ഇന്നു രാത്രി എട്ടര വരെ സമയം ഉണ്ടെങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഒരു ശ്രമവും നടത്താതെ എന്‍സിപി; കോണ്‍ഗ്രസിനും ഗവര്‍ണര്‍ സമയം കൊടുക്കും; മറ്റന്നാള്‍ തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിലേക്ക് വഴി തെളിക്കും; ഒറ്റക്ക് മത്സരിച്ചു ഭൂരിപക്ഷം ഉറപ്പിച്ചു ഭരണം പിടിക്കാന്‍ വാശിയോടെ ബിജെപി; ശിവസേനയോടു നീക്കു പോക്കു നടത്തി അട്ടിമറിക്കാന്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യവും; മഹാനാടകം അന്ത്യത്തിലേക്ക് അടക്കുമ്പോള്‍ നേട്ടം ആര്‍ക്ക്?
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് എട്ടര വരെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എന്‍സിപിക്ക് അവസരം ലഭിച്ചു. ശിവസേന- ബിജെപി സഖ്യത്തിലെ പിളര്‍പ്പാണ് മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ തകിടം മറിക്കാന്‍ ഇടയാക്കിയത്. ഇതോടെ തിരഞ്ഞെടുപ്പു ഫലം വന്നതിന് ശേഷം 18 ദിവസം ആകുമ്പോഴും രാഷ്ട്രീയ അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. കേന്ദ്രസര്‍ക്കാറും ബിജെപിയും ആഗ്രഹിക്കുന്നതും ഇക്കാര്യം തന്നെയാണ്. അയോധ്യ അടക്കമുള്ള പ്രചരണ വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പു ഉണ്ടായാല്‍ അനായാസം വിജയിച്ചു കയറാം എന്നതാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അങ്ങനെ ഒറ്റയ്ക്ക് ഭൂരിപക്ഷം പിടിക്കാനുള്ള തന്ത്രമാണ് ഇവിടെ നടക്കുന്നത്.
ഇന്നലെ ശിവസേന നടത്തിയ സഖ്യനീക്കങ്ങള്‍ പൊളിഞ്ഞതോടെയാണ് എന്‍സിപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണം ലഭിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാന്‍ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിലാണു നടപടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കാന്‍ 24 മണിക്കൂര്‍ സമയമാണ് എന്‍സിപിക്ക് അനുവദിച്ചിട്ടുള്ളത്. സഖ്യകക്ഷികളുമായി സംസാരിച്ച ശേഷം എത്രയും പെട്ടെന്ന് തീരുമാനമറിയിക്കാമെന്നു ഗവര്‍ണറെ നേരിട്ടു ബോധിപ്പിച്ചതായി എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ന് രാത്രി 8.30 വരെയാണു ഗവര്‍ണര്‍ സമയം അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തതായും കാത്തിരുന്നു കാണാനാണു തീരുമാനമെന്നും ബിജെപി അറിയിച്ചു.
തിങ്കളാഴ്ച രാത്രി ഏഴരയ്ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാന്‍ ഞായറാഴ്ച നിര്‍ദ്ദേശിച്ചതുപ്രകാരം ശിവസേനാ സംഘവും ഗവര്‍ണറെ കണ്ടിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനു രണ്ടു ദിവസം കൂടി സാവകാശം അനുവദിക്കണമെന്ന് ശിവസേന അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി ശിവസേന മുന്നോട്ടു പോകുമെന്ന് ആദിത്യ താക്കറെ അറിയിച്ചു. ഒറ്റയ്ക്കു ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതും മുഖ്യമന്ത്രി പദം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യത്തെ തുടര്‍ന്നു ബിജെപിയുമായുള്ള സഖ്യത്തില്‍ വിള്ളലുണ്ടായതുമാണു ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ആദ്യം ബിജെപിയെ ആണു ഗവര്‍ണര്‍ ക്ഷണിച്ചത്. സര്‍ക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണു രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ക്ഷണിച്ചത്.
യൂത്ത് വിങ് നേതാവ് ആദിത്യ താക്കറെ, ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവര്‍ നേതൃത്വം നല്കിയ പ്രത്യേക ശിവസേന പ്രതിനിധി സംഘമാണ് തിങ്കളാഴ്ച വൈകിട്ട് ഗവര്‍ണറെ കണ്ടത്. ഇവരോടൊപ്പം ഏഴു സ്വതന്ത്ര എംഎല്‍എമാരും ഗവര്‍ണറെ കാണാനെത്തി. തൊഴിലാളികളുടെയും കര്‍ഷകരുടെയും സര്‍ക്കാരാണ് ഉണ്ടാകുകയെന്നും ഉദ്ധവ് താക്കറെ പറയുന്നയാള്‍ മുഖ്യമന്ത്രിയാകുമെന്നും സ്വതന്ത്ര എംഎല്‍എ ബച്ചു കണ്ഠു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശിവസേന സര്‍ക്കാരിനു പിന്തുണ തേടി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുമായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ സംബന്ധിച്ച വ്യക്തത ഉണ്ടായില്ല. ചര്‍ച്ച തുടരുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്‍സിപി നേതാവ് ശരദ് പവാറുമായി സോണിയ സംസാരിച്ചതായും ചര്‍ച്ച തുടരുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിച്ചു.
നീങ്ങുന്നത് രാഷ്ട്രപതി ഭരണത്തിലേക്ക് തന്നെ
എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്മാറുകയാണെങ്കില് സാങ്കേതികത്വത്തിന്റെ പേരില്‍ നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചേക്കും. അതല്ലെങ്കില്‍ എന്‍സിപിയുടെ മറുപടിക്ക് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ചൊവ്വാഴ്ച കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യും. അങ്ങനെയെങ്കില്‍ ചൊവ്വാഴ്ച വൈകിട്ടോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരും. ശിവസേനയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ബിജെപി ഞായറാഴ്ച പിന്മാറിയിരുന്നു. പിന്നാലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ തേടിയിരുന്നുവെങ്കിലും ശിവസേനയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. ഇതോടെ ശിവസേനയുമായി ചേരാന്‍ അരമനസുമായി നിന്ന എന്‍സിപിയും പിന്മാറി.
എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ഉറപ്പാക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ശിവസേന സര്‍ക്കാരുണ്ടാക്കാന്‍ രണ്ടുദിവസത്തെ സാവകാശം ഗവര്‍ണറെ കണ്ട് തേടിയിരുന്നു. എന്നാല്‍ സമയം നീട്ടി നല്‍കാനാകില്ലെന്ന് അറിയിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി എന്‍സിപിക്ക് കത്ത് നല്കി. സര്‍ക്കാരുണ്ടാക്കേണ്ടതില്ലെന്നാണ് എന്‍സിപി ഇപ്പോളെടുത്തിരിക്കുന്ന നിലപാട്.
25 വര്‍ഷം നീണ്ടുനിന്ന സഖ്യം അവസാനിപ്പിച്ചാണ് ശിവസേന ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ നിന്ന് പുറത്തുവന്നത്. സേനയുടെ കേന്ദ്രമന്ത്രിസഭയിലെ അംഗമായ അരവിന്ദ് സാവന്ത് രാജിവെക്കുമെന്നും അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരികയാണെങ്കില്‍ പന്ത് വീണ്ടും ബിജെപിയുടെ കോര്‍ട്ടിലെത്തും. ഒന്നുകില്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് പത്തിമടക്കി ബിജെപി പാളയത്തിലേക്ക് തിരികെ വരികയോ അല്ലെങ്കില്‍ ഒറ്റപ്പെടുകയോ എന്ന രണ്ട് വഴികള്‍ മാത്രമാണ് ശിവസേനയ്ക്ക് മുന്നിലുള്ളത്.
രാഷ്ട്രപതി ഭരണത്തിന്റെ കാലയളവില്‍ മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി ബിജെപി അധികാരത്തില്‍ എത്താന്‍ ശ്രമിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനുള്ളില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന നിലപാടിനാണ് പ്രാമുഖ്യം. ഈ നീക്കത്തെ സിപിഎമ്മും പിന്തുണച്ചിരുന്നു. എന്നാല്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നേതാക്കളും ഹൈക്കമാന്‍ഡും എതിര്‍ത്തതോടെയാണ് ശിവസേനയ്ക്ക് പിന്തുണ നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. ശിവസേനയെ പിന്തുണയ്ക്കുന്നത് ആത്മഹത്യാപരമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്.
