ക്ഷേത്ര നിര്‍മ്മാണ വിദഗ്ധരായ 250 പേര് ദിവസവും ജോലി ചെയ്താല്‍ രാമക്ഷേത്രം അഞ്ച് വര്‍ഷം കൊണ്ടു പൂര്‍ത്തിയാകും; ക്ഷേത്രത്തിന് വേണ്ടതു കൊത്തുപണികളോടു കൂടിയ 212 തൂണുകള്‍; മൂന്നു പതിറ്റാണ്ടുകൊണ്ട് നിര്‍മ്മിക്കാനായത് കേവലം 106 എണ്ണം മാത്രം; 1990 മുതല്‍ വിഎച്ച്പി കാര്യശാലയില്‍ തുടങ്ങിയ ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; അയോധ്യയില്‍ ഒരുങ്ങുന്നത് പകുതിയോളം കല്‍തൂണുകളും മാര്‍ബിള്‍കൊണ്ടുള്ള ശ്രീകോവിലും അടങ്ങിയ വലിയ ക്ഷേത്രം; രാമക്ഷേത്ര നിര്‍മ്മാണ നീക്കത്തിന് ആക്കംകൂടി
അയോധ്യ: സുപ്രീംകോടതിയില്‍ നിന്നും നേടിയ അനുകൂല വിധിയോടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. വിശ്വഹിന്ദു പരിഷത്താണ് ക്ഷേത്രനിര്‍മ്മാണം അതിവേഗത്തിലാക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്. വിശ്വഹിന്ദു പരിഷത്ത് തയാറാക്കിയ രൂപ രേഖപ്രകാരമുള്ള ക്ഷേത്രം നിര്‍മ്മിക്കാന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കു കൂട്ടല്‍. നിലവിലെ സാഹചര്യത്തില്‍ സ്ഥലം തിരിച്ചു കിട്ടിയാല്‍ അതിവേഗം ക്ഷേത്രനിര്‍മ്മാണം തുടങ്ങാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.
ക്ഷേത്ര നിര്‍മ്മാണ വിദഗ്ധരായ 250 പേര് പ്രതിദിനം ജോലിയെടുത്താലാണിത്. 1990 മുതല്‍ വി.എച്ച്.പി കാര്യശാലയില്‍ ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. കരകൗശല വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. എന്നാല്‍, കൊത്തുപണി വിദഗ്ധന്‍ രജനികാന്ത് സോംപുര കഴിഞ്ഞ ജൂലൈയില്‍ മരിച്ചതോടെ നിര്‍മ്മാണകേന്ദ്രത്തില്‍ ആ ഗണത്തില്‍ പെട്ട ആരുമില്ലാത്ത അവസ്ഥയാണ്. കൊത്തുപണികളോടുകൂടിയ 212 തൂണുകളാണ് ക്ഷേത്രത്തിന് വേണ്ടത്. മൂന്നു പതിറ്റാണ്ടുകൊണ്ട് നിര്‍മ്മിക്കാനായത് കേവലം 106 എണ്ണം മാത്രം. അതുകൊണ്ടുതന്നെ നിര്‍മ്മാണം നീളുമെന്ന് ഉറപ്പാണ് -നിര്‍മ്മാണ മേല്‍നോട്ട ചുമതലയുള്ള അന്നുഭായ് സോംപുര പറഞ്ഞു.
നിലവില്‍ ക്ഷേത്രനിര്‍മ്മാണം നിലച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നാണ്സോംപുര അഭിപ്രായപ്പെടുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള അടിത്തറയൊരുക്കണം. കല്തൂണുകള് സ്ഥാപിക്കണം. പകുതിയോളം കല്‍തൂണുകളും മാര്‍ബിള്‍കൊണ്ടുള്ള ശ്രീകോവില്‍ നിര്‍മ്മാണവും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. നിര്‍മ്മാണ മുന്നൊരുക്കങ്ങളില്‍ പകുതി പൂര്‍ത്തിയായെന്ന് കരുതിയാല്‍തന്നെ അഞ്ചുവര്‍ഷം തികച്ചും വേണം ക്ഷേത്രം പൂര്‍ത്തിയാകാന്‍ -80കാരനായ അന്നുഭായിക്ക് അക്കാര്യത്തില്‍ സംശയമൊന്നുമില്ല. ഡിസംബറോടെ നിര്‍മ്മാണം തകൃതിയാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
1984ലാണ് ക്ഷേത്രനിര്‍മ്മാണത്തിനുള്ള ശിലാപൂജക്ക് വി.എച്ച്.പി തുടക്കമിട്ടത്. വിശ്വാസികളില്നിന്ന് ഒന്നേകാല്‍ രൂപവീതം ശേഖരിച്ച വകയില്‍ എട്ടുകോടി രൂപയുടെ മൂലധനവുമായാണ് പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് 150 കല്ലുകൊത്തുപണിക്കാരും നൂറിലേറെ സഹായികളുമുണ്ടായിരുന്നു. മികച്ച കല്പണിക്കാരെ രാജസ്ഥാനില്‍നിന്നാണ് എത്തിച്ചത്. ആദ്യ പത്തുവര്‍ഷം ദ്രുതഗതിയിലുള്ള നിര്‍മ്മാണം നടന്നെങ്കിലും പിന്നീടത് നിലച്ച മട്ടായി -ശര്‍മ പറഞ്ഞു.
അതിനിടെ ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധിക്ക് പിറകെ സമാധാനത്തിനും സമവായത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ ഹിന്ദു, മുസ്ലിം നേതാക്കളുടെ യോഗം ചേര്‍ന്നു. സമാധാന ഭംഗമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്ന് യോഗശേഷം ഇരുവിഭാഗവും ചേര്‍ന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ മുസ്ലിംകള് പുനഃപരിശോധനാ ഹരജി നല്‍കരുതെന്ന ഹിന്ദു നേതാക്കളുടെയും ശിയ വിഭാഗത്തിന്റെയും ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം നേതാക്കള്‍ വ്യക്തമാക്കി. പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട മുസ്ലിംകളുടെ ആശങ്കയും നേതാക്കള്‍ പങ്കുവെച്ചു.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടില്‍ ഞായറാഴ്ച നടന്ന യോഗത്തില്‍ ഉപ ഉപദേഷ്ടാവ് ദത്തയും 18 ഹിന്ദു നേതാക്കളും 12 മുസ്ലിം നേതാക്കളും പങ്കെടുത്തു. മറ്റെല്ലാ താല്പര്യങ്ങള്ക്കും മുകളില്‍ രാജ്യതാല്പര്യം മാനിക്കണമെന്ന് അഭ്യര്‍ത്ഥിച്ച സംയുക്ത പ്രസ്താവന സമാധാനവും മതസൗഹാര്‍ദവും നിലനിര്‍ത്താനും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാറിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ആരുടെ മേലും സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡോവല്‍ പറഞ്ഞു. മുസ്ലിംകളുടെ ഭയം മാറ്റേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ്. കോടതി വിധിയെ കുറിച്ച് തെറ്റിദ്ധാരണ ഒഴിവാക്കണം. സമാധാനം നിലനിര്‍ത്താന്‍ എന്തു ചെയ്യണമെന്ന് ആലോചിക്കണം -ഡോവല്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി വിധിയില്‍ മുസ്ലിംകള് സന്തുഷ്ടരല്ലെങ്കിലും വിധിയെ മാനിച്ചുവെന്ന് മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡന്റ് നവൈദ് ഹാമിദ് പറഞ്ഞു. വിധിക്കുശേഷം സമുദായത്തില്‍നിന്ന് തെറ്റായ നീക്കങ്ങളുണ്ടായിട്ടില്ല. മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു-മുസ്ലിം നേതാക്കളുടെ സംഭാഷണത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതിനെ സ്വാമി പരമാത്മാനന്ദ സരസ്വതി ശ്ലാഘിച്ചു.