ബ്രാഡ്ലി സ്റ്റോക് മലയാളി മേയര്‍ വിവാദത്തില്‍; വാടകക്കാരുടെ ഡെപ്പോസിറ്റ് തിരികെ നല്കാന് മടി കാട്ടിയതിന് കോടതി പിഴ വിധിച്ചു; മാസം 10 പൗണ്ട് വീതം നല്‍കാമെന്ന് ടോം ആദിത്യ; കടം വീട്ടാന്‍ വേണ്ടത് 32 വര്‍ഷം; ധാര്‍ഷ്ട്യക്കാരായ വീട്ടുടമകള്‍ക്കു താക്കീതായ സംഭവം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
ബ്രിസ്റ്റോള്‍: മലയാളി സമൂഹത്തില്‍ ഏറെ അറിയപ്പെടുന്ന ബ്രാഡ്ലി സ്റ്റോക് എന്ന സ്ഥലത്തെ മേയര്‍ ടോം ആദിത്യ വിവാദത്തില്‍. ഒന്നിലേറെ വീടുകള്‍ ഉള്ള ഇദ്ദേഹം വാടകയ്ക്ക് നല്കിയ വീടുകളിലെ താമസക്കാര്‍ക്ക് മുന്‍കൂര്‍ ആയി വാങ്ങുന്ന ഡെപ്പോസിറ്റ് പണം തിരികെ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കം കോടതിയില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ കോടതിയില്‍ താന്‍ വരുമാനം ഇല്ലാത്ത വ്യക്തി ആണെന്നും മേയര്‍ ജോലി വഴി പണം ഒന്നും ലഭിക്കുന്നില്ലെന്നും പറഞ്ഞ ടോം പ്രതിമാസം പത്തു പൗണ്ട് വീതം നല്കാന് മാത്രമേ തനിക്കു ഗതിയുള്ളൂ എന്ന് കോടതിയില്‍ ബോധിപ്പിക്കുക ആയിരുന്നു. ഇങ്ങനെ പത്തു പൗണ്ട് വീതം നല്കിയാല് 32 വര്‍ഷം കൊണ്ടേ ടോമിന് തന്റെ കടം വീട്ടാന്‍ സാധിക്കൂ എന്നും കോടതി കണ്ടെത്തി.
കേസ് സംബന്ധിച്ച് ബ്രിസ്റ്റോള്‍ ലൈവ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയതോടെ സോഷ്യല്‍ മീഡിയ വഴി യുകെ മലയാളികള്‍ ആഘോഷമാക്കുകയാണ് സംഭവം. അടുത്തകാലത്തായി നൂറു കണക്കിന് മലയാളി കുടുംബങ്ങള്‍ യുകെയില്‍ എത്തികൊണ്ടിരിക്കുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല എന്നാണ് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുന്നവര്‍ ആവശ്യപ്പെടുന്നത്. പലപ്പോഴും വീടുകള്‍ വാടകയ്ക്ക് നല്കുന്നവര് വാടകക്കാരെ ചൂഷണം ചെയ്യുക ആണെന്നും പരാതികള്‍ വ്യാപകമാണ്.
കേസിന് ആസ്പദമായ സംഭവത്തില്‍ ഒന്‍പതു മാസം മുന്‍പ് തന്നെ കോടതി ടോം ആദിത്യ പണം മടക്കി നല്‍കണമെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന ടോം ഒട്ടും ആദരണീയന്‍ ആയ വീട്ടുടമ ആയിരുന്നില്ലെന്ന് അഞ്ചു വാടകക്കാര്‍ മൊഴി നല്‍കുക ആയിരുന്നു. ഹോര്ഫീല്ഡില് ഇദ്ദേഹത്തിനുള്ള വീട്ടിലെ താമസക്കാരാണ് പരാതിക്കാര്‍.