അതേസമയം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയെ പിന്തുണയ്ക്കണമെന്ന നിലപാടുള്ള എന്‍സിപിയുമായി ചര്‍ച്ച തുടരുമെന്നാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. 288 അംഗ നിയമസഭയില്‍ 105 അംഗങ്ങളുള്ള ബിജപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രരുള്‍പ്പെടെ 125 അംഗങ്ങളുടെ പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്. രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് 56 അംഗങ്ങളും മൂന്നാമത്തെ കക്ഷിയായ എന്‍സിപിക്ക് 54 അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസിന് 44 അംഗങ്ങളാണുള്ളത്.
ബിജെപി- ശിവസേന സഖ്യം വീണ്ടും തുടര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ ഭരണ പ്രതിസന്ധി അവസാനിക്കും. എന്നാല്‍ ബിജെപിയുമായി കൂടാനില്ലെന്ന നിലപാടില്‍ ശിവസേന ഉറച്ചുനിന്നാല്‍ എന്‍സിപി, കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണയില്ലാതെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരണം സാധ്യമാകില്ല. നിലവിലെ രാഷ്ട്രീയ സൂചനകള്‍ ഈ സമവാക്യം യാഥാര്‍ഥ്യമാകില്ലെന്ന വിവരങ്ങളാണ് നല്‍കുന്നത്. അല്ലെങ്കില്‍ എന്‍സിപി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ശിവസേന പുറത്തുനിന്ന് പിന്തുണയ്ക്കേണ്ടി വരും. അങ്ങനെയെങ്കില്‍ നഷ്ടം ശിവസേനയ്ക്ക് തന്നെയാണ്. മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ ബിജെപി ബാന്ധവം അവസാനിപ്പിച്ച ശിവസേനയ്ക്ക് സര്‍ക്കാരില്‍ പങ്കാളിയാകാതെ പുറത്തിരിക്കേണ്ടി വരും.
ഉദ്ധവ് സോണിയ ഗാന്ധിയെ ഫോണില്‍ വിളിച്ചിട്ടും അനിശ്ചിതത്വം നീങ്ങിയില്ല
ഒരു ദിവസം മുഴുവന്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പുറത്തുനിന്നു പിന്തുണയ്ക്കുമെന്നും സേനാ എന്‍സിപി സര്‍ക്കാര്‍ നിലവില്‍ വരുമെന്നും അഭ്യൂഹമുയര്ന്നിരുന്നുന്നു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി മുംബൈയിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണിലും ചര്‍ച്ച നടത്തുകയും ചെയ്തു. ആശംസ മാത്രം നേര്‍ന്ന് സോണിയ സംസാരം അവസാനിപ്പിച്ചു. സേനയ്ക്കൊപ്പം നില്ക്കാന് എംഎല്‍എമാര്‍ക്കു സമ്മതമാണെങ്കിലും ഹൈക്കമാന്‍ഡ് സംശയിച്ചുനില്ക്കുന്നതാണു കോണ്‍ഗ്രസ് തീരുമാനം വൈകാന്‍ കാരണം. എങ്കിലും, ബിജെപി ഇതര സര്‍ക്കാരിനുള്ള നീക്കങ്ങള്‍ ഇപ്പോഴും സജീവമാണെന്നാണു സൂചന. ബിജെപിയോടു ചാഞ്ഞുനിന്നിരുന്ന മൂന്നു സ്വതന്ത്രര്‍ ശിവസേനയ്ക്കു പിന്തുണ പ്രഖ്യാപിച്ച് രാജ്ഭവനിലെത്തി വെട്ടിലാകുകയും ചെയ്തു.
ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ തയാറാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ സര്‍ക്കാരിനു പൊതുമിനിമം പരിപാടി വേണമെന്നും സ്പീക്കര്‍ സ്ഥാനം നല്‍കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍, അവസാനം അത്തരം നീക്കങ്ങളെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്.