ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത നേതൃത്വം നല്കുന്ന മൂന്നാമത് ബൈബിള്‍ കലോത്സവത്തിന്റെ രൂപതാതല മത്സരങ്ങള്‍ ഇന്ന് ലിവര്‍പൂള്‍ കാര്‍ ലെയിന്‍ ഈസ്റ്റിലുള്ള 'ഡേ ലാ സാലെ അക്കാദമി'യില്‍ നടക്കും. രൂപതയുടെ എട്ടു റീജിയനുകളില്‍ നടന്ന പ്രാഥമികതലത്തിലെ വിജയികളാണ് രൂപതാതല മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. രാവിലെ ഒന്‍പതു മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
പതിനൊന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ വിവിധ സമയങ്ങളിലായി 1200 ഓളം മത്സരാര്‍ത്ഥികള്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി മിഷന്‍ലീഗ്, യൂത്ത് മൂവ്മെന്റ്, അല്മായ പ്രതിനിധികള്‍ എന്നിവരില്‍ നിന്നായി പ്രത്യേക പരിശീലം നേടിയ 180ല്‍ അധികം വോളണ്ടിയേഴ്സ് വേദികള്‍ക്കു സമീപമുണ്ടാകും.
ദൂരെ നിന്നു വരുന്നവരുടെ പ്രത്യേക സൗകര്യാര്‍ത്ഥവും പൊതുതാല്‍പ്പര്യവും പരിഗണിച്ച്, മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണസാധനങ്ങള്‍ എല്ലാ സമയങ്ങളിലും ലഭ്യമായിരിക്കുമെന്നു സംഘാടക സമിതി അറിയിച്ചു. രാവിലെ 8. 15 മുതല്‍ പ്രഭാതഭക്ഷണം ലഭ്യമായിത്തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. കോച്ചുകളിലും സ്വകാര്യവാഹനങ്ങളിലും വരുന്നവര്‍ക്ക് പാര്‍ക്കിങ്ങിനും സൗകര്യമുണ്ടായിരിക്കും.
വിജയികളെക്കാത്ത് സര്‍ട്ടിഫിക്കറ്റുകളുടെയും ട്രോഫികളുടെയും ശേഖരവും ഒരുങ്ങിക്കഴിഞ്ഞു. യുകെയുടെ വിവിധ മത്സരവേദികളില്‍ വിധിനിര്‍ണ്ണയം നടത്തി മികവുതെളിയിച്ച പ്രഗത്ഭരായ വിധികര്‍ത്താക്കളാണ് ഇത്തവണയും മത്സരങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തുന്നത്. പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ചാപ്പലില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരമുണ്ടായിരിക്കും.
വിവിധ സമയങ്ങളില്‍ ലിവര്പൂളിലെത്തുന്ന വൈദികര്‍ക്കും വിശ്വാസികള്‍ക്കും വിശുദ്ധ ബലിയര്‍പ്പിക്കുന്നതിനായി 10.30, 12.30, 2.30, 4.30 എന്നീ സമയങ്ങളില്‍ വി. കുര്‍ബാനയര്‍പ്പണവും പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ചാപ്പലില്‍ നടക്കും. വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ സമാപന ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. വൈകിട്ട് 5.30നു സമാപന ചടങ്ങുകള്‍ ആരംഭിക്കും. എട്ടു മണിയോടുകൂടി ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മത്സരത്തിന് ആതിഥ്യമരുളുന്ന ലിവര്‍പൂള്‍ ഇടവക വികാരി മോണ്‍. ജിനോ അരീക്കാട്ട് എംസിബിഎസ് അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനായി എല്ലാവരെയും ലിവര്പൂളിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.