1 GBP = 94.40 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ: ഭാഗം ഏഴ്

Britishmalayali
ജെപി

പോലീസ്‌കാരെ കണ്ടപ്പോള്‍ എന്റെ നാവിറങ്ങിപ്പോയപ്പോലെയായി. ഇവരെന്തിനാണ് കാലത്ത് തന്നെ വീട്ടുവാതില്‍ക്കല്‍? പരിഭ്രമം പുറത്ത് കാണിക്കാതെ ചെറിയൊരു വിക്കലോടെ ഞാന്‍ ചോദിച്ചു. 

''ആര്‍ യൂ ഓള്‍റൈറ്റ്?''

പോലീസുകാര്‍ പരസ്പ്പരം നോക്കി. അവരതെന്നോട് ചോദിക്കാനിരുന്ന ചോദ്യമായിരുന്നിരിക്കണം. 

''യെസ് യെസ്, ഗുഡ് മോണിംഗ് '

അപ്പോഴാണ് ഞാനും ഗുഡ് മോണിംഗ് പറഞ്ഞില്ലെന്നോര്‍ത്തത്. 

''നിങ്ങള്‍ വീട്ടിലെല്ലാവരും ഓക്കെ ആണോ എന്നറിയാന്‍ വന്നതാണ്''. 

''ഇവിടെ ആര്‍ക്കും കുഴപ്പമൊന്നുമില്ല. എന്താണ് പ്രശ്‌നം?''

ഈ സമയം റോഡിലൊരു പോലീസ് വാന്‍ വന്നു നിന്ന്. അതില്‍നിന്നും ലാബിലെപ്പോലെ വസ്ത്രം ധരിച്ച ഒരാള്‍ ഇറങ്ങി എഴുപത്തിയൊമ്പതാം നമ്പര്‍ വീട്ടിലേക്ക് നടക്കുന്നത് കണ്ടു. 

പൊലിസുകാരിലൊരാള്‍ എന്റെ നേരെ തിരിഞ്ഞു. 

''നത്തിങ് ടു വറി. ആ വീട്ടിലെ ഗേറ്റിലും എന്‍ട്രന്‍സ് ഡോറിലുമെല്ലാം രക്തം കണ്ടതുകൊണ്ട് ആരോ പോലീസില്‍ അറിയിച്ചതാണ്. എന്തെങ്കിലും അസ്വാഭാവികമായിട്ട് നിങ്ങള്‍ കണ്ടോ? എന്തെങ്കിലും ശബ്ദം?''

''ഏയ് ഇല്ല. ഞാനിന്നലെ നേരത്തെ ഉറങ്ങി. ഒന്നും കേട്ടില്ല.''

ഞാന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് ഇവരോട് പറയാന്‍ പറ്റില്ലല്ലോ. 

''നിങ്ങളുടെ ഏതെങ്കിലും ഗാര്‍ഡന്‍ ടൂള്‍സ്, മൂര്‍ച്ചയുള്ള എന്തെങ്കിലും മിസ്സിംഗ് ഉണ്ടോ? 

ഉറക്കത്തില്‍ നിന്നും എണീറ്റുവന്ന ഞാനതെങ്ങിനെ അറിയാനാ. 

''എനിവേ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടെങ്കില്‍ അറിയിച്ചാല്‍ മതി'' എന്നും പറഞ്ഞവര്‍ പടിയിറങ്ങിപ്പോയി. 

ഓഫീസിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ പോലീസുകാരുടെ പണികളൊക്കെ കഴിഞ്ഞ് അവര്‍ വണ്ടിയില്‍ കയറിയിരുന്നു. രക്ത സാമ്പിളെടുത്ത് ലാബിലെ ആളും വണ്ടിയില്‍ കയറി പോയി. 

എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞാനാ വീടിന്റെ മരം കൊണ്ടുള്ള ഗേറ്റ് വരെ ചെന്ന് നോക്കി. പടികളില്‍ അപ്പോഴും കട്ടപിടിക്കാത്ത ചോര ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. വെളുത്ത ഫ്രന്റ് ഡോറില്‍ ചോരകൊണ്ട് ഒരു കൈപ്പത്തി അടയാളപ്പെടുത്തിയിരിക്കുന്നു. മുറ്റത്ത് പതിച്ചിരിക്കുന്ന ടൈല്‍സില്‍ ചോരകൊണ്ടുള്ള കാല്‍പാടുകള്‍. 

ഞാന്‍ ഫോണെടുത്ത് ബെന്ന്യച്ചനൊരു മെസ്സേജിട്ടു. വൈകുന്നേരം ഫ്രീ ആണെങ്കില്‍ വീട്ടിലേക്ക് വരണം. അത്യാവശ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ട്. 

ഭാര്യക്ക് നൈറ്റ് ഡ്യൂട്ടിയും പിള്ളാര് രണ്ടും ലണ്ടനില്‍ ഖാലിദ് റോബിന്‌സന്റെ (Khalid  Robinson ) കോണ്‍സെര്‍ട്ടിന് പോകുന്നതുകൊണ്ടുമാണ് ഇന്ന് തന്നെ ബെന്ന്യച്ചനോട് വരാന്‍ പറഞ്ഞത്. 

ബെന്ന്യച്ചന്‍ - സൈക്കോളജിയില്‍ ബാച്ച്‌ലരും ക്രിമിനോളജിയില്‍ മാസ്റ്ററും മക്ഡൊണാള്‍സില്‍ മാനേജരും. മൈക്കല്‍ കോനല്ലിയുടെ (Michael Connelly ) പുസ്തങ്ങള്‍ വായിച്ച് ഒരു ഡിറ്റക്റ്റീവ് ആവാന്‍ ആഗ്രഹിച്ച് നടക്കുന്നു. 

വന്നപാടെ അലമാരയില്‍നിന്നും Bladnoch  സിംഗിള്‍ മാള്‍ട് സ്‌കോച്ച് വിസ്‌കി തപ്പിയെടുത്ത് വീശാന്‍ തുടങ്ങി. 

''രണ്ടെണ്ണം അകത്ത് ചെന്നാലേ പ്രേതകഥ കേള്‍ക്കാന്‍ ഒരു മൂഡ് വരുള്ളൂ. പറ പറ, ബാക്കി പറ.'' ബെന്ന്യച്ചന്‍ ആവേശത്തിലായി. 

''ഇതുവരെ പറഞ്ഞതൊക്കെ തന്നെ ഉള്ളു. പുതുതായിട്ട് ഇന്ന് രാവിലെ പോലീസും ചോരപ്പാടുകളും. ഇനി എന്ത് വേണമെന്ന് ബെന്ന്യച്ചന്‍ തന്നെ പറ. ക്രിമിനോളജിയൊക്കെ പഠിച്ചതല്ലേ, അതുകൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാവോ എന്ന് നോക്കണ്ടേ.''

''നിങ്ങള്‍ക്ക് ഈ ദൈവത്തിലും പിശാചിലുമൊക്കെ വിശ്വാസമുണ്ടോ?''

അടുത്തൊരു പെഗ്ഗ് ഒഴിക്കുന്നതിനിടയില്‍ ബെന്ന്യച്ചന്‍ ചോദിച്ചു. മറുപടി പറയുന്നതിന് പകരം ഞാനൊരല്‍പം വിസ്‌കിയെടുത്ത് വെള്ളം ചേര്‍ക്കാതെ രുചിച്ച് നോക്കി. ഹോ, എന്തൊരു പുകച്ചില്‍.

''എന്നാല്‍ ഞാന്‍ പറയാം. ഒട്ടുമിക്ക മനുഷ്യരും ഇതിലൊന്നും വിശ്വാസമില്ലാത്തവരാണ്. എന്നാലോ. ദൈവവും ചെകുത്താനുമൊക്കെ ഉണ്ടെന്ന് മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കാന്‍ ഓടി നടക്കുന്നവരുമാണ്.''

''അത് കള, നീയിതിനൊരു പരിഹാരം പറ. ഞാനീ കാണുന്ന സൈക്കോ സീനുകളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നറിയണം.''

ഒന്നൂല്യ, ഒന്നും പേടിക്കണ്ട. നാളെ ഉച്ചകഴിഞ്ഞ് നമ്മള്‍ രണ്ടുപേരും ആ മാന്‍ഷന്‍ കാണാന്‍ പോകുന്നു. അവിടെ ചുറ്റിപ്പറ്റി നടന്ന് എന്തെങ്കിലും ക്ലൂ കിട്ടുമോന്ന് നോക്കാം.''

''നീ കള്ളിന്റെ പുറത്തല്ലേ ഇതൊക്കെ പറയുന്നെ? ആള്‍ താമസമില്ലാത്ത മാന്‍ഷനാണ്, പണിയാകും.''

''ഒരു പണിയുമില്ല. ഇന്നിപ്പോള്‍ ഞാന്‍ ഫിറ്റാണ്. അല്ലെങ്കില്‍ ഇന്ന് രാത്രി തന്നെ നമുക്കവിടെ പോകാമായിരുന്നു. വെള്ളിയാഴ്ച - പ്രേതങ്ങളെ നേരിട്ട് കാണാന്‍ പറ്റിയ ദിവസമായിരുന്നു.''

ഡങ്കന്‍ സായിപ്പിന് കുതിരാലയത്തിനുള്ള പ്ലാനിംഗ് പെര്‍മിഷന്‍ ഡ്രോയിങ്സ് വരച്ചുകൊടുത്തതിന് പാരിതോഷികമായി കിട്ടിയ സ്‌കോച്ച് മുക്കാലും ബെന്ന്യച്ചന്‍ കുടിച്ചുതീര്‍ത്തു. 

ബെന്ന്യച്ചന്‍ വേച്ച് വേച്ച് പുറത്തിറങ്ങി. വണ്ടിയില്‍കൊണ്ട് വിടാമെന്ന് പറഞ്ഞിട്ട് കേട്ടില്ല. 

''അപ്പൊ ശരി, നാളെ ഉച്ചകഴിഞ്ഞ് മാന്‍ഷനിലേക്ക്. കൈയ്യിലൊരു ടോര്‍ച്ച് കരുതിക്കോ. തിരിച്ചു വരാന്‍ വൈകിയാലോ. പിന്നെ സ്‌കോട്‌ലന്‍ഡ് സായിപ്പ് ഡങ്കന്‍ വക ആ സ്‌ക്കോച്ചും കൈയ്യില്‍ വെച്ചോ.''

ഞാനൊന്ന് സംശയിച്ചു. ഇവന്റെ വാക്ക് കേട്ട് വേണ്ടാത്ത വേലക്ക് ഇറങ്ങി പുറപ്പെടണോ? 

''ബെന്ന്യച്ചാ, പോകുമ്പോള്‍ ഗേറ്റടക്കാന്‍ മറക്കണ്ട.'

മറുപടിയൊന്നും കാണാതായപ്പോള്‍ ഗേറ്റ് വരെ ചെല്ലാമെന്ന് കരുതി. ബെന്ന്യച്ചന്‍ ഗേറ്റില്‍ ഒരു കൈ താങ്ങി നില്‍ക്കുകയാണ്. പെട്ടെന്ന് ബെന്ന്യച്ചന്റെ മുന്‍പിലേക്കൊരു ജീവി ഓടി വരുന്നത് കണ്ടു. ഇരുട്ടില്‍ അതെന്താണെന്ന് മനസ്സിലാകും മുന്‍പ് ബെന്ന്യച്ചന്‍ ഒരു വലിയ വായില്‍ നിലവിളിയോടെ ഗേറ്റിലേക്ക് മറിഞ്ഞു വീണു. 
തുടരും...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam