1 GBP = 94.40 INR                       

BREAKING NEWS

ഒരു മാസത്തിനിടയില്‍ യുകെ മലയാളികളെ തേടി നാട്ടില്‍ നിന്നും എത്തിയത് രണ്ടു കൊലപാതകങ്ങള്‍; ഒറ്റയ്ക്ക് കഴിയുന്ന മാതാപി താക്കളുടെ സുരക്ഷയില്‍ ഭീതിയോടെ പ്രവാസികള്‍; ഒന്നും ചെയ്യാ നില്ലാതെ കേരള സര്‍ക്കാര്‍; ആശങ്കയോടെ യുകെ മലയാളികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കഴിഞ്ഞ ഒരു മാസത്തിനിടയില്‍ യുകെ മലയാളികളായ മൂന്നു പേര്‍ക്കാണ് സ്വന്തം മാതാപിതാക്കളെ അരും കൊലയിലൂടെ നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ മാസം തൃശൂരിലെ കൈപ്പമംഗലത്തു പെട്രോള്‍ പമ്പ് ഉടമയെ കൊലപ്പെടുത്തിയപ്പോള്‍ ലണ്ടന്‍ മലയാളികളും സഹോദരങ്ങളുമായ രണ്ടു പേര്‍ക്കാണ് പിതാവിനെ നഷ്ടമായത്. ആ ഞെട്ടല്‍ മാറും മുന്‍പ് തന്നെ അടുത്ത കൊലപാതക വാര്‍ത്തയും എത്തി. ഇത്തവണയും തൃശൂരില്‍ നിന്നും തന്നെയാണ് ക്രൂരതയുടെ നടുക്കുന്ന വാര്‍ത്ത വന്നിരിക്കുന്നത്.

രിഞ്ഞാലക്കുടയിലെ ഈസ്റ്റ് കോമ്പാറയില്‍ താമസിച്ചിരുന്ന വീട്ടമ്മയെ കേംബ്രിഡ്ജില്‍ ഉള്ള മകന് നഷ്ടമായപ്പോള്‍ ആശങ്കയില്‍ ആയിരിക്കുന്നത് ലോകമെങ്ങും ഉള്ള പ്രവാസികളാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന നിലയില്‍ എഴുതി തള്ളാന്‍ ഉള്ള സംഭവങ്ങളല്ല രണ്ടും. സംസ്ഥാനത്തെ കാല്‍ ലക്ഷം പ്രവാസികളുടെ ഉറക്കം കെടുത്താന്‍ കെല്‍പ്പുള്ളതാണ് രണ്ടു സംഭവങ്ങളും. മിക്ക പ്രവാസികളും എല്ലാ ദിവസവും വീട്ടിലേക്കു ഫോണ്‍ ചെയ്യുന്നത് തന്നെ പ്രായം ചെന്ന മാതാപിതാക്കള്‍ സുരക്ഷിതരായി കഴിയുന്നു എന്നുറപ്പു വരുത്താന്‍ കൂടിയാണ്.
ഗള്‍ഫ് മലയാളികളില്‍ പലരുടെയും കുടുംബം നാട്ടില്‍ ആയതിനാല്‍ പ്രായമായ മാതാപിതാക്കളുടെ സുരക്ഷയും ആരോഗ്യവും ഒരു പരിധി വരെ പലര്‍ക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യമല്ല. എന്നാല്‍ യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കഴിയുന്നവരുടെ മാതാപിതാക്കളുടെ കാര്യം ഇങ്ങനെയല്ല. ഒട്ടു മിക്കവരുടെയും കുടുംബം കൂടെയുള്ളതിനാല്‍ അവരുടെയൊക്കെ മാതാപിതാക്കള്‍ നാട്ടില്‍ തനിച്ചുള്ള ജീവിതം ആയിരിക്കും. മാതാപിതാക്കള്‍ ഒന്നിച്ചു കഴിയുന്നവരുടെ കാര്യത്തില്‍ അല്‍പം ആശ്വാസം ഉണ്ടെങ്കിലും പലര്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ ജീവിച്ചിരിപ്പുള്ള സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്.

