1 GBP = 92.20 INR                       

BREAKING NEWS

രണ്ടാഴ്ചയ്ക്കകം വിസ ഉറപ്പ്; വിസ ഫീസ് പാതിയായി വെട്ടിക്കുറയ്ക്കും; നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി പ്രത്യേക എന്‍എച്ച്എസ് വിസ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി

Britishmalayali
kz´wteJI³

എന്‍എച്ച്എസിലെ ജീവനക്കാരുടെ ദൗര്‍ലഭ്യം കുറയ്ക്കുന്നതിനായി പുതിയ വിസ നടപടിക്രമം പ്രഖ്യാപിച്ച് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍. എന്‍എച്ച്എസ് വിസ എന്ന് പേരിട്ടിട്ടുള്ള വിസ അപേക്ഷിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ലഭിക്കുന്ന രീതിയില്‍ ഫാസ്റ്റ് ട്രാക്കായാണ് അവതരിപ്പിക്കുന്നത്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായാണ് എന്‍എച്ച്എസ് വിസ നല്‍കുന്നത്. അപേക്ഷാ ഫീസ് പകുതിയായി കുറയ്ക്കുമെന്നും ഹോം സെക്രട്ടറി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ മാതൃകയില്‍ ബോണസ് പോയന്റ് അടിസ്ഥാനപ്പെടുത്തി വിസ നല്‍കുന്ന രീതി കൊണ്ടുവരികയെന്നതാണ് ടോറികളുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് എന്‍എച്ച്എസ് വിസ അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തിന് ഏറ്റവും അത്യാവശ്യമുള്ള പ്രൊഫഷണലുകളെ കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെ അവതരിപ്പിക്കുന്ന വിസ സമ്പ്രദായം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രഖ്യാപിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

നിയന്ത്രിത കുടിയേറ്റമെന്ന നയത്തിന്റെ ഭാഗമായാണ് എന്‍എച്ച്എസ് വിസ പ്രഖ്യാപിച്ചതെന്ന് പ്രീതി പട്ടേല്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ നയമായ അനിയന്ത്രിതവും പരിധിയില്ലാത്തതുമായ കുടിയേറ്റം ബ്രിട്ടനിലെ സ്‌കൂളുകളെയും ആശുപത്രികളെയും തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു. 'ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വ്യക്തമായൊരു ചിത്രം മുന്നിലുണ്ട്. ലേബര്‍ പാര്‍ട്ടിക്കാണ് വോട്ടുചെയ്യുന്നതെങ്കില്‍ ബ്രെക്‌സിറ്റ് താമസിപ്പിക്കുന്നതിനും പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനും മറ്റൊരു ഹിതപരിശോധനയ്ക്കുമൊക്കെ കളമാരുക്കാം. കുടിയേറ്റത്തിലൂടെ നാട് തകരുന്നതിന് സാക്ഷിയാകാം'-ഹോം സെക്രട്ടറി ചൂണ്ടിക്കാട്ടി.

അതേസമയം ബോറിസ് ജോണ്‍സണിനാണ് വോട്ടുചെയ്യുന്നതെങ്കില്‍, ബ്രെക്‌സിറ്റ് നടപ്പാകുന്നതിനും കുടിയേറ്റം നിയന്ത്രിക്കുന്നതിനും വഴിയൊരുക്കാം. ഓസ്‌ട്രേലിയയിലേതുപോലെ പോയന്റ് അടിസ്ഥാനപ്പെടുത്തിയുള്ള വിസ സമ്പ്രദായം നടപ്പിലാകുകയും എന്‍എച്ച്എസിനും സ്‌കൂളുകള്‍ക്കും പോലീസിനും പ്രയോജനപ്രദമായ രീതിയില്‍ കുടിയേറ്റത്തെ തിരിച്ചുവിടുകയും ചെയ്യുന്ന സര്‍ക്കാരിനെ തിരഞ്ഞെടുക്കാമെന്നും എന്‍എച്ച്എസ് വിസ പ്രഖ്യാപിച്ചുകൊണ്ട് പ്രീതി പട്ടേല്‍ പറഞ്ഞു.

ഒരുലക്ഷത്തോളം ഒഴിവുകള്‍ എന്‍എച്ച്എസിലുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. പതിനായിരത്തോളം ഡോക്ടര്‍മാരുടെയും 43,000 നഴ്‌സുമാരുടെയും ഒഴിവുകള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. കുടിയേറ്റ നിയന്ത്രണവും ബ്രക്‌സിറ്റ് സംബന്ധിച്ച ആശയക്കുഴപ്പങ്ങളും ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടപടികളെയാകെ തകിടം മറിച്ചിരിക്കുകയാണ്. ജീവനക്കാരില്ലാത്തത് പല എന്‍എച്ച്എസ് ട്രസ്റ്റുകളുടെയും പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. ജോലിഭാരമേറിയത് നഴ്‌സിങ് മേഖലയില്‍നിന്നടക്കം കൊഴിഞ്ഞുപോക്കിനും ഇടയാക്കുന്നുണ്ട്.

ശസ്ത്രക്രിയകളടക്കം ഒഴിവാക്കി പ്രതിസന്ധി മറികടക്കാനാണ് പല ആശുപത്രികളും ശ്രമിക്കുന്നത്. ചില ട്രസ്റ്റുകള്‍ ഡോക്ടര്‍മാര്‍ക്ക് അധികമായി പണം നല്‍കി അവരെ കൂടെനിര്‍ത്താന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഒരു ഷിഫ്റ്റിന് 3500 പൗണ്ടുവരെ വാഗ്ദാനം ചെയ്താണ് ചില ആശുപത്രികള്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതെന്ന റിപ്പോര്‍ട്ട് കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. ഇത് മേഖലയില്‍ അനാരോഗ്യകരമായ മത്സരത്തിനിടയാക്കുന്നുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തിനാവശ്യമുള്ള പ്രൊഫഷണലുകളുടെ കടന്നുവരവ് ഉറപ്പാക്കുകയും അതോടൊപ്പംതന്നെ കുടിയേറ്റം നിയന്ത്രിതമായി നിലനിര്‍ത്തുകയും ചെയ്യുന്ന രീതിയാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രീതി പട്ടേല്‍ പറഞ്ഞു. എന്‍എച്ച്എസിന്റെ സേവനം എല്ലാവര്‍ക്കും മുടക്കം കൂടാതെ ലഭ്യമാക്കുകയാണ് ലക്ഷ്യം. പുതിയ വിസ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാകും ടോറി പ്രകടനപത്രിക പുറത്തിറങ്ങുക. ജനങ്ങളെ ബാധിക്കുന്ന ഏറ്റവും കാതലായ പ്രശ്‌നങ്ങളിലൊന്നെന്ന നിലയ്ക്ക് ഈ വാഗ്ദാനത്തിന് വോട്ടുനേടാനാകുമെന്ന് ടോറി ബുദ്ധികേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category