1 GBP = 93.35 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 28

Britishmalayali
രശ്മി പ്രകാശ്

ടെര്‍ബുലന്‍സ് ഉണ്ടായതുപോലെ വിമാനം ഒന്നിളകി. ഗ്രേസ് ഞെട്ടി ഉണര്‍ന്നു.

ഫിലിപ്പ് നമ്മുടെ ഇസയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അവള്‍ അമ്മേ എന്ന് വിളിച്ചു കരയുന്നത് ഞാന്‍ കേട്ടു.

എന്താ ഗ്രേസ് ഇത്. ഇസ നമ്മുടെ കൂടെയില്ല, അവളെ കാണാതായിരിക്കുന്നു എന്ന് നീ മറന്നു പോയോ? ഇതില്‍ കൂടുതല്‍ ഇനിയെന്ത് പറ്റാനാണ്?

അല്ല ഫിലിപ്പ്, അവള്‍ വല്ലാതെ കരയുന്നു. എന്റെ കുഞ്ഞിന്റെ ജീവനെന്തോ ആപത്ത് സംഭവിച്ചിട്ടുണ്ട്.

ഗ്രേസ് പരിസരം മറന്നു പൊട്ടിക്കരഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ ഫിലിപ്പ്, ഗ്രേസിനെ ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

വിമാനത്തിലിരുന്നവരൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. എയര്‍ ഹോസ്റ്റസ് വന്ന് എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ തൊട്ടു പുറകിലിരുന്നയാള്‍ ചുരുങ്ങിയ വാക്കുകളില്‍ കാര്യം പറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോഴാണ് മലയാളിയാണെന്ന് മനസ്സിലായത്.

ഓ... റിയലി സോറി റ്റു ഹിയര്‍ ദാറ്റ്, പ്ലീസ് ലെറ്റ് മി നൊ ഈഫ് യു നീഡ് എനി ഹെല്‍പ് എന്ന് പറഞ്ഞിട്ട് എയര്‍ ഹോസ്റ്റസ് പോയി.

വൈഫ്, ഓകെ ആണോ? പുറകിലിരുന്ന ആള്‍ ഫിലിപ്പിനോട് ചോദിച്ചു.

ഉറക്കത്തില്‍ എന്തോ കണ്ടു പേടിച്ചതാണ്. എപ്പോഴും മോളെക്കുറിച്ചുള്ള ചിന്തയല്ലേ അതാവും.

മലയാളികളുടെ സാധാരണയുള്ള കുത്തിക്കുത്തിയുള്ള ചോദ്യമൊന്നും ഉണ്ടായില്ല. അയാളൊരു മര്യാദക്കാരനാണല്ലോ എന്ന് ഫിലിപ്പ് ഓര്‍ത്തു.

മുന്നിലുള്ള സ്‌ക്രീനില്‍ വിമാനം ലണ്ടനിലേക്കടുക്കുന്നു എന്ന് കാണിച്ചു കൊണ്ടിരുന്നു. ഇനി കൂടിപ്പോയാല്‍ ഒരു മണിക്കൂര്‍.

ഗ്രേസിന്റെ കണ്ണുനീര്‍ വീണ് അയാളുടെ ഷര്‍ട്ടിന്റെ ഇടതു കൈ മുഴുവന്‍ നനഞ്ഞിരുന്നു.

അതുവരെ അമര്‍ത്തി വച്ചിരുന്ന സങ്കടങ്ങളെ ചേര്‍ത്തമര്‍ത്തി, ഗ്രേസിനെ പോലെ പൊട്ടിക്കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഫിലിപ്പ്  വല്ലാതെ ആഗ്രഹിച്ചു.

വിമാനം ലാന്‍ഡ് ചെയ്തപ്പോഴേ ഐസക്കിന്റെ കോള്‍ വന്നു. കാര്യമായി ലഗ്ഗേജ് ഒന്നുമില്ലാതിരുന്നതു കൊണ്ട് പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്തു പെട്ടെന്ന് തന്നെ പുറത്തിറങ്ങാന്‍ പറ്റി.

ഐസക്കും, ഫിലിപ്പിന്റെ ബന്ധു റോബിയും അവരെ കാത്തു നില്‍പ്പുണ്ടായിരുന്നു. കണ്ടപാടേ ഐസക് ഓടി വന്നു കെട്ടിപ്പിടിച്ചു. നാലഞ്ചുദിവസം കൊണ്ട് അവനാകെ ക്ഷീണിച്ചപോലെ തോന്നി. വീട്ടിലേക്ക് പോകുന്ന വഴിക്ക് ആരും പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല. യാത്രയിലുടനീളം ഐസക്കിന്റെ കൈകള്‍ ഗ്രേസ് ചേര്‍ത്തുപിടിച്ചിരുന്നു.