ഇത്തരക്കാരുടെ കാര്യത്തിലാണ് വര്‍ദ്ധിച്ച ആശങ്കയുള്ളതും. ഈ ആശങ്ക വെറുതെ അടിസ്ഥാനമില്ലാത്തതു ആണെന്ന് പറയാന്‍ സാധിക്കാതെ വന്നിരിക്കുകയാണ് ഇരിഞ്ഞാലക്കുടയിലെ കൊലപാതകത്തിലൂടെ. കാരണം കഴിഞ്ഞ അവധിക്കു നാട്ടിലെത്തിയപ്പോഴും അമ്മ ഒറ്റയ്ക്ക് കഴിയുന്നതിന്റെ ആധിയില്‍ തിരികെ ലണ്ടനിലേക്ക് മടങ്ങും മുന്‍പേ മകന്‍ അന്തോണീസ് അയല്‍വീടുകളില്‍ എത്തി ഒന്ന് ശ്രദ്ധിക്കണേ എന്ന് പറഞ്ഞതില്‍ നിന്നും തന്നെ വ്യക്തമാണ്.

ഇത് ഒരു അന്തോണീസിന്റെ മാത്രം കാര്യമല്ല. മാതാപിതാക്കള്‍ ഒറ്റയ്ക്ക് കഴിയുന്നതില്‍ ആധിയുള്ള മുഴുവന്‍ മക്കളും അവധി കഴിഞ്ഞു മടങ്ങും മുന്‍പ് അയല്‍ക്കാരോട് പറയുന്ന ഏറ്റവും പ്രധാന കാര്യം കൂടിയാണ്. പണ്ടുകാലത്തുള്ളതില്‍ നിന്നും അയല്‍പക്ക സ്‌നേഹങ്ങള്‍ കുറഞ്ഞു തുടങ്ങിയ കാലത്തു പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങള്‍ തന്നെയാണ് നേര്‍ത്തു തുടങ്ങിയ ബന്ധങ്ങളുടെ ഏറ്റവും ക്രൂരമായ തിരിച്ചടി നേരിടുന്നതും. എന്നാല്‍ ഈയൊരു സാമൂഹിക പ്രതിസന്ധി തിരിച്ചറിഞ്ഞു ഫലവത്തായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ശ്രദ്ധയും നല്‍കാറില്ല എന്നതാണ് വേദനാജനകമായ സത്യവും. പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം കോടി രൂപ സംസ്ഥാനത്തു എത്തിച്ചു ജനജീവിതം ചലനാത്മകമാക്കുന്ന പ്രവാസിയുടെ കുടുംബങ്ങള്‍ നാട്ടില്‍ സുരക്ഷിതരാണ് എന്ന് ഉറപ്പു പറയാന്‍ നാട് ഭരിക്കുന്നവര്‍ക്കു സാധിക്കുമോ എന്ന ചോദ്യമാണ് ഓരോ പ്രവാസിയും മനസ്സില്‍ കടുത്ത ആശങ്കയോടെ ഉന്നയിക്കുന്നത്. എന്നാല്‍ ഇത്തരം ആശങ്കകള്‍ ആര് ആരോട് പറയാന്‍ എന്നതാണ് പ്രവാസികള്‍ പറഞ്ഞു വയ്ക്കുന്നതും.