വീടിന്റെ ഹീറ്റിങ് സിസ്റ്റം നന്നാക്കാതെയും വെള്ളം ലീക്കാകുന്നത് പരിഹരിക്കാതെയും ടോം ബുദ്ധിമുട്ടിലാക്കി എന്നും പരാതിയില്‍ പറയുന്നു. വെള്ളത്തിന്റെ ലീക്കിങ് അഞ്ചു വര്‍ഷത്തോളം പരിഹരിക്കപ്പെട്ടില്ല എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ വാടകക്കാര്‍ നല്കിയ 1100 പൗണ്ട് ഡെപ്പോസിറ്റ് മടക്കി നല്കുന്നതില് ടോം വീഴ്ച വരുത്തി എന്നതാണ് കേസിനു കാരണമായതെന്ന് ബ്രിസ്റ്റോള്‍ ലൈവ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏകദേശം രണ്ടു വര്‍ഷത്തിന് ശേഷം വാടകക്കാര്‍ വീട് ഒഴിയുകയും കേസ് ബ്രിസ്റ്റോള്‍ കൗണ്ടി കോടതിയില്‍ എത്തുകയും ആയിരുന്നു. ടോമിന്റെ ഭാഗത്തു തെറ്റുണ്ടെന്ന് കണ്ടെത്തിയ കോടതി ഡെപ്പോസിറ്റും 2200 പൗണ്ട് പെനാലിറ്റിയും 520 പൗണ്ട് കോടതി ചിലവും ഉള്‍പ്പെടെ 3820 പൗണ്ട് നല്കാന് വിധിക്കുക ആയിരുന്നു. എന്നാല്‍ കോടതി ഉത്തരവ് പാലിക്കാന്‍ ടോം തയ്യാറാകാതെ വന്നതോടെ വാടകക്കാര്‍ എന്‍ഫോഴ്സ്മെന്റ് ടീമിന്റെ സഹായം തേടിയതായും പറയപ്പെടുന്നു.
ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടും ഇയാള്‍ പ്രാദേശിക സ്ഥലത്തെ മേയര്‍ ആയി മാറി എന്നതാണ് അത്ഭുതമെന്ന് വാടകക്കാരില്‍ ഒരാള്‍ ബോധിപ്പിച്ചു. പരാതിക്കാരുടെ ആവശ്യം ന്യായമായിരുന്നുവെന്ന മട്ടിലാണ് ടോം മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ അഭിപ്രായം തേടിയപ്പോള്‍ മറുപടി നല്‍കിയത്. എന്നാല്‍ അവര്‍ ആവശ്യപ്പെടുന്ന പണം നല്കാന് ഉള്ള ശേഷി തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ പരിചയക്കാരില്‍ ഒരാളില്‍ നിന്നും കടം വാങ്ങി ഈ പണം എത്രയും പെട്ടെന്ന് കൊടുത്തു തീര്‍ക്കാന്‍ ആണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
വാടകക്കാരില്‍ ഒരാളായ ജെന്നി - യഥാര്‍ത്ഥ പേരല്ല - ടോം ഒരിക്കലും ഒരു വീട്ടുടമ പാലിക്കേണ്ട മര്യാദകള്‍ പുലര്‍ത്തിയിരുന്നില്ലെന്നു പറയുന്നു. തികച്ചും ആകസ്മികമായി വീട് പരിശോധിക്കാന്‍ എന്ന പേരില്‍ ഇയാള്‍ എത്തുമായിരുന്നു. നിയമപരമായി നല്‍കേണ്ട 24 മണിക്കൂര്‍ നോട്ടീസ് നല്‍കാതെ ആയിരുന്നു ഇത്തരം സന്ദര്‍ശനം. ഇത് തികച്ചും മര്യാദകേടായി തോന്നി. 2011ല്‍ ടോമിന്റെ വീട്ടില്‍ വാടകക്കാരി ആയി എത്തിയതാണ് ജെന്നിയും പങ്കാളിയും. എന്നാല്‍ 2013ലെ ശൈത്യകാലത്തു വീട്ടിലെ ബോയ്ലര്‍ തകരാറില്‍ ആകുകയും ഇത് നന്നാക്കാന്‍ രണ്ടു മാസം സമയം എടുക്കുകയും ആയിരുന്നു. ചൂട് വെള്ളം കിട്ടിയിരുന്നെങ്കിലും വീട് ചൂടാകാതെ വന്നതോടെ തങ്ങള്‍ ഇലക്ട്രിക് ഹീറ്ററുകള്‍ ഉപയോഗിക്കുക ആയിരുന്നു.
