1 GBP = 97.50 INR                       

BREAKING NEWS

കൃഷിക്കാരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെ ഇനിയും നിരോധിത സംഘടനകളുടെ പേരില്‍ ദ്രോഹിക്കാതെ ജനാധിപത്യ വ്യവസ്ഥിതികളുടെ കീഴില്‍ പ്രവര്‍ത്തിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം

Britishmalayali
റോയ് സ്റ്റീഫന്‍

യാഴ്ച ലോകത്തുനിന്നും സമാധാനകാംഷികള്‍ക്ക് ആശ്വാസമേകുന്നതും ആഗോളഭീകരവാദത്തിനെ തകര്‍ക്കുന്ന വാര്‍ത്തകള്‍ ലഭിച്ചപ്പോള്‍ കേരളത്തില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ വാര്‍ത്തകളാണ്. ലോകജനതയുടെ പേടിസ്വപ്നമായിരുന്ന ഒരു ഭീകര നേതാവിനേയും കൂടി ഇല്ലാതാക്കിയപ്പോള്‍ ലോകം വീണ്ടും സമാധാനത്തിലാവുകയാണ്. ഒരു കൂട്ടം കലാപകാരികളില്‍ നിന്ന് പരിണമിച്ചു ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമായ ജിഹാദി സംഘനയായി ഐസിസിനെ മാറ്റിയതില്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി എന്ന തീവ്രവാദിയുടെ പങ്ക് വളരെ നിര്‍ണ്ണകായകം തന്നെയായിരുന്നു. ഒരു ആഗോളഭീകരന്റെ മരണത്തോടെ ഭീകരതയുടെ സാമ്രാജ്യം തന്നെ ഇല്ലാതാവുകയാണ്.

എന്നാല്‍ കേരളത്തില്‍ വീണ്ടും മാവോയിസ്റ്റു വേട്ടകളുടെ പേരില്‍ അട്ടപ്പാടിയില്‍ നിന്നും കുറച്ചു പാവപ്പെട്ട കാനനവാസികളെ അഭ്യസ്ത വിദ്യരെന്നു സ്വയം അഹങ്കരിക്കുന്ന പോലീസിന്റെ പ്രത്യേക ദൗത്യസേന നേരിട്ടു വെടിവച്ചു കൊന്നു. ഏതായാലും നേരിട്ടുള്ള ഏറ്റുമുട്ടലാണെന്നു വരുത്തിത്തീര്‍ക്കുവാനുള്ള എല്ലാ സാഹചര്യ തെളിവുകളും സൗകര്യങ്ങളും അധികാരം പേറുന്ന പോലീസിന്റെ  പക്കല്‍ മാത്രം ഉള്ളപ്പോള്‍ സാധാരണക്കാര്‍ വിശ്വസിക്കുവാന്‍ മാത്രം വിധിക്കപ്പെട്ടവരായി മാറും. എത്രത്തോളം വിശകലനം ചെയ്യുവാന്‍ ശ്രമിച്ചാലും മനസിലാക്കുവാന്‍ പ്രയാസമുള്ള ഒരു വസ്തുത ഉള്‍ക്കാട്ടിലുണ്ടായിരുന്ന  എല്ലാ പാവപ്പെട്ട മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു പക്ഷെ ഒരു പോലീസുകാരനുപോലും പരുക്കേറ്റില്ല. സൂഷ്മമായ ആസൂത്രണവും അതോടൊപ്പം വ്യക്തമായ പരിശീലനവും ലഭിച്ചവരാണല്ലോ പോലീസുകാര്‍.

അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടിയാവുകയാണ് അബുബക്കര്‍ അല്‍ ബാഗ്ദാദി എന്ന ഭീകരനേതാവിന്റെ മരണം. അല്‍ക്വയ്ദ തലവന്‍ ബിന്‍ ലാദനെ ഇല്ലാതാക്കിയത്‌പൊലെതന്നെ കൃത്യമായ ആസൂത്രണത്തോടെ ഭീകരന്റെ താവളത്തിലെത്തി  വകവരുത്തുവാന്‍ സാധിച്ചു. എല്ലാ സ്വേച്ഛാധിപതികളെയും പോലെ തന്നെ  ഈ ഭീകരനും ഒരു ഭീരുവും കൂടിയായിരുന്നു എന്നുള്ള വാര്‍ത്തകളാണ് പിന്നീട് ലഭിക്കുന്നത്.

ബിന്‍ലാദന്‍ തന്റെ ഭാര്യമാരെ മുന്നില്‍ നിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയുണ്ടകളില്‍ നിന്നും രക്ഷപെടുവാന്‍ ശ്രമിച്ചപ്പോള്‍ ഈ ഭീരു തന്റെ പിഞ്ചു കുഞ്ഞുങ്ങളെ മറയാക്കുവാന്‍ ശ്രമിച്ചു എന്നുള്ള വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഏതായാലും നിലവിളിച്ചുകൊണ്ടുള്ള പ്രയാണത്തില്‍ ഭാര്യമാരെ ഒഴിവാക്കി പിഞ്ചു കുട്ടികളയേയും കൂട്ടത്തിലെടുത്തു കൊണ്ടോടിയത് അവരോടുള്ള സ്നേഹംകൊണ്ടാണെന്നു സാധാരണക്കാര്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം തന്നെയാണ്. ലോകരാജ്യങ്ങളെല്ലാം തന്നെ ഈ വാര്‍ത്തയെ സ്വാഗതം ചെയ്യുകയും ലോകപോലീസായ അമേരിക്കയെ അനുമോദിക്കുകയും ചെയ്തു.

നക്‌സല്‍വാദികള്‍ മാവോവാദികളെന്നെല്ലാം ഒരു പറ്റം അത്യന്തം നിര്‍ധനരായ മനുഷ്യരെ അഭിസംബോധന ചെയ്യുവാന്‍ മാത്രം വിപ്ലവപ്പാര്‍ട്ടി നയിക്കുന്ന ജനകീയനേതൃത്ത്വത്തിനു സാധിക്കുന്നത് കാണുമ്പോള്‍ മാനുഷികതയുള്ള വ്യക്തികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ ബുദ്ധിമുട്ടായി മാറുന്നതിന്റെ പ്രധാനകാരണം ഈ വിപ്ലവപ്പാര്‍ട്ടികള്‍ വന്നവഴി മറക്കുന്നത് കൊണ്ട് മാത്രമാണ്. കേരളത്തില്‍ ഭരണത്തിലും ഭാരതത്തിലുട നീളം വേരോട്ടവുമുള്ള ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനങ്ങളെപ്പോലെ നക്‌സലിസവും മാര്‍ക്സിസത്തില്‍ നിന്നും മാവോയിസത്തില്‍ നിന്നും ഉരുത്തിരിഞ്ഞത് തന്നെയാണ്. ഇപ്പോള്‍ നക്‌സല്‍ വാദികളെന്നു അറിയപ്പെടുന്നവര്‍ മറ്റു ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ നേതാക്കന്മാരെപ്പോലെ  അവസരവാദികള്‍ അല്ലാത്തതിനാല്‍ ജനാധിപധ്യപ്രക്രിയകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു എന്നുമാത്രം.

സിപിഐയുടെ നേതൃത്വത്തിനെങ്കിലും പരസ്യമായി തള്ളിപ്പറയുവാന്‍ മനസുവരുന്നില്ലാ എന്നുള്ള വസ്തുത അവരുടെ ഇപ്പോഴും മരവിക്കാത്ത മനസാക്ഷിയും ജനകീയ പ്രസ്ഥാനങ്ങളോടുള്ള ആദരവുമായിരിക്കണം അവരുടെ നേതാവ് കൂട്ടിച്ചേര്‍ത്തു 'മാവോയിസ്റ്റുകള്‍ വഴിതെറ്റിപ്പോയ സഹോദരങ്ങളാണ്. വിപ്ലവത്തിന്റെയോ, കമ്യൂണിസത്തിന്റെയോ ശത്രുക്കളല്ല ആന്ധ്രാ, കര്‍ണാടക, തമിഴ്‌നാട്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ മേഖലകളില്‍ അവര്‍ സജീവമായ പ്രവര്‍ത്തനം  നടത്തുന്നുണ്ട്. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ജനങ്ങളുടെ പ്രശ്‌നങ്ങളോട് അവര്‍ക്ക്  യോജിക്കുവാന്‍ സാധിക്കുന്നുണ്ട്''.

