1 GBP = 92.00 INR                       

BREAKING NEWS

ഒരാഴ്ചകൊണ്ട് തെലുങ്ക് പഠിച്ചു പാട്ടു പാടുന്ന സൂത്രവിദ്യയുമായി കേംബ്രിജിലെ ടെസ; ശരത്തിന്റെ കണ്ണില്‍ ഉടക്കിയ മിടുക്കി ഞെട്ടിച്ചത് യുകെയിലെ തെലുങ്കരെ; യുകെ മലയാളികള്‍ക്കുള്ള ഭാവിയിലെ സമ്മാനമാണ് സോളിഹല്ലിലെ ജിയാ ഹരികുമാറെന്ന്‌ ചിത്രയും; രണ്ടു നക്ഷത്രങ്ങള്‍ അഭിമാനമായി മാറുമ്പോള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയെന്നു ശ്രീകുമാരന്‍ തമ്പി എഴുതിയിട്ട് കാലം നാല് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ യുകെ മലയാളികള്‍ രണ്ടു നക്ഷത്രങ്ങളെ ലഭിച്ച സന്തോഷത്തിലാണ്. ജീവിതം തന്നെ സംഗീതം എന്ന് പറയാന്‍ ആഗ്രഹിക്കുന്ന മലയാളിയുടെ സന്തോഷങ്ങള്‍ക്കു വെളിച്ചം പകരാന്‍ ശേഷിയുള്ള നക്ഷത്രങ്ങളായി മാറിയിരിക്കുകയാണ് കേംബ്രിജിലെ ടെസ്സ സൂസനും സോളിഹല്ലിലെ ജിയ ഹരികുമാറും. യുകെയില്‍ ഈ വര്‍ഷം നടന്ന ഏറ്റവും വലിയ സംഗീത നിശയായ ചിത്ര ഷോയില്‍ വാട്‌ഫോര്‍ഡിലും സ്റ്റോക് ഓണ്‍ ട്രെന്റിലും പാട്ടുപാടി സംഗീത സംവിധായകന്‍ ശരത്തിന്റെയും മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെയും മനം നിറച്ചാണ് ടെസ്സയും ജിയായും കയ്യടി വാങ്ങുന്നത്.
 
ടെസ്സയുടെ ശബ്ദത്തിലെ വത്യസ്തത തിരിച്ചറിഞ്ഞാണ് ശരത് എന്തുകൊണ്ട് ഒരു തെലുങ്ക് പാട്ടു പാടിക്കൂടാ എന്ന് ചോദിച്ചത്. വാട് ഫോഡിലെ വേദിയില്‍ പാടിയ ഉണരുണരൂ ഉണ്ണിപ്പൂവേ എന്ന ജാനകിയമ്മയുടെ ഗാനത്തിന് റീടച്ചു നല്‍കിയ ടെസ്സ പാടിക്കഴിഞ്ഞ നിമിഷം തന്നെ ശരത്തും ചിത്രയും അഭിനന്ദനവുമായെത്തി. തുടര്‍ന്ന് പിറ്റേന്ന് തന്നെ ബര്‍മിങ്ഹാം വേദി മനസ്സില്‍ വച്ച് ഒരു തെലുങ്ക് പാട്ടു പാടാമോ എന്ന ചോദ്യം പിറ്റേന്ന് ടെസ്സയെ തേടിയെത്തി. പരിപാടി നടക്കാന്‍ കേവലം ഒരാഴ്ച മാത്രമേ മുന്നില്‍ ഉള്ളെങ്കിലും ഇന്നവരെ കേള്‍ക്കാത്ത പറയാത്ത ഭാഷയില്‍ പാട്ടുപാടുക എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ തന്നെ ആയിരുന്നു ടെസയുടെ തീരുമാനം. തുടര്‍ന്ന് ഒരു ദിവസത്തെ കഠിന പ്രയത്‌നം അതും ശരതിന്റെ കീഴില്‍ തന്നെ.

ഒക്ടോബര്‍ അഞ്ചു ശനിയാഴ്ച വാട് ഫോഡില്‍ പാടിയ ടെസ്സ വീണ്ടും അടുത്ത ഞായറാഴ്ച ബിര്‍മിന്‍ഹാമില്‍ എത്തി . ഒടുവില്‍ വാട്‌ഫോര്‍ഡ് വേദിയില്‍ ഏറ്റവും മനോഹരമായി പാടിയ പാട്ടിനു ശേഷം ബിര്‍മിന്‍ഹാമിലും തെലുങ്കിന്റെ പേരില്‍  ടെസ കസറിയപ്പോള്‍ സത്യത്തില്‍ മനസ് നിറഞ്ഞതു ശരത്തിനു തന്നെയാണ്. തന്റെ കണ്ടെത്തല്‍ വെറുതെയായില്ല എന്നദ്ദേഹത്തിനു അഭിമാനത്തോടെ പറയാനുമായി ടെസയുടെ മാസ്മരിക പ്രകടനം.  ചിത്ര ഷോയില്‍ രണ്ടു വേദികളില്‍ പാടാന്‍ അവസരം ലഭിച്ചതും ടെസ്സക്ക് മാത്രവും . 

