1 GBP = 94.40 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബൈബിള്‍ കലോത്സവം: പ്രെസ്റ്റണ്‍ റീജിയണ്‍ ചാമ്പ്യന്മാര്‍; കവന്‍ട്രിയും ലണ്ടനും രണ്ടും മൂന്നും സ്ഥാനങ്ങളില്‍; സംഘാടക മികവ് തെളിയിച്ച് ലിവര്‍പൂള്‍; വചനം ആഘോഷിച്ച് ജീവിച്ച് പങ്കുവെക്കണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

Britishmalayali
ഫാ: ബിജു കുന്നയ്ക്കാട്ട്

ദൈവവചനത്തിന്റെ ജീവസാക്ഷ്യങ്ങള്‍ അരങ്ങിലും കലകളിലും സന്നിവേശിപ്പിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് കൊടിയിറങ്ങി. ലിവര്‍പൂള്‍ ഡേ ലാ സാലെ അക്കാഡമിയില്‍ ഇന്നലെ നടന്ന വാശിയേറിയ ദേശീയതല മത്സരങ്ങള്‍ക്ക് രാവിലെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദൈവവചനം ആഘോഷിക്കുകയും ജീവിക്കുകയും പങ്കു വയ്ക്കുകയും ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്നു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു.

നമ്മെ ഒരു ദൈവജനമാക്കി തീര്‍ക്കുന്നത് ദൈവവചനം ആയതിനാല്‍ നാം അതിനുവേണ്ടി ഹൃദയം കൊടുക്കണം. ഹൃദയത്തിലെ തണുപ്പ് മാറ്റി തിരുവചനത്തിന്റെ അഗ്‌നിയാല്‍ നാം ജ്വലിക്കുന്നവരാകണം. എഴുതപ്പെട്ട വചനം ദൈവത്തിന്റെ ജീവനുള്ള വചനമായി അനുഭവപ്പെടുന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തി വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രൂപതയിലെ എട്ടു റീജിയനുകളില്‍നിന്നായി 1200ല്‍പരം കലാപ്രതിഭകള്‍ അണിനിരന്ന മത്സരങ്ങളുടെ സമാപനത്തില്‍ 213 പോയിന്റ് നേടി പ്രെസ്റ്റണ്‍ റീജിയന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കവന്‍ട്രി റീജിയന്‍ രണ്ടാം സ്ഥാനത്തും ലണ്ടന്‍ റീജിയന്‍ മൂന്നാം സ്ഥാനത്തും എത്തി. രാവിലെ ഒന്‍പതുമണിക്ക് ആരംഭിച്ച മത്സരങ്ങളിലെല്ലാം കൃത്യമായ സമയനിഷ്ഠ പാലിച്ചതു മൂലം പ്രതീക്ഷിച്ചതു പോലെ വൈകിട്ട് ആറു മണിക്ക് തന്നെ സമാപന സമ്മേളനം ആരംഭിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പതിനൊന്നു വേദികളിലായി നടത്തപ്പെട്ട മത്സരങ്ങള്‍ക്ക് യൂകെയില്‍ അറിയപ്പെടുന്ന വിധികര്‍ത്താക്കളാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബൈബിള്‍ കലോത്സവത്തിന്റെ ഡയറക്ടറും രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ചെയര്‍മാനായിരുന്ന ഫാ: പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി, ബൈബിള്‍ കലോത്സവത്തിന്റെ കോ ഓര്‍ഡിനേറ്റര്‍സ് ആയി സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ച മി. റോമില്‍സ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവരെ മാര്‍ സ്രാമ്പിക്കല്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ പുതിയ ചെയര്‍മാനായി സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ: ജോര്‍ജ് എട്ടുപറയിലിനെ മാര്‍ സ്രാമ്പിക്കല്‍ നിയമിച്ചു. അടുത്ത വര്‍ഷത്തെ ദേശീയ തല രൂപത ബൈബിള്‍ കലോത്സവം കവന്‍ട്രി റീജിയനില്‍ നടത്താനും തീരുമാനമായി.

രൂപത ബൈബിള്‍ കലോത്സവത്തിന്റെ പ്രത്യേക സപ്ലിമെന്റ് പ്രകാശനവും ഇന്നലെ നടന്നു. അടുത്തവര്‍ഷം കവന്‍ട്രിയില്‍ നടക്കാനുള്ള രൂപതാതല മത്സരങ്ങളുടെ മുന്നോടിയായി രൂപതാധ്യക്ഷന്‍ നല്‍കിയ ദീപശിഖ ബൈബിള്‍ അപോസ്റ്റലേറ്റ് ചെയര്‍മാന്‍ ഫാ: ജോര്‍ജ് എട്ടുപറയിലും കവന്‍ട്രി റീജിയന്‍ പ്രതിനിധികളും ഒരുമിച്ചു ഏറ്റുവാങ്ങി. സമ്മേളനത്തിന്റെ സമാപനത്തില്‍ ഫാ: എട്ടുപറയില്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
സംഘാടക മികവിന്റെ നേര്‍ക്കാഴ്ചയായി മാറിയ ബൈബിള്‍ കലോത്സവം എല്ലാവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. ലിവര്‍പൂള്‍ വിശ്വാസ സമൂഹം ആതിഥ്യമരുളിയ കലോത്സവത്തിന് രൂപത വികാരി ജനറാളും ലിവര്‍പൂള്‍ ലിതെര്‍ലാന്റ് സമാധാന രാഞ്ജി ഇടവക വികാരിയുമായ മോണ്‍. ജിനോ അരീക്കാട്ട് എംസിബിഎസ്, ഇതുവരെ ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി കോ ഓര്‍ഡിനേറ്റര്‍സ് മി. റോമില്‍സ് മാത്യു, മി. സിജി വൈദ്യാനത്ത്, അസ്സോസിയേറ്റ് കോര്‍ഡിനേറ്റര്‍ ഫാ: ജോര്‍ജ് ഏറ്റുപറയില്‍, മിഷന്‍ലീഗ്, യൂത്ത് മൂവ്മെന്റ്, അല്‍മായ പ്രതിനിധികള്‍ എന്നിവരില്‍ നിന്നായി പ്രത്യേക പരിശീലനം നേടിയ 180ല്‍ അധികം വോളണ്ടിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ നടന്നത്. വിവിധ സമയങ്ങളിലായി ആയിരങ്ങള്‍ ഒഴുകിയെത്തിയ മത്സരങ്ങളുടെ നടത്തിപ്പിനെക്കുറിച്ചോ മറ്റു ക്രമീകരങ്ങളെക്കുറിച്ചോ പരാതികളൊന്നും ഉയര്‍ന്നില്ല എന്നുള്ളതും ശ്രദ്ധേയമായി.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മുഖ്യ വികാരി ജനറാള്‍ ഫാ: ആന്റണി ചുണ്ടെലിക്കാട്ട്, മോണ്‍. ഫാ: സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍, ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, കത്തീഡ്രല്‍ വികാരി ഡോ. ബാബു പുത്തെന്‍പുരക്കല്‍, സെക്രട്ടറി ഫാ: ഫാന്‍സ്വാ പത്തില്‍, രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന നിരവധി വൈദികരുള്‍പ്പെടെയുള്ളവരുടെ മുഴുവന്‍ സമയസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ദൈവവചനം ആഘോഷിക്കുകയും ജീവിക്കുകയും പങ്കു വയ്ക്കുകയും ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്നു നേരത്തെ കലോത്സവം ഉദ്ഘാടനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
ദൂരെനിന്നു വരുന്നവരുടെ പ്രത്യേക സൗകര്യാര്‍ത്ഥവും പൊതുതാല്‍പ്പര്യവും പരിഗണിച്ച്, മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണ സാധനങ്ങള്‍ എല്ലാ സമയങ്ങളിലും ലഭ്യമായിരുന്നു. പ്രത്യേകമായി ഒരുക്കിയിരുന്ന ചാപ്പലില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5. 30 വരെ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധന, വിവിധ സമയങ്ങളില്‍ ലിവര്‍പൂളിലെത്തുന്ന വൈദികര്‍ക്കും വിശ്വാസികള്‍ക്കും വി. ബലിയര്‍പ്പിക്കുന്നതിനായി 10. 30, 12. 30, 2. 30, 4. 30 എന്നീ സമയങ്ങളില്‍ വി. കുര്‍ബാന, വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ സമാപന ദിവ്യകാരുണ്യ ആരാധന തുടങ്ങിയവയും ദൈവവചന ആഘോഷത്തിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നു.

മത്സരാര്‍ത്ഥികളുടെ പ്രകടനം മികച്ച നിലവാരം പുലര്‍ത്തി എന്ന് വിധികര്‍ത്താക്കളും കാണികളും അഭിപ്രായപ്പെട്ടു. വെറും മത്സരമെന്ന രീതിയില്‍ കാണാതെ ദൈവവചനത്തെ ഗൗരവമായി വിശ്വാസികള്‍ സമീപിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും അവതരിപ്പിക്കുകയും ചെയ്തതാണ് കലാവേദികളിലൂടെ പ്രകടമായതെന്ന് കോ ഓര്‍ഡിനേറ്റര്‍ മോണ്‍. ജിനോ അരീക്കാട്ട് അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം വന്‍ വിജയമാക്കുവാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category