1 GBP = 97.00 INR                       

BREAKING NEWS

സന്തുഷ്ടമായ വിവാഹജീവിതം സാധ്യമാക്കേണ്ടത് വ്യക്തികളാണ് അന്യോന്യം സഹകരിക്കുന്നതിലൂടെ; എന്നാല്‍ വിവാഹമോചനം ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും

Britishmalayali
റോയ് സ്റ്റീഫന്‍

നുഷ്യരെയും മൃഗങ്ങളെയും തമ്മില്‍ വേര്‍തിരിപ്പിക്കുന്ന ഏക ഘടകം അന്യോന്യം തിരിച്ചറിയുവാനുള്ള കഴിവുകള്‍ മാത്രമാണ്. ഏതൊരവസ്ഥയിലും തെറ്റും ശരിയും തമ്മില്‍ വേര്‍തിരിക്കുവാനുള്ള കഴിവ്. മൃഗങ്ങള്‍ എല്ലാ അവസരങ്ങളിലും പൂര്‍ണ്ണമായും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ മനുഷ്യര്‍ കൂടെയുള്ളവരെയും മറ്റുള്ളവരുടെയും ആവശ്യങ്ങള്‍ സംരക്ഷിക്കുവാനാണ് സാധാരണ ഗതിയില്‍ ശ്രമിക്കുന്നത്. എല്ലാ മൃഗങ്ങളും ജീവിക്കുവാന്‍ ഭക്ഷണം കഴിക്കുകയും അതോടൊപ്പം യാന്ധ്രികമായി പുനരുല്‍പ്പാദന പ്രക്രിയയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അവയുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള കഴിവുകള്‍ക്കപ്പുറം മറ്റൊന്നും വികസിപ്പിച്ചെടുക്കേണ്ട ആവശ്യകതയില്ലാതെ ജീവിക്കുക മാത്രമാണ് ചെയ്യുന്നത്.

എന്നാല്‍ മനുഷ്യരില്‍ എല്ലാക്കാര്യങ്ങളിലുമുള്ള ജിജ്ഞാസയാണ് കൂടുതലും പ്രതിഫലിപ്പിക്കപ്പെടുന്നത്. അതായത് അവര്‍ ബന്ധപ്പെടുന്ന എല്ലാ മേഖലകളെക്കുറിച്ചുള്ള അറിവ് വളര്‍ത്തുകയും അതോടൊപ്പം തങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത പരിസ്ഥിതികളെ സ്വാധീനിക്കുന്നതിനും  അവയെ തങ്ങള്‍ക്കനുയോജ്യമായി മാറ്റുന്നതിനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. നിലവിലെ സാഹചര്യത്തില്‍ ഭൂമിയിലെ മനുഷ്യജീവിതം മൂലം മറ്റെല്ലാ ജീവജാലങ്ങളുടെയും അന്ത്യമായിക്കൊണ്ടിരിക്കുകയാണെന്നു ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നുമുണ്ട്. അതായത് മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളെ അനുസരിച്ചു ജീവിക്കുന്നു എന്നാല്‍ മനുഷ്യന്‍ മാത്രം ഈ പ്രപഞ്ചത്തിനെ അതിജീവിക്കുവാനായി ശാസ്ത്രസാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കുകയും. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ പ്രപഞ്ചത്തിന്റെ അധിപനായി സ്വയം അവരോധിച്ചുകൊണ്ടുള്ള മൂഢസ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു.

മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യനിലുള്ള സവിശേഷതയാണ് തന്നോടെന്നപോലെ മറ്റുള്ളവരോടുമുള്ള സ്നേഹവും ബഹുമാനവും അതോടൊപ്പം ഒരു സമൂഹത്തില്‍ മറ്റുള്ളവരോടൊപ്പം ജീവിക്കുവാനും ശ്രമിക്കുന്നത്. അതുകൊണ്ടുമാത്രം മനുഷ്യനെ ഒരു സാമൂഹിക വ്യക്തിയായി ചിത്രീകരിക്കുന്നു. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സാമൂഹിക മര്യാദകള്‍ പാലിക്കുകയും വ്യക്തികള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ പാലിക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമായിത്തന്നെ അടുത്ത തലമുറയെ പ്രത്യുല്‍പ്പാദിപ്പിക്കുവാനും അന്യോന്യം സ്നേഹം പങ്കുവയ്ക്കുവാനും മാത്രം സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹം കഴിക്കുന്നു. വിവാഹമെന്നാല്‍ ബാക്കിയുള്ള ജീവിതകാലം മുഴുവനും അന്യോന്യം സംരക്ഷിച്ചുകൊള്ളാമെന്ന ഉടമ്പടിയും കൂടിയാണ്.

