1 GBP = 97.40 INR                       

BREAKING NEWS

വീട്ടില്‍ വഴക്കു പതിവാണെങ്കില്‍ വേറെ കാരണം തിരയേണ്ട; അഞ്ചു വര്‍ഷം കൊണ്ട് രാത്രി ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത് ഒന്നര ലക്ഷം; ടെന്‍ഷന്‍ കൂടെപ്പിറപ്പാകുമ്പോള്‍ കൂട്ടിനു രോഗങ്ങളും; ഡയറക്റ്റ് ഡെബിറ്റുകള്‍ ഇല്ലാതാക്കിയും ജോലി സമയം കുറച്ചും ജീവിതം തിരിച്ചു പിടിക്കാന്‍ തുടങ്ങാം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി : ''കഴിഞ്ഞ 18 വര്‍ഷമായി സുധ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന നഴ്സാണ്. പ്രായം 47. റിക്രൂട്ട് ഏജന്റിന് കൊടുത്ത പണവും വീട്ടിലെ പ്രാരാബ്ധങ്ങളും മൂത്ത കുട്ടിയായ സുധയുടെ ചുമലില്‍ തന്നെ വന്നു കൂടിയ കടങ്ങളാണ്. പത്തു വര്‍ഷം എടുത്താണ് 30 ലക്ഷത്തോളം രൂപ ഉണ്ടാക്കിയത്. അതിനായി കാളയെ പോലെ ജോലി ചെയ്തു. ഇന്നും വിശ്രമം അറിയാതെ ജോലി ചെയ്യുകയാണ്. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന മകളുടെയും കോളേജില്‍ എത്തിയ മകന്റെയും പഠന ചെലവിനായി. ആഴ്ചയില്‍ നാലും അഞ്ചും ദിവസം ഒക്കെ ഒരു മടിയും ഇല്ലാതെ ജോലി ചെയ്തതാണ്. ഇപ്പോള്‍ രണ്ടു ദിവസം ജോലി ചെയ്താല്‍ പോലും മൂന്നാമത്തെ ദിവസം ആകെ കനം തൂങ്ങി എവിടെ എങ്കിലും ഒന്ന് ചടഞ്ഞിരുന്നാല്‍ മാത്രം മതി. ഷോപ്പിംഗിനു പോകാന്‍ പോലും താല്‍പര്യം ഇല്ല.

കുടുംബ ജീവിതത്തിലും സന്തോഷക്കുറവ്. വഴക്കിനും അടിപിടിക്കും ഒന്നും കുറവില്ല. ഭര്‍ത്താവാണെങ്കില്‍ അല്‍പസ്വല്‍പം നാട്ടുകാര്യവും ആയി ജീവിതത്തിലെ പ്രയാസങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്നു. തന്നെക്കൊണ്ട് പറ്റുന്ന പോലെയൊക്കെ ചെയ്‌തെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സുധയാകട്ടെ വല്ല വിധേനയും കടമൊക്കെ തീര്‍ത്തിട്ട് ഒന്ന് വിശ്രമിക്കണം എന്നേ കരുതിയിട്ടുള്ളൂ. പക്ഷെ............ ഇപ്പോള്‍ ഏതു രോഗമാണ് തന്നെ അലട്ടുന്നത് എന്ന് സുധക്കറിയില്ല. ഡോക്ടറെ കാണാന്‍ പോലും ഭയമാണ്. ശരീരമാകെ സദാ വേദന. ജീവിതം ആസ്വദിക്കാന്‍ മറന്നു പോയി എന്ന് മാത്രം സുധ ഇപ്പോള്‍ തിരിച്ചറിയുന്നു...........''. ഇതൊരു സാങ്കല്‍പിക പേര് ആണെങ്കിലും ജീവിച്ചിരിക്കുന്ന ആയിരക്കണക്കിന് സുധമാര്‍ യുകെ മലയാളികള്‍ക്കിടയില്‍ ഉണ്ട്, ആണായും പെണ്ണായും. 

