1 GBP = 92.70 INR                       

BREAKING NEWS

രണ്ടാഴ്ചയില്‍ അധികം ഐസിയുവിന്റെ മുമ്പില്‍ പ്രതീക്ഷയോടെ കാത്തു നിന്നത് വെറുതെയായി; ദൈവം ഈ മതാപിതാക്കള്‍ക്ക് ബാക്കി വച്ചത് കണ്ണുനീര്‍ മാത്രം; കരഞ്ഞ് തളര്‍ന്ന് ഒരമ്മയും അച്ഛനും; ഫുട്ബോളില്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ട അഭീലിന്റെ ജീവന്‍ എടുത്തത് ഉത്തരവാദിത്തമില്ലാത്ത കായിക സംഘാടകര്‍ തന്നെ; ഈ അമ്മയുടെ കണ്ണീരിന് ആര് പരിഹാരം കാണും?

Britishmalayali
kz´wteJI³

കോട്ടയം: പതിനെട്ടു ദിവസത്തെ പ്രാര്‍ത്ഥന വിഫലമാക്കിയാണ് അഭീല്‍ യാത്രയായത്. ഇനി ഈ അച്ഛനും അമ്മയും തനിച്ചാണ്. ഇവരുടെ കണ്ണീരിന് ആശ്വാസമാകാന്‍ ആര്‍ക്കും അറിയില്ല. പാലായില്‍ ഈ മാസം നാലിനു സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച വിദ്യാര്‍ത്ഥിയായ അഭീല്‍ ജോണ്‍സണ്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ ഉയരുന്നത് വലിയ കായിക സംഘാടകര്‍ക്കെതിരായ വികാരമാണ്. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂര്‍ കുറിഞ്ഞാംകുളത്ത് ജോണ്‍സണ്‍ ജോര്‍ജിന്റെയും ഡാര്‍ളിയുടെയും ഏക മകനാണ്; പാലാ സെന്റ് തോമസ് എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. ഈ പതിനാറുകാരന്റെ വേര്‍പാടില്‍ അമ്മയ്ക്കും അച്ഛനും ഒപ്പം വിതുമ്പുകയാണ് ഓരോ മലയാളിയും. അശാസ്ത്രീയ കായിക സംഘാടനത്തിന്റെ രക്തസാക്ഷിയാണ് ഈ പതിനാറു വയസ്സുകാരന്‍.

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വൊളന്റിയറായിരുന്ന അഭീല്‍ ജാവലിന്‍ ത്രോ ഫീല്‍ഡില്‍ നില്‍ക്കുന്നതിനിടെ സമീപത്തു നടന്ന ഹാമര്‍ ത്രോ മത്സരത്തില്‍ എറിഞ്ഞ ഹാമര്‍ തലയില്‍ പതിക്കുകയായിരുന്നു. 3 കിലോഗ്രാം ഭാരമുള്ള ഹാമര്‍ ഉയരത്തില്‍നിന്നു പതിച്ചതോടെ തലയോട്ടി പൊട്ടിച്ചിതറി തലച്ചോര്‍ ഉള്ളിലേക്കമര്‍ന്നിരുന്നു. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു 4 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിവരങ്ങള്‍ ശേഖരിച്ചശേഷം കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കും. കുറ്റകരമായ അനാസ്ഥയ്ക്കാണു മുന്‍പു കേസെടുത്തിരുന്നത്. എല്ലാവരും കായിക സംഘാടകരാണ്. ഇവര്‍ക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നാണ് സൂചന. ആശുപത്രിയില്‍ മകനെ കൊണ്ടു വന്നത് മുതല്‍ തന്നെ അച്ഛനും അമ്മയും പ്രാര്‍ത്ഥനയുമായി ഐസിയുവിന് മുമ്പില്‍ തന്നെ നിലയുറപ്പിച്ചു. ഇവരെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തിയാണ് മരണം ആശുപത്രി പ്രഖ്യാപിച്ചത്.

മെഡിക്കല്‍ കോളജ് ന്യൂറോളജി വിഭാഗം മേധാവി ഡോ.പി.കെ. ബാലകൃഷ്ണന്‍ ഇന്നലെ രാവിലെ അഭീലിന്റെ മാതാപിതാക്കളായ ജോണ്‍സനേയും ഡാര്‍ളിയേയും മുറിയിലേക്കു വിളിച്ചു പറഞ്ഞു.. 'നമുക്ക് സാധ്യമായതെല്ലാം ചെയ്തു. ദൈവം ഒപ്പമില്ലെന്നു തോന്നുന്നു.' കുറെ നേരം അനക്കമറ്റ് നിന്ന മാതാപിതാക്കള്‍ ഒന്നും പ്രതികരിച്ചില്ല. തകര്‍ന്ന മനസ്സോടെ അവര്‍ ഡോക്ടറുടെ മുറി വിട്ടു പുറത്തു പോയി. ഇന്നലെ വൈകിട്ടോടെ അഭില്‍ യാത്രയുമായി. അഭീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒക്ടോബര്‍ 4 മുതല്‍ പ്രാര്‍ത്ഥനയോടെ കഴിയുകയായിരുന്നു മാതാപിതാക്കള്‍. ഏകമകനാണ്. ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് അവര്‍ വിശ്വസിച്ചു. സ്വന്തം വിശ്വാസം ഉറപ്പിക്കാനെന്നോണം ആശുപത്രിയിലെത്തുന്ന എല്ലാവരോടും ഇതു തന്നെ പറഞ്ഞു. അഭീലിനെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്കും ചില വേളകളില്‍ മാതാപിതാക്കള്‍ ആത്മവിശ്വാസം നല്‍കി. അവര്‍ ഐസിയുവിനു മുന്നില്‍തന്നെ കാത്തിരുന്നു. പക്ഷേ എല്ലാം വെറുതയായി.

ഒക്ടോബര്‍ 4 ഉച്ചയ്ക്കു 12:10നാണ് പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ അപകടം ഉണ്ടായത്. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്സ്. അണ്ടര്‍ 18 വിഭാഗം പെണ്‍കുട്ടികളുടെ ഹാമര്‍ത്രോ മത്സരം. 40 അടി ഉയരത്തില്‍നിന്നു പറന്നു വന്ന 3 കിലോ ഭാരമുള്ള ലോഹഗോളം അഭീല്‍ ജോണ്‍സന്റെ നെറ്റിയില്‍ വീണു. ഹാമര്‍ ത്രോ മത്സരവേദിക്കു സമീപം നടന്ന ജാവലിന്‍ ത്രോ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്ന അഭീല്‍. ഹാമര്‍ പറന്നു വരുന്നതു കണ്ട് സമീപത്തു നിന്നവര്‍ അലറി വിളിച്ചപ്പോള്‍ തല താഴ്ത്തി കുനിഞ്ഞിരുന്നെങ്കിലും അഭീലിന്റെ നെറ്റിയുടെ ഇടതുഭാഗം തകര്‍ത്ത് ഹാമര്‍ പതിച്ചു. ഒരേ സമയത്ത് അടുത്തടുത്തായി രണ്ടു ത്രോ ഇനങ്ങള്‍ സംഘടിപ്പിച്ചതായിരുന്നു അപകടകാരണം. ഇത് തീര്‍ത്തും അശാസ്ത്രീയമായിരുന്നു.

വനിതാ ഹാമര്‍ ത്രോ ഏരിയയുടെ അടുത്തുതന്നെയായിരുന്നു അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ മത്സരവും നടന്നത്. രണ്ടു ത്രോ ഇനങ്ങളുടെയും ഫീല്‍ഡുകള്‍ (ഏറ് പതിക്കുന്ന സ്ഥലം) ഒരിടം തന്നെയായിരുന്നു. ഹാമര്‍ ത്രോയില്‍ ഒരു ഏറ് കഴിഞ്ഞാല്‍ ജാവലിന്‍ ത്രോയില്‍ ഒരു ഏറ് എന്ന ക്രമത്തിലായിരുന്നു മത്സരം നടന്നത്. ഹാമറും ജാവലിനും തിരികെ എടുത്തു കൊടുക്കേണ്ട കുട്ടികള്‍ ഫീല്‍ഡിലുണ്ടായിരുന്നു. അവരിലൊരാളായിരുന്നു അഭീല്‍. ഇരുമ്പുകമ്പിയില്‍ ഘടിപ്പിച്ച ലോഹഗോളം ചുഴറ്റി എറിയുന്ന കായിക ഇനമാണു ഹാമര്‍ത്രോ. ഇരുമ്പുതൂണുകളില്‍ ഉറപ്പിച്ച വലയ്ക്കുള്ളില്‍നിന്നാണ് ഹാമര്‍ പുറത്തേക്ക് എറിയേണ്ടത്. ഗ്രൗണ്ടില്‍ നിശ്ചിത മേഖലയില്‍ പതിക്കുന്ന ത്രോയുടെ ദൂരം അളന്നാണു വിജയിയെ നിശ്ചയിക്കുന്നത്. ഏറെ മുന്‍കരുതലുകള്‍ വേണ്ട മത്സരം ഒന്നുമില്ലാതെ നടത്തി. ഇതാണ് അഭിലിന്റെ ജീവനെടുത്തത്.

ഫുട്ബോള്‍ കളിക്കാരനാകാനായിരുന്നു അഭീലിന്റെ ആഗ്രഹം. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടിസ്ഥാന പരിശീലനം സംഘടിപ്പിക്കുന്ന സ്‌കോര്‍ലൈന്‍, കഴിഞ്ഞ ഏപ്രിലില്‍ പാലായില്‍ നടത്തിയ ക്യാംപില്‍ അഭീല്‍ പങ്കെടുത്തിരുന്നു. മധ്യനിരയില്‍ മികച്ച താരമായി പാഞ്ഞുനടന്ന അഭീലിനെ അന്നു ക്യാംപില്‍ എത്തിയ പോര്‍ച്ചുഗീസ് പരിശീലകന്‍ ജാവിയര്‍ പെട്രോ പ്രത്യേകം നോട്ടമിട്ടു. ക്യാംപില്‍ നിന്നു തിരഞ്ഞെടുത്ത 2 പേരില്‍ ഒരാള്‍ അഭീലായിരുന്നു. മധ്യനിരയില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കുന്ന ഒരു പ്ലേമേക്കറായി ഉയരാന്‍ അഭീലിനു കഴിയുമെന്നായിരുന്നു പെട്രോയുടെ കണ്ടെത്തല്‍. ഇത്തരത്തിലൊരു പ്രതിഭയാണ് കായിക സംഘാടകരുടെ ഉത്തരവാദിത്തമില്ലാതെ ജീവിതത്തില്‍ നിന്ന് മടങ്ങുന്നത്. പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ സ്‌കോര്‍ലൈന്‍ നടത്തി വന്ന ക്യാംപിലേക്കും അഭീലിനെ തിരഞ്ഞെടുത്തിരുന്നു. അക്കാദമി ലീഗിനായുള്ള താരമായി സ്‌കോര്‍ലൈനുമായി അഭീല്‍ ആദ്യ കരാറും ഒപ്പുവച്ചു. അഭീല്‍ ആത്മാര്‍ഥതയുള്ള താരമായിരുന്നെന്ന് പരിശീലകന്‍ പി.സി. സുഭീഷ് കുമാര്‍ പറയുന്നു.
അഭീലിന്റെ വീട് ചൊവ്വൂര്‍ പള്ളിക്കു സമീപമാണ്. അവിടെ നിന്ന് അരക്കിലോ മീറ്റര്‍ അകലെയാണു തറവാട്. എന്തു സമ്മാനം കിട്ടിയാലും ആ വിശേഷം പറയാന്‍ തറവാട്ടിലേക്ക് ഓടിവരുമായിരുന്നു അഭീല്‍ എന്നു ജോണ്‍സന്റെ അമ്മ അന്നമ്മ ജോര്‍ജും പറയുന്നു. മൂന്നിലവ് പഞ്ചായത്തിലെ മുന്‍ അംഗമാണ് അന്നമ്മ ജോര്‍ജ്. വീട്ടിലെ അലമാര നിറയെ അഭീലിനു കിട്ടിയ മെഡലുകളുണ്ട്. പത്താം ക്ലാസില്‍ 89% മാര്‍ക്ക് വാങ്ങിയാണ് അഭീല്‍ ജയിച്ചത്. കര്‍ഷകകുടുംബമാണു ജോണ്‍സന്റേത്. ഫുട്ബോളിലാണ് അഭീലിനു താല്‍പര്യം എന്നറിഞ്ഞതോടെ ജോണ്‍സണും ഭാര്യ ഡാര്‍ളിയും അതിനു വേണ്ട എല്ലാപിന്തുണയും നല്‍കി. മൂന്നിലവ് നവജ്യോതി സ്‌കൂളില്‍ ആറാം ക്ലാസ് മുതല്‍ ഫുട്ബോള്‍ കളിച്ചു തുടങ്ങിയതാണ് അഭീല്‍.ചൊവ്വൂര്‍ ഗ്രാമവും അഭീലിനു വേണ്ടി പ്രാര്‍ത്ഥനയിലായിരുന്നു. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ശനിയാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. ഞായറാഴ്ചയും എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥനകളും ആരാധനയും നടത്തി. ഇതെല്ലാം വെറുതെയായി.

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ സംഘാടകരുടെ വീഴ്ചയുണ്ടായെന്ന് പാലാ ആര്‍.ഡി.ഒ.യുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുമ്പിലുണ്ട്. സമാന്തരമായി ഹാമര്‍ ത്രോ, ജാവലിന്‍ മത്സരങ്ങള്‍ നടത്തിയതാണ് പ്രധാന വീഴ്ച. ഹാമര്‍, ജാവലിന്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഗ്രൗണ്ട് റഫറിയെ നിയോഗിച്ചിരുന്നു. റഫറി ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല. ജാവലിന്‍, ഹാമര്‍ മത്സരങ്ങള്‍ സമീപത്തായി നടത്തരുതെന്നാണ് അത്ലറ്റിക് നിയമം -പാലാ ആര്‍.ഡി.ഒ. അനില്‍ ഉമ്മന്‍ കണ്ടെത്തിയിരുന്നു. ഹാമറും ജാവലിനും അടുത്തടുത്തായാണ് വന്നുവീഴുന്നത്. ഇക്കാര്യത്തില്‍ ഗ്രൗണ്ട് റഫറി അനാസ്ഥകാട്ടി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വൊളന്റിയറായി നിയമിച്ചിരുന്നില്ലന്ന് സംഘാടകര്‍ അറിയിച്ചുവെന്ന് ആര്‍.ഡി.ഒ. പറഞ്ഞിരുന്നു. അഭീല്‍ പഠിക്കുന്ന പാലാ സെയ്ന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അനുമതി തേടിയിട്ടല്ല വൊളന്റിയറായി നിയോഗിച്ചത്. ആരുടെ നിര്‍ദേശപ്രകാരമാണ് വൊളന്റിയറായി എത്തിയതെന്ന് അന്വേഷിക്കണം. മീറ്റിന്റെ ചുമതലയുണ്ടായിരുന്ന കായികാധ്യാപകരില്‍നിന്ന് ആര്‍.ഡി.ഒ. വിവരങ്ങള്‍ ശേഖരിച്ചു. മേള നടക്കുന്ന വിവരം സംഘാടകര്‍ കളക്ടറെയോ ആര്‍.ഡി.ഒ.യെയോ അറിയിച്ചിരുന്നില്ല. ഇങ്ങനെ വീഴ്ചകള്‍ ഏറെയാണ്.

കായികമേളയ്ക്കിടെ പരുക്കേറ്റ അഭീല്‍ ജോണ്‍സന്റെ മരണം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category