കാല് നൂറ്റാണ്ട് പഴക്കമുള്ള ബോയ്ലര്‍ ആയിരുന്നു ആ വീട്ടില്‍ ഉണ്ടായിരുന്നതെന്നു പരിശോധനക്ക് എത്തിയ എഞ്ചിനീയര്‍ കണ്ടെത്തിയത് ടോമിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല. വാര്‍ഷിക പരിശോധന നടത്താത്ത ആ ബോയ്ലര്‍ ആരെയെങ്കിലും കൊല്ലാന്‍ പര്യാപ്തമായ വിധം പൊട്ടിത്തെറിക്കാന്‍ ഇടയുള്ളതായിരുന്നെന്നും ടോമിന്റെ വാടകക്കാര്‍ പറയുന്നു. ഒടുവില്‍ ബോയ്ലര്‍ മാറ്റുവാന്‍ വാടകയില്‍ 50 പൗണ്ട് വര്‍ധന വരുത്തുക ആയിരുന്നു.
വീട്ടില്‍ വെള്ളം ലീക്ക് ചെയ്തു പൂപ്പല്‍ പടരുകയും പ്ലാസ്റ്റര്‍ അടര്‍ന്നു ഇഷ്ടിക തെളിഞ്ഞിട്ടും അത് റിപ്പയര്‍ ചെയ്യാനും ടോം തയ്യാറില്ല എന്നും പരാതിയില്‍ പറയുന്നു. അഞ്ചു വര്‍ഷം ഈ സ്ഥിതി തുടര്‍ന്നതായും വാടകക്കാര്‍ വ്യക്തമാക്കുന്നു. ആ വീട്ടില്‍ നിന്നും തങ്ങളെ പുറത്താക്കാന്‍ ടോം അനധികൃതമായി ശ്രമിച്ചെന്നും ജെന്നി പരാതിയില്‍ വ്യക്തമാക്കുന്നു. രണ്ടു മാസത്തെ നോട്ടീസിന് പകരം 16 ദിവസത്തെ നോട്ടീസ് നല്കി തങ്ങളെ പുറത്താക്കാന്‍ ആണ് അദ്ദേഹം ശ്രമിച്ചത്. തുടര്‍ന്ന് 2017 മാര്‍ച്ചില്‍ ടോം നിയമപരമായി ബന്ധപ്പെട്ടതോടെയാണ് ഇവര്‍ വീട് മാറിയത്.
എന്നാല്‍ ഡെപ്പോസിറ്റ് ആവശ്യപ്പെട്ട മെസേജിനു മറുപടി കിട്ടാതായതോടെയാണ് കേസ് കോടതിയില്‍ എത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേസില്‍ കോടതി വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പത്തു പൗണ്ട് മാസം നല്‍കാം എന്ന ടോമിന്റെ ഓഫര്‍ നിരസിച്ച വാടകക്കാര്‍ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് സംഘത്തെ സമീപിക്കുക ആയിരുന്നു. ഇവര്‍ എത്തിയപ്പോള്‍ മാസം നൂറു പൗണ്ട് വീതം നല്‍കാം എന്നതായിരുന്നു ടോമിന്റെ നിലപാട്.
