1 GBP = 92.10 INR                       

BREAKING NEWS

ഞാനും എന്റെ മക്കളും പെരുവഴിയിലാണ്; കിടപ്പാടം പോലുമില്ലാത്ത ഞങ്ങള്‍ക്ക് എങ്ങോട്ട് പോകണമെന്ന് പോലും അറിയില്ല; നിയമ വിരുദ്ധമായി തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ ഫാത്തിമ ജുവൈരിയയുടെ സമരം ഒരാഴ്ച പിന്നിടുന്നു; യുവാവിന്റെ ധൈര്യം സിപിഎം നേതാക്കളുടെ പിന്തുണയെന്ന് ലീഗ്; അടിസ്ഥാനരഹിതമെന്ന് സിപിഎം; പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും തെരുവിലിട്ട് നീതിക്കായി ഇരുപത്തിനാലുകാരിയുടെ പോരാട്ടം

Britishmalayali
കെ വി നിരഞ്ജന്‍

കോഴിക്കോട്: നിയമങ്ങള്‍ ശക്തമാകുമ്പോഴും സ്ത്രീകള്‍ ഇരകളാക്കപ്പടുന്നത് തുടര്‍ക്കഥയാകുന്നു. കോഴിക്കോട് നാദാപുരത്തിനടുത്ത് വാണിമേലില്‍ ഫാത്തിമ ജുവൈരിയ എന്ന ഇരുപത്തിനാലുകാരിയുടെ സമരം ഒരാഴ്ചയായി തുടരുകയാണ്. ഭര്‍ത്താവ് നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയതോടെ മറ്റൊരു വഴിയുമില്ലാതെയാണ് തനിക്കു കൂടി അവകാശപ്പെട്ട ഭര്‍ത്താവിന്റെ വീട്ടുപരിസരത്ത് ജുവൈരിയയും മക്കളായ ഫാത്തിമ മഹറിനും മുഹമ്മദും സമരമിരിക്കുന്നത്. സമരത്തെച്ചൊല്ലി പ്രദേശത്തെ പ്രബല രാഷ്ട്രീയകക്ഷികളായ മുസ്ലിം ലീഗും സി പി എമ്മും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട്പോകുമ്പോള്‍ ഫാത്തിമയുടെ പോരാട്ടം തുടരുകയാണ്.

'ഞാനും എന്റെ മക്കളും പെരുവഴിയിലാണ്.. ഈ ചെറിയ കുട്ടികളെയും കൊണ്ട് എങ്ങോട്ടുപോവും എന്ന് എനിക്കറിയില്ല.. കയറിച്ചെല്ലാന്‍ വീടുപോലുമില്ലാത്ത അവസ്ഥ' - വേദനയോടെയാണ് ഫാത്തിമ ജുവൈരിയ സംസാരിക്കുന്നത്. മുമ്പില്‍ വഴികളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ സമരം മാത്രമെ തനിക്ക് മുമ്പിലുള്ളുവെന്ന് ഈ യുവതി പറയുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പാര്‍ലമെന്റ് പാസ്സാക്കിയിട്ടും കാര്യങ്ങള്‍ക്കൊന്നും മാറ്റമില്ലെന്നതാണ് രാജ്യത്തെ അവസ്ഥ. കോഴിക്കോട് നേരത്തെ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയ മുക്കം ചുള്ളിക്കാപറമ്പില്‍ ഇ കെ ഉസാമിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ സമാനമായ മറ്റൊരു സംഭവവുമുണ്ടായി. അതിന് ശേഷമുണ്ടാകുന്ന മുത്തലാഖ് കേസാണ് ഫാത്തിമ ജുവൈരിയയുടേത്.

