1 GBP = 94.80 INR                       

BREAKING NEWS

ബിജെപിയും ശിവസേനയും ഇനി എല്ലായിടത്തും രണ്ട് വഴിക്ക്; കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അരവിന്ദ് സാവന്ത് രാജിവച്ചത് ഉദ്ദവ് താക്കറെയുടെ പാര്‍ട്ടി എന്‍ഡിഎ വിട്ടുവെന്ന് വ്യക്തമാക്കി; സോണിയയെ അനുനയിപ്പിച്ച് ശിവസേനയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ കരുക്കള്‍ നീക്കി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്; ശരദ് പവാറും ബിജെപി വിരുദ്ധ സഖ്യത്തിന് വേണ്ടി വാദങ്ങളുമായി സജീവം; മഹാരാഷ്ട്രയില്‍ ശിവസേനാ മുഖ്യമന്ത്രി ഏതാണ്ട് ഉറപ്പാകുമ്പോള്‍

Britishmalayali
kz´wteJI³

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു ശിവസേനയെ പിന്തുണയ്ക്കണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് തീരുമാനം എടുക്കാനാകുന്നില്ല. അതിനിടെ യുപിയില്‍ അടക്കം മൃദു ഹിന്ദുത്വ നിലപാട് ചര്‍ച്ചയാക്കി വേരുറപ്പിക്കാന്‍ ശിവസേനയെ ഒപ്പം നിര്‍ത്താന്‍ ശിവസേനയുടെ സൗഹൃദം ഗുണം ചെയ്യുമെന്നാണ് ഒരു വാദം. എന്നാല്‍ ന്യൂനപക്ഷങ്ങളെ അകറ്റുമെന്ന മറുവാദവും ശക്തമാണ്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച കോണ്‍ഗ്രസ് നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ശിവസേനയെ പിന്തുണയ്ക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. എന്‍സിപിയുടേയും ശരത് പവാറിന്റേയും സമ്മര്‍ദ്ദമാണ് ഇതിന് കാരണം.

അതിനിടെ കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയതിനു പിന്നാലെ, ഇന്നു രാവിലെയാണ് സാവന്ത് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുമായുള്ള ബന്ധം ശിവസേന പൂര്‍ണമായും ഉപേക്ഷിച്ചു എന്നതിന്റെ സൂചനയാണ് സാവന്തിന്റെ രാജിയോടെ തെളിയുന്നത്.

സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്നു ബിജെപി പിന്മാറിയതോടെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരയ്ക്കു മുന്‍പായി മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. ഇതിനെത്തുടര്‍ന്നു പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു. മകന്‍ ആദിത്യ താക്കറെയടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രി തന്നെ വരുമെന്നു മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. എന്തു വിലകൊടുത്തും ശിവസേന ഭരിക്കുമെന്നും റാവുത്ത് പറഞ്ഞു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസും എന്‍സിപിയും ചര്‍ച്ചകളിലേക്ക് കടക്കുന്നത്. ശിവസേനയെ കൈവിട്ടാല്‍ അത് ബിജെപിക്ക് വിജയമായി മാറും. അതുകൊണ്ടാണ് പിന്തുണയ്ക്കുക.

മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും സോണിയയുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു. പിന്തുണ നല്‍കുന്നതിനായി എന്‍സിപി ഉപാധികള്‍ മുന്നോട്ടുവച്ചു. എന്‍ഡിഎ സഖ്യം വിടാതെ ചര്‍ച്ചയില്ലെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്ക് അറിയിച്ചു. കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി വച്ചത്.