വിവാഹത്തിലൂടെ ഭാര്യാഭര്‍ത്താക്കന്മാരാകുന്ന സ്ത്രീയും പുരുഷനും ഭൂരിഭാഗവും അവരുടെ ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നു എന്നാല്‍ വളരെക്കുറച്ചു ഭാര്യാഭര്‍ത്താക്കന്മാര്‍ വളരെ ദയനീയമായി പരാജയപ്പെട്ടുകൊണ്ടു വിവാഹമോചനം നേടുന്നു. ആധുനിക ലോകത്ത് വിവാഹമോചന നിരക്ക് അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്, കാരണം മറ്റൊന്നുമല്ല ചില വ്യക്തികള്‍ ഭാര്യാഭര്‍ത്താക്കന്മാരായിക്കഴിയുമ്പോള്‍ മനുഷ്യസ്വഭാവം മറക്കുകയും മൃഗങ്ങളുടെ സ്വഭാവരീതികള്‍ അവലംബിക്കുകയും ചെയ്യുന്നു. ഒരുപരിധിവരെ മൃഗങ്ങളെപ്പോലെ സ്വാര്‍ത്ഥമതികളായി മാറുകയാണ് ഉടമ്പടികള്‍ പാലിക്കാത്ത ദമ്പതികള്‍. നന്മകള്‍ ധാരാളമുണ്ടെങ്കിലും ചെറിയ തെറ്റുകുറ്റങ്ങളും തിന്മകളും മാത്രം അന്യോന്യം ആരോപിക്കും. മുഖത്തോടു മുഖം നോക്കി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ കാര്യക്ഷമമായ ആശയവിനിമയത്തിന്റെ അഭാവത്തില്‍ ഭിന്നതകള്‍ വീണ്ടും വളരുകയും വിവാഹമോചനത്തില്‍ കലാശിക്കുകയുമാണ്.

കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ എല്ലായിടത്തും അതോടൊപ്പം ലോകം മുഴുവനും ഭാര്യയും ഭര്‍ത്താവും തമ്മില്‍ അകന്നു കഴിയുക അല്ലെങ്കില്‍ വിവാഹബന്ധം വേര്‍പിരിയുക ഒരു പുതുമയല്ലാതായി മാറിയിരിക്കുകയാണ്. പരസ്പരം അറിഞ്ഞിട്ടില്ലാത്ത വ്യക്തികള്‍ വിവാഹബന്ധത്തിലൂടെ ഒരുമിക്കുമ്പോള്‍ ചിലഭിന്നതകള്‍ സ്വാഭാവികമാണ് കാരണം രണ്ടു വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നുമെത്തുന്ന വ്യക്തികള്‍ക്ക് വേറിട്ട ചിന്താഗതികളും കാഴ്ചപ്പാടുകളുമുണ്ടാകുന്നതും സ്വാഭാവികമാണ് പക്ഷെ വിവാഹബന്ധത്തിന്റെ പവിത്രത സംരക്ഷിക്കേണ്ട കടമയും കൂടി ഏറ്റെടുക്കുകയാണ് വിവാഹത്തിലൂടെ ഭാര്യയും ഭര്‍ത്താവും.

അതിനുവേണ്ടത് ഒരേഒരു പ്രധിവിധി മാത്രമാണ് മറ്റുള്ളവരിലുള്ള അതായത് ഭാര്യയും ഭര്‍ത്താവും അന്യോന്യമുള്ള അമിതമായ പ്രതീക്ഷകള്‍ ഉണ്ടാവാതിരിക്കുക. യാതൊരുവിധ മുന്‍വിധികളും ധാരണകളുമില്ലാതെ ജീവിതത്തെ ഒരു ശൂന്യമായ പ്രതലം മാത്രമായിക്കാണുകയും. ഓരോരുത്തരുടെയും ജീവിതത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും മാത്രം അതിനെ അനുദിനം ഭംഗിയായി നിറച്ചുകൊണ്ടിരിക്കുകയും ചെയ്യുക.

മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികള്‍ മറ്റൊന്നുമല്ല അനുനിമിഷമുണ്ടാവുന്ന പ്രതിസന്ധികള്‍ മാത്രമാണ് അവയെ തരണം ചെയ്യുവാനുള്ള കഴിവാണ് ഓരോ വ്യക്തിയെടെയും ജീവിത വിജയത്തിന്റെ അളവുകോലുകളും അവരോരുത്തരെയും എത്രത്തോളം പക്വമതികളുമാക്കുന്നതെന്നു വേര്‍തിരിക്കുന്നതും.  സ്വകാര്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും അങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഓരോ വ്യക്തികള്‍ക്കും വെല്ലുവിളികളേറെയാണ്.

അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തിലെ അനുദിന വെല്ലുവിളികളെ നേരിടാന്‍  നൂറുകണക്കിന്, ആയിരക്കണക്കിന്, ദശലക്ഷക്കണക്കിന് മാര്‍ഗങ്ങളുണ്ട്. പക്ഷേ ഈ വെല്ലുവിളികളില്‍നിന്നും ഒളിച്ചോടിപ്പോയ ഒരു വ്യക്തിപോലും ജീവിതത്തില്‍ മാത്രമല്ല ഒരു മേഖലകളിലും വിജയിച്ചിതായി രേഖപ്പെടുത്തിയിട്ടില്ല. എത്ര വലിയ വെല്ലുവിളിയാണെങ്കില്‍ കൂടെയും അവയെയെല്ലാം ഓരോന്നായി കണക്കാക്കിക്കൊണ്ട് നേരിടുക തന്നെയാണ് ഏറ്റവും ഉത്തമമായ മാര്‍ഗമെന്ന് വിജയിച്ചവരില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കും.

വിട്ടുവീഴ്ച്ചാ മനോഭാവമില്ലാത്ത വ്യക്തികള്‍ ഉപദേശങ്ങള്‍ സ്വീകരിക്കുവാനോ സ്വന്തം ജീവിതത്തില്‍ തിരുത്തലുകള്‍ വരുത്തുവാനോ എളുപ്പത്തില്‍ തയ്യാറാവുകയില്ല. പ്രത്യേകിച്ചും മറ്റുള്ളവരുടെ ജീവിതം മാതൃകയാക്കുവാന്‍ ശ്രമിക്കുന്നവര്‍. ഈ ഭൂമിയില്‍ പ്രവര്‍ത്തനങ്ങളിലും ചിന്താഗതികളിലും ഒരേപോലെയുള്ള രണ്ടു വ്യക്തികള്‍ ഇല്ലായെന്നത് വസ്തുതയാണ് അതുകൊണ്ടുതന്നെ ഓരോവ്യക്തികളും പ്രായോഗികമാക്കേണ്ടത് അവരുടേതായ ജീവിതശൈലിയ്ക്കുതകുന്ന മാര്‍ഗ്ഗങ്ങള്‍ മാത്രമാണ്.  വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പുതന്നെ ഓരോ വ്യക്തികളും തങ്ങളുടെ തന്നെ നന്മകളും തിന്മകളും തിരിച്ചറിയുകയും കഴിവതും തിരുത്തുവാന്‍ തയ്യാറാവുകയാണ് ചെയ്യേണ്ടത്. പിന്നീട് ജീവിത പങ്കാളിയോട് തുറന്നു സംസാരിക്കുവാനുള്ള മര്യാദയും പുലര്‍ത്തണം.

വേറിട്ട ജീവിത സാഹചര്യങ്ങളില്‍ നിന്നുമാണ് എല്ലാവരുംതന്നെ  വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത് കുടുംബക്കാര്‍ ആലോചിച്ചുറപ്പിച്ചതാകാം അന്യോന്യം താല്‍പര്യപ്പെട്ടതാകാം ജീവിത സാഹചര്യങ്ങള്‍ മൂലം ഒരുമിച്ചു ചേര്‍ന്നവരാകാം. ജീവിത പശ്ചാത്തലങ്ങള്‍ ഏതൊക്കെയാണെന്നതിനുപരിയും ഓരോരുത്തരുടേയും വ്യക്തിപരമായ കഴിവുകള്‍ക്കുപരിയും അവരോരുത്തരും എത്രത്തോളം അന്യോന്യം സത്യസന്ധരാവുന്നു എന്നുള്ളതാണ് വിജയകരമായ വിവാഹജീവിതത്തിന്റെ ആണിക്കല്ലാവുന്നത്.

രണ്ടാമതായി പ്രായോഗികതായുള്ളവരാവുക എന്നുള്ളതാണ്. പ്രായോഗികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നുമാത്രമാണ്  മനുഷ്യസഹജമായ വികാരവിചാരങ്ങളെ നിയന്ത്രിച്ചുകൊണ്ടു സാഹചര്യത്തിനനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കുക എന്ന് മാത്രമാണ്. മനുഷ്യന്റെ വികാരവിചാരങ്ങളാണ് ഒരു പരിധിവരെ കുടുംബ ജീവിതത്തിലേയ്ക്ക് വ്യക്തികളെ നയിക്കുന്നതെങ്കിലും കുടുംബ ജീവിതം സഫലമാക്കുവാന്‍ ഈ വികാരവിചാരങ്ങളെ ഓരോ നിമിഷങ്ങളും നിയന്ത്രിച്ചുകൊണ്ടു പ്രായോഗികമായി ജീവിക്കുവാന്‍  മാത്രമാണ് ശ്രമിക്കേണ്ടത്. ജീവിതത്തിലെ അനുഭവങ്ങളാണ് ഓരോ സാധാരണക്കാരെയും പ്രായോഗിക മനുഷ്യരാക്കി മാറ്റുന്നത് എന്നുള്ളതുംഅംഗീകരിക്കേണ്ട വസ്തുതയും കൂടിയാണ്.

ചെറുപ്പം മുതലേ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അറിഞ്ഞു പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ജീവിതാനുഭവങ്ങള്‍ ലഭിക്കുന്നത്. എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ സുഖവും ദുഖവും ആശകളും നിരാശകളും ജയങ്ങളും തോല്‍വികളും അനുഭവിക്കുബോള്‍ മാത്രമാണ് അങ്ങനെയുള്ള ജീവിതാവസ്ഥകളെ വിജയകരമായി തരണം ചെയ്യുവാന്‍ സാധിക്കുന്നത്. ഒരു പരിധിവരെ മറ്റുള്ളവരെ ഉപദേശിക്കുവാന്‍ എളുപ്പമാണെന്ന് പറയുവാനുള്ള കാര്യവും ഇതുതന്നെയാണ്. കാരണം ഓരോ വ്യക്തികളുടെയും വ്യക്തിപരമായ ജീവിത പ്രശ്നനങ്ങളും യാഥാര്‍ഥ്യങ്ങളും മൂന്നാമതൊരാള്‍ക്കു മുന്‍വിധിയില്ലാതെ വിശകലനം ചെയ്യുവാനും പരിഹാരം നിര്‍ദ്ദേശിക്കുവാനും സാധിക്കും പക്ഷെ മനുഷ്യസഹജമായ വികാരവിചാരങ്ങളുള്ളതുകൊണ്ടു അവര്‍ക്ക് സ്വയം പരിഹരിക്കുവാന്‍ സാധിക്കാതെ വരുന്നു.

മൂന്നാമതായി അറിഞ്ഞിരിക്കേണ്ട വസ്തുത കേട്ടുപഴകിയതു തന്നെയാണ് 'മിന്നുന്നതെല്ലാം പൊന്നല്ല' അഥവാ പുറമെ പ്രതിഫലിക്കുന്നതായിരിക്കില്ല അന്ധരംഗത്തിലുള്ളത്. ലോകത്തിലുള്ള ഭൂരിഭാഗം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും അവരുടേതായ ജീവിത പ്രശ്നങ്ങളുണ്ട്. ഒരുകാലത്തും പരിഹരിക്കില്ലായെന്നു പുറമെ കാണപ്പെടുമെങ്കിലും കാലക്രമേണ മറ്റു ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍  അലിഞ്ഞുപോകും.  എന്നാല്‍ വളരെ കുറച്ചു കുടുംബങ്ങള്‍  മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ബാഹ്യമായ ഇടപെടലുകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യാറുണ്ട്. പലപ്പോഴും നാലുചുവരുകള്‍ക്കുള്ളില്‍ തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമായിരിക്കാം പക്ഷെ തുറന്നു പറയാനുള്ള ധൈര്യകുറവ് മൂലം പ്രശ്നങ്ങള്‍ വലുതായിക്കൊണ്ടിരിക്കുകയായിരിക്കും.

സങ്കീര്‍ണത നിറഞ്ഞ ആധുനിക ജീവിത പശ്ചാത്തലങ്ങളില്‍ ജീവിക്കുമ്പോള്‍ പ്രത്യേകിച്ചും അണുകുടുംബ പശ്ചാത്തലങ്ങളില്‍ പ്രശ്നങ്ങള്‍ സ്വാഭാവികമാണ് അവയെ പ്രായോഗികമായി നേരിടണം അല്ലെങ്കില്‍ മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടണം. പൊതുവെ സന്തോഷകരമായ വിവാഹജീവിതം നയിക്കുന്ന ഭൂരിഭാഗം വ്യക്തികളും ഈ പ്രായോഗികത ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തികളാണെന്നാണ് മനശാത്രജ്ഞര്‍ പറയുന്നത്. വ്യക്തിപരമായി ഓരോ മനുഷ്യരും ആഗ്രഹിക്കുന്നത് മനഃസമാധാനം മാത്രമാണ്. അപ്പോള്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവും, അവര്‍ക്കു വേണ്ടിയും അവരുടെ കുട്ടികള്‍ക്കു വേണ്ടിയും ചുരുക്കം ചിലര്‍ അവരോരുത്തരുടേയും മാതാപിതാക്കള്‍ക്കു വേണ്ടിയും. ഇനിയും ചിലര്‍ സാമ്പത്തിക പരാതീനകള്‍ മൂലവും ചിലര്‍ വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറല്ലാത്തതുകൊണ്ടും. ചുരുക്കം ചിലര്‍ സമൂഹത്തിനെ നേരിടുവാനുള്ള ബുദ്ധിമുട്ടുകൊണ്ടും.

സ്ഥിതിവിശേഷങ്ങള്‍ ഇങ്ങനെയോക്കെയാണെങ്കിലും മനുഷ്യര്‍ ജീവിക്കുന്ന ഈ പ്രപഞ്ചത്തിനൊരു നിയമമുണ്ട് പ്രതികൂല ജീവിത സാഹചര്യങ്ങളെ ധൈര്യപൂര്‍വ്വം  നേരിടുന്ന വ്യക്തികള്‍ മാത്രമാണ് ശാശ്വതമായ വിജയം നേടുന്നത്. അറിഞ്ഞോ അറിയാതെയോ ഓരോരുത്തരുടെയും ജീവിതത്തില്‍ എത്തിച്ചേരുന്ന പ്രതികൂല സാഹചര്യങ്ങളെ  ജീവിതത്തിന്റെ വെല്ലുവിളികളായി ഏറ്റെടുത്തു ഒഴിഞ്ഞുമാറാതെ നേടിയെടുക്കേണ്ട ജീവിത വിജയം. കുടുംബജീവിതം അഥവാ വിവാഹജീവിതം അത് തിരഞ്ഞെടുത്ത വ്യക്തികള്‍ക്കുള്ള ഏറ്റവും വലിയ വെല്ലുവിളികള്‍ മാത്രമാണ്. അതായിരിക്കും ചിലരുടെ ജീവിത ലക്ഷ്യവും അതില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ഒളിച്ചോട്ടം വ്യക്തികളുടെ ജീവിതം തകര്‍ക്കുന്നതിനുപരി അവരോടു ചേര്‍ന്നിരിക്കുന്ന മറ്റുള്ളവരുടെയും ജീവിതം കൂടി ഇല്ലാതാക്കുകയാണ്.

ഏറ്റവും കൂടുതലായി മാനസികമായി  തകര്‍ക്കപ്പെടുന്നത് വിവാഹിതരുടെ സ്വന്തം കുട്ടികള്‍ മാത്രമാണ്. അന്യോന്യം തിരിച്ചറിയുവാനുള്ള കഴിവുകള്‍ നല്‍കിയിരിക്കുന്നത് മനുഷ്യര്‍ക്ക് മാത്രമാണ് സ്വന്തം പങ്കാളിയുടെ ചെറുതും വലുതുമായ പോരായ്മകള്‍ തിരിച്ചറിഞ്ഞു കണ്ണികള്‍ അഴിഞ്ഞുപോകാതെ സ്വന്തം കഴിവുകള്‍കൊണ്ട് ബലപ്പെടുത്തുക. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമുള്ള വിവാഹജീവിതങ്ങള്‍ ധന്യമായി മാറും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category