ലോകത്തില്‍ നാനാജാതി മനുഷ്യരുള്ളതുപോലെ തന്നെ സാധാരണക്കാരായ മനുഷ്യര്‍ നേതൃത്ത്വം നല്‍കുന്ന സംഘടനകളും ധാരാളമുണ്ട്. സംഘടനകള്‍ക്കെല്ലാം തന്നെ പ്രഖ്യപിത ലക്ഷ്യങ്ങളുണ്ടെങ്കിലും നേതൃസ്ഥാനത്തെന്നവരുടെ ഇഷ്ടാനിഷ്ടങ്ങളിലൂടെ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതും സ്വാഭാവികമാണ്. കൂടുതലും സമൂഹത്തിലെ മാറ്റങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് നടത്തുന്ന മാറ്റങ്ങളാണ് എന്നാല്‍ ചില അവസരങ്ങളില്‍ നേതൃസ്ഥാനത്തിരിക്കുന്ന അയോഗ്യരും കുടിലബുദ്ധികളുമായ വ്യക്തികളുടെ വ്യക്തിപരമായ ഗൂഢലക്ഷ്യങ്ങള്‍ സാധ്യമാക്കുവാന്‍ സംഘടനയെയും അംഗങ്ങളെയും ഉപയോഗിക്കാറുമുണ്ട്.

കേരളത്തിലും ഭാരതത്തിലുടനീളവും സംഭവിച്ചിട്ടുള്ളതും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ വിഷയങ്ങളിലും സ്വാധീനശക്തിയുള്ളവരുടെ അമിതമായ ഇടപെടലുകള്‍ വ്യക്തമായിക്കാണുവാന്‍ സാധിക്കും. മരണമെന്താണെന്നു തിരിച്ചറിയുവാന്‍ സാധിക്കാത്ത പ്രായത്തില്‍ വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ ആല്‍മഹത്യ ചെയ്തു എന്ന് വരുത്തി തീര്‍ക്കുവാന്‍ അധികൃതര്‍ക്ക് സാധ്യമായത് അധികാരത്തിലിരിക്കുന്നവരുടെ പൂര്‍ണ്ണമായ സംരക്ഷണമുള്ളതുകൊണ്ടുമാത്രമാണ്. തുടക്കത്തില്‍ തന്നെ എല്ലാ തെളിവുകളും നശിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ സിബിഐയും ഇന്റര്‍പോളും വന്നാലും തെളിയിക്കുവാന്‍ ബുദ്ധിമുട്ടുമെന്ന് തിരിച്ചറിവുള്ളവരാണ് നിലവില്‍ അധികാരങ്ങളിലിരിക്കുന്നത്.

ലോകത്തിലുള്ള എല്ലാ മനുഷ്യരും ജനിക്കുന്നത് സ്വയം അധ്വാനിച്ചു ജീവിക്കുവാന്‍ മാത്രമാണ്. മറ്റുള്ളവരെ തകര്‍ക്കുവാനും ഇല്ലാതാക്കുവാനും വേണ്ടി മാത്രം ആരും ജന്മമെടുക്കുന്നില്ല. പക്ഷേ ജീവിത സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ മനുഷ്യന്‍ പ്രതിരോധത്തിലാവുകയാണ്. നിലവില്‍ ഭാരതത്തിലെ  മാവോയിസ്റ്റുകളെന്നു വിളിക്കപ്പെടുന്ന ഓരോ വ്യക്തികളുടെയും ജീവിതത്തിലും ധാരാളം കയ്‌പ്പേറിയ അനുഭവങ്ങളുള്ളതായി പലയാവര്‍ത്തി വിവിധ  പാഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട് പക്ഷെ അവര്‍ക്ക് നീതി സാധ്യമാക്കുന്നതിനു പകരം വീണ്ടും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. അധികാരികള്‍ക്കും നേതാക്കന്മാര്‍ക്കും വേണ്ടി മാത്രമുള്ളതല്ല  അഭിമാനമെന്ന മാനസിക വികാരം.

പാവപ്പെട്ടവനും സാധാരണക്കാര്‍ക്കും അവരുടേതായ നിലയില്‍ സ്വാഭിമാനം സംരക്ഷിക്കുവാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിട്ടുണ്ട്.  നിലവിലെ സ്വതന്ത്ര സമൂഹങ്ങളില്‍ നിന്നും  വഴിതെറ്റിപ്പോയവരെ നേര്‍വഴികാട്ടി തിരികെയെത്തിക്കേണ്ട കടമയാണ് ജനകീയ പ്രസ്ഥാനങ്ങള്‍ക്കുള്ളത് പകരം മൃഗങ്ങളെപ്പോലെ വേട്ടയാടുന്ന രീതികള്‍ ഭരണസിരാകേന്ദ്രങ്ങളുടെ വ്യക്തിപരമായ ഗൂഢലക്ഷ്യങ്ങള്‍ മാത്രമാണ്. പാവപ്പെട്ടവന്റെ സ്വതന്ത്രമായി ജീവിക്കുവാനുള്ള അധികാരങ്ങളുടെ മേലുള്ള അനധികൃതമായ കടന്നുകയറ്റം മാത്രം.