എന്‍സിപി എംഎല്‍എമാരുടെ യോഗം ചൊവ്വാഴ്ച ചേരാനാണ് തീരുമാനം. ഉദ്ധവ് താക്കറെ ഇന്നു രാത്രി തന്നെ ശരദ് പവാറിനെ കാണും. 288 അംഗ നിയമസഭയില്‍ 56 എംഎല്‍എമാരാണ് ശിവസേനയ്ക്കുള്ളത്. കേവല ഭൂരിപക്ഷത്തിനു 145 പേരുടെ പിന്തുണയാണ് വേണ്ടത്. സ്വതന്ത്രരും ചെറു കക്ഷികളുമടക്കമുള്ള 29ല്‍ 8 അംഗങ്ങളുടെ പിന്തുണ പാര്‍ട്ടി അവകാശപ്പെടുന്നുണ്ട്. എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് കക്ഷി നില. ബിജെപിക്ക് 105 എംഎല്‍എമാരാണുള്ളത്. അതുകൊണ്ട് തന്നെ എന്‍സിപിയും കോണ്‍ഗ്രസും പിന്തുണച്ചാല്‍ ശിവസേനയ്ക്ക് മന്ത്രിസഭയുണ്ടാക്കാം. അങ്ങനെ മന്ത്രിസഭയുണ്ടാക്കുമ്പോള്‍ ഉദ്ദവിന്റെ മകന്‍ ആദിത്യ താക്കറെ മുഖ്യമന്ത്രിയാകുമോ എന്നതും നിര്‍ണ്ണായകമാണ്. തല്‍കാലത്തേക്ക് ആദിത്യയെ മുഖ്യമന്ത്രിയാക്കില്ലെന്നാണ് സൂചന.

സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും തങ്ങള്‍ക്ക് മുന്നിലുള്ള എല്ലാ വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയാണെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞു. അതേസമയം, ഇതുവരെ കോണ്‍ഗ്രസ് ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയെ രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ല. ഇനി എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് പാര്‍ട്ടി എംഎല്‍എമാര്‍ ഹൈക്കമാന്‍ഡില്‍നിന്ന് ഉപദേശം തേടും- അശോക് ചവാന്‍ പറഞ്ഞു. ഭൂരിപക്ഷമില്ലാത്തതിനാല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കേണ്ടെന്ന് ഞായറാഴ്ച വൈകീട്ടാണ് ബിജെപി. തീരുമാനമെടുത്തത്. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപി. ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. സഖ്യമായി മത്സരിച്ചെങ്കിലും മുഖ്യമന്ത്രി പദം പങ്കുവെയ്ക്കണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചുനിന്നതോടെയാണ് ബിജെപി. പ്രതിസന്ധിയിലായത്.

മുഖ്യമന്ത്രിസ്ഥാനം അടക്കം പങ്കുവെക്കുക തുടങ്ങിയ വിഷയങ്ങളില്‍ ശിവസേനയുമായി യോജിപ്പിലെത്താന്‍ സാധിക്കാത്തതാണ് ബിജെപിക്ക് തലവേദന സൃഷ്ടിച്ചത്. 288 അംഗങ്ങളുള്ള നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ശിവസേനയ്ക്ക് 56 എംഎല്‍എമാരുള്ളത്. നേരത്തെ എന്‍.സി.പിയുമായി ശിവസേന സഖ്യചര്‍ച്ചകള്‍ നടത്തിയിരുന്നു. ബിജെപിയുമായുള്ള സഖ്യം പൂര്‍ണമായും അവസാനിപ്പിക്കണമെന്നായിരുന്നു ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച ആവശ്യം. ഇതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ രാജി. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ അറിയിക്കുകയും പിന്നീട് ന്യൂനപക്ഷ സര്‍ക്കാരായി അധികാരം ഏല്‍ക്കുകകയുമായിരിക്കും ശിവസേന ചെയ്യുക. പിന്നീട് നിയമസഭയില്‍ കേവലഭൂരിപക്ഷം തെളിയിക്കാനുമാണ് സാധ്യത.

ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ അഭിപ്രായം. എന്നാല്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കുന്നതിനോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവര്‍ എതിര്‍പ്പുന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ നിലവില്‍ ജയ്പുറിലെ റിസോര്‍ട്ടിലാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം ഇടിഞ്ഞതാണ് ബിജെപിക്ക് ക്ഷീണമായത്. 2014-ല്‍ ബിജെപിക്ക് 47 ലക്ഷം വോട്ടുകളും 122 സീറ്റും കിട്ടിയെങ്കില്‍ ഇത്തവണ 41 ലക്ഷം വോട്ടുകളും 105 സീറ്റുകളുമായി ഇടിഞ്ഞു.

ബിജെപിയുടെ ഈ ക്ഷീണം കണക്കിലെടുത്ത്, സഖ്യത്തിലെ 'വല്യേട്ട'നോട് 50:50 ഫോര്‍മുല വേണമെന്ന് ശിവസേന വിലപേശിയതോടെയാണ് സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. അഞ്ച് വര്‍ഷത്തില്‍ രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം തുല്യമായി വീതം വയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category