1 GBP = 92.80 INR                       

BREAKING NEWS

പിണറായി വിജയന്‍ സര്‍ക്കാരിന്റേത് രാജാവിനെക്കാള്‍ വലിയ രാജഭക്തി; ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങള്‍ക്കേറ്റ തിരിച്ചടി എന്നും പുന്നല ശ്രീകുമാര്‍; മലകയറാന്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ എന്ന കടകംപള്ളിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധം; ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ കാരണം മലകയറാനെത്തിയ പെണ്ണുങ്ങളുടെ തലയില്‍ വെച്ച് നിലപാട് മാറ്റിയ സംസ്ഥാന സര്‍ക്കാരിനെതിരെ നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി

Britishmalayali
kz´wteJI³

പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. യുവതീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാടെടുക്കുന്നത് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമെന്ന തിരിച്ചറിവില്‍ പ്രഖ്യാപിത നിലപാടില്‍ നിന്നും സര്‍ക്കാരും സിപിഎമ്മും പിന്നോട്ട് പോയതോടെയാണ് സര്‍ക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് പുന്നല ശ്രീകുമാര്‍ രംഗത്തെത്തിയത്.

മലകയറാന്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു. ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു.

ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയില്‍ രൂപീകരിച്ച നവോത്ഥാന സമിതിയില്‍ അതേ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിള്ളല്‍ വീഴുകയാണ്. യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. പക്ഷെ പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇത് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരാണെന്ന ആക്ഷേപവുമായി നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് വെള്ളാപ്പള്ളി നടേശനെ ചെയര്‍മാനും പുന്നലയെ കണ്‍വീനറാക്കിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപപ്പെടുന്നത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കേറ്റ കനത്ത തിരിച്ചടി ശബരിമല വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാട് കാരണമാണ് എന്നായിരുന്നു സിപിഎം വിലയിരുത്തല്‍. ഈ വിലയിരുത്തലിനെയും അന്നേ പുന്നല ശ്രീകുമാര്‍ തള്ളിയിരുന്നു. ന്യൂനപക്ഷ ഏകീകരണമാണ് ഇടത് പരാജയത്തിന് കാരണം എന്നായിരുന്നു പുന്നലയുടെ നിലപാട്.

പെണ്ണുങ്ങള്‍ വെയില് കൊണ്ട് മതില്‍ തീര്‍ത്തതും വെറുതെയായി
ശബരിമലയില്‍ യുവതീപ്രവേശനമാകാം എന്ന സുപ്രീംകോടതി വിധിയുടെ പിന്നാലെ നവേത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ് എന്ന പ്രഖ്യാപനമാണ് സിപിഎം നടത്തിയത്. നാമജപവും പ്രതിഷേധവുമായി വിശ്വാസികളായ സ്ത്രീകളെ ബിജെപിയും മറ്റ് സംഘടനകളും രംഗത്തിറക്കിയപ്പോള്‍ വനിതാമതില്‍ തീര്‍ത്താണ് സിപിഎം മറുപടി നല്‍കിയത്. വനിതാ മതിലുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ അക്കാലത്ത ദേശാഭിമാനി പത്രത്തില്‍ വിശദമായ ലേഖനം തന്നെ എഴുതിയിരുന്നു. ഡിസംബര്‍ 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ ലേഖനം ഇങ്ങനെ..

'ലോകമെമ്പാടുമുള്ള ജനങ്ങള്‍ പുതുവത്സരത്തെ സ്വാഗതംചെയ്യുന്ന ദിനമാണ് ജനുവരി ഒന്ന്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുള്ള ശിവഗിരി തീര്‍ത്ഥാടനം അവസാനിക്കുന്ന ദിനവും അന്നാണ്. ആ ദിനത്തിലാണ് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുകയെന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചും വനിതാമതില്‍ ഉയരുന്നത്. കേരളത്തെ ഭ്രാന്താലയമായി മാറ്റരുതെന്ന മുദ്രാവാക്യവും ഇത് മുന്നോട്ടുവയ്ക്കുന്നുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍ രൂപപ്പെടുമ്പോള്‍ അതിനോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് ജനാധിപത്യകേരളം ഒപ്പമുണ്ടാകുമെന്നും വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.

