1 GBP = 94.40 INR                       

BREAKING NEWS

മകന്‍ പാക്കിസ്ഥാനില്‍ എത്തിയപ്പോള്‍ അപ്പന്‍ ഇന്ത്യയിലേക്ക്; അടുത്തയാഴ്ച ചാള്‍സ് ഭാര്യ കാമില ഇല്ലാതെ ഇന്ത്യയില്‍ എത്തുന്നത് രണ്ടു ദിവസത്തേക്ക്; ചടങ്ങില്‍ പിറന്നാള്‍ ആഘോഷവും; രണ്ടു വര്‍ഷം തികഞ്ഞപ്പോഴേക്കും ചാള്‍സ് ഓടിയെത്തുന്നത് വെറുതെയല്ല

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മകനും ഭാര്യയും പാക്കിസ്ഥാനില്‍ നടത്തിയ സന്ദര്‍ശനം ഇന്ത്യക്കു ലേശം ചൊരുക്ക് ഉണ്ടാക്കിയോ എന്ന് ബ്രിട്ടീഷ് രാജകുടുംബം നിശ്ചയമായും കരുതിയിരിക്കണം. അതിനാല്‍ തന്നെ വില്യമും കെയ്റ്റും പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ പകരമായി അപ്പന്‍ ഇന്ത്യയില്‍ എത്തട്ടെ എന്ന് രാജകുടുംബം തീരുമാനിച്ചിരിക്കണം. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധം നല്ല മെയ്വഴക്കത്തോടെ പരിപാലിക്കുന്ന ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പുത്തന്‍ സാമ്പത്തിക ക്രമത്തില്‍ ഇന്ത്യയെ വെറുപ്പിച്ചു ഒരടി മുന്നോട്ടു പോകുന്നത് ആലോചിക്കാനേ വയ്യാത്ത കാര്യമാണ്, അതും ബ്രക്‌സിറ്റ് മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍.

തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയുമായി നില്‍ക്കുന്ന പാക്കിസ്ഥാനും ചൈനയെ വരെ വെല്ലുവിളിച്ചു സാമ്പത്തിക കരുത്തു കാട്ടുന്ന ഇന്ത്യയും ഒരേ നിലയില്‍ കാണുക എന്നത് ബ്രിട്ടന് സാധ്യമല്ല. പ്രത്യേകിച്ചും ദുര്‍ബല സര്‍ക്കാരുകള്‍ അടിക്കടി വന്നു പോകുന്ന ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ചാപല്യങ്ങള്‍ മറികടക്കാന്‍ ഉള്ള രാജകുടുംബത്തിന്റെ നീക്കം കൂടിയായി വേണം ചാള്‍സ് രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനം വിലയിരുത്താന്‍.

ചാള്‍സിന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയമായ പ്രാധാന്യം ഉണ്ടെന്നു ഓര്‍മപ്പെടുത്തുന്നത് അദ്ദേഹം ഒറ്റയ്ക്ക് എത്തുന്നത് കൊണ്ട് കൂടിയാണ്. ഭാര്യയെ കൂട്ടാതെ പിറന്നാള്‍ ദിനം ആയിട്ട് കൂടി ഇന്ത്യയില്‍ എത്താന്‍ ഉള്ള തീരുമാനം സന്ദര്‍ശനം അത്രയും പ്രധാനപ്പെട്ടത് ആണെന്ന സൂചനയാണ് നല്‍കുന്നത്. ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പിറന്നാള്‍ ആഘോഷം നടക്കുമ്പോള്‍ തന്നെ തന്റെ 71-ാമത് പിറന്നാള്‍ ആഘോഷിക്കാന്‍ ഉള്ള അവസരം ചാള്‍സ് തിരഞ്ഞെടുത്തത് ബോധപൂര്‍വമായിരിക്കണം.

രാജ്യാന്തര ബന്ധങ്ങള്‍ വളര്‍ത്തുന്നതില്‍ എല്ലായ്‌പ്പോഴും ഇത്തരം പൊടിക്കൈകള്‍ രാഷ്ട്ര നേതാക്കള്‍ പയറ്റാറുള്ളത് രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തിന്റെ ആഴവും പരപ്പും ലോകത്തെ ബോധ്യപ്പെടുത്താന്‍ കൂടിയാണ്. ആവശ്യത്തിന് മാധ്യമ ശ്രദ്ധ ഇത്തരം കാര്യങ്ങളില്‍ ലഭിക്കുന്നുണ്ട് എന്ന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര വിദഗ്ധര്‍ ഉറപ്പാക്കുകയും ചെയ്യും.

ഇതോടെ വില്യമിന്റെയും കെയ്റ്റിന്റെയും പാക് സന്ദര്‍ശനം ഏതെങ്കിലും വിധത്തില്‍ ഇന്ത്യക്കു നീരസം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ന്യൂട്രലൈസ് ചെയ്യാന്‍ ചാള്‍സിന്റെ പിറന്നാള്‍ ദിനത്തിലെ  വരവ് കാരണമായി മാറും എന്നാണ് ബ്രിട്ടന്റെ ചിന്ത. ഏഴു വര്‍ഷം മുന്‍പ് മറ്റൊരു ഇന്ത്യ സന്ദര്‍ശനത്തിലാണ് അദ്ദേഹം 65 പിറന്നാല്‍ ആഘോഷിച്ചത്. അന്നാകട്ടെ അദ്ദേഹം കേരളത്തിലാണ് ചെലവിട്ടത് എന്നത് മറ്റൊരു പ്രത്യേകതയാണ്.

