1 GBP = 92.80 INR                       

BREAKING NEWS

അന്ത്യത്താഴം കൊടുത്ത് സിലിയെ കൊന്ന് സ്വര്‍ണം കൈക്കലാക്കിയത് ജോളി തന്നെ; 40 പവനും പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നത് കള്ളക്കഥ; താമരശ്ശേരിയിലെ കടയില്‍ നിന്ന് മാറ്റി വാങ്ങിയ സ്വര്‍ണം പണയം വച്ചത് ബി എസ് എന്‍ എല്‍ സുഹൃത്ത് ജോണ്‍സണും; രണ്ടാം ഭര്‍ത്താവിന് എതിരെ ജോളി പറഞ്ഞതെല്ലാം കളവെന്ന വിലയിരുത്തിലിന് സാധ്യതയൊരുക്കി ആഭരക്കഥ; കൂടത്തായിയില്‍ ഷാജു പ്രതിയാകില്ല; മാപ്പുസാക്ഷിയാക്കാനും സാധ്യതയില്ല; ജോളിയുടെ ഭര്‍ത്താവ് മുഖ്യസാക്ഷിയാകും

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായിയില്‍ കൊല്ലപ്പെട്ട സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ ജോളി തട്ടിയെടുത്തെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ രക്ഷപ്പെട്ടത് രണ്ടാം ഭര്‍ത്താവ് ഷാജു. ഷാജുവാണ് ആഭരണങ്ങള്‍ കൊണ്ടു പോയതെന്നായിരുന്നു ജോളിയുടെ മൊഴി. എന്നാല്‍ ഈ ആഭരണങ്ങള്‍ വിറ്റ് താമരശേരിയിലെ ജൂവലറിയില്‍നിന്ന് പുതിയത് വാങ്ങിയതായും പരിശോധനയില്‍ വ്യക്തമായി. ഇതില്‍ ഭര്‍തൃമാതാവ് അന്നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷാജുവിനെ കുടുക്കാന്‍ ജോളി മൊഴി നല്‍കിയെന്നാണ് വിലയിരുത്തലും. അതുകൊണ്ട് തന്നെ ഷാജു കേസുകളില്‍ ഒന്നിലും പ്രതിയാകില്ല. കുറ്റം ചെയ്തവരുടെ പട്ടികയില്‍ ഇല്ലാത്തതിനാല്‍ മാപ്പുസാക്ഷിയാക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഷാജു കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളാകും.

സിലിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. സ്വര്‍ണം ഷാജുവിന്റെ കൈയിലാണെന്നായിരുന്നു ജോളി ആദ്യം പറഞ്ഞത്. പിന്നീട് സ്വര്‍ണം പണയംവച്ചതായി ജോളി കുറ്റസമ്മതം നടത്തിയിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്‍ മുഖേനെ പണയംവച്ചതാണെന്നും ജോളി പറഞ്ഞിരുന്നു. തുടര്‍ന്ന് ജോണ്‍സനെ ചോദ്യംചെയ്തു. ജോണ്‍സന്‍ 66 ഗ്രാം സ്വര്‍ണം ഹാജരാക്കി. എന്നാല്‍, ഇത് സിലിയുടേതല്ലെന്ന് സഹോദരന്‍ സിജോയും സഹോദരി സ്മിതയും സ്ഥിരീകരിച്ചു. ഇതോടെയാണ് സ്വര്‍ണാഭരണങ്ങള്‍ മാറ്റിവാങ്ങിയെന്ന നിഗമനത്തില്‍ എത്തിയത്. രണ്ടാം പ്രതി എം എസ് മാത്യുവിനെ ചോദ്യംചെയ്തപ്പോഴാണ് പഴയ സ്വര്‍ണാഭരണം വിറ്റ് പുതിയത് വാങ്ങാന്‍ സഹായിച്ചെന്ന് വ്യക്തമായത്. മാത്യു ജോലിചെയ്ത താമരശേരിയിലെ കടയിലാണ് സ്വര്‍ണം മാറ്റി വാങ്ങിയത്. കടയില്‍നിന്ന് ജോളിയുടെ പേരിലുള്ള ബില്ലുകള്‍ കണ്ടെടുത്തു. സ്വന്തം ആഭരണങ്ങളാണെന്നാണ് ജോളി മാത്യുവിനോട് പറഞ്ഞതെന്നാണ് മൊഴി. ജോളി നേരിട്ട് കടയില്‍ എത്തിയാണ് പുതിയ സ്വര്‍ണാഭരണം വാങ്ങിയതെന്ന് ജീവനക്കാരും മൊഴി നല്‍കി.

സ്വര്‍ണാഭരണങ്ങള്‍ സിലി ആരാധനാലയത്തിന് നല്‍കിയെന്നാണ് രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞത്. ഈ മൊഴി നല്‍കാനുള്ള സാഹചര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. എങ്കിലും ഷാജുവാണ് ആഭരണം കൊണ്ടു പോയതെന്ന ജോളിയുടെ മൊഴി തെറ്റാണെന്ന് വന്നതോടെ ഷാജുവിനെതിരെ നല്‍കിയ മറ്റ് മൊഴികളും സംശയ നിഴലിലായി. കൂടത്തായി കൊലപാതക പരമ്പരയില്‍ ആല്‍ഫെയ്ന്‍ വധവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി എം എസ് മാത്യുവിനെ അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ജയിലിലെത്തി മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആല്‍ഫെയ്‌നെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സയനൈഡ് എത്തിച്ചുനല്‍കിയത് മാത്യുവാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും മാത്യുവിന്റെ കസ്റ്റഡി അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ജോളിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങുന്നതിനെക്കുറിച്ച് അന്വേഷണ സംഘം ഇതുവരെയും തീരുമാനത്തിലെത്തിയിട്ടില്ല.

ജോളിക്കെതിരെ സിലിയുടെ മകന്‍ ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്നാണെന്ന് ഷാജു - സിലി ദമ്പതികളുടെ മകന്‍ പൊലീസിനോട് പറഞ്ഞിരുന്നു. വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയെന്നാണ് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇത് കളവാണെന്നും ഹാളില്‍ നിന്നല്ല ജോളിയുടെ വീട്ടില്‍ നിന്ന് തന്നെയാണ് ഏറ്റവും ഒടുവില്‍ സിലി ഭക്ഷണം കഴിച്ചതെന്നും മകന്‍ മൊഴി നല്‍കി. സിലിയെ കൊല്ലാനായി മണിക്കൂറുകള്‍ക്കുള്ളില്‍ ജോളി മൂന്ന് തവണ സയനൈഡ് നല്‍കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമാണ് സയനൈഡ് കലര്‍ത്തിയതെന്നാണ് പൊലീസിന് കിട്ടിയ വിവരം.

സിലി കൊല്ലപ്പെട്ട ശേഷം ഷാജുവിന് മൊബൈല്‍ സന്ദേശം അയച്ചുവെന്ന് ജോളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരണം ഉറപ്പാക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റിയാണ് സിലിയെ കാറില്‍ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നു പറഞ്ഞത് ഷാജുവാണെന്നും ജോളിയുടെ മൊഴിയിലുണ്ട്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ 40 പവന്‍ കാണാനില്ലെന്നത് ഏറെ ദുരൂഹമായിരുന്നു. പള്ളിയില്‍ 40 പവന്‍ നേര്‍ച്ചയിട്ടുവെന്നാണ് ഷാജു ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ഇത് ജോളി ജോസഫ് തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. ജോളി ഭര്‍ത്താവിന്റെ അമ്മയായ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയെന്നും സംശയമുണ്ടായിരുന്നു. ഇതു രണ്ടും ജോളി തന്നെ സമ്മതിക്കുകയായിരുന്നു. അന്നമ്മയുടെ മരണത്തിന് ശേഷം പണത്തിന്റെയും സ്വര്‍ണത്തിന്റെയും കണക്കുകള്‍ എഴുതിവച്ചിരുന്ന അന്നമ്മയുടെ ഡയറിയും മരണത്തിനു ശേഷം കാണാതായി.പൊന്നാമറ്റം വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു.

ഭര്‍ത്താവിന്റെയും തന്റെയും പെന്‍ഷന്‍ തുകയും ഇവരാണു കൈകാര്യം ചെയ്തിരുന്നത്. അന്നമ്മ മരിച്ചാല്‍ കുടുംബത്തിന്റെ നിയന്ത്രണം തന്റെ കയ്യിലെത്തുമെന്നു കരുതിയാണു ജോളി അവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിലയിരുത്തുന്നു. സിലിയുടെ മരണശേഷം ഓമശേരി ശാന്തി ആശുപത്രിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഏറ്റുവാങ്ങിയത് ജോളിയായിരുന്നു. വിവാഹ സമയത്ത് സിലിക്ക് 40 പവനോളം സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ കുട്ടികളുണ്ടായപ്പോഴും സ്വര്‍ണം നല്‍കിയിരുന്നു. സിലി മരിച്ചതോടെ ഈ ആഭരണങ്ങള്‍ കാണാതായെന്നാണ് വീട്ടുകാരുടെ പരാതി. ആഭരണങ്ങള്‍ പുല്ലൂരാംപാറ ധ്യാനകേന്ദ്രത്തിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് സിലിയുടെ വീട്ടുകാരോട് ജോളിയും ഷാജുവും പറഞ്ഞത്.

2016 ജനുവരി 11ന് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആശുപത്രിയിലാണ് സിലി മരിക്കുന്നത്. വിവാഹ ചടങ്ങായതിനാല്‍ സിലി കുറേ ആഭരണങ്ങള്‍ ധരിച്ചിരുന്നു. ദന്താശുപത്രിയില്‍ വച്ച് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി സിലിയെ കൊന്നുവെന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇതിനൊപ്പമാണ് സിലിയുടെ മകന്റെ വെളിപ്പെടുത്തലും. അത് അനുസരിച്ചാണെങ്കില്‍ സിലിക്കും ജോളി അന്ത്യത്താഴം നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category