സ്ത്രീ- പുരുഷ സമത്വം
വനിതാമതില്‍ സൃഷ്ടിക്കുന്നതിന് ഇടയായ സാഹചര്യം സ്ത്രീപുരുഷ തുല്യത എന്ന ഭരണഘടനാതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയാണ്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി വിധിച്ചത്. വിധി വന്നയുടനെ അത് നടപ്പാക്കണമെന്ന് നിര്‍ദേശിച്ചവര്‍തന്നെ പിന്നീട് അതിനെതിരായി രംഗത്തുവന്നു. ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി കേരളത്തിലെ സ്ത്രീകള്‍ വിധിക്കെതിരാണെന്ന പ്രതീതി സൃഷ്ടിക്കാനും ശ്രമമുണ്ടായി. ഒപ്പം ഇതിന്റെ മറവില്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകള്‍ അശുദ്ധരാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള പ്രചാരവേലകളും ഉയര്‍ന്നുവന്നു. ഹിന്ദുമതവിഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള പ്രചാരവേലകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.

ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുമത വിഭാഗങ്ങളില്‍ നവോത്ഥാന മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചുചേര്‍ത്തത്. നവോത്ഥാന ആശയങ്ങള്‍ക്കും സ്ത്രീപുരുഷ സമത്വത്തിനും ഒപ്പമാണ് കേരളത്തിലെ സ്ത്രീകളെന്ന് പ്രഖ്യാപിക്കേണ്ടത് നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമാണെന്ന ആശയം ഈ യോഗത്തില്‍ ഉയര്‍ന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള ആശയമായിരുന്നു വനിതാമതിലിന്റേത്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെയും ഇതില്‍ അണിനിരത്തേണ്ടതിന്റെ പ്രാധാന്യവും ഇതിനോടൊപ്പം ഉയര്‍ന്നുവന്നിരുന്നു. സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുക എന്നതും സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കുക എന്നതുമാണ് സര്‍ക്കാരിന്റെ നയം. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ആ ആശയത്തെ പിന്തുണയ്ക്കുന്നതില്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അതിന്റെയടിസ്ഥാനത്തില്‍ യോഗത്തില്‍ ഒരു സംഘാടകസമിതി രൂപീകരിച്ചു. പിന്നീട് വനിതാ സബ് കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ ഭാരവാഹികളെയും സംഘാടകസമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വിവിധ സംഘടനകള്‍ ഇതിന് പിന്തുണയുമായി രംഗത്തിറങ്ങി. ഇടതുപക്ഷ ജനാധിപത്യ വനിതാമുന്നണിയും ഇതോടൊപ്പം ചേര്‍ന്ന് നേതൃത്വപരമായി തന്നെ ഇടപെട്ടു.

സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരും വനിതാമതിലിനായുള്ള തയ്യാറെടുപ്പുകളിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങളിലും നിരന്തരം പങ്കെടുത്തുകൊണ്ടിരിക്കുന്നു. സ്ത്രീകളുടെ ഈ മുന്നേറ്റത്തിന് പിന്തുണയറിയിച്ച് നിരവധി ചുവരെഴുത്തുകളും പാട്ടുകളും കഥാപ്രസംഗങ്ങളും വീഡിയോകളും പ്രകടനങ്ങളും തെരുവുനാടകങ്ങളും ഫ്ളാഷ് മോബുകളും മറ്റും നാടിന്റെ എല്ലാഭാഗങ്ങളിലും ഉണ്ടായി. അവയില്‍ എല്ലാ വിഭാഗങ്ങളിലും പെട്ട സ്ത്രീകള്‍ പങ്കാളികളായി. നവോത്ഥാനവും സ്ത്രീപുരുഷ സമത്വവും കേളീയ സമൂഹമാകമാനം ചര്‍ച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെക്കുറിച്ച് അജ്ഞരായവര്‍ പലവിധ വിമര്‍ശനങ്ങളുമായി ഇപ്പോള്‍ രംഗത്തുവരികയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരം സംഘടനകളുമായി ചേര്‍ന്ന് നവോത്ഥാന മുദ്രാവാക്യത്തിനായി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നതാണ് ഒരു വാദം. എന്നാല്‍, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ടുനടത്തിയ സമരങ്ങളായിരുന്നു പാലിയം സമരവും കുട്ടംകുളം സമരവും. പാലിയം റോഡിലൂടെ എല്ലാവര്‍ക്കും പ്രവേശനം വേണമെന്നാവശ്യം പാലിയത്ത് ഉയര്‍ന്നപ്പോള്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വഴികളിലെ പ്രവേശനത്തിനായിരുന്നു കുട്ടംകുളം സമരം. ഈ സമരം കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയത് എസ്എന്‍ഡിപിയും പുലയ മഹാസഭയും പ്രജാമണ്ഡലവും ഒക്കെയായി ചേര്‍ന്നുകൊണ്ടായിരുന്നു എന്ന ചരിത്രയാഥാര്‍ഥ്യത്തെ ഇവര്‍ വിസ്മരിക്കുന്നു.

വനിതാമതില്‍ സംഘടിപ്പിച്ചതിലൂടെ വര്‍ഗരാഷ്ട്രീയം കൈയൊഴിഞ്ഞ് സ്വത്വരാഷ്ട്രീയത്തിന്റെ പാതയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി നീങ്ങിയെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഒരു വിഭാഗത്തിന്റെ പ്രശ്നം മറ്റൊരു വിഭാഗത്തിന് മനസ്സിലാക്കാനാവില്ല എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവയ്ക്കപ്പെടുന്നതാണ് സ്വത്വരാഷ്ട്രീയം. ഇവിടെ സ്ത്രീകളുടെ പ്രശ്നം സജീവമായി ഏറ്റെടുക്കണമെന്ന് പറയുകയും അതിനായി പിന്തുണയുമായി എത്തുകയും ചെയ്തത് സ്ത്രീകള്‍ മാത്രമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ തന്നെ പുരുഷന്മാര്‍ ഉണ്ടായിരുന്നു എന്ന വസ്തുതയും മറച്ചുവയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

വനിതാമതിലിനെ പിന്തുണയ്ക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗസമരമെന്ന കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന വാദം തെറ്റാണ്. വര്‍ഗസമരത്തിന്റെ ഭാഗമെന്ന നിലയിലാണ് സാമൂഹ്യമായ അവശതകളുടെ പ്രശ്നങ്ങളെ കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. ജാതീയമായ അടിച്ചമര്‍ത്തലിനെതിരെ പൊരുതുക എന്നതും ലിംഗസമത്വത്തിനായി നിലക്കൊള്ളുക എന്നതും അതുകൊണ്ടുതന്നെ വര്‍ഗസമരത്തിന്റെ ഭാഗം തന്നെയാണ്. സ്ത്രീവിമോചനം സാമൂഹ്യവിമോചനത്തിന്റെ ഭാഗം തന്നെയാണ് എന്നതാണ് കമ്യൂണിസ്റ്റുകാരുടെ നിലപാട്.

ഉണര്‍വിന്റെയും വളര്‍ച്ചയുടെയും ചരിത്രം
നവോത്ഥാന മുന്നേറ്റത്തില്‍ സ്ത്രീകളുടെ പ്രശ്നങ്ങളും സജീവമായി തന്നെ നവോത്ഥാന നായകര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും വി ടി ഭട്ടതിരിപ്പാടും മന്നത്ത് പത്മനാഭനും ഇത്തരം ഇടപെടലുകള്‍ സജീവമായി നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും നവോത്ഥനം സജീവമായിരുന്നു. മക്തി തങ്ങളെയും ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയേയും വക്കം മൗലവിയേയും പോലുള്ളവര്‍ സ്ത്രീവിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം ശ്രദ്ധേയമായിരുന്നു. ഹലീമ ബീവിയെപോലുള്ള മുസ്ലിം നവോത്ഥാന പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. അക്കമ്മ ചെറിയാനെ പോലുള്ളവരും ഈ മുദ്രാവാക്യം മുറുകെ പിടിച്ചവരാണ്. ഇങ്ങനെ എല്ലാ ജനവിഭാഗങ്ങളെയും സ്വാധീനിച്ച മഹാപ്രവാഹമായിരുന്നു നവോത്ഥാനം. അത് സംരക്ഷിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നു പറയുന്നത് വര്‍ഗീയതയാവുന്നു എന്നതാണ് ചിലരുടെ കണ്ടുപിടിത്തം. ഇത് ചരിത്രനിഷേധമാണ്.

നവോത്ഥാനം മുന്നോട്ടുവച്ച ആശയങ്ങളെ ദേശീയപ്രസ്ഥാനവും തുടര്‍ന്ന് കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ശക്തമായി മുന്നോട്ടുകൊണ്ടുപോയി. സാമൂഹ്യ അവശതകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വ്യാപൃതരായി. ഇത്തരം അവശതകള്‍ക്ക് അടിസ്ഥാനമായ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്ന പ്രവര്‍ത്തനം 1957ലെ സര്‍ക്കാര്‍ നടപ്പാക്കി. ഇത്തരം ഇടപെടലുകളുടെ ഫലമായി കേരളത്തിലെ സ്ത്രീകളുടെ ജീവിതം മുന്‍കാലങ്ങളിലുള്ളതിനേക്കാള്‍ മെച്ചപ്പെടുത്താനായിട്ടുമുണ്ട്.

ലോകപ്രസിദ്ധമായ കേരള വികസന മാതൃകയിലൂടെ മാതൃമരണം കുറയ്ക്കാനും സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം, സാക്ഷരത, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ കാര്യത്തില്‍ മുന്നോട്ടു പോകാനും കഴിഞ്ഞു. എന്നാല്‍, കേരളത്തിന്റെ പൊതുവായ വികാസത്തിനൊപ്പം സ്ത്രീകള്‍ ഇനിയും എത്തിയിട്ടില്ലാ എന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. നമ്മുടെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ പൂര്‍ണമായി ഉള്‍ക്കൊള്ളാതെ കേരളത്തിന്റെയാകെ വികസനവും പുരോഗതിയും യാഥാര്‍ഥ്യമാവുകയില്ല എന്ന കാഴ്ചപ്പാടോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത തന്നെയാണ് പുലര്‍ത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരു പ്രത്യേക വകുപ്പുതന്നെ സര്‍ക്കാര്‍ രൂപീകരിച്ചു. ജെന്‍ഡര്‍ ബജറ്റിങ് നടപ്പാക്കുകയും അതിലൂടെ സ്ത്രീസൗഹൃദ പദ്ധതികള്‍ക്കായി പ്രത്യേക വകയിരുത്തല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സ്ത്രീകള്‍ക്കുവേണ്ടി മറ്റനവധി പദ്ധതികളും നടപ്പാക്കി.

സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പുരുഷനോടൊപ്പം തുല്യതയോടെ ജീവിക്കുന്നതിനുള്ള അവകാശമുണ്ട്. എല്ലാ മേഖലയിലും അത് ലഭിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം യാഥാര്‍ഥ്യമാകണമെങ്കില്‍ നമ്മുടെ ബോധമണ്ഡലത്തിലും ജീവിതവീക്ഷണത്തിലും അതിനു സമാനമായ മാറ്റങ്ങളുണ്ടാകണം. പുരുഷനൊപ്പമാണ് സ്ത്രീ എന്ന ആത്മവിശ്വാസം അവരില്‍ രൂപപ്പെടുത്താനുമാകണം. വനിതാമതിലുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ നടന്ന ആശയസംവാദങ്ങള്‍ ഇക്കാര്യത്തില്‍ കേരളീയസമൂഹത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട് എന്നത് ഏറെ സന്തോഷകരമാണ്.

കേരളീയ സമൂഹത്തില്‍ സ്ത്രീയുടെ ജീവിതം കൂടുതല്‍ ഗുണപരമായ മാറ്റങ്ങളിലേക്ക് നയിക്കാനുതകുന്ന വിധമുള്ള ചലനങ്ങള്‍ സൃഷ്ടിക്കാന്‍ വനിതാമതിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം മാറ്റം സ്ത്രീകളുടെ സാമൂഹ്യപദവി കൂടുതല്‍ ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് കരുത്തായി തീരുമെന്നതിലും തര്‍ക്കമില്ല. കേരളീയ സ്ത്രീകളുടെ ഉണര്‍വിന്റെയും വളര്‍ച്ചയുടെയും ചരിത്രത്തില്‍ മായാതെ നില്‍ക്കുന്ന ഒന്നായിരിക്കും വനിതാമതില്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.'

മലക്കം മറിഞ്ഞത് തോല്‍വിയുടെ പശ്ചാത്തലത്തില്‍
വനിതാ മതില്‍ തീര്‍ത്ത് ചരിത്രം സൃഷ്ടിച്ച സംസ്ഥാന സര്‍ക്കാരും സിപിഎമ്മും പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തോടെ നവോത്ഥാനം ഉള്‍പ്പെടെ എല്ലാം മറന്നു. 19 സീറ്റിലും തോറ്റതിന് കാരണം ശബരിമല കൂടിയാണെന്ന് കണ്ടെത്തിയ സിപിഎം പക്ഷേ ആലപ്പുഴയില്‍ എങ്ങനെ വിജയിച്ചു എന്ന് വിലയിരുത്തിയില്ല എന്നതും അത്ഭുതമായി. ശബരിമലയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന പ്രദേശമാണ് ആലപ്പുഴ. ശബരിമല കേസ് സംബന്ധിച്ച റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി വിശാല ബഞ്ചിന് കേസ് വിടാന്‍ തീരുമാനിച്ചതോടെ പിണറായിയും മലക്കം മറിഞ്ഞു.

വിധിയില്‍ വ്യക്തത വരും വരെ ശബരിമല യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പുനപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീര്‍പ്പ് ഉണ്ടാക്കിയിട്ടില്ല. നിലവിലെ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്തിമ തീര്‍പ്പിന് ശേഷം മതി യുവതീ പ്രവേശം എന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു .

കോടതി വിധിയില്‍ അവ്യക്തത നീങ്ങിയിട്ടില്ലെന്ന് നിയമ മന്ത്രി ഏകെ ബാലനും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ വിശദമായ നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലകയറാന്‍ യുവതികള്‍ എത്തിയാല്‍ പൊലീസ് സംരക്ഷണം നല്‍കില്ല. അതല്ലെങ്കില്‍ ശബരിമലയിലേക്ക് എത്തുന്ന യുവതികള്‍ കോടതി വിധി കൊണ്ടു വരണമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു. വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ബോധപൂര്‍വ്വം നടക്കുന്ന ശ്രമം ഇനി വിലപ്പോകില്ലെന്നും മാന്തി പുണ്ണാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എകെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ സമാന നിലപാട് സ്വീകരിച്ചതോടെയാണ് പുന്നല ശ്രീകുമാറും നിലപാട് കടുപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category