1 GBP = 92.70 INR                       

BREAKING NEWS

ഒരു വര്‍ഷം മുമ്പു കൂട്ടു വന്ന മരണം ഇത്തവണയെത്തിയത് ഫാ. വിത്സണ്‍ ഉറങ്ങുമ്പോള്‍; കേരളത്തില്‍ വിവരമെത്തിയത് സോഷ്യല്‍ മീഡിയ വഴി; ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ വിത്സണ്‍ മടങ്ങിയത് 15 സഹോദരങ്ങളെ തനിച്ചാക്കി; വിടവാങ്ങിയത് കെ റ്ററിംഗ് കാത്തലിക് മിഷന്‍ സജീവമാക്കാന്‍ പ്രവര്‍ത്തിച്ച അച്ചന്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒരു വര്‍ഷം മുന്‍പ് മരണത്തിന്റെ തണുത്ത കരങ്ങള്‍ ഫാ. വിത്സണ്‍ കൊറ്റത്തിലിനെ ഒന്ന് തലോടാന്‍ എത്തിയതാണ്. അന്ന് ഭാഗ്യം പക്ഷെ അദ്ദേഹത്തിന് ഒപ്പം നിന്നു. ഗുരുതരമായ ഉദര രോഗം ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചപ്പോള്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ ഉള്ള നൂല്‍പ്പാലത്തിലൂടെ ആഴ്ചകള്‍ അദ്ദേഹം രോഗക്കിടക്കയില്‍ കഴിഞ്ഞ ശേഷമാണു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.

സാവധാനം ആരോഗ്യ നില വീണ്ടെടുത്ത ഫാ. വിത്സണ്‍ ബ്രിട്ടീഷ് സമൂഹത്തിനൊപ്പം മലയാളികള്‍ക്ക് വേണ്ടിയും കേറ്ററിങ്ങില്‍ ആധ്യാത്മിക സേവനം നടത്തി വരവേ യാതൊരു സൂചനയും നല്‍കാതെ മരണം പതുങ്ങിയെത്തി അദ്ദേഹത്തെ തട്ടിയെടുക്കുക ആയിരുന്നു. കഴിഞ്ഞ ദിവസവും അദ്ദേഹത്തെ കെറ്ററിംഗ് ടൗണില്‍ വച്ച് കണ്ടവര്‍ കുശാലാന്വേഷണം നടത്തുമ്പോഴും യാതൊരു അവശതയും പ്രകടമായിരുന്നില്ല. രോഗം പൂര്‍ണമായും ഭേദമായെന്നു കരുതിയ അവസരത്തില്‍ ഉറക്കത്തില്‍ എത്തിയ മരണത്തെ തടഞ്ഞു നിര്‍ത്താന്‍ ഇത്തവണ ഭാഗ്യം അദ്ദേഹത്തിന് ഒപ്പം ഉണ്ടായില്ല എന്നതാണ് സത്യം. 

ഇന്നലെ രാവിലെ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനു ഒരുക്കം നടക്കവെയാണ് അച്ചന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് പള്ളി സഹായികള്‍ താമസ സ്ഥലത്ത് എത്തിയപ്പോള്‍ ചലനമറ്റ നിലയില്‍ കിടക്കുന്ന വൈദികനെയാണ് കണ്ടെത്തിയത്. പാരാ മെഡിക്കല്‍ ടീം എത്തി മരണം സ്ഥിരീകരിച്ചതോടെ പോലീസ് എത്തി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുക ആയിരുന്നു. അസ്വാഭാവിക മരണം എന്ന നിലയില്‍ പോലീസ് കേസെടുത്തിരിക്കുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും മൃതദേഹം വിട്ടു നല്‍കുക.


നോര്‍ത്താംപ്ടണ്‍ രൂപതയുടെ കീഴില്‍ വൈദിക സേവനത്തിനെത്തിയ ഫാ. വിത്സണ്‍ കെറ്ററിംഗ് ആസ്ഥാനമായാണ് പ്രവര്‍ത്തിച്ചിരുന്നത്. മലയാളി സമൂഹത്തിന്റെ ആധ്യാല്മിക പ്രവര്‍ത്തനങ്ങളില്‍ സദാ അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെട്ടിരുന്നതായി ഇടവക അംഗങ്ങള്‍ ഓര്‍മ്മിക്കുന്നു. രണ്ടര വര്‍ഷം മുന്‍പ് സ്‌കോട്‌ലന്റില്‍ ഫാ. മാര്‍ട്ടിന്‍ വാഴേച്ചിറയും അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം യുകെ മലയാളികളെ തേടിയെത്തുന്ന രണ്ടാമത്തെ വൈദികന്റെ മരണമാണ് കെറ്ററിങ്ങിലേത്. 

ഇക്കാരണത്താല്‍ തന്നെ കഴിഞ്ഞ രണ്ടാഴ്ചയായി യുകെ മലയാളികള്‍ കേള്‍ക്കുന്ന തുടര്‍ മരണ പരമ്പരയില്‍ ഒന്ന് കൂടി എന്ന നിലയില്‍ ഏറെ ഞടുക്കത്തോടെയാണ് 51 വയസ് മാത്രം പ്രായമുള്ള ഫാ വിത്സന്റെ മരണവും സാധാരണക്കാര്‍ ശ്രവിച്ചത്. ഒരാഴ്ച മരണ വാര്‍ത്തകള്‍ മാറി നിന്ന ശേഷമാണു മൂന്നാഴ്ചയായി തുടരുന്ന മരണങ്ങളില്‍ എട്ടാമത്തേതായി ഫാ വിത്സണ്‍ ഇന്നലെ മാറിയിരിക്കുന്നത്. പക്ഷെ ദീര്‍ഘകാലമായി രോഗത്തിന്റെ പിടിയിലായിരുന്നു വൈദികന്‍ എന്ന വിവരം പുറത്തു വന്നതോടെ മരണത്തിലെ ദുരൂഹത ഏറെക്കുറെ ഒഴിവാകുകയാണ്. എന്നാല്‍ പോലീസ് നടപടികള്‍ ഒഴിവാക്കാന്‍ സാധിക്കാത്തതിനാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ സ്വാഭാവികമായ കാലതാമസവും ഉണ്ടാകും. 

അതിനിടെ ഫാ. വിത്സന്റെ മരണ വിവരം നൊടിയിടയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് കേരളത്തിലെ ബന്ധുക്കള്‍ക്കും ആഘാതമായി. കൃത്യമായ വിവരം നല്‍കാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കു സാധിക്കാത്തതിനാല്‍ ബന്ധുക്കളില്‍ പലരും ഉടനെ അന്വേഷണമായി. വൈദികന്റെ ഓസ്ട്രേലിയയിലും യൂറോപ്പിലുമുള്ള ബന്ധുക്കളും തുടര്‍ന്ന് യുകെ മലയാളികളെ ബന്ധപ്പെടുക ആയിരുന്നു. അദ്ദേഹത്തിന്റെ സൗത്താംപ്ടണില്‍ ഉള്ള ബന്ധുവും അല്‍പം വൈകിയാണ് വിവരം അറിഞ്ഞത്.

കോട്ടയം അയര്‍ക്കുന്നം ആറുമാനൂര്‍ കൊറ്റത്തില്‍ കുടുംബത്തിലെ പതിനാറു മക്കളില്‍ ഒരാളാണ് ഫാ വിത്സണ്‍. സഹോദരങ്ങള്‍ എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്നാണ് നാട്ടിലെ ബന്ധുക്കള്‍ അറിയിക്കുന്നത്. അതിനാല്‍ സംസ്‌കാരം നാട്ടില്‍ തന്നെ നടത്താന്‍ ഉള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായ അസുഖം ശമനം കണ്ടതോടെ ഏതാനും മാസം മുന്‍പ് അദ്ദേഹം നാട്ടില്‍ എത്തി മാസങ്ങളോളം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ സന്ദര്‍ശിച്ചു അടുത്തിടെയാണ് തിരികെ യുകെയില്‍ എത്തിയത്.

ചങ്ങനാശേരി രൂപത നടത്തുന്ന ജേണലിസം കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയി സേവനം ചെയ്തിരുന്ന ഫാ. വില്‍സണ്‌ന് വൈദികര്‍ക്കിടയില്‍ മികച്ച ബന്ധങ്ങള്‍ ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി ഇദ്ദേഹം യുകെയില്‍ വൈദികനായി സേവനം ചെയ്യുകയാണ്.

മരണം അറിഞ്ഞു ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ അടക്കം ഉള്ളവര്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇന്നലെ വൈകുന്നേരം  നോര്‍ത്താംപ്ടണ്‍, കേറ്ററിംഗ്, കോര്‍ബി, മറ്റു സമീപപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി നിരവധിപേര്‍ അദ്ദേഹം സേവനം ചെയ്യുകയായിരുന്ന സെന്റ് എഡ്വേര്‍ഡ് ദൈവാലയത്തില്‍ ഒത്തുചേര്‍ന്നു. 4. 30നു നടന്ന വി. കുര്‍ബാനയ്ക്കും ഒപ്പീസു പ്രാര്‍ത്ഥനയ്ക്കും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. വികാരി ജനറാള്‍മാരായ ഫാ. ജോര്‍ജ്ജ് ചേലക്കലും ഫാ. ജിനോ അരീക്കാട്ടും ചാന്‍സിലര്‍ ഫാ. മാത്യു പിണക്കാട്ടും സെക്രട്ടറി ഫാ. ഫാന്‍സുവ പത്തിലും എംഎസ്എഫ്എസ് സഭാംഗങ്ങളായ വൈദികരും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മറ്റു നിരവധി വൈദികരും വിശ്വാസസമൂഹവും പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു.

നേരത്തെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാ. വില്‍ണിന്‍െ ഭൗതികശരീരം സൂക്ഷിച്ചിരുന്ന കെറ്ററിംഗ് ജെനെറല്‍ ആശുപത്രിയിലെത്തി ഒപ്പീസുപ്രാര്‍ത്ഥന നടത്തി. ഇന്നലെ മൂന്നു മണി മുതല്‍ നാല് മണി വരെ പൊതുദര്‍ശനത്തിന് ഹോസ്പിറ്റലില്‍ സൗകര്യമൊരുക്കിയിരുന്നു. തുടര്‍നടപടികള്‍ക്കായി കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം, നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കുമെന്ന്, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാനായി എംഎസ്എഫ്എസ് സന്യാസസഭ നിയമിച്ചിരിക്കുന്ന ഫാ. ബെന്നി വലിയവീട്ടില്‍ എംഎസ്എഫ്എസ്  അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയെങ്കിലും കാലതാമസം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആഴമേറിയ പാണ്ഡിത്യവും ജീവിതവിശുദ്ധിയും കൊണ്ടും ഇടവക ജനങ്ങള്‍ക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നെന്ന് വിശ്വാസികള്‍ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലും ഫാ. വില്‍സണിനുവേണ്ടി അനുസ്മരണപ്രാര്‍ത്ഥന നടത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട് അഭ്യര്‍ത്ഥിച്ചു. ഫാ. വില്‍സണ്‍ കൊറ്റത്തിലിന്റെ ആകസ്മിക വേര്‍പാടില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങളെയും വിശ്വാസി സമൂഹത്തെയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category