ഫിലിപ്പ് ഫോണ്‍ എടുത്തു മാര്‍ക്കിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.

അയാള്‍ തിരക്കിലാണെന്നു തോന്നുന്നു. രണ്ടു വട്ടം ശ്രമിച്ചിട്ടും ഫോണ്‍ എടുത്തില്ല. താന്‍ യുകെയില്‍ തിരികെയെത്തി എന്ന് മാത്രം ഒരു വോയിസ് മെസ്സേജ് അയച്ചു.

ഇരുവശത്തു കൂടെ അതിവേഗത്തില്‍ പായുന്ന വാഹനങ്ങളെ ഫിലിപ്പ് നോക്കി. ഈര്‍പ്പവും തണുത്ത കാറ്റും തിരക്കും നിറഞ്ഞ റോഡില്‍ നിന്ന് എവിടേക്കോ പായുന്ന വണ്ടികള്‍. ഏതെങ്കിലും ഒരു വാഹനം നിര്‍ത്തി തന്റെ ഇസ അതില്‍ നിന്നും പുറത്തു വന്നിരുന്നെങ്കില്‍ എന്നയാള്‍ വല്ലാതെ ആഗ്രഹിച്ചു. ഇരുവശത്തുമായി ഗര്‍വോടെ തലയുയര്‍ത്തി നില്‍ക്കുന്ന വിളക്കു മരങ്ങള്‍ പൊടുന്നനെ അപ്രത്യക്ഷമായി.

കണ്ടോ ഇനി കുറെ നേരത്തേക്ക് വഴിവിളക്കുകളേയില്ല. ഈ ഒരൊറ്റ കാര്യം കൊണ്ടാണ് രാത്രിയിലുള്ള വണ്ടിയോടീര് എനിക്കിത്ര ദേഷ്യം.

റോബി അമര്‍ഷത്തോടെ ആക്‌സിലേറ്ററില്‍ കാലമര്‍ത്തി.

ഫെലിക്സ് കട്ടിലില്‍ എഴുന്നേറ്റിരുന്ന് ഇസയെ നോക്കി. പ്രോബ്ലം എവിടെവരെയായി? സോള്‍വ്ഡ്?

ഉത്തരമൊന്നും പറയാതെ പുതപ്പിന്റെ തുമ്പില്‍ അവള്‍ തെരുപ്പിടിച്ചു. ഒരിക്കലും കൂടിച്ചേരാനാവാത്ത രണ്ടു പാലങ്ങള്‍ പോലെ അവളുടെ ശബ്ദം മരവിച്ചിരുന്നു.

നോട്ട് യാറ്റ് സോള്‍വ്ഡ്?

ചിരിച്ചുകൊണ്ടയാള്‍ ചോദിച്ചു.

ഇല്ല എന്ന അര്‍ത്ഥത്തില്‍ ഇസ തലയാട്ടി.

അതെന്താ ഇല്ലാത്തത്? ഇപ്പോള്‍ നമ്മള്‍ ഒന്നല്ലേ?

കണ്ണുനീര്‍ ഇറ്റു വീഴുന്ന കവിള്‍ത്തടങ്ങളില്‍ നിന്ന് കണ്ണെടുത്ത് ഉത്തരമില്ലാതെ പൂട്ടിപ്പിടിച്ച ചുണ്ടുകളില്‍ നോക്കാതെ അയാള്‍ എഴുന്നേറ്റു. അവളുടെ തോളില്‍ കൈവെച്ച് അവളുടെ നെറ്റിയില്‍ ചുംബിച്ചു കൊണ്ടയാള്‍ ചോദിച്ചു.

ഞാനെന്തുവേണം?

എന്നെ പോകാന്‍ സമ്മതിക്കണം.

കൊണ്ടുവിടണോ?

വേണ്ട.

പിന്നെ, തനിയെ പോകുമോ?

അയാള്‍ പൊട്ടിച്ചിരിച്ചു. ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. ഇത്ര നിസ്സാരമോ എന്ന മട്ടിലുള്ള ചിരിയായിരുന്നില്ല അത്. നീ എന്ത് മണ്ടത്തരമാണീ പറയുന്നത് എന്ന മട്ടിലുള്ള ഒരു ചിരി.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam