1 GBP = 91.00 INR                       

BREAKING NEWS

നഴ്സില്‍ നിന്നും ബോഡി ബില്‍ഡറിലേക്കുള്ള ദൂരം ഏറെയില്ല; എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചു നഴ്സിങ് ഹോമിലെത്തിയ മലയാളി നഴ്‌സ് എബിന്‍ ലാസര്‍ ബ്രിട്ടനിലെ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായി തറപറ്റിച്ചത് യൂറോപ്യന്‍ സൗന്ദര്യത്തെ; മണിക്കൂറില്‍ 40 പൗണ്ട് ശമ്പളം ലഭിക്കുന്ന ജോലിയുടെ രഹസ്യത്തിലേക്ക്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഒരു നഴ്സിന് ആരും കൊതിക്കുന്ന ശരീര ഘടനയുള്ള ബോഡി ബില്‍ഡര്‍ ആകാന്‍ പറ്റുമോ? അതും ഭാര്യയും കൊച്ചുകുഞ്ഞും ഉള്ള കുടുംബത്തെ പോറ്റുക എന്ന ഭാരവും തോളില്‍ വച്ചുകൊണ്ട്? എന്നാല്‍ ബോഡി ബില്‍ഡര്‍ ആകുക മാത്രമല്ല അന്താരാഷ്ട്ര മത്സരത്തില്‍ രാജ്യത്തിന് വേണ്ടി ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുമെന്നും തെളിയിക്കുകയാണ് എറണാകുളം വടുതല സ്വദേശിയും ഇപ്പോള്‍ ലണ്ടനിലെ കിങ്സ് അപ് ഓണ്‍ തെയിംസില്‍ താമസക്കാരനുമായ എബിന്‍ ലാസര്‍ തെളിയിക്കുന്നത്.

ചിട്ടയായ ജീവിതം സ്വന്തമാക്കാന്‍ വേണ്ടി സാധാരണ ചെറുപ്പക്കാര്‍ നടത്തും പോലെ ഒരു രസത്തിനു വേണ്ടിയാണു എബിനും ബോഡി ബില്‍ഡിങ്ങില്‍ ശ്രദ്ധ നല്‍കിയത്. എന്നാല്‍ അധികം വൈകാതെ തന്നെ ബോഡി ബില്‍ഡിങ് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക ആയിരുന്നു ഈ യുവാവ്. ബ്രിട്ടനിലെ മലയാളികള്‍ക്കിടയില്‍ ദേശീയ ടൈറ്റിലുകള്‍ സ്വന്തമാക്കുന്ന രണ്ടാമന്‍ ആയിരിക്കാം എബിന്‍ ലാസര്‍. രണ്ടു വര്‍ഷം മുന്‍പ് ലൂട്ടന്‍ നിവാസിയായ ജനീവ് വര്‍ഗീസ് സമാനമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ കാര്യം ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഉര്‍വ്വശി ശാപം ഉപകാരം എന്ന പോലെയാണ് ബോഡി ബില്‍ഡിങ് എബിന് ഗുണകരമായി മാറിയത്. ഹാരോവിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ വിശ്രമം ഇല്ലാതെ ജോലി ചെയ്യുമ്പോള്‍ ഒരു മാറ്റം വേണമെന്ന തോന്നലാണ് ഈ യുവാവിനെ ആയാസകരമായി ജോലി ചെയ്യാന്‍ സഹായിക്കുന്ന നഴ്സിങ് ഹോമില്‍ എത്തിച്ചത്. ആശുപത്രി ജോലിക്കിടെ ഉണ്ടായ ചെറിയൊരു പരുക്കും ഈ തീരുമാനത്തിന് കാരണമായി.

എന്നാല്‍ നേഴ്സിങ് ഹോമില്‍ എത്തിയതോടെ ആവശ്യത്തിന് വിശ്രമം ലഭിച്ചു തുടങ്ങിയ എബിന്‍ തന്റെ ബോഡി ബില്‍ഡിങ് ചിട്ടകള്‍ വീണ്ടും കാര്യഗൗരവത്തോടെ ആരംഭിക്കുക ആയിരുന്നു. നഴ്സിങ് ഹോമിലെ ശാന്തതയും തിരക്കില്ലാത്ത ജോലി അന്തരീക്ഷവും തന്റെ ഇഷ്ട ഹോബിക്ക് കൂടുതല്‍ സമയം ചിലവിടാന്‍ എബിന് സഹായകമായി, ഒടുവിലിപ്പോള്‍ ദേശീയ അംഗീകാരം നേടാനും. 

മണിക്കൂറില്‍ 40 പൗണ്ട് ലഭിക്കുന്ന ജോലിക്ക് ആളില്ലെന്ന് എബിന്‍ 
ഒരു പേഴ്സണല്‍ ട്രെയിനര്‍ ആകുക എന്നത് മലമറിക്കുന്ന കാര്യം ഒന്നുമല്ല. ബ്രിട്ടനിലെ ജിംനേഷ്യം സാധാരണക്കാര്‍ പോലും ജീവിതത്തില്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ഇടങ്ങളാണ്. ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഏറ്റവും സഹായകമായ സ്ഥലം. എന്നാല്‍ ഇവിടെ ജോലിക്ക് ആവശ്യമായ ട്രൈനര്‍മാര്‍ക്കു നല്ല ദൗര്‍ലഭ്യവും നിലനില്‍ക്കുന്നുണ്ട്. മണിക്കൂറിനു 35 - 40 പൗണ്ട് നല്‍കിയാല്‍ പോലും ആളെ കിട്ടാന്‍ ഇല്ലെന്നതാണ് സ്ഥിതി.

ജിംനേഷ്യം നടത്തുന്ന ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്തും സ്വന്തം നിലയ്ക്ക് ജിനേഷ്യം സ്പേസ് വാടകയ്ക്ക് എടുത്തും സ്വയം തൊഴിലായും ഈ ജോലി ചെയ്യാം. യുകെ മലയാളികള്‍ക്കിടയിലെ ചെറുപ്പക്കാരില്‍ നല്ല പങ്കും ജിനേഷ്യത്തെ ആശ്രയിക്കുന്നവരാണ്. എന്നാല്‍ എബിനെ പോലെ ഒരു ട്രെയിനര്‍ ആകുക എന്നത് കാര്യമായി ആരും ഗൗനിക്കാത്ത കാര്യവുമാണ്.

മറ്റു ജോലികള്‍ ചെയ്യുമ്പോള്‍ തന്നെ എബിനെ പോലുള്ളവര്‍ ചെയ്യും പോലെ പാര്‍ട്ട് ടൈം ആയി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച ജോലികളില്‍ ഒന്ന് കൂടിയാണ് പേഴ്സണല്‍ ട്രെയ്നറുടേത്. ഇതിനായി കാര്യമായ പഠനവും പരീക്ഷകളും ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. ബേസിക് കോഴ്സുകള്‍ ഓണ്‍ ലൈന്‍ ആയി ചെയ്താലും യോഗ്യത നേടാം. കാര്യമായ ഫീസും ഇല്ല. അടിസ്ഥാന യോഗ്യതയ്ക്കാവശ്യമായ ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നതാണ് പ്രധാനം. അതിനായി ടിപ്പിക്കല്‍ മലയാളി ജീവിതം ഉപേക്ഷിക്കേണ്ടി വരും.

ജീവിത ശൈലിയിലും ആഹാര രീതിയിലും ഒക്കെ മാറ്റം വരുത്തിയാല്‍ മാത്രമേ പേഴ്സണല്‍ ട്രെയിനര്‍ ആയും ബോഡി ബില്‍ഡര്‍ ആയും ഒരേ സമയം തിളങ്ങാന്‍ പറ്റൂ. ദിവസവും രാവിലെ നാലിന് എഴുന്നേല്‍ക്കുന്ന എബിന്‍ നാലര മുതല്‍ ആറര വരെ ജിംനേഷ്യത്തില്‍ ബോഡി ബില്‍ഡിങ് വ്യായാമ മുറകള്‍ ചെയ്ത ശേഷമാണു നഴ്സിങ് ഹോമില്‍ ജോലിക്ക് എത്തുന്നത്. പുറമെ നിന്ന് നോക്കുമ്പോള്‍ തോന്നുന്ന നിസാര കാര്യമല്ല പേഴ്സണല്‍ ട്രെയ്നറുടെ അടുക്കും ചിട്ടയുമുള്ള ജീവിതമെന്നു ചുരുക്കം. 

ആഴ്ചയില്‍ ഒരിക്കല്‍ ചോറും പിന്നെയുള്ള ദിവസങ്ങളില്‍ ചിക്കന്‍ ബ്രെസ്റ്റും മീനും
വയര്‍ നിറയെ ഭക്ഷണം കഴിക്കണമെന്ന ടിപ്പിക്കല്‍ മലയാളി ആഗ്രഹം മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ ബോഡി ബില്‍ഡിങ്ങില്‍ നേട്ടം കൈവരിക്കാന്‍ സാധിക്കും. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് എബിന് അരിയാഹാരം കഴിക്കാന്‍ സാധിക്കുന്നത്. ബാക്കി ദിവസങ്ങളില്‍ ചിക്കന്‍ ബ്രെസ്റ്റ്, ട്യൂണ, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളും സാലഡ് ഉള്‍പ്പെടെയുള്ള പച്ചക്കറികളുമാണ് പ്രധാന ആഹാരം. ഇത്രയും ത്യാഗം സഹിച്ചാല്‍ മാത്രമേ മസിലുകള്‍ക്ക് രൂപവും ഭംഗിയും നിലനിര്‍ത്താന്‍ കഴിയൂ.

എന്നാല്‍ ആറു ദിവസം ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഏഴാം ദിവസം എല്ലാ ഭക്ഷണവും കഴിക്കുന്ന രീതിയാണ് എബിന്‍ പരീക്ഷിക്കുന്നത്. വീണ്ടും എട്ടാം ദിവസം പഴയതുപോലെ ഭക്ഷണ നിയന്ത്രണം. ഇത്തരത്തില്‍ ചിട്ടയായ ജീവിത ക്രമീകരണമാണ് എബിനെ ബോഡി ബില്‍ഡിങ്ങില്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷവും എലൈറ്റ് ക്ലബ് ജേതാവാക്കി മാറ്റിയിരിക്കുന്നത്. തന്റെ ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഭാര്യ അഞ്ജലി ആണെന്നാണ് എബിന്റെ നിരീക്ഷണം. 

പുകവലി ശീലം ഉപേക്ഷിക്കാന്‍ വ്യായാമം തുടങ്ങി, ഒടുവില്‍ ജീവിതത്തിനു കൂടി ലക്ഷ്യമായി 
നീണ്ടകാലം കൂടെയുണ്ടായിരുന്ന പുകവലി ശീലം ഉപേക്ഷിക്കാന്‍ വേണ്ടിയാണ് എബിന്‍ ആദ്യമായി ജിംനേഷ്യത്തില്‍ എത്തിയത്. വ്യായാമം നടത്തിയാല്‍ പുകവലി ഉപേക്ഷിക്കാന്‍ തോന്നും എന്ന ഉപദേശമായിരുന്നു മനസ്സില്‍ കൂടെയുണ്ടായിരുന്നത്. അലസ മനസിലാണ് പുകവലി പോലെയുള്ള ദുശീലങ്ങള്‍ കൂടു കൂട്ടുന്നത് എന്നത് തിരിച്ചറിഞ്ഞ എബിന്‍ ആക്റ്റീവ് ആകാന്‍ തീരുമാനിച്ചപ്പോള്‍ പുകവലിക്കാന്‍ സമയം കിട്ടാതായി.
മാത്രമല്ല ബോഡി ബില്‍ഡിങ് ഗൗരവമായി കൂടെ എത്തിയാല്‍ ജീവിതത്തില്‍ അച്ചടക്കവും നിഷ്‌ക്കര്‍ഷയും ആത്മനിയന്ത്രണവും ഒക്കെ കൂടെയുണ്ടാകും. ഇപ്പോള്‍ ആറു വര്‍ഷമായി ലണ്ടനില്‍ ജീവിക്കുന്ന എബിന് ആദ്യം പുകവലി ഉപേക്ഷിച്ച ശേഷം ഒരിക്കല്‍ പോലും അതിനോട് താല്‍പര്യം തോന്നിയിട്ടുമില്ല. 

ബോഡി ബില്‍ഡിങ് മിഥ്യയും സത്യവും തിരിച്ചറിയാം
മസില്‍ പെരുപ്പിച്ചു നില്‍ക്കുന്ന ബോഡി ബില്‍ഡര്‍ എപ്പോഴും കാഴ്ചയുടെ അത്ഭുതം തന്നെയാണ്. ഇതെങ്ങനെ സാധിക്കുന്നു എന്ന് ഏവരും അത്ഭുതപ്പെടുന്ന കാര്യം. എന്നാല്‍ ബോഡി ബില്‍ഡിങ്ങിനെ പറ്റി സാധാരണക്കാരുടെ ഏതറിവും പൊട്ടത്തരം ആണെന്ന് എബിനുമായി സംസാരിക്കുമ്പോള്‍ വ്യക്തമാകും. ബോഡി ബില്‍ഡിങ് ചെയ്യുന്ന ആള്‍ കുറച്ചു കഴിഞ്ഞാല്‍ വയസ്സനെ പോലെയാകുമെന്നും ആരോഗ്യമൊക്കെ പോയി മസിലുകള്‍ തൂങ്ങിയാടുന്ന പരുവത്തില്‍ ആകും എന്നുമൊക്കെയുള്ള കഥകള്‍ വെറും തെറ്റിദ്ധാരണ മാത്രമാണ് എന്ന് എബിന്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ മത്സര വേദികള്‍ മാത്രം മുന്നില്‍ കണ്ടു സ്റ്റീറോയ്ഡുകളും മറ്റും അടിച്ചു കേറ്റി കൃത്രിമമായി പെരുപ്പിച്ചെടുക്കുന്നവര്‍ക്കു ബാധകമായേക്കാം.

എന്നാല്‍ സ്ഥിരമായ വ്യായാമത്തിലൂടെ ബോഡി ബില്‍ഡിങ് നടത്തുന്ന ആള്‍ക്ക് ഈ പ്രയാസം ഉണ്ടാകില്ല എന്നാണ് എബിന്റെ അഭിപ്രായം. നല്ല കട്ട ലുക്ക് ഉള്ളതിനാല്‍ ആരെയും നിഷ്പ്രയാസം ഇടിച്ചിടാം എന്ന ചിന്തയും സാധാരണക്കാര്‍ക്ക് തോന്നാവുന്നതാണ്. എന്നാല്‍ ശരീരത്തിലെ ഊര്‍ജം എല്ലാം ജിംനേഷ്യത്തില്‍ കത്തിച്ചു കളയുന്ന ബോഡി ബില്‍ഡര്‍ക്കു വഴക്കിടാനോ തര്‍ക്കത്തില്‍ ഏര്‍പ്പെടാനോ ഗുസ്തി പിടിക്കാനോ കഴിയില്ല. ജീവിതത്തില്‍ ഇവര്‍ സാധുക്കളായ പൂച്ചക്കുഞ്ഞുങ്ങള്‍ മാത്രമാണ്. 

ബ്രിട്ടനിലേതു സിമെട്രിക്കല്‍ ബോഡി ബില്‍ഡിങ് 
ഇന്ത്യയില്‍ നിന്നും വത്യസ്തമായി സിമെട്രിക്കല്‍ ബോഡി ബില്‍ഡിങ് ആണ് യുകെയിലേത്. ഇന്ത്യയില്‍ കൈകള്‍ക്കും ചുമലുകള്‍ക്കും പ്രാധാന്യം നല്‍കി ശരീരത്തിന്റെ മേല്‍ഭാഗത്തിന്റെ ഭംഗിയാണ് അളവുകോലാക്കി മാറ്റുന്നത്. എന്നാല്‍ യൂറോപ്യന്‍ രീതി ശരീരത്തെ നെടുകെ പിളര്‍ത്തിയുള്ള വിശകലനമാണ്. ഇടതും വലതും ഉള്ള ശരീര ഭാഗങ്ങള്‍ ഒരുപോലെ പുഷ്ടിമ ഉള്ളതാണോ. കൈകളും കാലുകളും ശരീരത്തിന്റെ മൊത്തം ഭാരത്തിനു അനുപൂരകമാണോ ശരീരത്തിന്റെ മൊത്തം ഘടനക്കു യോജിച്ച വിധമാണോ കാലുകളുടെ ആകൃതി, കൈകള്‍ അമിതമായി വണ്ണം വച്ചവയാണോ തുടങ്ങിയ ഘടകങ്ങള്‍ ഒന്നിച്ചു ചേര്‍ത്തുള്ള പരിശോധനയാണ് യൂറോപ്യന്‍ മത്സര വേദിയിലെ പ്രത്യേകത. ഇത്തരത്തില്‍ ബോഡി ഫിസികെ, ഫിറ്റ്‌നസ് എന്നീ രണ്ടു വിഭാഗത്തിലും ചാമ്പ്യന്‍ കിരീടം തന്റെ തോളില്‍ ഏറ്റുകയാണ് എബിന്‍ ലാസര്‍. കഴിഞ്ഞ വര്‍ഷവും ഈ വിഭാഗത്തില്‍ എബിന്‍ തന്നെയാണ് ജേതാവായി മാറിയത്. 

ബാംഗ്ലൂര്‍ മാതൃ നഴ്സിങ് കോളേജില്‍ വച്ച് കണ്ടുമുട്ടിയ അഞ്ജലി ജീവിത പങ്കാളി ആയി മാറിയതോടെ ജീവിതത്തിന്റെ തന്നെ ലുക്ക് മാറ്റിയെടുത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. മികച്ച ഡാന്‍സ് പരിശീലക കൂടിയാണ് അഞ്ജലി. ഒന്നര വയസുകാരി എലനോര്‍ കൂടി ചേര്‍ന്നതാണ് എബിന്റെ കൊച്ചു കുടുംബം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category