കവന്‍ട്രി: കഴിഞ്ഞ അവധിക്കാലത്തും നാട്ടില്‍ എത്തിയപ്പോള്‍ അന്തോണീസ് കഴിവതും അമ്മയോട് പറഞ്ഞു നോക്കിയതാണ് കുറച്ചുകാലം തന്റെ കൂടെ വന്നു നില്ക്കാന്. എന്നാല്‍ സാധാരണ നാട്ടിന് പുറത്തെ അമ്മമാര്‍ പറയുന്നത് തന്നെയാണ് മകനോട് ഇരിഞ്ഞാലക്കുട കോമ്പാറ കൂനന്‍ വീട്ടില്‍ പൗലോസിന്റെ ഭാര്യ ആലീസ് പറഞ്ഞതും. ''അടുത്ത വരവിനാകട്ടെ. എന്നാല്‍ അമ്മയുടെ വാക്കുകളില്‍ അല്പം ആശങ്കയുണ്ടായ മകന് തൊട്ടടുത്ത വീടുകളില്‍ എത്തി യാത്ര പറയവേ വീട്ടിലേക്കു ഒരു കണ്ണ് വേണം കേട്ടോ എന്നും ഓര്‍മ്മിപ്പിച്ചിരുന്നു. ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ കുറിച്ചുള്ള ആധിയായിരുന്നു ആ വാക്കുകളില്‍ നിറയെ. ഇപ്പോള്‍ അന്തോണീസ് ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു''.
അന്തോണീസിന്റെ അടുത്ത വരവു കാത്തിരിക്കാന്‍ ആ അമ്മയ്ക്ക് ക്രൂരരായ കൊലയാളികള്‍ അവസരം നല്‍കിയില്ല. നാലു നാള് മുന്‍പ് ആലീസ് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്തോണീസിന്റെ വീട്ടില്‍ കച്ചവടക്കാരുടെ വേഷത്തില്‍ വന്നവരെന്നു പോലീസ് സംശയിക്കുന്ന കൊലയാളികള്‍ ആ അമ്മയെ നിഷ്ക്കരുണം വെട്ടി വീഴ്ത്തുക ആയിരുന്നു. എല്ലാ ദിവസവും എന്ന പോലെ അമ്മയെ വിളിച്ചിരുന്ന കേംബ്രിഡ്ജിനു അടുത്തുള്ള കിങ്സ്ലിയില്‍ താമസിച്ചിരുന്ന അന്തോണീസിന്റെ വിളി കൊല നടന്ന വ്യാഴാഴ്ചയും അമ്മയെ തേടി എത്തിയിരുന്നു. ഇതിനു ശേഷമാണു നാടിനെ നടുക്കിയ നിഷ്ടൂര കൊലപാതകം നടക്കുന്നത്.
മൂന്നു പെണ്മക്കളും ഏക ആണ് തരിയുമാണ് ആലീസിനും പൗലോസിനും ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് പൗലോസിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് ആലീസ് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. വാര്ധക്യത്തിലേക്കു എത്താന്‍ ഇനിയും കാലം ഉണ്ടായിരുന്നതും ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഇല്ലാതിരുന്നതുമാണ് ഒറ്റയ്ക്ക് കഴിയാന്‍ ആലീസിനെ പ്രേരിപ്പിച്ചത്. ലൗ ബേര്‍ഡ്സ് ഉള്‍പ്പെടെയുള്ള ആഡംബര പക്ഷികളെ വളര്‍ത്തി ചെറിയ രീതിയില്‍ വരുമാനം ഉണ്ടായിരുന്ന ആലീസ് മക്കളെ അകാരണമായി ബുദ്ധിമുട്ടിക്കേണ്ട എന്നും തീരുമാനിച്ചിരിക്കണം.
മാത്രമല്ല മൂന്നു പെണ്മക്കള് വിളിപ്പുറത്ത് ഉണ്ടായിരുന്നതും അവരൊക്കെ എല്ലായ്പ്പോഴും വീട്ടില്‍ എത്തി സുഖ വിവരം അന്വേഷിക്കാറുണ്ടായിരുന്നതും അവര്‍ക്കു നല്കിയ മനക്കരുത്ത് ഏറെ വലുതായിരുന്നു. എന്നാല്‍ തന്നെ തേടി ഇങ്ങനെ ഒരു മരണം ഉണ്ടാകുമെന്നു അവര്‍ സ്വപ്നേപി വിചാരിച്ചിരിക്കില്ല. അതുകൊണ്ടു തന്നെയാണ് മകന്റെ നിര്‍ബന്ധത്തെ സ്നേഹപൂര്‍വ്വം നിരസിച്ചതും.
കേംബ്രിഡ്ജിനു അടുത്ത് കിങ്സ്ലിയില്‍ താമസിക്കുന്ന യുവാവായ അന്തോണീസിന്റേയും ഭാര്യ സ്റ്റെഫിയുടെയും കുടുംബത്തെ തേടി എത്തിയ ഈ ദുരന്തം പ്രദേശവാസികളായ മലയാളികളെയും ദുഃഖത്തില്‍ ആക്കിയിരിക്കുകയാണ്. ഏറെ സൗമ്യനും ആരോടും സ്നേഹത്തോടെ പെരുമാറാന്‍ കഴിയുന്നവനുമായ അന്തോണീസിന് നിനച്ചിരിക്കാതെ അടുത്തടുത്ത സമയങ്ങളില്‍ അപ്പനും അമ്മയും നഷ്ടമായ ദുര്യോഗം താങ്ങാന്‍ കരുത്തു നല്കണമേയെന്നാണ് ഇപ്പോള്‍ കിങ്സ്ലി മലയാളികള്‍ പ്രാര്‍ത്ഥിക്കുന്നത്.
അമ്മയുടെ മരണംമറിഞ്ഞു ഉടന്‍ നാട്ടില്‍ എത്തിയ അന്തോണീസിന്റെയും മറ്റു മക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെ ആലീസിന്റെ ശവസംസ്കാരം ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്നു. നാടിനെ നടുക്കിയ കൊലപാതകത്തില്‍ ഇരയായ വീട്ടമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടൊന്നാകെ കൂനന്‍ വീട്ടിലും പള്ളിയിലും എത്തിയിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന ക്രിസ്ത്യന്‍ തറവാടുകളില്‍ ഒന്നായ കൂനന്‍ കുടുംബത്തില്‍ ഉണ്ടായ ദുരന്തം നാട്ടുകാര്‍ക്കും കനത്ത ആഘാതമായി. പ്രദേശത്തെ ഏറെ അറിയപ്പെടുന്ന വീട് കൂടിയാണ് അന്തോണീസിന്റേത്. പക്ഷികളെ വില്‍ക്കുന്ന കച്ചവടം ഉണ്ടായിരുന്നതിനാല്‍ പ്രദേശത്തുള്ള എല്ലാവര്ക്കും പരിചിതവുമാണ് അന്തോണീസിന്റെ വീട്.
പക്ഷികളെ വാങ്ങാന്‍ എത്തിയവരും മറ്റും ആലീസ് ഒറ്റയ്ക്ക് കഴിഞ്ഞിരുന്നതും വീട്ടില്‍ സ്വര്‍ണവും പണവും ഉണ്ടാകാം എന്ന നിഗമനം നടത്തിയതും കൊലപാതകത്തിലേക്ക് നയിക്കാന്‍ ഉള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. ആലീസിന്റെ മകനും മരുമകളും ഇംഗ്ലണ്ടില്‍ ആണെന്നതിനാല്‍ അമ്മയെ സംരക്ഷിക്കുന്നതിന് പണം എത്തിക്കുമെന്ന നിഗമനവും കൊലയാളികള്‍ക്ക് ഉണ്ടായിരിക്കണം. ആലീസിന്റെ കൊലപാതകത്തില്‍ ഒരാള്‍ ഇതിനകം പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന സൂചനയുണ്ട്. എന്നാല്‍ പോലീസ് ഇത് വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ പ്രദേശത്തു തുടര്‍ച്ചയായി രണ്ടു വര്‍ഷത്തിനിടെ ഉണ്ടായ നാലാമത്തെ കൊലപാതകം എന്ന നിലയില്‍ ആളുകളുടെ ഭയം മാറ്റുന്നതിന് വേണ്ടിയും ഏറെ ഊര്‍ജിതമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. 36 പേരടങ്ങുന്ന അന്വേഷണ സംഘത്തെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് പ്രതികളെ കണ്ടെത്താനുള്ള നീക്കം നടക്കുന്നത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒന്നും കാര്യമായി ഇല്ലാത്ത ഈസ്റ്റ് കോമ്പാറയിലെ കൊലപാതകം പോലീസിനും തലവേദന ആയിരിക്കുകയാണ്.
നാലു ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത് എന്ന് സൂചനയുണ്ട്. അയല്‍ സംസ്ഥാന തൊഴിലാളികള്‍ കൊലയ്ക്കു പിന്നിലുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പു പറയാന്‍ കാരണമായ തെളിവുകള്‍ ലഭിച്ചിട്ടുമില്ല. എന്നാല്‍ കര്ട്ടന് വില്‍പ്പനയുമായി ബന്ധപ്പെട്ട ഒരാള്‍ കൊലപാതകം നടന്നുവെന്ന് കരുതപ്പെടുന്ന രാവിലെ പത്തരക്കും പന്ത്രണ്ടിനും മദ്ധ്യേ വീട്ടില്‍ എത്തിയിരുന്നതായി സൂചനയുണ്ട്. മേഖല ഡിഐജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
ആലീസ് ഉപയോഗിച്ചിരുന്ന എട്ടു സ്വര്‍ണ വളകള്‍ കാണാതായതോടെയാണ് കൊലപാതകം മോഷണത്തിന് വേണ്ടിയെന്ന് പോലീസ് കരുതുന്നത്. എന്നാല്‍ ആലീസിന്റെ മാലയും കമ്മലും നഷ്ടപ്പെട്ടിട്ടുമില്ല. കഴുത്തിന് വെട്ടേറ്റ നിലയില്‍ സ്വീകരണ മുറിയോട് ചേര്‍ന്ന മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. വീടിനു മുന്‍വശത്തെ വാതില്‍ പുറത്തു നിന്നും കുറ്റിയിട്ട നിലയിലും ആയിരുന്നു. ആലീസിനു കൂട്ടുകിടക്കാന്‍ വരാറുണ്ടായിരുന്ന അയല്‍വാസിയായ സ്ത്രീ എത്തി വീട് തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആലീസിനെ കണ്ടെത്തിയത്.