ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ ഞാന്‍ തൂങ്ങിച്ചാവും; എട്ടുമാസമായി ജയിലില്‍ കിടക്കുന്ന നീരവ് മോദി യുടെ അവസാന നമ്പര്‍ ഇങ്ങനെ; നാലു മില്യണ്‍ പൗണ്ട് ജാമ്യം വാ ഗ്ദാനം ചെയ്തിട്ടും ജയിലില്‍ത്തന്നെ
പി.എന്‍.ബി. ബാങ്ക് തട്ടിപ്പുകേസില്‍ ലണ്ടനില്‍ ജയിലിലായ രത്നവ്യാപാരി നീരവ് മോദി ഇന്ത്യയിലേക്ക് നാടുകടത്തപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ്. നാടുകടത്തുകയാണെങ്കില്‍ താന്‍ ജീവനൊടുക്കുമെന്ന് നീരവ് ലണ്ടനിലെ കോടതിയില്‍ വ്യക്തമാക്കി. വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ്സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് നീരവിന്റെ ആത്മഹത്യാഭീഷണി. എട്ടുമാസമായി ജയിലില്‍ കഴിയുന്ന നീരവ് അഞ്ചാം തവണയാണ് ജാമ്യത്തിനായി ശ്രമിക്കുന്നത്. എന്നാല്‍, കോടതി ഇക്കുറിയും ജാമ്യം നിഷേധിച്ചു.
പ്ഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് നീരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും ചേര്‍ന്ന് 9,100 കോടി രൂപ പറ്റിച്ചുവെന്നാണ് കേസ്. നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള വിചാരണ അടുത്തവര്‍ഷം മെയ് 11 മുതല്‍ 15വരെ നടക്കും. വാന്‍ഡ്സ്വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവ് മൂന്നുതവണ ആക്രമണത്തിനിരയായെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ഹ്യൂഗോ കെയ്ത്ത് കോടതിയില്‍ ബോധിപ്പിച്ചു. ചൊവ്വാഴ്ചയാണ് ഏറ്റവുമൊടുവില്‍ ആക്രമണമുണ്ടായതെന്നും അഭിഭാഷകന് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്കുശേഷം നീരവ് കഴിയുന്ന തടവറയിലെത്തിയ രണ്ട് തടവുപുള്ളികള്‍ അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് അഭിഭാഷകന് പറഞ്ഞു. തന്റെ സുഹൃത്തുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് നീരവിന് മര്‍ദനമേറ്റത്. നീരവ് വിഷാദരോഗത്തിന് മരുന്നു കഴിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനുള്ള അസഹിഷ്ണുതയാകാം മര്‍ദനത്തിന് പിന്നിലെന്നും അഭിഭാഷകന് പറഞ്ഞു. ശതകോടീശ്വരനായ രത്നവ്യാപാരിയെന്ന് മാധ്യമങ്ങളില്‍ വരുന്നതാണ് നീരവിനെ മര്‍ദിക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ തനിക്ക് നീതിയുക്തമായ വിചാരണപോലും ലഭിക്കുകയില്ലെന്നു പറഞ്ഞ നീരവ്, അതിനുമുമ്പ് താന്‍ ജീവനൊടുക്കുമെന്നും വ്യക്തമാക്കി. നാല് ദശലക്ഷം പൗണ്ടിന്റെ ജാമ്യാപേക്ഷയാണ് അഭിഭാഷകന് മുഖേന നീരവ് മുന്നോട്ടുവെച്ചത്. എന്നാല്‍, ജാമ്യം ലഭിക്കുകയാണെങ്കില്‍ നീരവ് രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് താന്‍ ആശങ്കപ്പെടുന്നതായി വ്യക്തമാക്കിയ ജഡ്ജി എമ്മ ആര്‍ബത്ത്നോട്ട്, ജാമ്യാപേക്ഷ നിരസിച്ചു. സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡിസംബര്‍ നാലിലേക്ക് മാറ്റുകയും ചെയ്തു.
നാല് ദശലക്ഷം പൗണ്ട് ജാമ്യത്തിനുപുറമെ, ഭീകരവാദികളെന്ന് കുറ്റാരോപിതരായവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്ന കര്‍ശന വ്യവസ്ഥകളും പാലിക്കാമെന്ന് നീരവിന്റെ അഭിഭാഷകന് വാഗ്ദാനം ചെയ്തിരുന്നു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താമെന്നും 24 മണിക്കൂറും ക്യാമറ നിരീക്ഷണത്തില്‍ കഴിയാമെന്നും ഫോണ്‍, ഇന്റര്‍നെററ് തുടങ്ങിയവയെല്ലാം നിയന്ത്രിക്കാമെന്നും നീരവിന്റെ അഭിഭാഷകന് വ്യക്തമാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. നീരവിന് വിഷാദരോഗമാണെന്ന തരത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയതിലെ ആശങ്ക വ്യക്തമാക്കുക കൂടി ചെയ്തുകൊണ്ടാണ് ജഡ്ജി ജാമ്യം നിഷേധിച്ചത്.