1 GBP = 94.20 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ: ഭാഗം പതിനൊന്ന്

Britishmalayali
ജെപി

ത്ര നേരം ഞാനാ ഇരുപ്പില്‍ ഇരുന്നു എന്ന് എനിക്ക് തന്നെ അറിയില്ല. കുറെ നേരം ഇരുന്ന് കഴിഞ്ഞപ്പോള്‍ ശരീരത്തിന്റെ അസ്വാസ്ഥ്യം കുറയുകയും, കുറച്ചൊരു എനര്‍ജി വരുകയും ചെയ്തു. 

ഞാന്‍ കേട്ടുകൊണ്ടിരുന്ന സ്വരം ഇടയ്ക്കിടെ ഇല്ലാതാവുകയും ചിലപ്പോള്‍ തീരെ നിശ്ശബ്ദമാവുകയും ചെയ്യുന്നുണ്ടായിരുന്നു. 

തുറസ്സായ സ്ഥലത്തെ വെളിച്ചവും മാന്‍ഷന്റെ ചുവന്ന ഇഷ്ടികകളും ഇരുട്ടില്‍ മൂടി. പതുക്കെ എഴുന്നേറ്റ് മുള്ളുകാടുകള്‍ക്ക് പുറത്തേക്ക് കടക്കാമെന്ന് തീരുമാനിച്ചു. ടോര്‍ച്ച് തെളിക്കാതെ തന്നെ മാന്‍ഷന്റെ വിശാലമായ മുറ്റത്തേക്ക് ഞാന്‍ നടന്നു. 

ഇരുട്ടില്‍ ഒന്നും വ്യക്തമായിരുന്നില്ലെങ്കിലും ശബ്ദം വന്ന് കൊണ്ടിരുന്നത് തെക്ക് മാറി മാന്‍ഷന്റെ ഇടത് വശത്ത് നിന്നായിരുന്നു. 

മാന്‍ഷന്റെ കിടപ്പിനെ കുറിച്ച് ഞാനൊന്നാലോചിച്ചു. ഞാനിപ്പോള്‍ നില്‍ക്കുന്നത് പുറകു വശത്തായിരിക്കണം. മറുഭാഗത്താണ് ചാപ്പലും പ്രഭിയുടെ ശവകുടീരവും. അവിടെയാണ് കണ്‍ട്രിറോടും.

ഇടതും വലതും ഉള്ള വശങ്ങളില്‍ എന്താണെന്ന് നിശ്ചയമില്ല. ശബ്ദം കേട്ടത് ഇടത് വശത്തുനിന്നായത്‌കൊണ്ട് അങ്ങോട്ട് നടക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. 

മാന്‍ഷന്റെ ചുമരുകളോട് ചേര്‍ന്നാണ് ഞാന്‍ നടന്നുകൊണ്ടിരുന്നത്. കാലപ്പഴക്കം വന്നിട്ടും ഇത്രയും മഞ്ഞും മഴയും പെയ്തിട്ടും ചുമരില്‍ പായലൊന്നും പിടിച്ചിട്ടില്ലെന്ന് തൊടുമ്പോള്‍ മനസ്സിലാവുന്നുണ്ട്. 

മാന്‍ഷന്റെ ഇടത്തെ അറ്റം എത്താറായപ്പോള്‍ ഞാനൊന്ന് നിന്നു. ഇനിയങ്ങോട്ട് എന്താകും എന്ന്  ഒരു ഊഹവുമില്ല. ആരോ അവിടെ ഉണ്ട് എന്നെനിക്ക് ഉറപ്പായിരുന്നു. അത് മനുഷ്യനാണോ, അതോ പ്രേതമാണോ എന്ന കാര്യത്തിലെ തര്‍ക്കമുള്ളൂ. 

ഇരുട്ടുന്നതിനു മുന്‍പേ വരേണ്ടതായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഏതായാലും ഇവിടം വരെ എത്തിപ്പെട്ടു. ഇനി എന്തുവന്നാലും നേരിടാന്‍ ഞാന്‍ ഒരുക്കമായി. 

ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ യുക്തി രഹിതമായി തോന്നാമെങ്കിലും എന്റെ അവബോധ മനസ്സ് പറയുന്നതുപോലെ ചെയ്യാന്‍ തന്നെ തീരുമാനിച്ചു. മനുഷ്യനെയാണ് നേരിടേണ്ടി വരുന്നതെങ്കില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ച് നില്‍ക്കാം. ഇനി അഥവാ പ്രേതങ്ങളുടെ മുന്‍പിലാണ് ചെന്ന് പെടുന്നതെങ്കിലോ. 

ബാഗില്‍ നിന്നും വെഞ്ചരിച്ച കൊന്തയെടുത്ത് ഞാന്‍ കഴുത്തിലിട്ടു. കുരിശ്ശ് എടുത്ത് കയ്യില്‍ പിടിച്ചു. (ജാള്യത കാരണം കുരിശ്ശിന്റെ കാര്യം മനപ്പൂര്‍വം നേരത്തെ പറയാതിരുന്നതാണ്).  

ഒരു കയ്യില്‍ ടോര്‍ച്ചും മറുകയ്യില്‍ കുരിശ്ശും പിടിച്ച് ഞാന്‍ മാന്‍ഷന്റെ ചുവരുകള്‍ അവസാനിക്കുന്നിടത്ത് എത്തി. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുന്നോട്ട് നടന്നു. അവിടെ ചുമരുകള്‍ക്ക് പകരം തുറസ്സായ വരാന്തയാണെന്ന് എനിക്ക് മനസ്സിലായി. 

വരാന്തയില്‍ കയറി നിന്നപ്പോള്‍ ദൂരെ താഴ്വരയ്ക്കും അപ്പുറം റോഡിലൂടെ പായുന്ന വാഹനങ്ങളുടെ വെളിച്ചം കാണാന്‍ സാധിച്ചു. 

ദിവസങ്ങള്‍ക്കുമുമ്പ് മാന്‍ഷനില്‍ കണ്ട നിഴലുകളെ കുറിച്ച് ഓര്‍ത്തുപോയി. ആരായിരിക്കും അവര്‍? എഴുപത്തി ഒന്‍പതാം നമ്പര്‍ വീട്ടില്‍ രാത്രിയില്‍ കണ്ട ആള്‍ ആരായിരിക്കും. വരാന്തയിലൂടെ നടക്കുമ്പോള്‍ ഇത്തരം ഒരുപാട് സംശയങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. 

മാന്‍ഷന്റെ ഇടത് ഭാഗം കഴിഞ്ഞ് വീണ്ടും വലത്തോട്ട് തിരിഞ്ഞാല്‍ മാന്‍ഷന്റെ മുന്‍ഭാഗം. ആ ഭാഗത്തേക്ക് പോകാന്‍ ഞാനല്‍പം ഭയന്നു. കണ്‍ട്രി റോഡിലൂടെ പോകുന്ന ആരെങ്കിലും കണ്ടാല്‍ കാര്യങ്ങള്‍ വഷളാകും. ഇവിടം വെച്ച് ഇന്നത്തെ അന്വേഷണം നിറുത്തണോ എന്നൊരു നിമിഷം ആലോചിച്ചു. 

കുറച്ചു കൂടെ മുന്‍പോട്ട് പോകാം എന്നുറച്ച് ഇരുട്ടുമായി കണ്ണുകളെ താതാത്മ്യം പ്രാപിക്കാന്‍ വിട്ടുകൊണ്ട് ഒരല്‍പ നേരം കണ്ണുകളടച്ച് ഞാന്‍ വെറുതെ നിന്നു. ഒരു നീണ്ട ശ്വാസമെടുത്ത് വീണ്ടും കണ്ണുകള്‍ തുറന്ന് വരാന്തയിലേക്ക് നോക്കിയപ്പോള്‍ രണ്ട് മനുഷ്യ രൂപങ്ങള്‍ ഞാന്‍ കണ്ടു. അവ ഒരമ്പതടി ദൂരത്തില്‍ ഇരുട്ടിലും വ്യക്തമായി കാണാന്‍ കഴിയുന്ന തരത്തില്‍ എനിക്ക് നേരെ നില്‍ക്കുകയാണ്. 

അന്ന് രാത്രിയില്‍ കണ്ട നിഴലുകളുടെ അതേ രൂപത്തില്‍ രണ്ട് പേര്‍. അറിയാതെ എന്റെ കൈ കുരിശ്ശില്‍ മുറുകെ പിടിച്ചു. മറ്റേ കയ്യിലിരുന്ന ടോര്‍ച്ച് വിറക്കുന്നുണ്ടായിരുന്നെങ്കിലും ഞാനതിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി, ഇരുട്ടില്‍ കണ്ട രൂപങ്ങള്‍ക്ക് നേരെ വെളിച്ചം പായിച്ചു. 
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam