള്‍ ദാരിദ്രത്തെയും ദാരിദ്രത്തെ അകറ്റുവാനുള്ള പദ്ധതികളെയുമാണ് അംഗീകരിക്കുന്നത്. സാമ്പത്തികമായി വളരെ വളര്‍ന്നെങ്കിലും ഒരു ദിവസം ഒരു നേരമെങ്കിലും ആഹാരത്തിനായി കേഴുന്ന കോടിക്കണക്കിന് ജനങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജീവിക്കുന്ന എന്നും അവരെ ഉദ്ധരിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും വീണ്ടും ലോകത്തുള്ള എല്ലാ ധനികരെയും ഓര്‍മ്മിപ്പിക്കുന്നു.

ഭൂമിയിലെ മനുഷ ്യജീവിതത്തിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കും എല്ലാ മേഖലകളിലുമുള്ള ഗവേഷണങ്ങള്‍ അനിവാര്യമാണെന്ന് അതിന്റെ ഗുണങ്ങള്‍ അനുഭവിച്ചവര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കുവാന്‍ സാധിക്കും അതോടൊപ്പം തന്നെ ഭൂമിയിലുള്ള എല്ലാവരും ഈ ഗുണങ്ങള്‍ അനുഭവിച്ചവരുമാണ്. നഗ്‌നരായി വന്യമൃഗങ്ങളോട് മല്ലടിച്ച ജീവിച്ചിരുന്ന പ്രാകൃത മനുഷ്യരെ ആധുനിക ജീവികളാക്കിയത് പല മേഖലകളിലുണ്ടായ ഗവേഷണങ്ങള്‍ മാത്രമാണ്. വിവിധ ഗവേഷണഫലങ്ങള്‍ ഫലപ്രദമായി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതിലൂടെ ഉണ്ടായ അഭിവൃദ്ധി. ഗവേഷണം എന്നും പുതിയതിനുവേണ്ടിയുള്ള അന്വേഷണമാണ് പുതിയ കണ്ടുപിടുത്തങ്ങളാവാം പുതിയ വിവരസാങ്കേതിക വിദ്യകളാവാം പുതിയ ജീവിതരീതികളാവാം അതോടൊപ്പം തന്നെ ഗവേഷണം ഭൂമിയില്‍ നിലവിലുള്ള ഏതൊരു വസ്തുവിനെയും കൂടുതല്‍ പരിഷ്‌കരിക്കുന്ന പ്രക്രിയകളുമാവാം. അനുദിന ജീവിതത്തിലുണ്ടാവുന്നു ഉണ്ടാകുവാന്‍ സാധ്യതയുള്ള ഏതെങ്കിലും  ഒരു പ്രശ്നത്തിന് അല്ലെങ്കില്‍ വിഷയത്തിന് ഒരു പുതിയ പരിഹാരത്തിനായുള്ള അന്വേഷണം, ആവശ്യമുള്ളതോ മെച്ചപ്പെട്ടതോ ആയ ഒരു സാഹചര്യം പര്യവേക്ഷണം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്ത് പ്രായോഗികമായി പരിഹാരം കാണുവാനുള്ള  നടപടിക്രമങ്ങള്‍ അല്ലെങ്കില്‍ നിലവില്‍ ലഭ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍. ഗവേഷണം എന്നും മനുഷ്യജീവിതത്തെ കൂടുതല്‍ ലളിതമാക്കുന്ന സുഖപ്രദമാക്കുന്ന പ്രക്രിയയാണ്. പുരാതന കാലം മുതലേ അതായത് മനുഷ്യന് ചിന്താശക്തികള്‍ ലഭിച്ചപ്പോള്‍ മുതലുള്ള പ്രക്രിയയാണ് ഗവേഷണം.

