1 GBP = 94.40 INR                       

BREAKING NEWS

ഉടന്‍ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി; പ്രതിഷേധങ്ങളില്‍ താന്‍ ഭയക്കുന്നില്ല; പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും യുവതീ പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നല്‍കിയിട്ടില്ലെന്ന് തൃപ്തി; വീണ്ടും ശബരിമലയിലേക്ക് പോവുമെന്ന് പറഞ്ഞ് കനകദുര്‍ഗ്ഗയും; സര്‍ക്കാര്‍ ഇനി യുവതീ പ്രവേശനത്തിന് അനുകൂല നിലപാട് എടുക്കില്ലെന്നും സൂചന; മണ്ഡലകാലം വീണ്ടും കലുഷിതമാവുമെന്ന് ആശങ്ക

Britishmalayali
kz´wteJI³

തിരുവനന്തപുരം: മണ്ഡലകാലത്തിന് വെറും രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമല കയറാനായി വീണ്ടും സ്ത്രീകള്‍ എത്തുമെന്ന് ഉറപ്പായി. കനകദുര്‍ഗക്ക് പിന്നാലെ ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തക തൃപ്തിദേശായിയും ശബരിമലയിലേക്ക് വരുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. യുവതീ പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നല്‍കാത്ത പശ്ചാത്തലത്തില്‍ ഉടന്‍ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് തൃപ്തി ദേശായി മുംബൈയില്‍ ദേശീയ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രതിഷേധങ്ങളെ താന്‍ ഭയക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ ഇത്തവണയും മണ്ഡലകാലം കലുഷിതമാവുമെന്ന് ഉറപ്പായി. വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും ഏഴംഗ ബഞ്ചിന് വിട്ടതിന്റെ പശ്ചാത്തലത്തില്‍ ഇനി സര്‍ക്കാര്‍ യുവതീ പ്രവേശനത്തിന് അനുകൂല നിലപാട് എടുക്കില്ലെന്നാണ് സൂചന. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ സാധിക്കാതെ വന്നതോടെ തൃപ്തിക്ക് മടങ്ങേണ്ടി വന്നിരുന്നു. അന്ന് പ്രതിഷേധം മൂലം അവര്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല.

പുണൈ ആസ്ഥാനമായി ഭൂമാതാ ബ്രിഗേഡ് എന്നപേരില്‍ 2010 ല്‍ ഒരു സംഘടനയുണ്ടാക്കിയതോടെയാണ് തൃപ്തി ദേശായി എന്ന പേര് ദേശീയതലത്തില്‍ ശ്രദ്ധേയമാകുന്നത്. ക്ഷേത്രങ്ങളിലെ ആരാധനകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നതിനെതിരായാണ് ഇവരുടെ പ്രധാന പോരാട്ടം. മഹാരാഷ്ട്രയിലെ ശനി ശിഖ്‌നാപൂര്‍ ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനായി സമരം ചെയ്തതോടെ ഇത്തരം പോരാട്ടങ്ങളുടെ മുഖമായി തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ് മാറി.

ശനി ക്ഷേത്രത്തില്‍ വനിതകളെ കയറ്റില്ലെന്ന 400 വര്‍ഷം പഴക്കമുള്ള ആചാരമാണ് ഭൂമാതാ ബ്രിഗേഡ് തിരുത്തിയത്. നാനൂറോളം സ്ത്രീകളുമായി ക്ഷേത്രത്തില്‍ പ്രവേശനത്തിനെത്തിയ തൃപ്തിയെ നാട്ടുകാര്‍ തടഞ്ഞു. ഹര്‍ജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് തൃപ്തിയെ ശരിവച്ച് കോടതി ഉത്തരവ് വന്നതോടെ തൃപ്തിയുടെ സമരം ഫലം കണ്ടു. കോടതി ഉത്തരവോടെ ഹാജി അലി ദര്‍ഗയിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചു. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ തൃപ്തിയുടെ പ്രവേശനം രോഷാകുലരായ പുരോഹിതരുടെ ആക്രമണം വകവയ്ക്കാതെയായിരുന്നു.

ഈറനോടെയെത്തുന്ന പുരുഷന്മാര്‍ക്കുമാത്രം പ്രവേശനമുണ്ടായിരുന്ന നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ ഈറനുടുത്ത് പൊലീസ് പിന്തുണയോടെ തൃപ്തി ചരിത്രം തിരുത്തി. പ്രവര്‍ത്തനമേഖല പുണെ ആണെങ്കിലും കര്‍ണാടകക്കാരിയാണ് തൃപ്തി. സന്ന്യാസം സ്വീകരിച്ച പിതാവ് തൃപ്തിയുടെ ചെറുപ്പത്തില്‍ തന്നെ കുടുംബം ഉപേക്ഷിച്ചുപോയതോടെ ബാല്യവും കൗമാരവും ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഹോംസയന്‍സ് പഠിക്കാന്‍ ചേര്‍ന്നെങ്കിലും സാമ്പത്തികബുദ്ധിമുട്ടുകൊണ്ട് പൂര്‍ത്തിയാക്കാനായില്ല. 2003ല്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നു. അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധസമരത്തിലും പങ്കാളിയായി. 2010ല്‍ രൂപീകരിക്കുമ്പോള്‍ 400 അംഗങ്ങളുണ്ടായിരുന്ന തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡില്‍ ഇപ്പോള്‍ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രഖ്യാപിച്ച വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ വീണ്ടും ശബരിമലയില്‍ പോകുമെന്ന് നേരത്തെ ശബരിമല കയറിയ വിവാദത്തില്‍പെട്ട കനകദുര്‍ഗയും പ്രതികരിച്ചിരുന്നു. 'വിധി പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ല. വിശാല ബെഞ്ച് കാര്യങ്ങളില്‍ തീരുമാനം എടുക്കട്ടെ. യുക്തിപൂര്‍വമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. വിധിയില്‍ മാറ്റം വരുത്തിയതില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ട്'- കനക ദുര്‍ഗ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചപ്പോള്‍ രണ്ട് പേര്‍ എതിര്‍ത്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ത്തു. അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category