തങ്ങളുടെ ഉള്ളിലെ നീറ്റല്‍ അവര്‍ സ്വയം അനുഭവിച്ചു തീര്‍ക്കുകയാണ്. നാട്ടില്‍ നിന്നും അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍ എത്തിയാല്‍ ഞെട്ടലോടെ മാത്രം അങ്ങേത്തലക്കല്‍ നിന്നുള്ള സന്ദേശം ശ്രവിക്കുന്ന പ്രവാസിക്ക് ഇനി മുതല്‍ ഉറക്കത്തില്‍ ഞെട്ടി ഉണരാന്‍ ഉള്ള സാഹചര്യം ഒരുക്കിയിരിക്കുകയാണ് കൈപ്പമംഗലം, ഇരിഞ്ഞാലക്കുട സംഭവങ്ങള്‍. കൈപ്പമംഗലത്തെ കൊലപാതകം നാട്ടിലെ ക്രൂരന്മാരുടെ കൈകള്‍ കൊണ്ടായപ്പോള്‍ ഇരിഞ്ഞാലക്കുടയിലേതു അന്യസംസ്ഥാന തൊഴിലാളികളുടെ പങ്കിലൂടെ സംഭവിച്ചത് ആണെന്ന് കരുതപ്പെടുന്നു. ഇത് സത്യമാണെങ്കില്‍ ഇരിഞ്ഞാലക്കുടയിലെ കൊലപാതകം മറ്റിടങ്ങളില്‍ ആവര്‍ത്തിക്കപ്പെടുമോ എന്ന് ശങ്കിക്കുന്നവരും കുറവല്ല. ഈ സാഹചര്യത്തില്‍ പൊതു പ്രവര്‍ത്തകരായ ഏതാനും യുകെ മലയാളികള്‍ തങ്ങളുടെ ആശങ്ക പങ്കിടുന്നു.

ഷിബു അജിത് രാമകൃഷ്ണന്‍, പ്രസിഡന്റ്, ഡെര്‍ബി മലയാളി അസോസിയേഷന്‍
രണ്ടു കാര്യങ്ങളാണ് പ്രധാനമായും ബുദ്ധിമുട്ടു നേരിടുന്നത്. പ്രധാനമായും സഹായത്തിനു നിയമിക്കപ്പെടുന്ന ജോലിക്കാരെ കുറിച്ചുള്ളതാണ്. ഇവര്‍ ഏതു തരക്കാരാണ് എന്ന് ഒരു കാരണവശാലും കണ്ടു പിടിക്കാന്‍ സാധിക്കില്ല. ആരെയും വിശ്വസിക്കാന്‍ സാധികാത്ത കാലം. ആവശ്യത്തിന് ജോലിക്കാരെ കിട്ടില്ല എന്നുള്ളത് കൊണ്ട് കിട്ടുന്നവരെ ജോലിക്കു നിയമിക്കാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാകുകയാണ്. ഇത്തരം ജോലിക്കാരെ നല്‍കുന്ന ഏജന്‍സികള്‍ എന്തെങ്കിലും ജീവനക്കാര്‍ കുഴപ്പം കാട്ടിയാല്‍ കൈമലര്‍ത്തുകയും ചെയ്യും. കുറഞ്ഞ പക്ഷം ഇത്തരം ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം പോലീസ് വഴി നടത്തിയാകണം ഇത്തരം ജീവനക്കാരെ നിയമിക്കുന്നത് എന്നുറപ്പാക്കാന്‍ എങ്കിലും സര്‍ക്കാര്‍ ശ്രമിക്കണം. രണ്ടാമത്തെ കുഴപ്പം അന്യ സംസ്ഥാനക്കാര്‍ ഉണ്ടാക്കുന്ന കുഴപ്പമാണ്. പലയിടത്തും ധൈര്യ സമേതം അതിക്രമിച്ചു വീടുകളില്‍ കയറുന്ന സംഭവം പോലുമുണ്ട്. പലപ്പോഴും പോലീസ് കാര്യക്ഷമമായി ഇടപെടുന്നുമുണ്ട്. എന്നാല്‍ ഇവര്‍ സംസ്ഥാനത്തു എത്തുമ്പോള്‍ തന്നെ ഇവരെ കുറിച്ചുള്ള കൃത്യമായ വിവരം ശേഖരിക്കാനും ഇവര്‍ സംസ്ഥാനത്തു ജോലി ചെയ്യാന്‍ ഉള്ള മിനിമം യോഗ്യതകള്‍ ഉള്ളവരാണ് എന്നുറപ്പാക്കാന്‍ ഉള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ക്രിമിനല്‍ കേസുള്ള ഒരു അന്യ സംസ്ഥാന തൊഴിലാളിയെ സംസ്ഥാനത്തു ജോലി ചെയ്യാന്‍ അനുവദിക്കരുത്. ഇതില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം കേരളം ഇത്തരം ക്രിമിനലുകളുടെ സേഫ് സോണ്‍ ആയി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.

ഷാജി ലൂക്കോസ്, ചെയര്‍മാന്‍, ബിഎംസിഎഫ്
യുകെയിലെ മലയാളി ജീവിതത്തിലെ മറ്റൊരു കീറാമുട്ടിയാണ് നാട്ടിലെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കു കയെന്ന കാര്യം. സ്വന്തം ഭാര്യയെയും കുട്ടികളെയും വിട്ട് മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്തുവാന്‍ നാട്ടിലേയ്ക്ക് മാറി നില്‍ക്കേണ്ടി വരുന്ന സ്ഥിതി വിശേഷം ഇന്ന് പലരും അഭിമുഖീകരിക്കുന്നു. യുകെയില്‍ വന്നതിനുശേഷം കുട്ടികള്‍ വലുതായി ഇവിടുത്തെ സംസ്‌കാരവുമായി ഇഴുകിചേരുമ്പോഴുള്ള 'കള്‍ച്ചറല്‍ ഐഡന്റിറ്റി' യായിരുന്നു ഇത്രയും നാള്‍ അലട്ടിയിരുന്ന മറ്റൊരു പ്രശ്‌നം.

ചുരുക്കത്തില്‍ മധ്യവയസ്സും പിന്നിട്ട് പലവിധ അസുഖങ്ങളും ബാധിച്ചു തുടങ്ങിയ യുകെ മലയാളി കേരളത്തിലും യുകെയിലുമായി ഓടിയോടി മാറിമാറി നിന്ന് ഒരു പുതിയ ഒരു 'ഫാമിലി ക്രൈസിസ്'നെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. മാതാപിതാക്കളുടെ സംരക്ഷണത്തിനെന്ന പേരില്‍ നാട്ടിലുളള കുടുംബങ്ങളും ബന്ധുക്കളും ചേര്‍ന്ന് ഒരു വശത്ത് സാമ്പത്തികമായി ചൂഷണം ചെയ്യുമ്പോള്‍ സ്വന്തം കുട്ടികളെയും ഭാര്യയെയുമൊക്കെ വിട്ട് മാതാപിതാക്കളെ ശുശ്രൂഷിക്കുവാനായി നാട്ടിലേയ്ക്ക് മാറി നില്‍ക്കുന്നതിന്റെ മാനസിക വിഷമം മറുവശത്തും.

പ്രായമായവരെ നഴ്‌സിംഗ് ഹോമുകളിലോ അതുപോലെയുള്ള സൗകര്യങ്ങളോ മാറ്റിപ്പാര്‍പ്പിച്ചു അവനവന്റെ കാര്യം നോക്കത്തില്ലെയെന്ന, പാശ്ചാത്യസംസ്‌കാര ചുവയോടെയുള്ള സ്വന്തം കുട്ടികളുടെ ചോദ്യം കൂടിയാകുമ്പോള്‍ ശരിക്കും വിഷമിച്ചു പോകുന്നയവസ്ഥയാണ് ഇന്നത്തെ ശരാശരി യുകെ മലയാളിയുടെത്. കുറഞ്ഞത് നാലും അഞ്ചും കുട്ടികളെങ്കിലും ഉള്ള നാട്ടിലെ മുന്‍ തലമുറയില്‍ നിന്നും തികച്ചും വിഭിന്നവും വിഷമകരവുമായിരിക്കും ഇപ്പൊള്‍ പുതിയതായി കുടിയേറികൊണ്ടിരിക്കുന്ന അണുകുടുംബങ്ങളില്‍ നിന്നുള്ള യുകെ മലയാളികളുടെ കാര്യം.

ഒരു സഹോദരനോ സഹോദരിയോ എങ്കിലും നാട്ടിലുള്ള രണ്ടായിരത്തിന്റെ തുടക്കത്തില്‍ കുടിയേറിയ മലയാളിക്ക് തല്‍ക്കാലം ആശ്വാസിക്കാമെങ്കിലും മുന്നോട്ട് ഈയൊരു പ്രശ്‌നം ഒരു വലിയ 'ബാലികേറാമല'യായി തന്നെ അവശേഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, നാട്ടില്‍ അനാഥരായ മാതാപിതാക്കളുടെ സംരക്ഷണമെന്ന 'ഫാമിലി ക്രൈസിസ്' നല്ലോരു ശതമാനം യുകെ മലയാളികളെ ഇതിനോടകം ബാധിച്ചു കഴിഞ്ഞിരിക്കുന്നുവെന്നത് മറ്റൊരു സത്യവുമാണ്.

ഈയൊരു 'ഫാമിലി ക്രൈസിസി'നെ ഒരു 'കള്‍ച്ചറല്‍ അടാപ്‌റ്റേഷന്‍' വഴി നേരിടുകയാണ് ഉത്തമം. ചുരുക്കത്തില്‍ അപ്പനെയും അമ്മയെയും പ്രായമാകുമ്പോള്‍ 'നേഴ്‌സിംഗ് ഹോമില്‍ കൊണ്ട് തട്ടുന്ന സായിപ്പിന്റെ പണി' തന്നെ യുകെ മലയാളിയും മനസ്സില്ലാമനസ്സോടെ എങ്കിലും പിന്തുരടേണ്ടി വരാം.. ഇവിടുത്തെ സംസ്‌കാരത്തിലും ജീവിത രീതികളും പിന്തുടരുന്ന കുട്ടികളില്‍ നിന്നും ഭാവിയില്‍ യുകെ മലയാളിമാതാ പിതാക്കളും മറ്റൊന്നും പ്രതീക്ഷിച്ചിട്ട് യാതൊരു കാര്യവുമില്ല . നാടോടുമ്പോള്‍ നടുവേ ഓടുക എന്നാണല്ലോ പഴമൊഴി തന്നെ. 

സമ്പത്തും മെച്ചപ്പെട്ട ജീിതസാഹചര്യങ്ങളും തേടി മറുപുറം ചാടുമ്പോള്‍ നഷ്ടപ്പെടുന്നത് ഇതൊക്കെയാണെന്ന യാഥാര്‍ത്ഥ്യം നമുക്ക് ഇപ്പോഴാണ് ഇങ്ങനെയൊക്കെ പതുക്കെ പതുക്കെ മനസ്സിലായി വരുന്നത്.

ബിപിന്‍ ലൂക്കോസ്, വൈസ് പ്രസിഡന്റ്, യുകെകെസിഎ
തീര്‍ച്ചയായും ഒറ്റക്ക് കഴിയുന്ന മാതാപിതാക്കള്‍ ഉള്ള പ്രവാസികളെ സംബന്ധിച്ച്  ആശങ്ക പെടുത്തുന്ന കൊലപാതക വാര്‍ത്തകള്‍ ആണ് നാട്ടില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്, ഒരു മാസത്തില്‍ തന്നെ രണ്ടു കൊലപാതകങ്ങള്‍ എന്നുള്ളത് വളരെ അധികം പേടിപ്പെടുത്തുന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്.  അന്യ സംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന ബംഗാളില്‍ നിന്ന് വരുന്ന മിക്കവാറും ആളുകള്‍ ബംഗ്ലാദേശില്‍ നിന്നുള്ള ക്രിമിനല്‍ സംഘത്തില്‍ പെട്ട്വരാണ് എന്നുള്ള കാര്യം കാലങ്ങളായി നാട്ടില്‍ പറഞ്ഞു കേള്‍ക്കുന്നതാണ്. അതിനെ ശരിവെക്കുന്ന കാര്യമാണ് രണ്ടു ബംഗ്ലാദേശി പൗരന്മാരെ ഒരു ഇരട്ട കൊലപാതകവുമായി അറെസ്റ്റ് ചെയ്തതിലൂടെ തെളിയുന്നത്. വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷന്‍ അധികൃതരെ അറിയിക്കണം എന്ന നിയമം പോലും കൃത്യമായി പാലിക്കാതെ ആധുനിക കാലത്തെ അടിമകച്ചവടം നടത്തുന്ന മലയാളികള്‍ സമൂഹത്തിന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ അന്യ രാജ്യ ക്രിമിനല്‍ സംഘങ്ങളുടെ വിലനില മാക്കി കേരളത്തെ മാറ്റുകയാണ് ചെയ്യുന്നത്. ഇത്തരം കൊലപാതകം,കവര്‍ച്ച തുടങ്ങിയ പരിപാടികളില്‍ ഒതുങ്ങാതെ പൂട്ടി കിടക്കുന്ന വീടുകള്‍ കയ്യേറി താമസം ആക്കുന്ന പരിപാടി കൂടി ഇത്തരത്തില്‍ ഉള്ള സംഘങ്ങള്‍ തുടങ്ങിയതായി അറിയുന്നു, എല്ലാ വീടുകളിലും ഉള്ള കാര്‍ പോര്‍ച്ച് പോലുള്ള സങ്കേതങ്ങള്‍ രാത്രി കാലങ്ങളില്‍ തങ്ങാനും മറ്റുമായി ഇത്തരം സംഘങ്ങള്‍ ഉപയോഗിക്കുന്നു എന്നും അറിയാന്‍ കഴിഞ്ഞു.  ക്രിമിനല്‍ സംഘങ്ങളുടെ നീക്കങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്യേണ്ട സംസ്ഥാന പോലീസ് സംവിധാനം പ്രതികളെ കണ്ടെത്തുന്ന കാര്യത്തില്‍ കാണിക്കുന്ന വേഗം അതിനെ മുന്‍കൂട്ടി കണ്ടെത്തി തടയാന്‍ കാണിക്കുന്നില്ല എന്നുള്ളത് ആശാവഹമല്ല. ദുരന്തം ഉണ്ടായി പ്രതികളെ പിടിച്ച് ജയിലില്‍ ഇടുന്നതിനു പകരം ദുരന്തങ്ങള്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളത്തിലേക്ക് വരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ അവരുടെ സ്‌പോണ്‍സര്‍ എന്നിവരെ കൃത്യമായി കൈകാര്യം ചെയ്യണം.

എ പി രാധാകൃഷ്ണന്‍, സദ്ഗമയ ഫൗണ്ടേഷന്‍, സട്ടന്‍
മാതാപിതാക്കള്‍ ഒറ്റയ്ക്ക് കഴിയുന്നതിന്റെ പ്രയാസം നന്നായി അറിയുന്ന മകന്‍ എന്ന നിലയ്ക്കാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. മാതാപിതാക്കള്‍ തന്നെ താമസിക്കുന്ന വീടുകളില്‍ എത്തി പോലീസ് വിവര ശേഖരം നടത്തണം. കുറഞ്ഞ പക്ഷം വീട്ടില്‍ ഒരു ഫോണ്‍ പ്രവര്‍ത്തിക്കുന്നു എന്നെങ്കിലും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകണം. ബി എസ് എന്‍ എല്‍ ഫോണുകള്‍ കേടായാല്‍ ആഴ്ചകള്‍ കഴിഞ്ഞാലും നന്നാക്കി നല്‍കുന്നില്ല. പ്രായമായവരുടെ ഇത്തരം പരാതികള്‍ക്ക് ഒക്കെ കേരളത്തില്‍ പുല്ലുവിലയാണ്. ഇതോടൊപ്പം ഇത്തരം വീടുകളുടെ ലിസ്റ്റ് ഓരോ പോലീസ് സ്റ്റേഷനിലും തയ്യാറാക്കി ആ വീടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ റെഗുലര്‍ ബീറ്റ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം സൃഷ്ടിക്കണം. ഇത്തരം വീടുകള്‍ പോലീസ് നിരീക്ഷണത്തിലാണ് എന്ന് കാണിക്കും വിധം പോലീസ് ചിഹ്നം ഉള്ള  സ്റ്റിക്കറുകളും  പാനിക് അലാം ബട്ടണുകളും ഏര്‍പ്പെടുത്തണം. ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പണം പോലും സന്തോഷത്തോടെ വാടകയായി നല്‍കാന്‍ ഏതു പ്രവാസിയും തയ്യാറാകും. ഇത്തരം സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ഇക്കാലത്തു വലിയ പണച്ചിലവ് ഇല്ലെന്നതും സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണം. പ്രവാസി മക്കളുടെ സ്ഥാനം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മാത്രമേ നാട്ടില്‍ മാതാപിതാക്കള്‍ക്കും വിദേശത്തു മക്കള്‍ക്കും സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കൂ.

വിനോദ് മാണി, മുന്‍ പ്രസിഡന്റ്, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍
അമ്മയുടെ മരണം നല്‍കിയ വേദനയില്‍ കഴിയുന്ന അന്തോനീസിന്റെ ദുഃഖം ഞാന്‍ പങ്കിടുകയാണ്. കൂട്ടുകുടുംബങ്ങളുടെ പ്രാധാന്യമാണ് ഇപ്പോള്‍ മനസിലാക്കുന്നത്. സാധ്യമാകുമെങ്കില്‍ പ്രായമായ മാതാപിതാക്കളായി ഒരു റെസിഡന്‍ഷ്യല്‍ കോളനികള്‍ സ്ഥാപിച്ചു സുരക്ഷാ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ പ്രവാസികളെ സംബന്ധിച്ച് അത് വലിയ അനുഗ്രഹമാകും. ഇത്തരം കേസുകള്‍ ഉണ്ടാകുമ്പോള്‍ ഫാസ്റ്റ് ട്രാക് കോടതികള്‍ വഴി ഏറ്റവും വേഗത്തില്‍ ശിക്ഷ നല്‍കാനും ഉള്ള ബാധ്യത സര്‍ക്കാരിന് ഉണ്ട്. കാരണം ഇത്തരം ശക്തമായ നടപടികള്‍ വഴി മാത്രമേ ഈ ഗുരുതര സ്ഥിതി വിശേഷത്തെ നേരിടാനാകൂ. അഥവാ ഓരോ കുടുംബത്തിന്റെയും നഷ്ടം അവരുടെ വേദന മാത്രമായി മാറുകയും ചെയ്യും, അതുണ്ടാകരുത് അതിനു പ്രവാസി സമൂഹം അനുവദിക്കരുത്. ഇന്ന് അന്തോനീസിനുണ്ടായ നഷ്ടം നാളെ എത്രയോ പേരെ കാത്തിരിക്കുന്നു. ഓരോ പ്രവാസിയും ഇക്കാര്യത്തില്‍ ശബ്ദം ഉയര്‍ത്താന്‍ തയാറാകണം, ചര്‍ച്ചകള്‍ സംഘടിപ്പിക്കപ്പെടണം, സര്‍ക്കാരില്‍ സമ്മര്‍ദ്ദ ശക്തിയാകാന്‍ തയ്യാറാകണം. ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ രാഷ്ട്രീയം, ജാതി, മതം എന്നിവ ഒക്കെ മാറ്റിവച്ചു ആശങ്കപ്പെടുന്ന സാധാരണക്കാരായ പ്രവാസികള്‍ ആയി മാറണം. എങ്കിലേ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സമാധാനം തിരികെ ലഭിക്കൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category