ചിത്രയുടെയും സംഘത്തിന്റെയും വരവ് പ്രമാണിച്ചു രാഗസ്വര നടത്തിയ ടാലന്റ് ഹണ്ടിലെ അവസാന അഞ്ചു പേരില്‍ എത്തിയവരാണ് ടെസ്സയും ജിയയും. അഞ്ചു വേദികള്‍ ലക്ഷ്യമാക്കിയാണ് ഈ മത്സരം നടത്തിയത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നന്നായി സംഗീതം കൈകാര്യം ചെയ്യുന്ന 60 ഓളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. പ്രായവത്യാസം കൂടാതെ നടന്ന മത്സരത്തില്‍ വിജയിയായതു മുന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ കൂടിയായ സ്റ്റോക് ഓണ്‍ ട്രെന്റിലെ ഡോ വാണി ജയറാം. ഇയ്യിടെ 'അമ്മ മരിച്ച സങ്കടത്തില്‍ കഴിയുക ആണെങ്കിലും താന്‍ ഏറ്റവും ആരാധിക്കുന്ന ചിത്രയുടെ മുന്നില്‍ പാടാനുള്ള അവസരം ഡോ വാണി ജയറാം ഉപയോഗിക്കുക ആയിരുന്നു. കിഴക്കുണരും പക്ഷിയില്‍ 28 വര്‍ഷം മുന്‍പ് ചിത്ര പാടിയ ഘനശ്യാമ മോഹന കൃഷ്ണ എന്ന പാട്ടാണ് വാണിജയറാം സ്റ്റോക് ഓണ്‍ ട്രെന്റിന് വേണ്ടി തിരഞ്ഞെടുത്തത്. വാണി പാടുമ്പോള്‍ ചിത്ര സ്റ്റേജിന്റെ മൂലയില്‍ നിന്ന് കോറസ് പാടിയതും ശ്രെദ്ധേയമായി. ഏറ്റവും സീനിയര്‍ ആയ ഒരു ഗായിക തന്റെ പാട്ടു മറ്റൊരാള്‍ പാടുമ്പോള്‍ കോറസ് പാടാന്‍ എത്തുക എന്നതൊക്കെ അപൂര്‍വമാണ്. കഴിഞ്ഞ ദിവസം ഈ പാട്ടിന്റെ വീഡിയോ യുകെ മലയാളികള്‍ക്കിടയില്‍ വാട്‌സാപ്പ് വഴി ഏറെ പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

സ്‌കൈപ് വഴി പാട്ട് പാടി പഠിക്കുകയാണ് ഇപ്പോള്‍ സോലിഹാളില്‍ താമസിക്കുന്ന ആറാം ക്ളാസുകാരി ജിയാ ഹരികുമാര്‍. തൃശൂര്‍ക്കാരിയായ മാളവിക അനില്‍കുമാറാണ് ഗുരു. പാട്ടില്‍ കീര്‍ത്തനം മുഴുവനാക്കുന്ന തിരക്കിലാണ് ഈ ആറാം ക്ളാസുകാരി. യുകെയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരില്‍ ഒരാള്‍ ആണെങ്കിലും വേദിയില്‍ ഏറ്റവും മുതിര്‍ന്നവരെ തോല്പിക്കുന്ന ആലാപന ശൈലിയാണ് ജിയയുടേത്. ഇതിനു തെളിവാണ് സ്റ്റോക് ഓണ്‍ ട്രെന്റില്‍ ജിയ പടിക്കഴിഞ്ഞപ്പോള്‍ സാക്ഷാല്‍ ചിത്ര തന്നെ നല്‍കിയ വാക്കുകളിലൂടെയുള്ള അംഗീകാരം. യുകെ മലയാളികള്‍ക്ക് ഭാവിയിലേക്കുള്ള സമ്മാനമാണ് ജിയ എന്നായിരുന്നു മലയാളത്തിന്റെ വാനമ്പാടിയുടെ കമന്റ്. എം ജി ശ്രീകുമാര്‍ , കെ എസ ചിത്ര , വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ എന്നിവരുടെ വേദികളില്‍ ഈ വര്‍ഷം പാടാന്‍ കഴിഞ്ഞ ജിയ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നടന്ന സീ ടിവിയുടെ സരിഗമ ലിറ്റല്‍ ചാം റിയാലിറ്റി ഷോയില്‍ ഒരു മാസം മുംബൈയില്‍ താമസിച്ചാണ് പങ്കെടുത്തത്. പോയ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലും ജിയ ഫൈനലിസ്‌റ് ആയി മാറിയിരുന്നു.