1967ല്‍ വെസ്റ്റ് ബംഗാളിലെ നക്‌സല്‍ബാരിയില്‍ നിന്നും ആള്‍ബലവും സ്വാധീനവുമുള്ള വ്യക്തികള്‍ പാവപ്പെട്ട കൃഷിക്കാരുടെ മേല്‍ നടത്തുന്ന  അനീതിക്കും അക്രമത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ തുടങ്ങിയ ജനകീയ മുന്നേറ്റങ്ങള്‍ മാത്രമാണ് നിലവിലുള്ള എല്ലാ മാവോയിസ്റ്റു പ്രവര്‍ത്തനങ്ങളും. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്  നക്‌സല്‍ബാരിയെന്ന ഒരു ചെറിയ ഗ്രാമത്തിലെ  സായുധ പ്രക്ഷോഭം, അധികം താമസിയാതെ തന്നെ  വെസ്റ്റ് ബംഗാളിന്റെ മറ്റു ഭാഗങ്ങളിലേക്കും പിന്നീട് മറ്റു അയല്‍ സംസ്ഥാങ്ങളിലേയ്ക്കും പടര്‍ന്നു പിടിക്കുവാന്‍ തുടങ്ങി.

അന്ന് ബംഗാളും അതോടൊപ്പം ഭാരതവും ഭരിച്ചിരുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഈ കൃഷിക്കാരുടെ  സായുധ പോരാട്ടത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിക്കാതെ അവഗണിച്ചതു കൊണ്ട് മാത്രം വീണ്ടും ജനങ്ങളുടെ ഇടയില്‍  വലിയ സ്വാധീന ശക്തിയായി മാറുകയായിരിന്നു. തെരഞ്ഞെടുക്കപെട്ട ജനപ്രതിനിധികള്‍ സാധാരണക്കാരായ കൃഷിക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെയും  ജീവിതപ്രശ്‌നങ്ങള്‍ കണ്ടെന്നു നടിക്കാതെയും  ജന്മിമാരുടെയും മുതലാളിമാരുടെയും ഒപ്പം ചേര്‍ന്ന് ജനകീയ സംഘര്‍ഷങ്ങളെ അടിച്ചമര്‍ത്തുവാന്‍ തുടങ്ങിയപ്പോള്‍ പാവപ്പെട്ട കൃഷിക്കാര്‍ നാടിന്റെ ശത്രുക്കളായി മാറി.

ആശയവിനിമയങ്ങള്‍ക്ക് വളരെയധികം പരിമിധികളുണ്ടായ കാലങ്ങളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അത്രയും എളുപ്പമായിരുന്നില്ല എന്ന സ്ഥിതിവിശേഷം  അംഗീകരിക്കുന്നു. പക്ഷെ  ഈ ആധുനികയുഗത്തില്‍ ആജന്മ ശത്രുക്കളായിരുന്ന രാജ്യങ്ങള്‍ പോലും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍ രാജ്യത്തിന്റെ നട്ടെല്ലായ കൃഷിക്കാരുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കുന്നത് ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ കഴിവുകേട് ഒന്നുകൊണ്ട്  മാത്രമാണ്.