ജോലി ചെയ്തു എന്നതല്ല, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തുടര്‍ച്ചയായി വിശ്രമം ഇല്ലാതെ രാത്രികാല ജോലി ചെയ്തു എന്നതാണ് ഇവരുടെ പ്രശ്നം. ശരീരത്തിന്റെ ബയോളജിക്കല്‍ ക്ലോക്ക് തലങ്ങും വിലങ്ങും കറങ്ങി തിരിഞ്ഞു ശരീരവും മനസും രണ്ടു വഴിക്കായി. മനസെത്തുന്നിടത്തു ശരീരം എത്തില്ല, നേരെ തിരിച്ചും. വേണ്ടാത്തതിനും വേണ്ടതിനും ടെന്‍ഷന്‍. ചെറിയ കാര്യങ്ങള്‍ക്കും വീട്ടില്‍ പങ്കാളിയോടും മക്കളോടും വഴക്ക്. വീടിനു മുന്നിലൂടെ നടന്നു പോകുന്നവക്ക് ഒച്ചപ്പാട് കേട്ട് ഒന്ന് തീരഞ്ഞു നോക്കാതെ പോകാന്‍ കഴിയില്ല.

സ്വതവേ നിശബ്ദമായിരുന്ന ഈ വീടിനു എന്തു പറ്റി? കാരണം തേടി പോകുന്ന വിദഗ്ധര്‍ തിരിച്ചറിയുകയാണ് രാത്രികാല ജോലിയാണ് ഈ കുടുംബത്തിന്റെ സമാധാനം കെടുത്തിയത്. ഈ രംഗത്ത് ഏറെ പഠനം നടന്നതാണെങ്കിലും ഏറ്റവും പുതിയ കണക്കുകള്‍ ഭീതിപ്പെടുത്തുന്നതാണ്. അത്യാവശ്യം ജീവിക്കാന്‍ ഉള്ളതിന് വേണ്ടി മാത്രം ജോലി ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്കിടയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന അമ്പരപ്പിക്കുന്നതാണ്. 

നഴ്സ്മാര്‍ തന്നെ ബലിയാടുകള്‍ 
ഒന്നര ലക്ഷം പേരാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ബ്രിട്ടനില്‍ രാത്രി ജോലി തിരഞ്ഞെടുത്തിരിക്കുന്നത്. യുകെയില്‍ ആകെ 31 ലക്ഷത്തില്‍ അധികം പേരാണ് രാത്രികാല ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതായത് ആകെയുള്ള ജീവക്കാരില്‍ ഒന്‍പതില്‍ ഒരാള്‍ വീതം രാത്രി ജോലി ചെയ്യുനവരാണ്. സ്വാഭാവികമായും രാത്രി ജോലിയില്‍ സ്ത്രീകളുടെ എണ്ണം കൂടുതലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കൂടുതലായി എത്തിയ ഒന്നര ലക്ഷം പേരില്‍ ഒരു ലക്ഷവും സ്ത്രീകള്‍ തന്നെയാണ്.

ആകെയുള്ള രാത്രി ജോലിക്കാരില്‍ 18 ലക്ഷവും സ്ത്രീകള്‍ ആണെകില്‍ പുരുഷന്മാര്‍ 12 ലക്ഷത്തില്‍ അധികം മാത്രമാണ്. ഇതില്‍ തന്നെ ആശുപത്രികളും നഴ്‌സിങ് ഹോമുകളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ ആണധികവും, അഞ്ചു ലക്ഷം പേര്‍. പുരുഷന്മാര്‍ കൂടുതല്‍ രാത്രി ജോലി ചെയ്യുന്നത് ഡ്രൈവിങ് ഉള്‍പ്പെടെയുള്ള മേഖലയിലാണ്. രണ്ടര ലക്ഷത്തില്‍ അധികം പേരാണ് ഇക്കൂട്ടത്തില്‍ പെടുന്നത്. ആശുപത്രികളും മറ്റും ഉള്‍പ്പെടുന്ന രോഗീപരിചരണത്തില്‍ വെറും 17000 പുരുഷന്മാര്‍ മാത്രമാണ് രാത്രി ജോലി തിരഞ്ഞെടുത്തിരിക്കുന്നത്. 

കുടിയേറ്റക്കാരില്‍ നല്ല പങ്കും രാത്രി ജോലി ചെയ്യാന്‍ നിര്ബന്ധിതര്‍ കൂടിയാണ്  കാരണം ജീവിത പങ്കാളിയില്‍ ഒരാളുടെ വേതനം കൊണ്ട് ജീവിത ചിലവുകള്‍ കൂട്ടിമുട്ടിക്കാനാകില്ല. കൊച്ചു മക്കളുമായി ജീവിക്കുമ്പോള്‍ ഒരാള്‍ നൈറ്റ് ഡ്യൂട്ടി തിരഞ്ഞെടുത്തേ പറ്റൂ. മിക്കവാറും വീടുകളില്‍ സ്ത്രീകള്‍ നൈറ്റ് ജോലിക്കാരായതു മക്കളുടെ സ്വഭാവ രൂപീകരണത്തെ പോലും ബാധിച്ചിരിക്കുകയാണ്.

എന്‍എച്ച്എസിലും മറ്റും ലഭിക്കുന്ന രാത്രി ജോലിയുടെ അല്‍പ വേതന വര്‍ധനയും കണക്കിലെടുത്ത് ആഴ്ചയവസാനം ജോലി ചെയ്യുന്നവരുടെ കാര്യം ഇതിലും കഷ്ടമാണ്. മക്കള്‍ വീട്ടില്‍ ഉള്ള ദിവസം 'അമ്മ ജോലിയിലും, ജോലി കഴിഞ്ഞെത്തിയാല്‍ ക്ഷീണം കാരണം ഉറക്കത്തിലും. ജീവിതത്തിലെ നല്ല പാഠങ്ങള്‍ പറഞ്ഞു നല്‍കേണ്ട, സുന്ദര നിമിഷങ്ങള്‍ ആസ്വദിക്കേണ്ട അവസരങ്ങളാണ് ഇത്തരം കുടുംബങ്ങളില്‍ നഷ്ടമാകുന്നത്. 

പ്രായമായാലും വിശ്രമിക്കാന്‍ സാധിക്കാത്തവരുടെ എണ്ണം കൂടുന്നു 
അതേസമയം രണ്ടാം തലമുറ മലയാളി കുടിയേറ്റക്കാരെ പേടിപ്പിക്കുന്ന കണക്കുകളാണ് പ്രമുഖ തൊഴില്‍ സംഘടനയായ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് പുറത്തു വിടുന്നത്. അമ്പതു വയസില്‍ എത്തിയവര്‍ രാത്രി ജോലി ചെയ്യുന്ന കാര്യത്തില്‍ 114 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രാത്രി ജോലി ചെയ്യുന്നവരില്‍ നല്ല പങ്കും 30നും 50നും ഇടയില്‍ ആണെന്നതാണ് വസ്തുത.

പതിനാലു ലക്ഷം പേരാണ് ഈ പ്രായത്തിലെ രാത്രി ജീവനക്കാര്‍. 50ല്‍ എത്തിയാല്‍ പിന്നെ പലവിധ രോഗകാരണത്താല്‍ രാത്രി ജോലികളെ ആശ്രയിക്കാന്‍ പറ്റാതാകുന്നു. എന്നിട്ടും ഏഴു ലക്ഷം പേര് ഈ പ്രായത്തിലും രാത്രി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. അറുപതു വയസിനു മുകളില്‍ പ്രായമുള്ള, മറ്റൊരു വഴിയും ഇല്ലാത്ത രണ്ടു ലക്ഷം പേരും രാത്രി ജോലി ചെയ്യുന്നുണ്ട്. ഇവരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ 392 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 

ഇത് തിരിച്ചറിഞ്ഞു കുറച്ചു പേരെങ്കിലും ജോലി സമയം കുറയ്ക്കുകയും കൂടുതല്‍ സമയം കുടുംബത്തിന് വേണ്ടി മാറ്റിവയ്ക്കാന്‍ തുടങ്ങിയതും നല്ല ലക്ഷണമാണ്. കട ബാധ്യതകള്‍ കുറെയൊക്കെ മാറിയതും അനാവശ്യ ചിലവുകളോട് നോ പറയാന്‍ പഠിച്ചതും ഡയറക്റ്റ് ഡെബിറ്റുകള്‍ മുന്‍പിന്‍ നോക്കാതെ വേണ്ടെന്നു വയ്ക്കാന്‍ മനസിന് ധൈര്യം കിട്ടിയതും ഒക്കെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ പലരെയും സഹായിക്കുന്നുണ്ട്.

ആവശ്യത്തിനും അനാവശ്യത്തിനും പണം എടുത്തു നല്‍കുന്ന രീതി ഒഴിവാക്കി ജീവിത ചിലവില്‍ നിയന്ത്രണം വരുത്തിയാല്‍ തന്നെ മിക്കവര്‍ക്കും ശരീരത്തിനും മനസിനും ആഘാതം നല്‍കാതെ ജോലി ചെയ്യാന്‍ സാധിക്കും. പ്രായം മധ്യവയസ് പിന്നിട്ടാല്‍ തുടര്‍ച്ചയായ രാത്രി ജോലികള്‍ ഒഴിവാക്കണം എന്നാണ് പഠനത്തില്‍ പറയുന്നത്. വീട്ടില്‍ ആവശ്യത്തിന് വിശ്രമം കൂടി ഇല്ലാത്തവര്‍ ആണെങ്കില്‍ ഇത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ എണ്ണമില്ലാത്തതായി മാറുകയും ചെയ്യും. 

മനസും ശരീരവും കൈവിടാതെ നോക്കാം 
രാത്രി ജോലി ചെയ്യുന്നവരുടെ മാനസിക സമ്മര്‍ദം മറ്റുളവരുടേതിനേക്കാള്‍ 30 ശതമാനം ഉയര്‍ന്നതായിരിക്കും എന്നതാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. കുഴിഞ്ഞ കണ്ണുകള്‍, മുഖത്തെയും ശരീരത്തെയും കറുത്ത പാടുകള്‍, വിങ്ങി വീര്‍ത്ത മുഖവും ശരീരവും, കൈകാലുകളുടെ വേദന, വെറുതെ ദേഷ്യപ്പെടല്‍, ഒന്നിനും താല്പര്യം ഇല്ലായ്മ എന്നിവ ഒക്കെ കണ്ടു തുടങ്ങിയാല്‍ നൈറ്റ് ഡ്യൂട്ടി സിന്‍ഡ്രോം പിടികൂടിയെന്നു ഉറപ്പിക്കാം. ഹൃദയമിടിപ്പ് കൂടുന്നതും രക്തസമ്മര്‍ദം കുറഞ്ഞു നില്‍ക്കുന്നതും ഇത്തരക്കാരുടെ ശരീരത്തിന്റെ പ്രതികരണമാണ്.

തലച്ചോറിന്റെ വിശ്രമം ഇല്ലാത്ത ജോലി ഭാരം മൂലം ശരീരം മാത്രമല്ല മനസ് കൂടിയാണ് തളരുന്നത്. ഒടുവില്‍ ജീവിതത്തോട് തന്നെ വിരക്തതയും. ആത്മഹത്യ പ്രവണത പോലും ഇത്തരക്കാരില്‍ ഏറെയാണ്. ഇങ്ങനെ പേടിപ്പിക്കാന്‍ കാരണമായ ഒട്ടേറെ തെളിവുകളാണ് രാത്രി ജോലി ചെയ്യുന്നവരെ തേടി എത്തികൊണ്ടിരിക്കുന്നത്. ഒരു സംഘം ആളുകളെ രാത്രിയില്‍ ഉറങ്ങാന്‍ അനുവദിക്കാതെ തലച്ചോര്‍ സ്‌കാന്‍ ചെയ്താണ് ശരീരം ഏതു വിധത്തില്‍ ഒക്കെ തളര്‍ച്ച നേരിടുന്നുവെന്ന് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ പങ്കിടുന്ന പഠന വിവരങ്ങള്‍ ഏറെ ആശങ്ക നല്‍കുന്നതുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category