പാട്ടിന്റെ കാര്യത്തില്‍ അച്ഛന്റെയും അമ്മയുടെയും ഒക്കെ താല്‍പ്പര്യങ്ങള്‍ ജിയയെ സഹായിക്കുന്നുണ്ടെകിലും അതിനെയൊക്കെ മറികടക്കും വിധമാണ് പാട്ടിനോടുള്ള ജിയയുടെ താല്‍പ്പര്യം. ഒരു പാട്ടു കേട്ടാല്‍ അതിന്റെ ശ്രുതിയും താളവും ഒക്കെ പൊടുന്നനെ ജിയാ ഹൃദയസ്തം ആക്കുന്നത് അത്ഭുതമൊന്നുമില്ല, മറിച്ചു താവഴിയായി കിട്ടിയ ജന്മ സുകൃതം തന്നെയാണ് . മുത്തച്ഛന്‍ ആകാശവാണി ഗ്രേഡ് ആര്‍ട്ട്‌സിട്ടും അച്ഛന്‍ സംഗീതത്തിനും വാദ്യോപകരണത്തിലും ശാസ്ത്രീയ പഠനം നടത്തി യൂണിവേഴ്സിറ്റി തല മത്സരങ്ങളില്‍ പോലും ജയിച്ചെത്തിയ ആളും ആകുമ്പോള്‍ കൊച്ചു ജിയാ പാട്ടിന്റെ ലോകത്തു തന്നെയാണ് എത്തിപ്പെടേണ്ടത്. ഈ കഴിവ് പ്രോത്സാഹിപ്പിക്കുവാന്‍ അച്ഛന്‍ ചെറുപ്പത്തിലേ ശ്രദ്ധ നല്‍കിയതിനാല്‍ പാട്ടിന്റെ ''വളവു തിരിവുകളില്‍ '' ജിയ്ക്കു ഒട്ടും പ്രയാസമില്ലാതെ മുന്നേറാന്‍ കഴിയുന്നുണ്ട് . ഐടി ജീവനക്കാരനായ അച്ഛന്‍ ഹരികുമാറും ഇപ്പോള്‍ വീട്ടമ്മയുടെ റോള്‍ വഹിക്കുന്ന 'അമ്മ നിഷയുടെയും പൂര്‍ണ പിന്തുണയിലാണ് ജിയയുടെ പാട്ടു യാത്രകള്‍.

പാട്ടിന്റെ മേല്‍നോട്ട ചുമതല ഏറ്റെടുക്കാന്‍ ശരത് വേദിയില്‍ ഒപ്പം നിന്നപ്പോഴാണ് യാതൊരു സങ്കോചവും കൂടാതെ ടെസ്സ പാടിയത് . 180 എന്ന തെലുങ്ക് സിനിമക്കു വേണ്ടി ശരത് തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച നീ മാറ്റാല്ലോ എന്ന പാട്ടാണ് ടെസ്സ വാട്‌ഫോര്‍ഡില്‍ പാടിയത്. സിനിമയില്‍ കാര്‍ത്തിക്കും ശ്വേതയും ചേര്‍ന്ന് മനോഹരമാക്കിയ പാട്ട് കൂടിയാണിത്. ഈ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലെ ഫൈനലിസ്റ്റ് കൂടിയായിരുന്നു ടെസ്സ. ഇപ്പോള്‍ യുകെയില്‍ നടക്കുന്ന മിക്ക സംഗീത വിരുന്നുകളിലും ടെസ്സ കൂടി പാടിയാലേ പൂര്‍ണതയാകൂ എന്ന നിലയിലാണ് കാര്യങ്ങള്‍. മുന്‍പ് എം ജി ശ്രീകുമാറിന്റെയും വേണുഗോപാലിന്റെയും കൂടെ സ്റ്റേജില്‍ പാടിയിട്ടുള്ള ടെസ്സയ്ക്കു മറ്റൊരു അവിസ്മരണീയ നിമിഷം കൂടി നല്‍കിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ശരത്. ബിജു നാരായണനൊപ്പം ഒരു സംഗീത ആല്‍ബവും ടെസ്സ ചെയ്തിട്ടുണ്ട്. പാട്ടില്‍ കൂടുതല്‍ ഗൗരവ സമീപനത്തിലേക്കു നീങ്ങുകയാണ് ടെസ്സയിപ്പോള്‍. കേംബ്രിജ് ഹോസ്പിറ്റല്‍ ജീവനക്കാരായ സ്‌റാന്‍ലിയുടെയും സൂസന്റെയും മകളായ ടെസ കര്‍ണാടിക് സംഗീതത്തില്‍ ഗ്രേഡ് 4 , വയലിന്‍ , വീണ , പാശ്ചാത്യ സംഗീതം എന്നിവയിലും മികവ് കാട്ടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category