അവിശുദ്ധബന്ധവും പ്രണയത്തില്‍ നിന്ന് ജനിക്കുന്നതാകവെ എന്തിനാണ് അതിന്റെ പേരില്‍ ഒരു പാവം യുവതിയെ അറസ്റ്റ് ചെയ്യുന്നത്? ആ കുഞ്ഞിനെ കൊന്നുകളയാന്‍ അനേകം അവസരങ്ങള്‍ ഉണ്ടായിട്ടും കാത്ത് സൂക്ഷിച്ച് വാക്സിനേഷന് വരെ ഉറപ്പാക്കിയ ഒരു പെണ്‍കുട്ടിയെ അപമാനിക്കുന്നത് എന്തിന്റെ പേരില്‍? ഇഷ്ടമുള്ളവര്‍ക്കൊപ്പം ശയിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് വേണോ നിയമം സദാചാര പൊലീസ് കളിക്കുന്നത്...
കോഴിക്കോട് പന്തീരാങ്കാവില്‍ ഒരു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആ യുവതി ചെയ്ത കുറ്റം അവള് ജോലി ചെയ്ത സ്ഥലത്ത് അവള്‍ക്ക് ഇഷ്ടമുള്ള ഒരു ചെറുപ്പക്കാരനുമായി ബന്ധമുണ്ടാകുകയും ആ ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു എന്നത് മാത്രമാണ്. യുവാവും യുവതിയും 21 വയസ് മാത്രമുള്ള, കൗമാരം വിട്ടുമാറാത്ത ചെറുപ്പക്കാരാണ്. ഇരുവരും ഒരുമിച്ച് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു ഫുഡ്കോര്ട്ടില് ജോലി ചെയ്യവേ പരസ്പരം ഇഷ്ടത്തിലാകുകയും ആ ഇഷ്ടത്തിന്റെ ഭാഗമായി ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. അവര്‍ക്ക് വേണമെങ്കില്‍ ആരുമറിയാതെ ആ കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്തി കൊല്ലാമായിരുന്നു. എന്നാല്‍ ആ യുവതി ആ കുഞ്ഞിനോട് സ്നേഹമുള്ളതുകൊണ്ട് അതിനെ ഉദരത്തില്‍ സൂക്ഷിക്കുകയും വീട്ടുകാര്‍ അറിയാതെ ബാംഗ്ലൂരില്‍ പോയി അതിന് ജന്മം നല്‍കുകയും ചെയ്തു.
ബാംഗ്ലൂരില്‍ ആ കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് ആ കുഞ്ഞുമായി കോഴിക്കോടെത്തി ഒരു പള്ളിയുടെ മുമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. പള്ളിയുടെ മുമ്പില്‍ കുഞ്ഞിനെ ഉപേക്ഷിച്ചത് അതിന് ജീവന് ഒന്നും സംഭവിക്കാതിരിക്കാനുള്ള കരുതലോടും വാക്സിനേഷന് അടക്കമുള്ളവ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള കുറിപ്പോടും കൂടിയാണ്. എന്തായാലും കുഞ്ഞിന് സുരക്ഷിതമായി പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും അമ്മയേയും അച്ഛനേയും തേടി കണ്ട് പിടിക്കുകയും ചെയ്തിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, 21 വയസ് തികയാത്ത ആ യുവതിയെ കുട്ടികളോടുള്ള ക്രൂരതയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ആ നിയമം അനുസരിച്ച് ആ പെണ്‍കുട്ടിക്ക് ജാമ്യം പോലും ലഭിക്കുകയില്ല. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം സുരക്ഷിതമായി ഗള്‍ഫിലേക്ക് കടന്ന യുവാവിനെ ലുക്കൗട്ട് നോട്ടീസൊക്കെ പുറപ്പെടുവിച്ച് തിരിച്ച് കൊണ്ടുവരുന്നതിനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഈ വാര്‍ത്ത എന്നെ ഏറെ ഖിന്നനാക്കുന്നുണ്ട്. സ്ത്രീപിഡനമോ കുട്ടികളോടുള്ള പീഡനമോ ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല. രണ്ടുപേര്‍ തമ്മില്‍ ഇഷ്ടത്തിലാകുകയും ആ ഇഷ്ടത്തിന്റെ ഭാഗമായി നിര്‍ഭാഗ്യവശാല്‍ അവര്‍ ആഗ്രഹിക്കാതെ തന്നെ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചത്. ആ കുഞ്ഞിന് ഒന്നും സംഭവിക്കാതിരിക്കാന്‍ അവര്‍ കരുതലെടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ചത് ഒരു ക്രിമിനല്‍ കുറ്റമായി കരുതാതെ കുഞ്ഞിന്റെ കരുതലിന്റെ പേരില്‍ ആ അമ്മ കാട്ടിയ അംഗീകാരമായി കരുതി ആ അമ്മയെ, ആ പെണ്‍കുട്ടിയെ ഉപദ്രവിക്കാതെ വിടേണ്ട ചുമതലയായിരുന്നു പൊലീസിനുള്ളത്.
പേരും ഊരും ഒന്നും പുറത്ത് വന്നിട്ടില്ലെങ്കിലും പൊലീസിന്റെ അന്വേഷണം അടക്കമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ആ പെണ്‍കുട്ടിയെ അറിയാവുന്നവര്‍ക്കൊക്കെ ആരാണ് പ്രതി എന്ന് മനസ്സിലായി കഴിഞ്ഞിരിക്കുന്നു. അതായത്, ഒരു ഇഷ്ടപ്പെട്ട ചെറുപ്പക്കാരനോടൊപ്പം ശയിച്ചപ്പോള്‍ ലഭിച്ച കുഞ്ഞിന്റെ പേരില്‍ ആ പെണ്‍കുട്ടി കഴിഞ്ഞ പത്ത് മാസമായി അനുഭവിച്ച വേദനകളും യാതനകളും കൂടുതല്‍ കലുഷിതമാക്കുന്ന തരത്തില്‍ പൊലീസും സര്‍ക്കാരും ഇടപെടുന്നു എന്നര്‍ത്ഥം. ആ കുഞ്ഞിനെ ഉപദ്രവിക്കുന്നതിനോ അതിന് ജീവന് നഷ്ടപ്പെടുന്നതിനോ ബോധപൂര്വ്വമായതൊന്നും ആ അമ്മ ചെയ്തിട്ടില്ലാത്തതുകൊണ്ട് തന്നെ അമ്മ ആരെന്ന് പോലും അന്വേഷിക്കേണ്ട ബാധ്യത പൊലീസിന് ഉണ്ടായിരുന്നില്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..