1 GBP = 94.20 INR                       

BREAKING NEWS

ചെറുപ്പക്കാരെ തട്ടിയെടുത്തു മരണം ട്രപ്പീസ് കളി തുടരുന്നു; രണ്ടാഴ്ചക്കിടെ നാലു വീടുകളില്‍ നഷ്ടമായത് അമ്മക്കിളികളെ; ഇന്നലെ മരിച്ച സീനയ്ക്ക് ആരെയും ബുദ്ധിമുട്ടിക്കരുതെന്ന ആഗ്രഹം മരണം സാധിച്ചുനല്‍കിയപ്പോള്‍ വേദനയടക്കി സോള്‍സ്ബറി മലയാളികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ട്രപ്പീസ് കളി പോലെ തോന്നിപ്പിക്കുന്ന ദിവസങ്ങളാണിപ്പോള്‍ യുകെ മലയാളികള്‍ക്ക്. നോക്കി നില്‍ക്കെ പറന്നകന്നത് ഏഴു ജീവിതങ്ങള്‍. അതും കൃത്യമായ ഇടവേളയിട്ട് എത്തിയ പോലെ രണ്ടാഴ്ചക്കുള്ളില്‍ സംഭവിച്ച മരണങ്ങള്‍. ജീവിത സ്വപ്നങ്ങള്‍ സ്വന്തമാക്കി വാഗ്ദത്ത ഭൂമിയായ ബ്രിട്ടനിലേക്ക് എത്തിയ മലയാളി നഴ്സുമാര്‍ ജീവിതം പച്ചപിടിക്കുന്നത് കണ്ടു നില്‍ക്കെ കൊഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംഭവിച്ച ഏഴു മരണങ്ങളില്‍ നാലും നഴ്‌സുമാരായ സ്ത്രീകളുടേത്. ഇതില്‍ മൂന്നു പേരും കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരും.  ഇതിനര്‍ത്ഥം മനസ്സില്‍ ആശിച്ച ജീവിതത്തിന്റെ നിറമുള്ള ഏടുകള്‍ മറിച്ചു തുടങ്ങും മുന്‍പേ ഇവരൊക്കെ വിധിയുടെ കറുത്ത പുറംചട്ടയിട്ട പുസ്തകത്തിലെ താളുകളായി മാറിയിരിക്കുന്നു. 

തികച്ചും യാദൃശ്ചികത എന്നോണം മരിച്ച നാലു മലയാളി നഴ്സുമാരില്‍ മൂന്നു പേര്‍ക്കും ക്യാന്‍സര്‍ ആയിരുന്നു മരണ കാരണം എന്നത് യുകെ മലയാളി സമൂഹത്തിനു നല്‍കുന്ന ഞെട്ടല്‍ കനത്തതാണ്. മാത്രമല്ല, വര്‍ഷങ്ങളോളം വേദന അനുഭവിച്ച ശേഷമാണ് ഇവരെല്ലാം പ്രിയപ്പെട്ടവരെ വിട്ടകന്നത് എന്നത് സമൂഹത്തിന്റെ വേദന ഇരട്ടിയാക്കുന്നു. ഇതോടെ നാലു വീടുകള്‍ ആണ് ഏറെക്കുറെ നിശബ്ദം ആയിരിക്കുന്നത്. മക്കള്‍ക്ക് അമ്മക്കിളികളുടെ തണല്‍ നഷ്ടമായിരിക്കുന്നു. അതും അവര്‍ക്ക് ഏറെ ആവശ്യമായ സമയത്തു തന്നെ.

വിധി കരുതിവയ്ക്കുന്ന ഇത്തരം ക്രൂരതകള്‍ക്ക് മുന്നില്‍ നിശബ്ദമായി നില്‍ക്കുമ്പോള്‍ മാത്രമാണ് മനുഷ്യര്‍ തങ്ങളുടെ നിസ്സഹായതയും നിസ്സാരതയും തിരിച്ചറിയുന്നത്. ഈ ദിവസങ്ങളില്‍ മരണം നടന്ന പട്ടണങ്ങളിലെ മലയാളികളുടെ എല്ലാം സാഹചര്യം ഇത്തരത്തില്‍ ഏറെക്കുറെ സമാനമാണ്. സമൂഹത്തില്‍ കൂടുതല്‍ അടുത്തിടപഴകിയിരുന്നവരുടെ മരണ വാര്‍ത്തകള്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന ആഘാതവും ഏറെ വലുതാണ്. 

ബിര്‍മിങാമിലെ മേരി ഇഗ്നേഷ്യസ്, വാട്‌ഫോഡിലെ ബീന ഷാജി, എക്‌സീറ്ററിലെ ട്രീസ ജോസഫ്, സോള്‍സ്ബറിയിലെ സീന ഷിബു എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഈയാമ്പാറ്റകളെ പോലെ മരണത്തിനു മുന്നില്‍ പിടിഞ്ഞു വീണിരിക്കുന്നത്. ഇതില്‍ എക്‌സീറ്ററിലെ ട്രീസയുടെ മരണകാരണം മാത്രമാണ് വ്യക്തമാകാനുള്ളത്. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് ഇന്നലെ സോള്‍സ്ബറിയില്‍ മരണത്തിനു കീഴടങ്ങിയ സീന ഷിബു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയില്‍ ആയിരുന്ന സീന വളരെ പെട്ടെന്ന് രോഗം കലശലായി മരണത്തിനു കീഴടങ്ങുക ആയിരുന്നു. ഏറെ നാളായി അവധിയില്‍ കഴിയുന്ന സീനയെ അടുത്ത നാളിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പോലും പതിവുള്ള പരിശോധന കഴിഞ്ഞു വീട്ടില്‍ മടങ്ങി എത്തിയതായിരുന്നു എന്ന് അയല്‍വാസികള്‍ ഓര്‍മ്മിക്കുന്നു. 

ആരെയും ഒരു ദിവസം പോലും ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു സീനയുടെ ആഗ്രഹം. അതിനു സാധിക്കും വിധമായിരുന്നു മരണത്തിന്റെ കടന്നു വരവും. ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു മടങ്ങാം എന്ന് ഭര്‍ത്താവ് ഷിബു നിര്‍ദേശിച്ചെങ്കിലും മറ്റാര്‍ക്കും പ്രയാസം ആകരുത് എന്ന് നിര്‍ബന്ധം ഉണ്ടായിരുന്ന സീനയാണ് ഹോസ്പിസില്‍ അഡ്മിറ്റാകാന്‍ താല്‍പര്യം കാട്ടിയതും. അവിടെ പ്രവേശിപ്പിച്ചു ഏതാനും മണിക്കൂറുകള്‍ മാത്രം വേദന സംഹാരികള്‍ നല്‍കിയ ശേഷം മരണം സംഭവിക്കുക ആയിരുന്നു. ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ഉറ്റവരെല്ലാം മരണ സമയങ്ങളില്‍ സീനയ്ക്കൊപ്പം ഉണ്ടായിരുന്നു.

സീനയുടെയും ഷിബുവിന്റെയും ഉറ്റ ബന്ധുക്കള്‍ യുകെയുടെ പലഭാഗത്തായി ഏറെയുണ്ട്. നാട്ടുകാര്‍ക്ക് വേണ്ടിയും വിവരം അറിഞ്ഞ് ഇന്നലെ തന്നെ എത്തിയ അമേരിക്കയില്‍ നിന്നും ഉള്ള സഹോദരിമാര്‍ക്ക് വേണ്ടിയും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഉള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടു സഹോദരിമാരും അമേരിക്കയില്‍ ആയതിനാല്‍ സീനയും കുടുംബവും അമേരിക്കയിലേക്ക് പ്രവാസം മാറ്റുന്നതിനുള്ള ആലോചന നടത്തവേയാണ് അസുഖം തിരിച്ചറിയുന്നത്. 

സോള്‍സ്ബറി മലയാളി അസോസിയേഷന്റെ പ്രധാന പദവികള്‍ രണ്ടു വട്ടം വഹിച്ചിട്ടുള്ള സീന കാത്തലിക് വിശ്വാസ സമൂഹത്തിലും ക്‌നാനായ വേദികളിലും നേതൃത്വപരമായ ചുമതലകള്‍ വഹിച്ചിരുന്നതിനാല്‍ ഏവര്‍ക്കും പ്രിയപ്പെട്ടവള്‍ ആയിരുന്നു. തന്റെ മരണം അകലെയല്ല എന്ന തിരിച്ചറിവ് ഉണ്ടായിരുന്നതിനാല്‍ ആരെയും ബുദ്ധിമുട്ടിക്കരുത് എന്ന ആഗ്രഹത്തോടെ സാമ്പത്തിക ചിലവുകള്‍ അടക്കമുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി തീരുമാനം എടുക്കാനും മരണത്തിനു മുന്നില്‍ കൂസല്‍ കാട്ടാതിരുന്ന സീനയ്ക്കു കഴിഞ്ഞിരുന്നു.

അതിനാല്‍ പ്രദേശത്തെ മലയാളികള്‍ ഇതുസംബന്ധിച്ചു കുടുംബത്തോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും അത്തരം സഹായങ്ങള്‍ സ്‌നേഹപൂര്‍വ്വം കുടുംബം നിരസിക്കുക ആയിരുന്നു. ഇത്തരം ദീര്‍ഘവീക്ഷണത്തോടെ തയ്യാറെടുത്തു യുകെ മലയാളികള്‍ക്കിടയില്‍ തന്നെ അപൂര്‍വ്വമാകുകയാണ് സീനയുടെ മരണം. അതിനാല്‍ മരണത്തെ സധൈര്യം നേരിട്ട ധീര വനിതയുടെ മുഖമാണിപ്പോള്‍ സീനക്കുള്ളത്. മരണക്കിടക്കയിലും പുഞ്ചിരി മായാത്ത മുഖമാണ് സീനക്കുള്ളതെന്നും അടുത്ത സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category