ചാള്‍സിന്റെ വരവിനു ശേഷം കോവളം ബീച്ച് തേടി ബ്രിട്ടീഷ് സഞ്ചാരികള്‍ കൂടുതലായി എത്തിയത് സംസ്ഥാനത്തെ ടൂറിസം വരുമാനത്തിന് സഹായകമാകുകയും ചെയ്തു. അടുത്ത കാലത്തായി ശരത് കാല സന്ദര്‍ശന പരിപാടികളില്‍ ഏഷ്യയിലേക്കുള്ള യാത്രകളില്‍ ഇന്ത്യ അദ്ദേഹത്തിന്റെ സ്ഥിരം സന്ദര്‍ശക രാഷ്ട്രമായി മാറുന്നുമുണ്ട്. വില്യമും കെയ്റ്റും പാക് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ചാള്‍സിന്റെ ഇന്ത്യ സന്ദര്‍ശനം സംബന്ധിച്ച അറിയിപ്പ് ക്ലാരന്‍സ് ഹൗസ് പുറത്തു വിട്ടതും  കൗതുകകരമാണ്.

ഏഴു വര്‍ഷം മുന്‍പ് ഭാര്യ കാമിലയും ഒത്തു നടത്തിയ സന്ദര്‍ശനത്തില്‍  നാലു ദിവസത്തോളം അദ്ദേഹം കേരളത്തില്‍ ആയിരുന്നു. അന്നത്തെ പിറന്നാള്‍ ആഘോഷവും കേരളത്തില്‍ തന്നെ ആയതു പുട്ടിനു പീര എന്ന കണക്കെ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ഒക്കെയും ബ്രിട്ടീഷ് മാധ്യമങ്ങള്‍ മുഴുവന്‍ ചാള്‍സിന്റെയും കാമിലയുടെയും സന്ദര്‍ശന റിപ്പോര്‍ട്ട് നിറയ്ക്കുക ആയിരുന്നു.

പ്രധാന പത്രങ്ങള്‍ ടൈംസും ടെലെഗ്രഫും അടക്കം മിക്കവയും ഒന്നാം പേജില്‍ തന്നെ മനോഹരമായ ചിത്രങ്ങള്‍ സഹിതം എല്ലാ ദിവസവും കേരളത്തെ ഒന്നാം പേജില്‍ തന്നെ നിറച്ചതും കേരളത്തില്‍ ബ്രിട്ടീഷ് സഞ്ചാരികള്‍ കുത്തി ഒഴുകാന്‍ കാരണമായിരുന്നു. അന്ന് ചാള്‍സിന്റെ സന്ദര്‍ശന വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ മട്ടാഞ്ചേരിയിലെ കട സന്ദര്‍ശനത്തിനിടയില്‍ പിറന്നാള ആഘോഷ ഭാഗമായി 65 തിരിയിട്ട നിലവിളക്ക് കത്തിക്കുന്നതിനിടെ ഒരു തിരിയില്‍ ചാള്‍സിന്റെ കോട്ട് സ്പര്‍ശിച്ചതുവരെ വമ്പന്‍ തലക്കെട്ട് നിരത്തിയാണ് ടൈംസ് പോലുള്ള പത്രങ്ങള്‍ ആഘോഷിച്ചത്.

ബ്രിട്ടനില്‍ നിന്നും ചാള്‍സ് കൂടെ കൊണ്ട് പോയ സുരക്ഷ ഉദ്യോഗസ്ഥന്‍ തക്ക സമയത്ത് ഇടപെട്ടത് കൊണ്ടാണ് ചാള്‍സ് പോള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത് എന്നും പത്രം എഴുതിയിരുന്നു. തീ കൊണ്ടുള്ള കളി വേണ്ടെന്നു കാമില സൂചനയിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നതൊക്കെ പത്രങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ കേരളം ഒരു അത്ഭുതമായി നിറയുകയായിരുന്നു ബ്രിട്ടനില്‍.

ഏറ്റവും ഒടുവില്‍ രണ്ടു വര്‍ഷം മുന്‍പ് നവംബറില്‍ തന്നെയാണ് ചാള്‍സ് ഇന്ത്യ സന്ദര്‍ശനം നടത്തിയത്. ഈ മാസം 13, 14 തീയതികളില്‍ ആണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി വ്യാപാര ബന്ധങ്ങള്‍, കാലാവസ്ഥ, സാമൂഹ്യ വികസനം എന്നീ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചു ചര്‍ച്ചകള്‍ ഉണ്ടാകും. ആരോഗ്യ സ്ഥിതി പരിഗണിച്ചു ബ്രിട്ടീഷ് രാജ്ഞി വിദേശ യാത്രകള്‍ ഏറെക്കാലമായി ഒഴിവാക്കിയ സാഹചര്യത്തില്‍ ആ റോള്‍ ഏറ്റെടുത്തിരിക്കുന്നത് കിരീട അവകാശി കൂടിയായ ചാള്‍സ് രാജകുമാരന്‍ ആണ്.

ഇന്ത്യയില്‍ നിന്നും ചാള്‍സ് നേരെ എത്തുക ന്യൂസിലന്റിലേക്കാണ്. അവിടെ വച്ചാകും അദ്ദേഹം പത്‌നി കാമിലയുമായി കൂട്ടിമുട്ടുക. അഞ്ചു നാളത്തെ ന്യൂസിലാന്റ് സന്ദര്‍ശനം കൂടുതല്‍ വ്യക്തിപരമായിരിക്കും എന്ന സൂചനയാണ് കാമിലയുടെ സാന്നിധ്യം നല്‍കുന്നത്. ഇന്ത്യ സന്ദര്‍ശനം പൂര്‍ണമായും ഔദ്യോഗികം ആയിരിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസ് ശ്രദ്ധ നല്‍കുകയാണ് എന്നത് സന്ദര്‍ശക പരിപാടിയുടെ വിശദംശങ്ങള്‍ തന്നെ സൂചന നല്‍കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category