1 GBP = 97.50 INR                       

BREAKING NEWS

ശബരിമല ആചാരത്തിനെതിരെ വാളെടുത്ത ജസ്റ്റീസ് നരിമാന്‍ പാഴ്സി ആചാരങ്ങളെ കുറിച്ച് എന്ത് വിധി പറയും? പാഴ്സി പുരോഹിതന്‍ കൂടിയായ ജഡ്ജി ഭരണഘടനാ ബഞ്ചില്‍ അംഗമാകുമോ എന്നറിയാന്‍ കാത്ത് ഇന്ത്യ; ശബരിമല കേസ് അടക്കം സകല മതാചാരങ്ങളും ചര്‍ച്ചയാകുമ്പോള്‍ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ തിളക്കമേറിയ ബെഞ്ചിന്റെ എണ്ണം ഒന്‍പതായേക്കും; ശബരിമല കേസ് സങ്കീര്‍ണ്ണമാകുമ്പോള്‍ വിശ്വാസവും ഭരണഘടനയും ഏറ്റുമുട്ടുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇറാനിലാണ് പാഴ്സി മതം ഉണ്ടാകുന്നത്. ഈ മതത്തിന് അവിടെ ജാതികളില്ല. എന്നാല്‍ ഇന്ത്യയില്‍ പാഴ്സിലുമുണ്ട് ജാതി സമ്പ്രദായം. ഞാനൊരു പുരോഹിത കുടുംബത്തില്‍ ജനിച്ചതു കൊണ്ട് മാത്രമാണ് പാഴ്സി പുരോഹിതനാകാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ എനിക്ക് അതിന് കഴിയുമായിരുന്നില്ല-2018ല്‍ എസ് സി-എസ് ടി വിഭാഗങ്ങളുടെ കേസുമായി ബന്ധപ്പെട്ട് അന്ന് ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്കൊപ്പമുള്ള ബെഞ്ചിലിരുന്ന് ആര്‍.എഫ്. നരിമാന്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. അതായത് ജസ്റ്റീസ് നരിമാന്‍ പാഴ്സി പുരോഹിതനാണ്. ശബരിമലയില്‍ റഫല്‍ വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് ഇനി ചില സംശയ ദൂരീകരണത്തിനാണ് വിഷയം വിശാല ബെഞ്ചിന് വിട്ടത്. ശബരിമലയ്ക്കൊപ്പം പാഴ്സി മതവിഭാഗത്തിലെ പ്രശ്നവും പരിഗണിക്കും. അതുകൊണ്ട് തന്നെ പാഴ്സി പുരോഹിതനായ നരിമാന്‍ ഈ ബഞ്ചില്‍ ഉള്‍പ്പെടുമോ എന്നതാണ് നിര്‍ണ്ണായകം. ഇക്കാര്യത്തിലെ തീരുമാനം അറിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യ.

ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ഇതുള്‍പ്പെടെ സമാനമായ കേസുകളിലെ പൊതുവായ ചോദ്യങ്ങള്‍ക്ക് വിശാല ബെഞ്ചില്‍നിന്ന് മറുപടി ലഭിച്ചശേഷം പരിഗണിക്കാമെന്നാണ് സുപ്രീംകോടതി ഇന്നലെ വിധിച്ചത്. ഏഴോ അതിലേറെയോ ജഡ്ജിമാരുള്ള വിശാലബെഞ്ചാകും പൊതുവായ നിയമവിഷയങ്ങള്‍ പരിശോധിക്കുക. അതുവരെ പുനഃപരിശോധനാ ഹര്‍ജികള്‍ മാറ്റിവെക്കുന്നതായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഭൂരിപക്ഷവിധിയില്‍ വ്യക്തമാക്കി. യുവതീപ്രവേശവിധി സ്റ്റേ ചെയ്തിട്ടുമില്ല. അതിനാല്‍, പ്രായഭേദമെന്യേ ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച 2018-ലെ വിധി നിലനില്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരുടേതാണ് ഭൂരിപക്ഷ വിധി. അതേസമയം, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധനാഹര്‍ജികള്‍ തള്ളിക്കൊണ്ട് പഴയവിധി നടപ്പാക്കണമെന്ന് ന്യൂനപക്ഷ വിധിയെഴുതി. ശബരിമലവിഷയം മാത്രമാണ് അഞ്ചംഗബെഞ്ചിനു മുന്നിലുള്ളതെന്നും മറ്റു കേസുകളില്‍ അതത് ബെഞ്ചുകള്‍ എന്തു നിലപാടെടുക്കുമെന്നത് ഈ ബെഞ്ചിന്റെ വിഷയമല്ലെന്നും അവര്‍ ന്യൂനപക്ഷവിധിയില്‍ പറഞ്ഞു. ഇതാണ് ഭൂരിപക്ഷ വിധി തള്ളുന്നത്. ഇതോടെ സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്ന പാഴ്‌സി വിഭാഗക്കാര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്നുള്ള വിലക്കും ചര്‍ച്ചയാവുകയാണ്.

ശബരിമലയിലെ യുവതീപ്രവേശവിലക്കിനു സാധുത നല്‍കിയ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശം അനുവദിക്കല്‍) ചട്ടം, മുസ്ലിംസ്ത്രീകള്‍ക്കുള്ള പള്ളിവിലക്ക്, സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്ന പാഴ്‌സി വിഭാഗക്കാര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്നുള്ള വിലക്ക്, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മം തുടങ്ങിയ വിഷയങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുക. വിശാലബെഞ്ചിനു വിട്ടതോടെ ശബരിമല വിഷയത്തിലെ നിയമപോരാട്ടം ഇനിയും നീണ്ടുപോകുമെന്നുറപ്പായി. ചീഫ് ജസ്റ്റിസ് വിശാല ബെഞ്ചുണ്ടാക്കുകയും വിവിധ കേസുകളിലെ സമാനവിഷയങ്ങള്‍ അതിലേക്കു വിടുകയും വേണം. ഈ കേസുകളിലെ പൊതുവായ നിയമപ്രശ്നങ്ങളില്‍ വിശാലബെഞ്ച് തീരുമാനമെടുത്തശേഷമേ ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിധിപറയാനാകൂ. പാഴ്സി വിഷയം കാരണം അടുത്ത വിശാല ബഞ്ചില്‍ നിന്ന് നരിമാന്‍ മാറി നില്‍ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ വിശാല ബഞ്ചില്‍ ആചാര സംരക്ഷണത്തിന് കൂടുതല്‍ വഴിയൊരുക്കുന്ന നിലപാടുകളുണ്ടാകുമെന്ന് വിലയിരുത്തുന്നവര്‍ ഏറെയാണ്. 2018-ല്‍ വിധി പറഞ്ഞ ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് യുവതീപ്രവേശത്തെ എതിര്‍ത്തത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുപകരം ബെഞ്ചിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേസ് വിശാലബെഞ്ചിനു വിടണമെന്ന് അഭിപ്രായപ്പെട്ടു. 2018-ലെ വിധിയില്‍ യുവതീപ്രവേശത്തെ അനുകൂലിച്ച ജസ്റ്റിസ് ഖാന്‍വില്‍കര്‍ നിലപാടു മാറ്റി. വിഷയം വിശാലബെഞ്ചിനു വിടണമെന്ന് അദ്ദേഹവും നിലപാടെടുത്തു.

ആചാരങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ അവകാശം സംബന്ധിച്ച വേറെയും കേസുകള്‍ സുപ്രീംകോടതിയില്‍ തീര്‍പ്പാവാതെയുണ്ട്. ഈ കേസുകളിലും ശബരിമലയിലും പൊതുവായ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു. ശിരൂര്‍ മഠം കേസിലെ ഏഴംഗബെഞ്ചിന്റെ വിധിയും അജ്മേര്‍ ദര്‍ഗക്കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഇതെല്ലാമാണ് വിശാലബെഞ്ച് എന്ന തീരുമാനത്തിലേക്കെത്തിച്ചത്. ഭരണഘടനയെ വ്യാഖ്യാനം ചെയ്യുന്ന വിഷയങ്ങള്‍ ചുരുങ്ങിയത് അഞ്ചംഗബെഞ്ചെങ്കിലും പരിഗണിക്കണമെന്ന നിബന്ധന 1950-ലാണു വന്നത്. അന്ന്, സുപ്രീംകോടതിയില്‍ ഏഴു ജഡ്ജിമാരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 34 പേരുണ്ട്. യു.എസിലും മറ്റും ഫുള്‍കോര്‍ട്ട് (മുഴുവന്‍ ജഡ്ജിമാരും) ഇരുന്നാണ് ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത്. ഈ മാതൃക ഈ കേസിലും വരാനാണ് സാധ്യത. അതുകൊണ്ടാണ് ഒന്‍പതംഗ ബഞ്ചാകും വിഷയം പരിഗണിക്കുകയെന്ന് ഏവരും പ്രതീക്ഷിക്കുന്നത്. പരമാവധി ജഡ്ജിമാര്‍ ഇരുന്ന് ആധികാരികമായ തീരുമാനമെടുക്കുന്നതാകും ഉചിതമെന്ന് ഇന്നലത്തെ വിധിയില്‍ പറയുന്നു. ഈ വിധിയില്‍ത്തന്നെ പറയുന്ന ശിരൂര്‍ മഠം കേസിന്റെ വിധി പറഞ്ഞത് ഏഴംഗ ബെഞ്ചാണ്. അതുകൊണ്ടുതന്നെ ഏഴിലേറെ അംഗങ്ങളുള്ള ബെഞ്ചിലേക്ക് ശബരിമല വിഷയം പോയേക്കും.

ശബരിമല സ്ത്രീപ്രവേശകേസിലേതുപോലെ സമാനമായ വിഷയങ്ങള്‍ മറ്റു കേസുകളിലുമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഭരണഘടനാ ബെഞ്ചിന്റെ വ്യാഴാഴ്ചത്തെ വിധി.

1, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശം
പുണെയിലെ ദമ്പതിമാരായ സുബേര്‍ അഹമ്മദ് നസീര്‍, യാസ്മീന്‍ സുബേര്‍ അഹമ്മദ് എന്നിവരാണ് മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഈമാസം അഞ്ചിനാണ് കേസ് ഒടുവില്‍ പരിഗണിച്ചത്. പത്ത് ദിവസത്തിനകം മറുപടി നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നാലാഴ്ച സമയം വേണമെന്നു പറഞ്ഞ കക്ഷികളോട്, പറ്റില്ലെന്നും പത്ത് ദിവസത്തിനകംതന്നെ മറുപടി നല്‍കണമെന്നും ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. മാത്രമല്ല, അങ്ങനെ തീരുമാനിക്കാന്‍ മറ്റൊരു കാരണമുണ്ടെന്നും കോടതി പറഞ്ഞതോടെ, ശബരിമല കേസിന്റെ വിധിയുമായി അതിന് ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങളുയര്‍ന്നു. വ്യാഴാഴ്ചത്തെ വിധി അത് ശരിവെക്കുകയും ചെയ്തു.

2. പാഴ്‌സി സ്ത്രീകളുടെ ക്ഷേത്രപ്രവേശം
അന്യമതസ്ഥനെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീയെ ഗുജറാത്തിലെ അവരുടെ ക്ഷേത്രത്തില്‍ കയറ്റാത്തതുമായി ബന്ധപ്പെട്ട കേസാണിത്. ഗൂള്‍രുഖ് ഗുപ്ത എന്ന സ്ത്രീയെ, അന്യമതസ്ഥനെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് പാഴ്‌സി ക്ഷേത്രത്തില്‍ വിലക്കിയത് ചോദ്യംചെയ്തായിരുന്നു ഹര്‍ജി. അതില്‍ പാഴ്‌സി സ്ത്രീക്ക് ക്ഷേത്രത്തില്‍ കയറാമെന്ന് അഞ്ചംഗ ബെഞ്ച് 2017 ഡിസംബര്‍ 14-ന് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ കേസ് അവിടെ അവസാനിപ്പിച്ചില്ല. ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളെല്ലാം 2018 ജനുവരി ഒന്നിന് പരിഗണിക്കാനായി മാറ്റി. എന്നാല്‍ പിന്നീട് കേസ് സുപ്രീംകോടതി പരിഗണിച്ചതായി കാണുന്നില്ല. ഈ സമുദായത്തിലെ പുരോഹിതനാണ് ജസ്റ്റീസ് നരിമാന്‍ എന്നത് ഈ കേസിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ഈ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നരിമാന്‍ എത്തുമോ എന്നതാണ് ചര്‍ച്ചാ വിഷയം

3. ദാവൂദി ബോറ പെണ്‍കുട്ടികളിലെ ചേലാകര്‍മം
ഷിയാ മുസ്ലിങ്ങളിലെ വളരെ ന്യൂനപക്ഷമായൊരു വിഭാഗമാണ് ദാവൂദി ബോറ. അതിലെ പെണ്‍കുട്ടികളെ ചേലാകര്‍മത്തിന് വിധേയമാക്കുന്നത് ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ സുപ്രീംകോടതി 2018 സെപ്റ്റംബര്‍ 24-ന് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. പിന്നീട് ഈ കേസ് പരിഗണിച്ചിട്ടില്ല. അഡ്വ. സുനിത തിവാരിയാണ് ഹര്‍ജി നല്‍കിയത്. ദാവൂദി ബോറ വിഭാഗത്തിന്റെ അനിവാര്യമായ ആചാരമാണിതെന്ന് അവര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്വി വാദിച്ചിരുന്നു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന വാദത്തെ കേന്ദ്രത്തിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പിന്തുണച്ചിരുന്നു. ഇതും അംഗീകരിക്കപ്പെടുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category