നാദാപുരം വാണിമേല്‍ മുളിവയലില്‍ ഫാത്തിമ ജുബൈരിയയെ 2013 ഓഗസ്റ്റ് പതിനെട്ടിനാണ് വാണിമേല്‍ മാമ്പിലാക്കൂല്‍ അച്ചാര്‍കണ്ടി സമീര്‍ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ടായി. വിവാഹം കഴിഞ്ഞ് കുറേ നാള്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പിന്നീട് എങ്ങിനെയെങ്കിലും ഫാത്തിമയെ ഒഴിവാക്കണമെന്ന നിലപാടിലായി സമീര്‍. പിന്നെ ഫാത്തിമയെ വീട്ടില്‍ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങള്‍. ഭര്‍ത്താവും കുടുംബാംഗങ്ങളും പരമാവധി തന്നെ ഉപദ്രവിച്ചുവെന്ന് ഫാത്തിമ പറയുന്നു. പിന്നീട് കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഫാത്തിമയെ വീടിന് പുറത്താക്കുകയും ചെയ്തു. പിന്നീട് കുറേക്കാലം ഫാത്തിമ സ്വന്തം വീട്ടിലായിരുന്നു താമസം.

ഇതിനിടയില്‍ തന്റെ പേരിലുണ്ടായിരുന്ന വീട് സമീര്‍ സഹോദരന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റി. ഫാത്തിമയുടെ സ്വര്‍ണം ഉള്‍പ്പെടെ വിറ്റ കാശുകൊണ്ട് നിര്‍മ്മിച്ച വീടാണ് വിവാഹബന്ധം വേര്‍പെടുത്തിയാല്‍ ഫാത്തിമ അവകാശം ചോദിച്ചെത്തുമോ എന്ന് ഭയന്ന് ജ്യേഷ്ഠന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റുന്നത്. തുടര്‍ന്ന് തങ്ങളുടെ പേരിലുള്ള വീട്ടില്‍ ഫാത്തിമ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമീറിന്റെ സഹോദരന്‍ നല്‍കിയ ഹരജിയില്‍ ഫാത്തിമ വീട്ടില്‍ പ്രവേശിക്കുന്നത് കോടതി വിലക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24 ന് സമീര്‍ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധവും വേര്‍പെടുത്തി. ഖത്തറിലായിരുന്ന സമീര്‍ നാട്ടിലെത്തിയെന്ന വിവരം അറിഞ്ഞാണ് ഫാത്തിമ തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നത്. എന്നാല്‍ സമീര്‍ അപ്പോഴേക്കും മറ്റൊരു യുവതിയെ നിക്കാഹ് ചെയ്തിരുന്നു.

'പത്ത് ദിവസത്തെ അവധിക്കാണ് ഭര്‍ത്താവ് നാട്ടില്‍ വന്നത്. ദൂരെയുള്ള മഹല്ലില്‍ വെച്ച് നിക്കാഹ് നടത്തിയെന്നാണ് അറിഞ്ഞത്. നിക്കാഹ് കഴിഞ്ഞ് അദ്ദേഹം ഖത്തറിലേക്ക് തിരിച്ചുപോവുകയും ചെയ്തു. അദ്ദേഹം ഉണ്ടാക്കിയ വീട് ജ്യേഷ്ഠന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റിയതോടെ തനിക്കും മക്കള്‍ക്കും അവിടെ കയറിക്കിടക്കാന്‍ പോലും കഴിയില്ല. മക്കള്‍ക്ക് വേണ്ടിയാണ്.. അവരുടെ ഭാവിക്ക് വേണ്ടിയാണ് ഞാനിങ്ങനെ ഈ വഴിയില്‍ കിടക്കുന്നത്... ' ഫാത്തിമ വ്യക്തമാക്കുന്നു.

