1 GBP = 92.70 INR                       

BREAKING NEWS

മലയാളത്തിന്റെ വാനമ്പാടി ചിറകടിച്ചപ്പോള്‍ സ്റ്റോക് ഓണ്‍ ട്രെന്റില്‍ ശിശിര മേഘങ്ങള്‍ക്ക് കുളിര്‍ കൂടിയ പോലെ; കൂടെ ശരത്തും രൂപയും നിഷാദും ഇടിമിന്നലായി പെയ്തിറങ്ങിയ നിമിഷങ്ങള്‍; നാടൊന്നാകെ ചിത്രച്ചേച്ചിയെ കാണാന്‍ എത്തിയപ്പോള്‍ പാട്ടുകാരും നാലു മണിക്കൂര്‍ ആവേശ ലഹരിയില്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

സ്റ്റോക് ഓണ്‍ ട്രെന്റ്: യുകെയില്‍ ഈ വര്‍ഷം നടന്ന ഏറ്റവും വലിയ സംഗീത നിശയായി ഇന്നലെ സ്റ്റോക് ഓണ്‍ ട്രെന്റില്‍ നടന്ന രാഗസ്വരയുടെ ചിത്ര ഷോ .നാലു മണിക്കൂര്‍ സംഗീതത്തിന് മാത്രമായി, അതും അഞ്ചു മിനിറ്റ് പോലും ഇടവേളയില്ലാതെ പാട്ടിന്റെ പൂമരങ്ങള്‍ വസന്ത കാഴ്ച പോലെ പൂത്തുലഞ്ഞപ്പോള്‍ അഞ്ചാം വര്‍ഷത്തിനിടയില്‍ ചിത്രയുടെയും സംഘത്തിന്റെയും രണ്ടാം വരവ് അത്യുജ്ജലമായ പരിസമാപതിയില്‍. അഞ്ചു വര്‍ഷം മുന്‍പ് മൂന്നു വേദികളില്‍ പാട്ടുമായി എത്തിയ ചിത്ര ഇത്തവണ അഞ്ചു വേദികളില്‍ ആണ് പാടിത്തകര്‍ത്തത്. ഓരോ വേദിയിലും മധുരമായി പുഞ്ചിരിച്ചു സമാനതകള്‍ ഇല്ലാത്ത ശബ്ദവുമായി നില്‍ക്കുന്ന സ്വന്തം ചിത്ര ചേച്ചിയെ ഒന്ന് കണ്ടാല്‍ മാത്രം മതിയെന്ന മാനസ നിവേദ്യവുമായി കാത്തു നില്‍ക്കുന്ന സംഗീത ആസ്വാദകരെയാണ് കാണാന്‍ കഴിയുന്നത്. പ്രായവത്യാസം കൂടാതെയാണ് ചിത്രം അന്നും ഇന്നും ആരാധകരെ കണ്ടെത്തുന്നത് എന്നതാണ് മറ്റൊരു വിസ്മയം.

ചുളു ചുളാ വീശുന്ന കാറ്റുമായി ബ്രിട്ടനില്‍ ശീതകാലം അതിന്റെ കരുത്തു കാട്ടുമ്പോള്‍ മരങ്ങളെല്ലാം ഇലകള്‍ പച്ചയില്‍ നിന്നും മാറി സുവര്‍ണമായും മഞ്ഞയായും ഇളം ചുകപ്പായും ഒക്കെ രൂപംകൊണ്ടിരിക്കുന്നു. മരങ്ങള്‍ പോലും ഇങ്ങനെ നിറം മാറുമ്പോള്‍ ലോകത്തു സംഗീതം മാത്രമാണ് ഭാഷ പോലും കാര്യമാക്കാതെ ഏവര്‍ക്കും ആസ്വദിക്കാന്‍ കഴിയും വിധം നിലനില്‍ക്കുന്നത്. മനുഷ്യന്റെ ആകുലതകളും വ്യാധികളും ഒക്കെ ഇല്ലാതാക്കാന്‍ കരുത്തുള്ള ഔഷധം എന്ന നിലയില്‍ അത് സദാ പുഞ്ചിരിയോടെ നില്‍ക്കുന്ന ഒരാളില്‍ നിന്നും സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയ പുണ്യമുണ്ടോ? അതെ സംഗീതം എന്ന പുണ്യം നുകരാന്‍ വേണ്ടി തന്നെയാണ് ഇന്നലെ നാടിന്റെ നാനാദിക്കില്‍ നിന്നുമായി 1500 ഓളം കാണികള്‍ സ്റ്റോക് ഓണ്‍ ട്രെന്റിലെ കിങ്സ് ഹാളില്‍ ഒത്തുകൂടിയത്.