ചമ്പല്‍ക്കാടുകള്‍ ഒരു കാലത്തു  ഭാരതത്തില്‍  കുപ്രിസിദ്ധമായിരുന്നു മൂന്ന് പ്രബലമായ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ചമ്പല്‍ ആസ്ഥാനമായുള്ള കൊള്ളക്കാര്‍  പേടിസ്വപ്നമായിരിന്നു. എന്നാല്‍ ഫലപ്രദമായ ഇടപെടലുകളിലൂടെയും പല വര്‍ഷങ്ങളിലെ കടിനാധ്വാനത്തിലൂടെയും ഈ മേഖലകളിലെല്ലാം  സമാധാനം പുനര്‍സ്ഥാപിക്കുവാന്‍ സാധിച്ചു അതിനുവേണ്ടി എല്ലാ കൊള്ളക്കാരെയും അവരുടെ കുടുംബങ്ങളെയും പൊലീസിന് കൊന്നൊടുക്കേണ്ടി വന്നില്ല പകരം  ഭാരതത്തിന്റെ രാഷ്ട്രപിതാവ് കാട്ടിത്തന്ന അഹിംസയുടെ മാര്‍ഗം സ്വീകരിച്ചു. ഭൂരിഭാഗം വരുന്ന കൊള്ളക്കാരും ജനകീയ നേതൃത്ത്വത്തിനു മുന്‍പില്‍ ആയുധം വെച്ച് കീഴടങ്ങി. നീതിന്യായ വ്യവസ്ഥിതികളുടെ ഇടപെടലുകളിലൂടെ ചെയ്ത തെറ്റിനുള്ള ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നെങ്കിലും കീഴടങ്ങാന്‍ തയ്യാറായ ഒരാളെപ്പോലും പോലീസ് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുകളും അവരെയെല്ലാവരെയും തന്നെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ചിലര്‍ക്ക് സ്ഥിരമായ വരുമാനമാര്‍ഗം ലഭിക്കുവാനായി സര്‍ക്കാര്‍ ജോലിയും മറ്റു ചിലര്‍ക്ക് കൃഷി ഭൂമിയും സൗജന്യമായി നല്‍കി. ദക്ഷിണേന്ത്യന്‍ സംസ്ഥാങ്ങളിലുള്ള മാവോവാദികള്‍ പാവപ്പെട്ട കൃഷിക്കാര്‍ മാത്രമാണ് അവരും വഴിതെറ്റിപ്പോയിട്ടുണ്ടെങ്കില്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുകളും സ്വീകരിക്കുമ്പോള്‍ മാത്രമാണ് ഭാരതത്തില്‍ ജനാധിപധ്യം വീണ്ടും ശക്തി പ്രാപിക്കുന്നത്.

ആധുനിക ലോകത്തിലെ നാനാതരത്തിലുള്ള സാമൂഹിക മാധ്യമങ്ങളുള്‍പ്പെടുന്ന വിവര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മാത്രമാണ് അബുബക്കര്‍ അല്‍ ബാഗ്ദാദി  തന്റെ ഭീകര സംഘടനയിലേയ്ക്ക് ആള്‍ക്കാരെ ആകര്‍ഷിച്ചിരുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഇറാഖിലേക്കും സിറിയയിലേയ്ക്കും എത്തിച്ചേരുവാന്‍ സാധിക്കാത്ത തീവ്രവാദികളെ അവരോരുത്തരുടേയും മാതൃരാജ്യത്തു ഭീകരപ്രവര്‍ത്തനം നടത്തുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എല്ലാം വെറും മാനുഷിക നിര്‍മ്മിതമായ മതത്തിന്റെ പേരില്‍ മാത്രം. മാനവരാശിയുടെ നിലനില്‍പിനും ലോകത്തിന്റെ വളര്‍ച്ചയ്ക്കും  അബുബക്കര്‍ അല്‍ ബാഗ്ദാദിയെപ്പോലുള്ള ഭീകരരുടെ ഉന്മൂലനം അനിവാര്യം തന്നെയാണ്. അതില്‍ ലോകജനത അഭിമാനിക്കുന്നു

എന്നാല്‍ ഇപ്പോഴും ലഘുലേഖകള്‍ മാത്രം അച്ചടിച്ചു ജാതിമത ഭേദമില്ലാതെ പാവപ്പെട്ട കര്‍ഷകരുടെയും ആദിവാസികളുടെയും മധ്യത്തില്‍ ജീവിച്ചു പ്രവര്‍ത്തിക്കുകയും സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരെ ഉദ്ധരിക്കുവാനും ശ്രമിക്കുന്ന സാമൂഹിക സ്‌നേഹികളെ നക്‌സലെന്നും മാവോവാദികളെന്നും മുദ്രകുത്തി ആരുടെയൊക്കെയോ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ മാത്രം ഉന്മൂലനം ചെയ്യുവാന്‍ ശ്രമിക്കുമ്പോള്‍ ലോകം ലജ്ജിച്ചു മുഖം കുനിക്കുന്നു. അതോടൊപ്പം ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam