ഹൈദരാബാദ്: വായുവേഗത്തിലെത്തിയ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ബോഗികള്‍ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മരണവായില്നിന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ മതില്‍ചാടി ഓടുന്ന യാത്രികരുമാണ് സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുന്നത്. ഹൈദരാബാദ് കച്ചീഗുഡ റെയില്‍വേ സ്റ്റേഷനു സമീപം തിങ്കളാഴ്ച രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. പക്ഷേ അപകടത്തിന്റെ സി.സി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വീഡിയോ കണ്ടവര്‍ അമ്പരപ്പെടുകയാണ്. അപകടത്തില്‍ 16 പേര്‍ക്കു പരുക്കേറ്റിരുന്നു.
എന്‍ജിനില്‍ കുടുങ്ങിയ ലോക്കോ പൈലറ്റ് ശേഖറിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണു രക്ഷപ്പെടുത്തിയത്. ലിങ്കാപള്ളിയില്‍ നിന്നു ഫലക്നുമയിലേക്കു പോയ ലോക്കല്‍ ട്രെയിനും (എംഎംടിഎസ്) കുര്ണൂലില്നിന്നു സെക്കന്തരാബാദിലേക്കു പോയ ഹുണ്‍ഡ്രി ഇന്റര്‍സിറ്റി എക്സ്പ്രസുമാണ് ഇന്നലെ 10.30ന് കൂട്ടിയിടിച്ചത്. എംഎംടിഎസിന്റെ മൂന്നും നാലും ബോഗികളാണ് ഇടിയുടെ ആഘാതത്തില്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പാളത്തില്‍നിന്നു പുറത്തേക്കു ചെരിഞ്ഞുവീണത്. കൂട്ടിയിടി നടന്ന് ഏതാനും സെക്കന്ഡുകള്ക്കകമാണു യാത്രക്കാര്‍ പുറത്തേക്കിറങ്ങിയത്. ആദ്യമിറങ്ങിയ യാത്രക്കാരനാണു പ്രാണന് കയ്യില്‍പ്പിടിച്ചു മറ്റൊരു പാളം മുറിച്ചു കടന്നോടി റെയില്‍വേ മതിലില്‍ ചാടിക്കയറിയത്.
മറ്റുള്ള യാത്രക്കാരും പിന്നാലെ ട്രെയിനില്‍നിന്നു പുറത്തേക്ക് ഇറങ്ങിയോടുന്നതും വിഡിയോയില്‍ കാണാം. 'കൂട്ടിയിടിയുടെ ആഘാതത്തിലാണ് എല്ലാ യാത്രക്കാരും. കുട്ടികളെയാണു കൂടുതല്‍ ബാധിച്ചത്. നിരവധി യാത്രക്കാരുടെ തലയും കൈകാല്‍ മുട്ടുകളും മുന്‍പിലുള്ള സീറ്റുകളിലിടിച്ചു ചോര പൊടിഞ്ഞു' പരുക്കേറ്റ ഒരു യാത്രക്കാരന് പറഞ്ഞു.