കെ എസ ചിത്രയിപ്പോള്‍ പൊതുമലയാളി സമൂഹത്തിനു ചിത്രചേച്ചിയായി മാറിയിരിക്കുന്നതിനാല്‍ പലരും പാട്ടുകേള്‍ക്കുക, ഒന്ന് കാണുക എന്നീ മിനിമം ആവശ്യവുമായി എത്തിയതിന്റെ ആവേശവും കിങ്സ് ഹാളില്‍ ദൃശ്യമായിരുന്നു .ചിത്ര മൈക്ക് കയ്യിലെടുക്കുമ്പോള്‍ തന്നെ ആരവമുയര്‍ത്തിയുള്ള കയ്യടികള്‍ ഹാളില്‍ നിന്നും മുഴങ്ങി. ചിത്രക്കൊപ്പം പിടിച്ചു നില്ക്കാന്‍ കഴിവുള്ള ശരതും പുതുപാട്ടുകാരിലെ മികവുറ്റ ശബ്ദങ്ങളായ രൂപയും നിഷാദും കൂടിയായപ്പോള്‍ ചിത്രയുടെ നെത്ര്വതില്‍ ഉള്ള പാട്ടുസൈന്യം ആരാധക ഹൃദയങ്ങള്‍ കീഴടക്കാനുള്ള യുദ്ധഭൂമിയില്‍ നിഷ്പ്രയാസം പ്രവേശിക്കുക ആയിരുന്നു. പിന്നീടങ്ങോട്ട് തിരിച്ചിറക്കം ഇല്ലാത്ത വിധം ആസ്വാദക മനസുകള്‍ കീഴടക്കിയുള്ള ജൈത്രയാത്രയാണ് നാലു പേരും ചേര്‍ന്ന് നടത്തിയത്. പാട്ടിന്റെ മന്ദഗമനം ആസ്വദിച്ചു ചടുലതയിലേക്കു നീങ്ങാന്‍ ഉള്ള വിധമാണ് പാട്ടിന്റെ ക്രമീകരണം ചിത്ര നടത്തിയിരുന്നത്. മാത്രമല്ല ഇത്തവണ നടത്തിയ ടൂറില്‍ വാട്‌ഫോര്‍ഡില്‍ മലയാള ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പാട്ടുകള്‍ ആയിരുന്നതിനാല്‍ അവിടെ പാടിയവ സ്റ്റോക് ഓണ്‍ ട്രെന്റില്‍ പാടാതിരിക്കാനും ആവോളം ശ്രമം ഉണ്ടായി. രണ്ടിടത്തും വ്യത്യസ്തരാണ് കാണികള്‍ എന്ന് ഉറപ്പുണ്ടായിട്ടും ചിത്ര ഇത്തരം ഒരു സമീപനം സ്വീകരിച്ചത് പാട്ടിന്റെ പാലാഴിയില്‍ ആവശ്യത്തിലേറെ അമൃത കുംഭങ്ങള്‍ അവരുടെ കൈവശമുണ്ടെന്നതിന്റെ തെളിവ് കൂടിയായി.