വാടകക്കാരുടെ പണം താന്‍ ഡെപ്പോസിറ്റ് സ്കീമില്‍ ചേര്‍ത്തിരുന്നില്ല എന്നും ടോം ബ്രിസ്റ്റോള്‍ ലൈവിനോട് വ്യക്തമാക്കി. ആ സമയത്തു താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നതിനാല്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിച്ചില്ലെന്നും ടോം തുടര്‍ന്നു. വാടകക്കാര്‍ ഹീറ്റിംഗ് സിസ്റ്റം സംബന്ധിച്ച് പറഞ്ഞതൊക്കെ വാസ്തവം അല്ലെന്നും അദ്ദേഹം പറയുന്നു.
വാടകക്കാര്‍ ഷവര്‍ സ്ക്രീന്‍ ഉപയോഗിക്കാതെ കുളിമുറി ഉപയോഗിച്ചതാണ് വെള്ളം ലീക്കാകാന്‍ കാരണമായത് എന്നാണ് ടോമിന്റെ പക്ഷം. വീട് മോശമായി ഉപയോഗിക്കുകയും നായ ചുവരുകള്‍ മാന്തി കീറുകയും ചെയ്തതിനാല്‍ വാടകക്കാര്‍ ഡെപ്പോസിറ്റ് പണം അര്‍ഹിക്കുന്നില്ല. താന്‍ ജീവിക്കാന്‍ ഉള്ള വരുമാനത്തിനായി ജോലി നോക്കുക ആണെന്നും മേയര്‍ പദവി വഴി വരുമാനം ഒന്നും ഇല്ലെന്നും ടോം ബ്രിസ്റ്റോള്‍ ലൈവിനോട് വെളിപ്പെടുത്തി.
എന്നാല്‍ കോടതിയില്‍ ബ്രാന്‍ഡ് ന്യു ബിഎംഡബ്ല്യു കാറില്‍ എത്തിയ ടോമിന്റെ കയ്യില്‍ പണം ഇല്ലായെന്നത് എങ്ങനെ വിശ്വസിക്കും എന്നാണ് ജെന്നി ചോദിക്കുന്നത്. ഇതിനു മറുപടിയായി തനിക്കു കാര്‍ ഇല്ലെന്നും പൊതുഗതാഗത സംവിധാനം ഉപയോഗിച്ചാണ് യാത്രകള്‍ എന്നും ടോം പറയുന്നു. ഇക്കാര്യത്തില്‍ കൗണ്‍സിലിന്റെ ഭാഗത്തു നിന്നും എന്താണ് പറയാന്‍ ഉള്ളതെന്ന് അന്വേഷിക്കുന്നുണ്ട് എന്നും പത്രം വ്യക്തമാക്കുന്നു.
മുന്‍പ് ഇത്തരം ഒരു കേസില്‍ മാഞ്ചസ്റ്റര്‍ മലയാളി ആയിരുന്ന ലക്സണ്‍ കല്ലുമാടിക്കല്‍ നാട്ടില്‍ നിന്നെത്തിയ വൈദികനെ വഞ്ചിച്ച കേസില്‍ പ്രതിമാസം അമ്പതു പെന്‍സ് വീതം നല്കാന് മാത്രമേ കഴിയൂ എന്നാണ് കോടതിയില്‍ ബോധിപ്പിച്ചത്. ഇത്തരം വാദങ്ങള്‍ കോടതി മുഖവിലയ്ക്ക് എടുക്കില്ല എന്നാണ് ടോം ആദിത്യക്ക് എതിരെ ഉണ്ടായ വിധി സൂചിപ്പിക്കുന്നത്. വാടക സംബന്ധിച്ച സമാനമായ നിരവധി കേസുകള്‍ കോടതിയില്‍ എത്തുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗത്തിലും വാടകക്കാര്‍ക്ക് അനുകൂലമായാണ് കോടതി വിധികള്‍ എന്നതും ശ്രദ്ധേയമാണ്. കൂടുതലും വിദ്യാര്‍ത്ഥികളാണ് വാടക ഉടമകളില്‍ നിന്നും ഭീഷണി നേരിടുന്നതും.