ഫാത്തിമയുടെ പരാതിയെതുടര്‍ന്ന് സമീറിനെതിരെ വളയം പൊലീസ് കേസെടുത്തിട്ടുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഒരാഴ്ചയായി ഫാത്തിമ സമരം തുടങ്ങിയിട്ട്. പ്രധാന പാര്‍ട്ടികളായ സി പി എമ്മും മുസ്ലിം ലീഗും ഈ പേരില്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. സമീര്‍ സി പി എം അനുഭാവിയാണ്. പ്രദേശത്തെ പ്രാദേശിക സി പി എം നേതാക്കളെല്ലാം സമീറിനൊപ്പമാണ്. ഇത്തരം നേതാക്കളുടെ പിന്തുണയാണ് സമീറിന്റെ ധൈര്യമെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഫാത്തിമയെ നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി സമീര്‍ വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ യുവതിയുടെ ബന്ധുക്കളും പരാതിയുമായി ആദ്യം സമീപിച്ചത് സി പി എം നേതൃത്വത്തെയായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളൊന്നും തുടക്കത്തില്‍ പ്രശ്നത്തില്‍ ഇടപെട്ടില്ല.

സമീറിന്റെ സ്വാധീനം കാരണം യുവതിയെ സഹായിക്കാന്‍ തീരുമാനിച്ച അവിടുത്തെ സി പി എം നേതൃത്വം പിന്നീട് പ്രശ്നത്തില്‍ നിന്ന് തലയൂരിയെന്നാണ് ലീഗ് പറയുന്നത്. മഹല്ല് കമ്മിറ്റി പ്രശ്നം തീര്‍പ്പാക്കുന്നതിനിടയിലാണ് സി പി എം പ്രശ്നത്തില്‍ ഇടപെട്ടത്. പിന്നീട് സി പി എമ്മുകാരനായ യുവതിയുടെ ഭര്‍ത്താവിന് വേണ്ടി സി പി എം യുവതിയെ കൈവിടുകയായിരുന്നുവെന്നും ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നു. സി പി എം ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും പ്രശ്നത്തില്‍ വ്യത്യസ്ത നിലപാടുകളായിരുന്നു സ്വീകരിച്ചെതന്നും ലീഗ് നേതാക്കള്‍ ആക്ഷേപിക്കുന്നു. ഇതേ സമയം വിഷയത്തില്‍ ഏറ്റവുമാദ്യം ഇടപെട്ട രാഷ്ട്രീയ പാര്‍ട്ടി സിപിഐ ആണെന്ന് സിപിഐ നേതാക്കള്‍ പറയുന്നു. യുവതിക്ക് നീതി ലഭിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ക്കൊപ്പം പാര്‍ട്ടി ഉറച്ചു നില്‍ക്കുമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി ഗവാസ് പറയുന്നു.

വിഷയത്തില്‍ സി പി എമ്മിനെതിരെ ലീഗ് നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സി പി എം വിശദീകരിക്കുന്നു. പ്രശ്നത്തില്‍ ഏരിയാ കമ്മിറ്റി ഇടപെട്ടിട്ടില്ല. കുടുംബപ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടത് സി പി എം ലോക്കല്‍ കമ്മിറ്റിയും മഹല്ല് കമ്മിറ്റിയുമാണ്. പൊലീസ് സാന്നിധ്യത്തില്‍ മധ്യസ്ഥശ്രമം നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇതിനിടയില്‍ സമീര്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പാര്‍ട്ടി അതിനോട് യോജിച്ചില്ല. പക്ഷെ ആരുമറിയാതെ സമീര്‍ അയല്‍വാസിയായ യുവതിയെ വിവാഹം കഴിച്ചു. ഈ നടപടിയോട് പാര്‍ട്ടിക്ക് യോജിപ്പില്ല. ഫാത്തിമയ്ക്ക് നീതി ലഭിക്കണം. പ്രശ്നം പരിഹരിക്കാന്‍ സമീര്‍ തയ്യാറാകണം. ഇതാണ് പാര്‍ട്ടി നിലപാടെന്നിരിക്കെ മുസ്ലിം ലീഗ് തെറ്റായ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും സി പി എം നേതാക്കള്‍ വിശദീകരിക്കുന്നു. വാദങ്ങളെല്ലാം ഇങ്ങനെ തുടരുമ്പോഴും രണ്ട് ചെറിയ കുട്ടികളുമായി ഫാത്തിമ സമരം തുടരുകയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിനൊപ്പം രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകള്‍ അണിചേര്‍ന്നുകൊണ്ടിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category