പാട്ടുഹൃദയങ്ങള്‍ കീഴടക്കാനുള്ള യുദ്ധമുന്നേറ്റത്തില്‍ വേഗവും താളവും സൃഷ്ടിച്ചു മുന്നേറാന്‍ ഉള്ള ജോലി ഏറ്റെടുത്തത് യുവരക്തങ്ങളായ രൂപയും നിഷാദും ചേര്‍ന്നാണ്. ആസ്വാദകരില്‍ പാട്ടിന്റെ തിരയിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ പുഴയോരത്തിലെ പൂന്തോണിയുമായി രൂപയും ചിത്രത്തിലെ ദൂരെ കിഴക്കുദിക്കും എന്ന കിടിലന്‍ പാട്ടുമായി രൂപയും നിഷാദും എത്തിയതോടെ കാണികള്‍ ആവേശപല്ലക്കില്‍ എത്തിക്കഴിഞ്ഞിരുന്നു.ശരത്  ഒരവസരം ചോദിച്ചു പ്രശസ്ത സംഗീതാഞ്ജ്ഞനായ കണ്ണൂര്‍ രാജന്റെ അരികില്‍ എത്തുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ മകളെ ജീവിത സഖി ആകിയതുമായ സാഹചര്യത്തിന് അവസരം ഒരുക്കിയ ഗാനം എന്ന നിലയില്‍ പ്രണയത്തിന്റെ ഇതളുകള്‍ തുന്നിച്ചേര്‍ത്ത അതിമനോഹരമായ ഗാനം കൂടിയാണിതെന്ന് നിഷാദ് ഓര്‍മ്മിപ്പിച്ചപ്പോള്‍ കാണികളില്‍ പലര്‍ക്കും അതൊരു പുതിയ അറിവായി മാറി.  ഇനി തങ്ങളുടെ ഊഴമെന്നു തിരിച്ചറിഞ്ഞു ശരത് 19 വയസില്‍ ചെയ്ത ഗാനമായ ആകാശദീപം എന്നുമുണരുമിടമായോ എന്ന ഗാനം ആലപിച്ചു ചിത്രയും ശരത്തും ചേര്‍ന്ന് പടയോട്ടത്തിനു തുടക്കമിട്ടു . തുടര്‍ന്ന് തന്റെ മാസ്റ്റര്‍പീസ് ഗാനങ്ങളില്‍ ഒന്നായ ധനത്തിലെ ചീരപ്പൂവുകള്‍ക്കു ഉമ്മകൊടുക്കുന്ന നീലക്കുരുവിയായും കാണികള്‍ക്കു മുന്നിലെത്തി.

തനറെ പ്രണയ രഹസ്യങ്ങള്‍ നിഷാദ് പുറത്തു വിട്ട ചമ്മല്‍ ശരത് മാറ്റിയത് തുടര്‍ന്ന് രൂപയെ വേദിയില്‍ ലഭിച്ചപ്പോളാണ്. ആര്‍ക്കാണ് പ്രണയം ഇല്ലാത്തതു എന്ന് സദസിനോടും ചോദ്യമായി. പ്രണയമില്ലാത്തവര്‍ കൈപൊക്കണം എന്ന് ശരത് ആവശ്യപ്പെട്ടെങ്കിലും ടി വി ചാനലില്‍ അദ്ദേഹം നടത്തുന്ന ട്രോളുകള്‍ കേട്ടിട്ടുള്ള പാട്ടുപ്രേമികളില്‍ ആരും ആ ചോദ്യത്തിന് ഉത്തരമായി കൈപൊക്കാന് തയ്യാറായില്ല. ഇതോടെ കണ്ടോ, ആരുമില്ല കേമനായി എന്ന വിജയീഭാവത്തില്‍ ശരത് ചോദ്യം രൂപയോടായി. ആരോടാണ് രൂപയുടെ പ്രേമം എന്ന ചോദ്യമെത്തിയപ്പോള്‍ ശരിക്കും വിയര്‍ത്തുപോയ ഗായിക, തന്റെ പ്രേമം സംഗീതത്തോടാണ് എന്ന് ഒരുവിധം പറഞ്ഞൊപ്പിച്ചപ്പോള്‍ അതൊരസാധ്യ പ്രേമമായിപ്പോയല്ലോ എന്ന മറുപടിയാണ് ശരത് നല്‍കിയത്. തുടര്‍ന്ന് സിനിമയില്‍ തോക്കെടുത്തു ശീലമുള്ള സുരേഷ് ഗോപിക്ക് പ്രേമനായകനാകാനും കഴിയും എന്ന് തെളിയിച്ച സിന്ദൂരരേഖയിലെ പാട്ടാണ് ശ്രോതാക്കളെ തേടിയെത്തിയത്.