ആധുനിക സാങ്കേതികവിദ്യകളിലും എഞ്ചിനീയറിംഗ്  ഫാര്‍മസ്യൂട്ടിക്കല്‍സ് മെഡിക്കല്‍ മുതലായ മേഖലകളിലും ഗവേഷണങ്ങളിലൂടെയുള്ള ഫലങ്ങളും വളര്‍ച്ചയും വളരെ പ്രത്യക്ഷത്തില്‍ പൊതുജനങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും എന്നാല്‍ സാമൂഹിക സാമ്പത്തിക ശാസ്ത്ര മേഖലകളില്‍ ഗവേഷണ ഫലങ്ങള്‍ പ്രതിഫലിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ കാണുവാന്‍ സാധിക്കില്ല. എങ്കിലും നമ്മുടെ അനുദിന ജീവിതത്തെ സുഗമമാക്കിക്കൊണ്ടിരിക്കുകയാണ് ഈ മേഖലകളിലെ എല്ലാ ഗവേഷണങ്ങളും. നിലവിലെ നൊബേല്‍ ജേതാവായ അഭിജിത് ബാനര്‍ജിയും സംഘവും പരിഹരിക്കുവാന്‍ ശ്രമിക്കുന്നത്  ഒറ്റനോട്ടത്തില്‍ വളരെ ലളിതമായി കാണുന്ന ദാരിദ്ര രാജ്യവും സമ്പന്ന രാജ്യവും തമ്മിലുള്ള ഉല്‍പാദനക്ഷമതയിലെ അന്തരങ്ങള്‍ മാത്രമാണ്. സമ്പന്ന രാജ്യവും ദരിദ്ര രാജ്യങ്ങളും എല്ലാ മേഖലകളിലും ഉല്‍പാദനക്ഷമതയില്‍ ധാരാളം വ്യത്യാസം നിലനില്‍ക്കുന്നത് അറിവുള്ള കാര്യം തന്നെയാണ് എന്നാല്‍ ഒരേ രാജ്യത്തു തന്നെയുള്ള കൃഷിക്കാര്‍ തമ്മിലുള്ള അന്തരം അകറ്റുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് അവര്‍ നല്‍കുന്നത്. ചെറുകിട കൃഷിക്കാരും  വലിയ തോതില്‍ കൃഷി ചെയ്യുന്നവരും തമ്മിലുണ്ടാകുന്ന ഉല്‍പാദനത്തിലുള്ള വ്യത്യാസം. ചില വ്യക്തികള്‍ അല്ലെങ്കില്‍ വലിയ കമ്പനികള്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു കൃഷി ചെയ്യുമ്പോള്‍ പാവപ്പെട്ട കൃഷിക്കാര്‍ കാലഹരണപ്പെട്ട ഉല്‍പാദന മാര്‍ഗ്ഗങ്ങള്‍ ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇതു മൂലമുണ്ടാകുന്ന കുറഞ്ഞ ഉല്‍പാദനക്ഷമതയാണ് പ്രധാനമായും പാവപ്പെട്ട കൃഷിക്കാരെ വീണ്ടും പുറകോട്ട് നയിക്കുന്നത്. ആഗോള ദാരിദ്ര്യത്തെ ചെറുക്കുന്നതിന്, ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനരീതികള്‍ അവലംബിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ സ്വന്തം രാജ്യത്തുള്ള ഈ അസമത്വം നീക്കുവാനുള്ള  യുക്തിസഹചവും പ്രാവര്‍ത്തികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവലംബിക്കുവാനുള്ള നയങ്ങളാണ് തത്ത്വത്തില്‍ സര്‍ക്കാരുകള്‍ രൂപകല്‍പ്പന ചെയ്യേണ്ടത്.

വിശക്കുന്ന വയറുമായി വിദ്യാലയങ്ങളിലെത്തുന്ന കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാന്‍ ബുദ്ധിമുട്ടാണെന്നുള്ള തിരിച്ചറിവാണ് ഉച്ചക്കഞ്ഞിയുമായുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയത്. ഇതിലൂടെ ഒരു വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ സാധിച്ചു. അതോടൊപ്പം തന്നെ ആവശ്യമുള്ള കുട്ടികള്‍ക്ക് അഥവാ പാവപെട്ടവരായ കുട്ടികള്‍ക്കു സൗജന്യമായി  പാഠപുസ്തകങ്ങളും വിതരണം ചെയ്തു അവരുടെയെല്ലാം പഠനനിലവാരം ഉയര്‍ത്തുവാന്‍ വേണ്ടി മാത്രം. എന്നാല്‍ പോലും ചില കുട്ടികളുടെ സ്ഥിതികളില്‍ മാറ്റങ്ങള്‍ സംഭവിച്ചില്ല. എല്ലാവരെയും ഒരു പോലെ ഉയര്‍ത്തുവാന്‍ സാധിക്കാതെ വന്നതിനാലാണ് ഓരോ കുട്ടികളിലെയും പഠന വൈകല്യങ്ങള്‍ മനസിലാക്കി അതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ പഠനങ്ങളുമായി ബന്ധപെട്ടു അഭിജിത് ബാനെര്‍ജി ദമ്പതികള്‍ ഭാരതത്തില്‍ മുംബൈയിലും വഡോദരയിലും അതോടൊപ്പം കെനിയയിലും ഗവേഷണങ്ങള്‍ നടത്തുകയുണ്ടായി. ഏറ്റവും ദുര്‍ബലരായ കുട്ടികളെ  കണ്ടുപിടിച്ചു അവര്‍ക്കു ചേരുന്ന രീതിയില്‍ പഠന സഹായം നല്‍കുമ്പോള്‍ അവരുടെ വികസനം വളരെ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കുന്ന പരീക്ഷണമാണ് ഫലപ്രദമായി നടത്തിയത്. ഇതുപോലെ ഫീല്‍ഡ് ലെവലിലുള്ള ചെറിയ തോതിലുള്ള പരീക്ഷണങ്ങള്‍ പിന്നീട് വലിയ തോതില്‍ വികസിത രാജ്യങ്ങളിലും സംഘടിപ്പിച്ചപ്പോള്‍ കൂടുതല്‍ ഫലങ്ങളുണ്ടായി. എല്ലാ കുട്ടികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായ സഹായങ്ങള്‍ നല്‍കുമ്പോള്‍  ഒരേപോലുള്ള വികസനവും സാധ്യമാകും. സ്‌കൂളുകളിലെ അവരുടെ പരീക്ഷണങ്ങളിലൂടെ അവര്‍ക്കു സമര്‍ഥിക്കുവാന്‍ സാധിച്ചത് ഒരു പ്രത്യേക പ്രശ്നത്തിലുള്ള പരിഹാരം മാത്രമല്ല മറിച്ചു ഈ പരിഹാരം മാര്‍ഗം എന്തുകൊണ്ട് ഗുണം ചെയ്തു എന്നു കൂടിയാണ്.

വിദ്യാഭ്യാസ മേഖലകളില്‍ മാത്രമല്ല ആരോഗ്യ രംഗങ്ങളിലും ഈ ദമ്പതികള്‍ ധാരാളം ഫീല്‍ഡ് ലെവല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ദരിദ്രരായ മാതാപിതാക്കള്‍ കുട്ടികളില്‍ കണ്ടുവരുന്ന സാധാരണ രോഗങ്ങള്‍ക്കുപോലും സൗജന്യമായി മരുന്നുകള്‍ ലഭിച്ചെങ്കില്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത് അതായത് 75% മാതാപിതാക്കളുടെയും രീതി ഇതു തന്നെയാണ്. പ്രതിരോധ കുത്തിവയ്പുകളുടെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. വളരെ കുറച്ചു മാതാപിതാക്കള്‍ മാത്രമാണ് കുട്ടികളെ പ്രാഥമികാകേന്ദ്രങ്ങളില്‍ പോയി രോഗ പ്രധിരോധ കുത്തിവയ്പ്പുകള്‍ നടത്തിയിരുന്നുള്ളൂ. എന്നാല്‍ മൊബൈല്‍ ക്ലിനിക്കുകള്‍ അതായത് പാവപെട്ട കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ധാരാളം ഗുണം ചെയ്തിരുന്നു. പ്രത്യേകിച്ചും ഏതെങ്കിലും തരത്തിലുള്ള ഉപഹാരങ്ങളും കൂടി നല്‍കിയപ്പോള്‍. മൊബൈല്‍ ക്ലിനിക്കുകളിലൂടെ വീടുകളിലെത്തി രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുവാന്‍ തയ്യാറാവുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ധാന്യങ്ങളും ഉപഹാരമായി നല്‍കുമ്പോള്‍ സ്വീകാര്യതകള്‍ വീണ്ടും പല മടങ്ങായി ഉയരുകയായിരുന്നു. 2017 കാലഘട്ടങ്ങളില്‍ ഇതേ ദമ്പതികള്‍ കേരളത്തിലെത്തി ആരോഗ്യമേഖലകളില്‍ പഠനങ്ങള്‍ക്ക് ശ്രമിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് വിപുലീകരിക്കുവാനുള്ള പഠനങ്ങള്‍. പക്ഷെ കേരളത്തിലെ ആരോഗ്യ സംരക്ഷകര്‍ക്ക് പരീക്ഷണങ്ങള്‍ നടത്തുവാനുള്ള പ്രായോഗികത ഉള്‍ക്കൊള്ളുവാന്‍ സാധിച്ചില്ലായിരിക്കാം അതുമല്ലെങ്കില്‍ ഉദോഗസ്ഥമേധാവികളുടെ ഏകോപനത്തിലുള്ള കാലതാമസമായിരിന്നിരിക്കാം. ഏതായാലും നോബല്‍ സമ്മാനം നേരിട്ട് കിട്ടിയില്ലെങ്കിലും അതിലേക്കുള്ള പഠനങ്ങളില്‍ പങ്കെടുക്കുവാനുള്ള സാധ്യതയാണ് നഷ്ടപ്പെടുത്തിയത്.

സാമ്പത്തികമാന്ദ്യം അത്ര എളുപ്പത്തില്‍ മനസിലാക്കുവാന്‍ സാധിക്കില്ലായെന്ന് സാധാരണക്കാര്‍ പറയുന്നതില്‍ കാര്യമുണ്ട്  കാരണം മറ്റൊന്നുമല്ല അവര്‍ക്കു പ്രാഥമികമായും ജീവിക്കുവാന്‍ ആവശ്യകമായ അരിയും പച്ചക്കറികളും ശുദ്ധജലവും വില കൂടുകയോ വിപണിയില്‍ ലഭിക്കാതെ വരുകയും ചെയ്യുമ്പോഴാണ് സാമ്പത്തികമാന്ദ്യം എത്തുക എന്നൊരു ധാരണ മാത്രമാണുള്ളത്. ദാരിദ്ര രേഖയ്ക്ക് താഴെ ജീവിക്കുന്ന ഭാരതത്തിലെ 22 ശതമാനം മനുഷ്യര്‍ക്കും ഒരു നേരത്തെ ആഹാരം ലഭിക്കുക എന്നത് മാത്രമാണ് അവരുടെ ദൈനം ദിന ജീവിതലക്ഷ്യം.ഇത്രയും ലളിതമായ ജീവിതലക്ഷ്യം സാധ്യമാക്കിക്കൊടുക്കേണ്ടത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വവും. അവികസിത രാജ്യങ്ങളിലെ പട്ടിണിയിടുടെയും വികസനമില്ലായ്മയുടെയും പ്രധാന കാരണം ആ രാജ്യത്തിലെ അക്ഷരാഭ്യാസം കുറവുള്ള രാഷ്ട്രീയം നേതൃത്ത്വമാണെന്നു ചൂണ്ടിക്കാട്ടിയാല്‍ വിദ്യാഭ്യാസമുള്ള പൊതുജനം തള്ളിക്കളയുകയില്ല. ജനാധിപധ്യമെന്ന സമ്പ്രദായം പേരിനുമാത്രമാണെന്നും അതിന്റെ പേരില്‍ നേതൃത്ത്വത്തിന്റെ വികസനാധിഷ്ഠിതമായ നയങ്ങളുടെ അസാന്യധ്യമാണ് പൊതുജനങ്ങള്‍ നിലവിലും വരും കാലങ്ങളിലും ദാരിദ്രത്തിലും കഷ്ടപ്പാടുകളുടെയും ജീവിതം നയിക്കേണ്ടി വരുന്നത്. വോട്ടു നല്‍കി നേതാക്കന്മാരെ വിജയിപ്പിക്കുന്ന പൊതുജനങ്ങള്‍ക്ക് അന്നത്തേയ്ക്കുള്ള അഷ്ടിക്കുള്ള വകയില്ലെങ്കിലും വിജയിച്ച നേതൃത്വത്തിനും അനുയായികള്‍ക്കും രാജകീയ ജീവിതശൈലിയും നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്നും ഭാരതം.

ലോകം ഇതുവരെ വളര്‍ന്നതും ഇനിയും വളരുവാനുള്ളതും എല്ലാം ഗവേഷണങ്ങളിലൂടെ മാത്രമാണ്. സാമൂഹിക ചിന്തകരും സാമ്പത്തിക ചിന്തകരും കാലാകാലങ്ങളായി ലോകത്തില്‍ നിന്നും പട്ടിണിയകറ്റുവാനുള്ള ഉപായങ്ങള്‍ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് അതിനുള്ള ശാശ്വതമായ പോംവഴികള്‍ അഭ്യസ്തവിദ്യരായ വ്യക്തികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കുക. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ പരീക്ഷിച്ചു  വിജയിപ്പിച്ച തന്ത്രങ്ങള്‍ ഭാരതത്തിലും വിജയിക്കും. രാഷ്ട്രീയചിന്താഗതികള്‍ക്കപ്പുറം മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളണം രാജ്യഭരണത്തില്‍ പ്രാവര്‍ത്തികമാക്കണം. ശാസ്ത്രജ്ഞന്മാര്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ മാത്രമാണ് സാധിക്കുന്നത് പ്രാവര്‍ത്തികമാക്കേണ്ടത് രാജ്യം ഭരിക്കുന്ന നേതൃത്ത്വത്തിനു മാത്രമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category