വാടകക്കാരും പത്രവും പറയുന്നത് പച്ചക്കള്ളമെന്നു ടോം
തന്റെ വീട്ടില്‍ ഏഴു വര്‍ഷത്തോളം താമസിച്ചത് വഴി വീടിനു ഉണ്ടായ ഏഴായിരം പൗണ്ടിന്റെ അറ്റകുറ്റ പണികള്‍ക്ക് വേണ്ടി കേസ് നല്കിയപ്പോള് തന്നെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശവുമായാണ് തദ്ദേശീയരായ വാടകക്കാര്‍ മാധ്യമങ്ങളെ സമീപിച്ചതെന്ന് ബ്രാഡ്ലി സ്റ്റോക് മേയര്‍ ടോം ആദിത്യ വെളിപ്പെടുത്തി. തനറെ വീടിനുണ്ടായ കേടുപാട് തീര്‍ക്കാന്‍ നഷ്ടപരിഹാരം തേടി നോട്ടീസ് അയച്ചതില്‍ കുപിതരായ വാടകക്കാര്‍ കുറുക്കു വഴി തേടുകയാണ് ഇപ്പോള്‍. ഇത് വ്യക്തമാക്കാന്‍ സഹായിക്കുന്ന ഇമെയില്‍ അടക്കമുള്ള രേഖകള്‍ തന്റെ കൈവശം ഉണ്ടെന്നും ടോം വ്യക്തമാക്കി.
അഞ്ചു പേര് ചേര്‍ന്ന് എടുത്ത വാടക ആയതിനാല്‍ ഡെപ്പോസിറ്റ് സ്കീമില്‍ പണം നിക്ഷേപിക്കാന്‍ ഉള്ള പ്രായോഗിക ബുദ്ധിമുട്ടു മൂലമാണ് അങ്ങനെ ചെയ്യാതിരുന്നത്. ആ തെറ്റ് അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷെ രണ്ടു തവണ വാടകക്കാരുടെ ആവശ്യം അംഗീകരിച്ചു ഹീറ്റിങ് സിസ്റ്റം നന്നാക്കി നല്‍കിയിട്ടും അതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പച്ചക്കളളം പ്രചരിപ്പിക്കുകയാണ് വാടകക്കാര്‍. അതിനു പത്രങ്ങളെ കൂട്ടുപിടിച്ചു എന്നതും ഖേദകരമാണ്. താന്‍ കാര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഒക്കെ നേരിട്ട് ചോദിക്കാതെ സര്‍വേയിലും മറ്റും ചോദിക്കുന്നത് പോലെയാണ് ഉണ്ടായത്.
പബ്ലിക് ട്രാന്‍സ്പോര്‍ട് ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ചെയ്യാറുണ്ട് എന്ന മറുപടിയാണ് വളച്ചൊടിച്ചു വാര്‍ത്തയാക്കിയത്. ആ റിപ്പോര്‍ട്ടില്‍ പറയുന്ന ഭൂരിഭാഗം കാര്യവും തെറ്റാണു. നൂറു പൗണ്ട് വീതം നല്കാന് തയ്യാറായതിനു പകരം പ്രാധാന്യം നല്‍കിയത് പത്തു പൗണ്ട് നല്‍കും എന്നതിനാണ്. മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് ഇത്തരം വാര്‍ത്തകള്‍ ഇല്ലാതാക്കുന്നത്. മലയാളികള്‍ എങ്കിലും വാര്‍ത്തയുടെ നിജസ്ഥിതി അറിയണം എന്ന ആഗ്രഹത്താലാണ് ഇക്കാര്യങ്ങള്‍ ബ്രിട്ടീഷ് മലയാളിയിലൂടെ വെളിപ്പെടുത്തുന്നത്.