പിന്നീട് വേദിയില്‍ കൊണ്ടും കൊടുത്തും മുന്നേറുന്ന ചിത്രയുടെയും ശരത്തിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് വേദിയിലും തിരയിളക്കങ്ങള്‍ സൃഷ്ട്ടിച്ചത്. ആരാധകര്‍ ആവേശത്തിലായപ്പോള്‍ അതിന്റെ നേര്‍ചിത്രങ്ങള്‍ വേദിയിലും ലഭ്യമായി.ശരത് ഈണം നല്‍കിയ മാലേയം മാറോടണഞ്ഞു എന്ന പാട്ടു ചിത്ര പാടാന്‍ എത്തിയത് കൃഷ്ണ ഭക്തിയുള്ള ഗാനം ആയിരിക്കും എന്ന നിലയ്ക്കാണെന്നു ശരത് വെളിപ്പെടുത്തിയപ്പോള്‍ അല്പം ജാള്യതയോടെ നില്‍ക്കാനേ ചിത്ര തയ്യാറായുള്ളൂ. എന്നാല്‍ പാട്ടില്‍ പ്രണയഭാവമാണ് നിഴലിടുന്നത് എന്ന ശരത്തിന്റെ വെളിപ്പെടുത്തല്‍ ആദ്യം ആംഗീകരിക്കാന്‍ ചിത്ര തയ്യാറായില്ല എന്നും ശരത് വക്തമാക്കി . മാത്രമല്ല ചിരിക്കുന്ന ചിത്രയെയാണ് ഏവര്‍ക്കും പരിചയമെന്നും ദേക്ഷ്യപ്പെടുന്ന ചിത്രയെ തങ്ങള്‍ക്കും പരിചയമുണ്ടെന്നു അദ്ദേഹം പറഞ്ഞപ്പോള്‍ സദസില്‍ കയ്യടിയായി. ചിത്രയുടെ ദേക്ഷ്യം നടക്കാതെ പോകുന്നത് ഭര്‍ത്താവ് വിജയന്‍ എന്ന വിജയ്ശങ്കറിന്റെ അടുക്കല്‍ മാത്രമാണ് എന്ന് കൂടി ശരത് പറഞ്ഞതോടെ വേദിയില്‍ വച്ച് തന്നെ ഇപ്പൊ അടികിട്ടും എന്ന് ആംഗ്യം കാട്ടാനും ചിത്ര മടിച്ചില്ല.

തുടര്‍ന്നണ് മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ എന്ന അതിമനോഹര ഗാനം പിറന്നു വീണത്. ഇനി നിങ്ങളെ ഞെട്ടിക്കാന്‍ ഉള്ള ഗാനമാണ് വരുന്നതെന്ന് ചിത്ര മുന്നറിയിപ്പ് നല്കിയിരുന്നെകിലും തുടര്‍ന്ന് ശരത് വേദിയില്‍ എത്തിയപ്പോള്‍ കാണികള്‍ ഞെട്ടുക മാത്രമല്ല ശ്വാസം എടുക്കാന്‍ പോലും മറന്ന നിമിഷങ്ങള്‍ ആണ് സൃഷ്ടിക്കപ്പെട്ടത് . അദ്ദേഹത്തിന്റെ ആദ്യ സ്റ്റേറ്റ്  അവാര്‍ഡ് നേടിയ ഭാവയാമി പാടുമെന്റെ ജീവനാഡികളില്‍ എന്ന മേഘതീര്‍ത്ഥത്തിലെ ഗാനം സ്വരരാഗങ്ങളുടെ അപൂര്‍വ ആരോഹണാവരോഹണ മുഹൂര്‍ത്തങ്ങളാണ് സൃഷ്ട്ടിച്ചത്. പാട്ടിന്റെ വഴിയില്‍ സ്വയം മറന്നു ശരത് നിന്ന് കത്തുന്ന ദീപനാളമായപ്പോള്‍ കരഘോഷം മുഴക്കി തളര്‍ന്ന കാണികള്‍ ഒടുവില്‍ എഴുന്നേറ്റു നിന്നാണ് ഗായകന് ആദരവ് അര്‍പ്പിച്ചത്. പത്തുമിനിറ്റിലേറെ നീണ്ടു നിന്ന അപൂര്‍വ പ്രകടനമായിരുന്നു ശരത്തിന്റേതു.

ഇതിനിടയില്‍ സാധാരണ നല്‍കുന്ന ഇടവേള പോലും ലഭ്യമായില്ല. നിങ്ങള്‍ ഇരിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിര്‍ത്തുന്ന പ്രശനമേയില്ല എന്ന് വക്തമാക്കി നാല് മണിക്കൂര്‍ തികച്ച ഗാനസന്ധ്യയാണ് ഇന്നലെ സ്റ്റോക് കിങ്സ് ഹാള്‍ സാക്ഷ്യം വഹിച്ചത്. ഇടയ്ക്കു രൂപയുടെ വക വയലിനും മൃദങ്ങവും തകിലും ഡ്രംസും എല്ലാം ചേര്‍ന്ന ജുഗല്ബന്ധിയും ഒക്കെ വന്നുപോയപ്പോള്‍ ആയിരം കണ്ണുകളും കണ്ണാം തുമ്പിയുമടക്കമുള്ള നിത്യഹരിത ഗാനങ്ങളും വേദിയില്‍ എത്തിക്കൊണ്ടിരുന്നു . ഇതിനിടയില്‍ തങ്ങളുടെ സാന്നിധ്യം ആരും മറന്നു പോകാതിരിക്കാന്‍ കറുത്ത പെണ്ണിന്റെ സൗന്ദര്യം വിളമ്പി നിഷാദും കസ്തൂരി എന്റെ കസ്തൂരി എന്ന തകര്‍പ്പന്‍ ഗാനവുമായി രൂപയും നിഷാദും എല്ലാം എത്തിയപ്പോഴേക്കും ജീവിതത്തില്‍ മറക്കാനാകാത്ത മറ്റൊരു ദിനം സമ്മാനിക്കാന്‍ ചിത്രക്കൊപ്പം എത്തിയ ഗായകര്‍ക്ക് സാധ്യമായി . തനിക്കു ഇനിയും നിര്‍ത്താന്‍ കഴിയുന്നില്ലെന്ന് തോന്നിപ്പിക്കും വിധം നന്ദനത്തിലെ കാര്‍മുകില്‍ വര്ണന് ഒരിക്കല്‍ കൂടി വേദിയില്‍ ചിത്ര ഗാനപൂജ നടത്തിയപ്പോള്‍ പാട്ടിന്റെ അവസാന രംഗങ്ങളില്‍ ഉള്ള കൃഷ്ണാ വിളി ഒരു ഭക്തയുടെ ഹൃദയം നുറുങ്ങിയുള്ള  അപേക്ഷയായി ശ്രോതാക്കളില്‍ ദൃശ്യാനുഭമായി മാറുകയായിരുന്നു. പലവട്ടം കേട്ട പാട്ട് ഗായികയുടെ സ്വരത്തില്‍ നേരിട്ടു ആസ്വദിക്കാനായ കാണികള്‍ ഇനിയൊന്നും വേണ്ടെന്ന മട്ടില്‍ എത്തിയെങ്കിലും നിങ്ങള്‍ ആവശ്യപ്പെടൂ ഞങ്ങള്‍ പാടാം എന്ന മുഖവുരയുമായി നാല് പേരും വേദിയില്‍ നിരന്നു .

തുടര്‍ന്ന് ഭൂരിഭാഗം പാട്ടുകളും ചിത്രക്ക് നല്‍കി മുപ്പതോളം പാട്ടുകളുടെ ഈരടികള്‍ വേദിയില്‍ മാലപ്പടക്കം പോലെ മിന്നല്‍പ്പിണറുകളായി . ഇതോടെ പാട്ടുകാര്‍ തളര്‍ന്നില്ലെങ്കിലും കാണികള്‍ ഏറെക്കുറെ ഇനിയെന്ത് വേണം എന്ന ഭാവത്തിലായി . തുടര്‍ന്ന് അടുത്ത വരവില്‍ കാണാം എന്ന അഭിവാദ്യം നേര്‍ന്നു ഓരോരുത്തര്‍ക്കും സംഘാടകര്‍ക്കും സ്‌പോണ്‌സര്മാര്ക്കും എല്ലാം ഊഴമിട്ടു ചിത്ര നന്ദി ചൊല്ലി. വീണ്ടും നാലുപാട്ടുകാരും ചേര്‍ന്ന് പാട്ടുകളുടെ പൂമഴയായി ചെയിന്‍ സോങ് പാടിയാണ് പരിപാടിക്ക് തിരശീലയിട്ടത് . ഇതോടെ ഉച്ചക്ക് രണ്ടു മണിമുതല്‍ ഹാളില്‍ പ്രവേശിച്ച കാണികള്‍ പുറത്തേക്കു പാളിനോക്കിയപ്പോഴാണ് പകല്‍ ഇരുട്ടിനു വഴിമാറിയത് തിരിച്ചറിഞ്ഞത . മണിക്കൂറുകള്‍ പാട്ടിന്റെ ഭൂമിയില്‍ നര്‍ത്തനം ചെയ്ത മനസുകളുമായി ജീവിതത്തിന്റെ നേരറിവുകള്‍ തേടി ഓരോരുത്തരും മടക്കമായി , ജീവിതത്തിലെ മറക്കാനാകാത്ത മറ്റൊരു ദിനം കൂടി ആസ്വദിച്ച നിര്‍വൃതിയോടെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category