വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാന്‍ പണം നല്‍കിയത് അവിഹിതം ശക്തമാക്കാന്‍; 12 വര്‍ഷം മുമ്പത്തെ പ്രണയ വിവാഹത്തില്‍ അസ്വസ്ഥത പടര്‍ത്തിയതും മാനേജര്‍; റിജോഷിനെ കാണാനില്ലെന്ന പരാതിയില്‍ ഭാര്യ നല്‍കിയത് കോഴിക്കോട്ട് നിന്ന് ഫോണില്‍ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തന്‍പാറ മഷ്റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെണ്‍നായ
രാജകുമാരി: ഒരാഴ്ച മുന്‍പ് കാണാതായ ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ വീട്ടില്‍ റിജോഷ്(31)ന്റെ മൃതദേഹം സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുമ്പോള്‍ അത് പൊലീസിന്റെ അന്വേഷണ മികവിന് മറ്റൊരു തെളിവാകുന്നു. ആദ്യ ശ്രമത്തില്‍ തന്നെ റിജോഷിന്റെ മൃതദേഹം കുഴിച്ചു മൂടിയ സ്ഥലം തിരിച്ചറിഞ്ഞ് ഇടുക്കി ഡോഗ് സ്ക്വാഡിലെ ജെനി എന്ന പെണ് നായയാണ് റിജോഷിന്റെ മരണം സ്ഥിരീകരിച്ചത്. റിജോഷിന്റെ മൃതദേഹം ഫാം ഹൗസിന്റെ കൃഷിയിടത്തില്‍ കുഴിച്ചിട്ടിട്ടുണ്ട് എന്ന സൂചന ലഭിച്ചതോടെ ശാസ്ത്രീയ പരിശോധന നടത്താന്‍ ഇടുക്കി ഡോഗ് സ്ക്വാഡിലെ ജെനി എന്ന നായയെ സ്ഥലത്ത് എത്തിച്ചിരുന്നു.
10 മണിയോടെ ഫാം ഹൗസില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ഉള്ള റിജോഷിന്റെ വീട്ടില്‍ ജെനിയെ എത്തിച്ചു തെളിവെടുത്തു. റിജോഷിന്റെ വസ്ത്രത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞ ജെനി നേരെ പോയത് ഫാം ഹൗസിലേക്ക്. അവിടെ നിന്ന് 100 മീറ്റര്‍ അകലെ ജലസംഭരണിയുടെ സമീപം റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ടിരുന്ന സ്ഥലത്ത് ജെനി പല തവണ വലം വച്ച് മണം പിടിച്ചതോടെ ഉദ്യോഗസ്ഥരും സ്ഥലം ഇതാണ് എന്ന് ഉറപ്പിച്ചു. തുടര്‍ന്ന് ഇവിടെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കി. കിറുകൃത്യമായിരുന്നു ജെനിയുടെ കണ്ടെത്തല്‍. റിജോഷിന്റെ മരണം സ്ഥിരീകരിച്ചതോടെ ആ ഗ്രാമം മുഴുവന്‍ കണ്ണീര് കടലായി. റിജോഷിന്റെ മരണത്തോടെ അനാഥരായ 10 വയസ്സുള്ള ജോയലും എട്ടു വയസ്സുള്ള ജോഫിറ്റയും നാടിന്റെ ദുഃഖമായി. റിജോഷിന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഭാര്യ ലിജിയും കാമുകനുമാണ്. ഇളയ മകള്‍ രണ്ട് വയസ്സ് ഉള്ള ജൊവാനയെയും കൊണ്ടാണ് ലിജിയും കാമുകന് വസീമും ഒളിവില്‍ പോയത്.
ഭാര്യയും കാമുകന് വസീമും ചേര്‍ന്ന് റിജോഷിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് നല്കുന്ന വിവരം. ഒരു വര്‍ഷം മുന്‍പ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസില്‍ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികള്‍ ചെയ്യുന്നത് ലിജിയും ആയിരുന്നു. നാലു വര്‍ഷം മുന്‍പ് ആണ് ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള ഫാം ഹൗസില്‍ മാനേജരായി തൃശൂര്‍ ഇരിങ്ങാലക്കുട, കോണാട്ടുകുന്ന് കുഴിക്കണ്ടത്തില്‍ വസീം(32) എത്തുന്നത്. വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാന്‍ പണം നല്‍കിയിരുന്നു. ഇങ്ങനെ റിജോഷ് സ്ഥിരം മദ്യപാനിയായി. 12 വര്‍ഷം മുന്‍പ് റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തവരാണ്. ഈ ബന്ധം മുറിച്ചാണ് റിജോഷിനെ വകവരുത്തി ലിജി പുതിയ മേച്ചില്‍ പുറം തേടിയത്.
റിജോഷിനെ കുഴിച്ച് മൂടിയ സംഭവത്തില്‍ കുറ്റമേറ്റുകൊണ്ടുള്ള പ്രതി വസീമിന്റെ വീഡിയോ സന്ദേശം എത്തിയത് സഹോദരന്റെ ഫോണിലേക്കാണ്. വസീമിനെയും ഒപ്പം കാണാതായ റിജോഷിന്റെ ഭാര്യ ലിജിക്കും വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി മുന്നോട്ടു പോകുന്നതിനിടെയാണ് കുറ്റസമ്മത വീഡിയോ പുറത്തു വരുന്നത്. 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നതിങ്ങനെ: ' വസീമാണ്, ......ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റിജോഷ് എംപി മര്‍ഡര്‍ കേസില്‍ പ്രതി ഞാനാണ്, എന്റെ അനിയനും കൂട്ടുകാരും, അതായത് എന്റെ അനിയന്റെ കൂട്ടുകാരെയും വെറുതെ വിടണം. അവര്‍ക്ക് ഇതില്‍ യാതൊരു ബന്ധവുമില്ല....' സഹോദരനും സുഹൃത്തും കേസില്‍ ഉള്‍പ്പെടുമെന്ന സാഹചര്യത്തിലാണ് വസീം കുറ്റ സമ്മതം നടത്തികൊണ്ടുള്ള വീഡിയോ സന്ദേശം സഹോദരന്റെ ഫോണിലേയ്ക്ക് അയച്ചത്. തുടര്‍ന്ന് വീഡിയോ സന്ദേശം ഇവര്‍ പൊലീസിന് കൈമാറി.
റിജോഷിന്റെ ഭാര്യയേയും ഫാം ഹൗസ് മാനേജരെയും ഒരുമിച്ചു കാണാതായതോടെ കൊലപാതകമെന്ന നിഗമനത്തിലേയ്ക്ക് പൊലീസ് എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരുടേയും ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലിജിയുടെ ഫോണിലേയ്ക്ക് വസീമിന്റെ സഹോദരന്റെയും ഇയാളുടെ സുഹൃത്തിന്റെയും ഫോണില്‍നിന്നും കോളുകള്‍ വന്നതായി കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതോടെ വസീമിന്റെ സഹോദരനെയും സുഹൃത്തിനെയും ശാന്തന്‍പാറ സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. റിജോഷിനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 31ന് വൈകിട്ട് ഫാം ഹൗസിനു സമീപം റിജോഷ് മദ്യപിച്ചിരുന്നു. ഫാം ഹൗസിനു 100 മീറ്റര്‍ അകലെ ജലസംഭരണിയുടെ സമീപത്ത് 6 അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇരിങ്ങാലക്കുട സ്വദേശിയുടെ ഫാം ഹൗസിന്റെ മാനേജറാണ് വസിം. ഇവിടെ ജീവനക്കാരനായിരുന്നു ഒരുവര്‍ഷമായി റിജോഷ്. ആറുമാസം മുമ്പ് ലിജിയും ഫാമില്‍ ജോലിക്ക് ചേര്‍ന്നു. അതിനിടെ വസീമിന് ലിജിയുമായുണ്ടായ അടുപ്പം റിജോഷിനെ കൊലപ്പെടുത്തുന്നതിലെത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ 31 മുതല്‍ റിജോഷിനെ കാണാനില്ലായിരുന്നു. നവംബര്‍ നാലിന് ബന്ധുക്കള്‍ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്കി. ഭര്‍ത്താവ് കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്ന് തന്നെ ഫോണില്‍ വിളിച്ചിരുന്നതായാണ് ലിജി മൊഴി നല്‍കിയത്. എന്നാല്‍, പൊലീസ് അന്വേഷണം തുടങ്ങിയതോടെ നാലിന് ഉച്ചകഴിഞ്ഞ് ഇരുവരും കുട്ടിയുമായി സ്ഥലംവിടുകയായിരുന്നു. ഇതിനുശേഷം വസീം നെടുങ്കണ്ടത്തെ ഒരു എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചിട്ടുണ്ട്.
തുടര്‍ന്ന് കുമളി ആനവിലാസത്തു വെച്ച് ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയതായും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.