പ്രണയിച്ച് വിവാഹം കഴിച്ച് രണ്ടു കുഞ്ഞുങ്ങള്‍ക്കും ജന്മം നല്കിയ ശേഷം എങ്ങോ നിന്ന് വന്ന ഒരുത്തനെ കണ്ടപ്പോള്‍ പ്രിയപ്പെട്ടവനെ കൊന്നു തള്ളാന്‍ കൂട്ടു നില്ക്കാന് എങ്ങനെ ലിജിമാര്ക്ക് കഴിയുന്നു? പ്രിയപ്പെട്ടവരെയെല്ലാം വിഷം കൊടുത്തുകൊല്ലാന്‍ എങ്ങനെ ജോളിമാര്ക്ക് കഴിയുന്നു? അദ്ധ്യാപകരും ഡോക്ടര്‍മാരും അച്ചന്മാരും ഉസ്താദുമാരും വരെ എങ്ങനെ പീഡകരായി മാറുന്നു? പ്രണയപ്പക തീര്‍ക്കാന്‍ പച്ച ജീവന് കത്തിക്കുന്നവരായി നമ്മള് മാറിയതെങ്ങനെ?
ഇന്നും പത്രമെടുത്ത് തുറന്നപ്പോള്‍ കാണുന്നത് ദാരുണമായ ഒരു കൊലപാതകത്തിന്റെ വിശദാംശങ്ങളാണ്. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയായില്‍ ഈ കൊലപാതക വിശേഷങ്ങള്‍ നിറഞ്ഞ് കവിയുകയാണ്. ഇടുക്കി ജില്ലയിലെ രാജകുമാരിയിലെ ഒരു ഫാം ഹൗസില്‍ താമസിച്ചിരുന്ന 31 വയസ്സുള്ള ഒരു സാധാരണ തൊഴിലാളിയെ ആ ഫാം ഹൗസിലെ മാനേജര്‍ കൊന്ന് കുഴിച്ച് മൂടിയ വാര്‍ത്തയാണ് പുറംലോകം അറിഞ്ഞത്. ഈ അതിദാരുണമായ കൊലയുടെ പിന്നില്‍ കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും ഉണ്ട് എന്നത് ഞെട്ടിക്കുന്നത് തന്നെയാണ്. പന്ത്രണ്ട് വര്‍ഷം മുമ്പ്, പതിനെട്ട് തികയുന്നതിന് മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ലിജി എന്ന പെണ്‍കുട്ടി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി ഒരുമിച്ച് ജീവിച്ചിട്ടും ഇ്ന്നലെ കയറിവന്ന വസിം എന്ന ഒരുത്തനോട് പ്രണയം തോന്നിയിട്ട് ഭര്‍ത്താവിനെ കൊന്നുകളയുന്നതിന് കൂട്ടുനിന്നു എന്ന എന്ന വാര്‍ത്ത എങ്ങനെയാണ് ഞെട്ടിക്കാതിരിക്കുന്നത്?
ഒടുവില്‍, കൊലപാതകിയായ വസിമിനെ രക്ഷിക്കുന്നതിന് വേണ്ടി കള്ളം പോലും പൊലീസിനോട് പറഞ്ഞ ഞെട്ടിക്കുന്ന വഴിത്തിരിവാണ് ഈ കൊലപാതക കേസില്‍ പുറത്ത് വന്നത്. ഏതു കൊലപാതകം ആര് നടത്തിയാലും ദൈവത്തിന്റെ കയ്യൊപ്പ് പോലെ ഒരു തെളിവെങ്കിലും അവശേഷിപ്പിക്കും എന്നത് ഇക്കുറിയും സ്വാര്ത്ഥകമായപ്പോള് ഫാം ഹൗസില്‍ കൊന്ന് കുഴിച്ചുമൂടിയ റിജോഷിന്റെ ഘാതകരെ നിയമത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനുള്ള വഴിയും തുറന്നു. ഇപ്പോഴും വസിമും ലിജിയും രണ്ട് കുഞ്ഞുങ്ങളും ഒളിവിലാണ്. അവരെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരാം. ഒരുപക്ഷേ ഈ ദുരന്തത്തിന്റെ നാണക്കേട് ഓര്‍ത്തുകൊണ്ട് അവര്‍ ജീവനൊടുക്കി എന്ന് പോലും വരാം. ഇവിടെ, കൊലപാതകത്തില്‍ നേരിട്ട് ലിജിക്ക് എന്തെങ്കിലും പങ്കുണ്ട് എന്ന് വ്യക്തമല്ല. പക്ഷേ, ഭര്‍ത്താവിന്റെ ഘാതകനെ രക്ഷിക്കുന്നതിന് വേണ്ടി മെനഞ്ഞ കള്ളക്കഥയുടെ ഭാഗമാകാന്‍ ലിജിയും തുനിഞ്ഞു എന്നത് ഞെട്ടിക്കുന്നത് തന്നെയാണ്.
അതുകൊണ്ട് തന്നെ വസിമിന് കയ്യബദ്ധം പറ്റിയതോ അല്ലെങ്കില്‍ കരുതിക്കൂട്ടി നടത്തിയതോ ആയ കൊലപാതകമാണ് അതെങ്കിലും ലിജിയുടെ പങ്കും തള്ളിക്കളയാന്‍ കഴിയില്ല. ഇപ്പോള്‍ പൊലീസ് സംശയിക്കുന്നതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും പോലെ ലിജിയും വസിമും ചേര്‍ന്ന് കൊല നടത്തിയ ശേഷം രണ്ട് പേരും കൂടി മുങ്ങിയതാവണം എന്ന് ഒരു ഉറപ്പുമില്ല. പക്ഷെ, ഫോണ്‍ കോളുകളെ കുറിച്ചുള്ള സംശയം പൊലീസിനെ എത്തിച്ചത് ലിജിയുടെ സംശയാസ്പദമായ പങ്കില്‍ തന്നെയാണ്. എന്നെ അത്ഭുതപ്പെടുത്തുന്നത് എന്തുകൊണ്ടാണ് ഈ കൊച്ചുകേരളത്തില്‍ അനുദിനം ഇങ്ങനെ കൊലപാതകങ്ങളും പ്രണയപ്പകയുടെ ഞെട്ടിക്കുന്ന ദുരന്ത കാഴ്ച്ചകളും ആത്മഹത്യകളും ഒക്കെ പെരുകി വരുന്നത് എന്നതാണ്. സ്വന്തം മക്കളെ പോലെ കാത്തുസൂക്ഷിക്കേണ്ട അദ്ധ്യാപകര്‍ കുരുന്നുകളെ പീഡിപ്പിക്കുന്ന കഥകള്‍ എന്നും പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. എന്തിനേറെ, വീട്ടിലെ ഏക ആശ്രയമായ പിതാവ് മക്കളെ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ക്കും പഞ്ഞമൊന്നും ഇല്ല.
കഴിഞ്ഞ ദിവസം നമ്മള് കണ്ടത് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഒരു ഡോക്ടര്‍ പീഡിപ്പിച്ച കഥയാണ്. അച്ചന്മാരും ഉസ്താദ്മാരും പൂജാരിമാരും മെത്രാന്മാരും വരെ പീഡനവീരന്മാരാകുന്ന വാര്‍ത്തകള്‍ കൊണ്ട് ഞെട്ടിത്തരിച്ചിരിക്കുന്ന നാട്ടിലേക്കാണ് നിരന്തരമായ പ്രണയപ്പകയുടെ കഥകള്‍ വരുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..