രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികവില്‍ 154 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ 3 മത്സര പരമ്പര 1-1 സമനിലയിലായി. അവസാന മത്സരം ഞായറാഴ്ച നാഗ്പുരില്‍ നടക്കും. 43 പന്തില്‍ 85 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് കളിയിലെ താരം.
100ാം രാജ്യാന്തര ട്വന്റി 20 മത്സരത്തില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. 43 പന്തില്‍ ആറു വീത് സിക്സും ബൗണ്ടറികളും നേടിയ രോഹിത് 85 റണ്‍സെടുത്ത് പുറത്തായി. വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്. രോഹിത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്. 31 റണ്‍സെടുത്ത ശിഖര്‍ ധവാനെ ആമിനുള്‍ ഇസ്ലാം പുറത്താക്കി. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ധവാന് സഖ്യം 118 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രേയസ് അയ്യരും (24), കെ.എല്‍ രാഹുലും (8) പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്ത ലിറ്റണ്‍ ദാസ് - മുഹമ്മദ് നയീം സഖ്യം ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നല്‍കിയത്. 21 പന്തില്‍ നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ലിറ്റണ്‍ ദാസിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കി. നേരത്തെ യൂസ്വേന്ദ്ര ചാഹല്‍ എറിഞ്ഞ ആറാം ഓവറില്‍ ഋഷഭ് പന്ത് ദാസിനെ സ്റ്റമ്പു ചെയ്തെങ്കിലും സ്റ്റമ്പിനു മുന്നില്‍ കയറി പന്തു പിടിച്ചെന്ന കാരണത്താല്‍ വിക്കറ്റ് അനുവദിച്ചില്ല. ദാസ് നല്കിയ ഒരു ക്യാച്ച് ക്യാപ്റ്റന്‍ രോഹിത്തും നഷ്ടപ്പെടുത്തിയിരുന്നു.
36 റണ്‍സെടുത്ത നയീമിനെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു. കഴിഞ്ഞ മത്സരത്തിലെ വിജയശില്പി മുഷ്ഫിഖുര്‍ റഹീമിനെയും (4) മികച്ച രീതിയില്‍ ബാറ്റു ചെയ്ത സൗമ്യ സര്‍ക്കാരിനെയും (30) ചാഹല്‍ പുറത്താക്കി. ക്യാപ്റ്റന്‍ മഹ്മദുള്ള (30), അഫീഫ് ഹുസൈന് (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ് രണ്ടാം മത്സരത്തിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ധാരാളിയായിരുന്നു. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മയുടെ 100-ാം രാജ്യാന്തര ട്വന്റി 20 മത്സരമാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രോഹിത്.
ആറാം ഓവറില്‍ ചെഹല്‍ എറിഞ്ഞ ഓവറിന്റെ മൂന്നാം പന്തില്‍ ദാസിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം അമിതാവേശത്തില്‍ കീപ്പര്‍ ഋഷഭ് പന്ത് പാഴാക്കി. ക്രീസ് വിട്ടിറങ്ങിയ ദാസിനെ സ്റ്റംപ് ചെയ്തെങ്കിലും പന്തു പിടിച്ചപ്പോള്‍ കീപ്പറുടെ കൈകള്‍ സ്റ്റംപിനു മുന്നിലായതോടെ നോബോള്‍. ഡല്‍ഹി ട്വന്റിയില്‍ അനവസരത്തില്‍ ഡിആര്‍എസ് വിളിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രേരിപ്പിച്ചും ശിഖര്‍ ധവാന്റെ റണ്ണൗട്ടിനു ഹേതുവായും പന്തായിരുന്നു. വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം പോലും മറന്ന് ഉറപ്പുള്ള സ്റ്റംപിങ് അവസരം കളഞ്ഞുകുളിച്ച് വീണ്ടും വിവാദത്തിലാകുകയാണ്. ഇതോടെ ട്വന്റി20 ലോകകപ്പിനു മുന്നോടിയായി മഹേന്ദ്രസിങ് ധോണിയെ വിക്കറ്റ് കീപ്പറായി തിരിച്ചുകൊണ്ടുവരണമെന്ന പ്രചാരണം ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ശക്തമായി. ധോണിയില്ലെങ്കില്‍ ദിനേഷ് കാര്‍ത്തിക്കായാലും മതിയെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
അപ്പോഴും ആരും മലയാളിയായ സഞ്ജു വി സാംസണു വേണ്ടി വാദിക്കുന്നില്ല. ഇന്നലേയും ഡ്രസിങ് റൂമില്‍ ഇരിക്കാനായിരുന്നു സഞ്ജുവിന്റെ നിയോഗം. പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിക്കുമോ എന്നതാണ് ഇനി ശ്രദ്ധേയം. മൂന്നാം നമ്പറില്‍ കെ എല്‍ രാഹുല്‍ തുടരാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഋഷഭ് പന്തിനെ മാറ്റി സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കാം. എന്നാല്‍ ഈ പരീക്ഷണം വിജയിച്ചാല്‍ സഞ്ജു സ്ഥിരം ടീം അംഗമാകും. ഇതിനോട് പലര്‍ക്കും താല്‍പ്പര്യമില്ല. കേരളത്തില്‍ നിന്നുള്ള താരമായതാണ് സഞ്ജുവിന് വിനയെന്നാണ് സൂചന. ഉത്തരേന്ത്യന്‍ ലോബിയുടെ ഇടപെടല്‍ മൂലം ഋഷഭ് പന്ത് വീണ്ടും കളിക്കാനാണ് സാധ്യത.
വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഋഷഭ് പന്തിന്റെ മികവിനെ സംശയിക്കുന്നവര്‍ക്ക് കൂടുതല്‍ ശക്തിയോടെ അടിക്കാന്‍ വടി നല്‍കുന്നതാണ് രാജ്കോട്ട് ട്വന്റി20യില്‍ വരുത്തിയ ചില പിഴവുകള്‍. യുസ്വേന്ദ്ര ചെഹലെറിഞ്ഞ ആറാം ഓവറില്‍ വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം മറന്നുപോയതു തന്നെ അതില്‍ പ്രധാനം. ഇത്തരത്തിലൊരു പിഴവ് വരുത്തുന്ന താരത്തെ ഇത്രയേറെ പിന്തുണയ്ക്കുന്നവര്‍ സഞ്ജുവിനെ നോക്കുന്നു പോലുമില്ലെന്നതാണ് വസ്തുത.
ക്രുനാല്‍ പാണ്ഡ്യ എറിഞ്ഞ 12-ാം ഓവറിനിടെ പന്ത് കാണാതെ വട്ടം കറങ്ങുന്ന വിക്കറ്റ് കീപ്പര്‍ പന്ത്! 12-ാം ഓവറിലെ നാലാം പന്ത് മുഷ്ഫിഖുര്‍ റഹിം സ്വീപ് ചെയ്യാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് വിക്കറ്റ് കീപ്പര്‍ പന്ത് ബോളിനായി വട്ടം കറങ്ങിയത്. ബോളാകട്ടെ റഹിമിന്റെ കയ്യിലും ഹെല്‍മറ്റിലും തട്ടി തൊട്ടുമുന്നിലാണു വീണത്. ബോള്‍ പിച്ചില്‍ കിടക്കെ പന്തിനായി വട്ടം കറങ്ങുന്ന പന്തിന്റെ വിഡിയോയും ട്വിറ്ററില്‍ വൈറലാണ്.