കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് വേണ്ടി നിര്‍മ്മിച്ച കട്ടിളയും ഇഷ്ടികയും കൊണ്ടാണ് ചേരമന്‍ പള്ളി പണിതതെന്നും യോഗം വിളിച്ച് ചേര്‍ത്താണ് അംബികമാര് ആമിനമാരാകാന് തീരുമാനിച്ചതെന്നും പറഞ്ഞ സഖാഫിയെ പേടിപ്പിച്ച് അസത്യം പറയിക്കുന്ന മൗലീകവാദികള്‍ അറിയേണ്ടത് നിങ്ങള്‍ മതേതര കേരളത്തിന്റെ കടയ്ക്കല്‍ ആഞ്ഞ് വെട്ടുന്നുവെന്നാണ്; ബാബറി മസ്ജിദ് കേസില്‍ ഇത്രയും സുന്ദരമായി അഭിപ്രായം പറഞ്ഞതിന് ഊര് വിലക്കേര്പ്പെടുത്തുന്നവിധം എങ്ങനെയാണ് നിങ്ങള്‍ മൗലീക വാദികളായത്.. ?
മുല്ലൂര്ക്കര മുഹമ്മദാലി സഖാഫി എന്ന ഒരു ഇസ്ലാമിക പണ്ഡിതന് ഇന്ന് ഇസ്ലാമിക സമൂഹത്തോട് ക്ഷമ പറഞ്ഞിരിക്കുന്നു. അദ്ദേഹം ക്ഷമ പറഞ്ഞത് അദ്ദേഹത്തിന്റെ നബിദിനത്തിലെ ഒരു പ്രസംഗത്തിന്റെ പേരിലാണ്. നബിദിനത്തില്‍ സഖാഫി നടത്തിയ പ്രസംഗം കേരളീയ സമൂഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രശ്നത്തിന്റെ പേരില്‍ ഒരുപാട് ബഹളം വെക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്നും, ബാബറി മസ്ജിദ് ഇരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ സുപ്രീംകോടതി വിധിക്കുമ്പോള്‍ സുമനസ്സാലെ അത് വിട്ട് കൊടുക്കണമെന്നുമാണ്. അതിന് കാരണമായി അദ്ദേഹം പറഞ്ഞത്, ഇന്ത്യയിലെ ഇസ്ലാമിക മതം സ്ഥാപിക്കപ്പെട്ടത് ഹിന്ദുവിന്റെ കരുണയും ദയയും കൊണ്ടാണ് എന്നായിരുന്നു.
നമുക്കൊല്ലാവര്‍ക്കും അറിയാം ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക കുടിയേറ്റം ആരംഭിക്കുന്നത് ഈ കൊച്ച് കേരളത്തിലെ കൊടുങ്ങല്ലൂരിലാണ്. ക്ഷേത്രനഗരമായ കൊടുങ്ങല്ലൂരില്‍ ചേരമന്‍ രാജാവ് ഭരിച്ചിരുന്ന കാലത്ത് എ.ഡി 600കളില്‍ അറബ് മതപണ്ഡിതന്മാര് ഇവിടെ എത്തുകയും ഇവരെ ചേരമന്‍ രാജാവ് തന്നെ സഹായിക്കുകയും ചെയ്തതാണ് ചരിത്ര യാഥാര്‍ത്ഥ്യം. ഇത് പലപ്പോഴും പല മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഊഹാപോഹങ്ങളോ ഐതീഹ്യങ്ങളോ അല്ല. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള യാഥാര്‍ത്ഥ്യം തന്നെയാണ്. ആ യാഥാര്‍ത്ഥ്യം തന്നെയാണ് സഖാഫി എടുത്ത് പറഞ്ഞത്. അദ്ദേഹം ആ ചരിത്ര കാലഘട്ടത്തെ പുസ്തകങ്ങളില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത് അന്ന് ഏതാണ്ട് പതിമൂന്നോളം അറബ് പണ്ഡിതന്മാര് സൗദി അറേബ്യയില്‍ നിന്നും ഇവിടെ എത്തുമ്പോള്‍ അവര്‍ക്ക് പള്ളി പറയാന്‍ ആഗ്രഹമുണ്ട് എന്ന് പറയാന്‍ രാജാവിനെ പോയി കണ്ടു എന്നാണ്.
അന്ന് രാജാവ് അവിടുത്തെ രാജസദസ്സ് വിളിച്ച് നമുക്ക് ചില അതിഥികള്‍ എത്തിയിരിക്കുന്നു, അവര്‍ക്കൊരു പള്ളി പണിയാന്‍ സൗകര്യം ചെയ്തുകൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തിന് സമീപം മറ്റൊരു ക്ഷേത്ര നിര്‍മ്മിതിക്ക് വേണ്ടി പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്ന കല്ലുകളും ശില്പങ്ങളും ഇഷ്ടികയും അടക്കമുള്ളവ ദാനം ചെയ്യാന്‍ തീരുമാനിക്കുകയും ആയിരുന്നു എന്ന ചരിത്ര സത്യമാണ് അദ്ദേഹം വിളിച്ച് പറഞ്ഞത്. ഇത് സഖാഫി നടത്തിയ ഒരു കണ്ടെത്തലല്ല. നേരെ മറിച്ച് അക്കാലത്തെ ആദിമ കേരളത്തിന്റെ ചരിത്ര വസ്തുതകളില്‍ ഒക്കെ വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളതാണ്. സഖാഫി മറ്റൊന്ന് കൂടി പറഞ്ഞു, അക്കാലത്ത് എത്തിയ ഈ അറബ് പണ്ഡിതന്മാര്ക്ക് വിവാഹം കഴിക്കുന്നതിന് സ്ത്രീകള്‍ ഇല്ലാതെ വന്നപ്പോള്‍ അവര്‍ വീണ്ടും രാജാവിനെ സമീപിച്ചെന്നും രാജാവ് അവര്‍ക്കാവശ്യമായ യുവതികളെ മതംമാറ്റി ഇസ്ലാമിലേക്ക് ചേര്‍ത്ത് വിവാഹം നടത്തിക്കൊടുത്തു എന്നതുമാണ്.
രാമജന്മഭൂമി പ്രശ്നം സംബന്ധിച്ച അന്തിമ തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ട് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ മുസ്ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകാവുന്ന ഏറ്റവും മികച്ചതും ആരോഗ്യകരമായ സമീപനവും പ്രതികരണവുമായിരുന്നു സഖാഫിയുടേത്. അദ്ദേഹം ഒരു സുന്നി പണ്ഡിതനും കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധിയും ആയത് യാദൃശ്ചികമാകാം. കാന്തപുരം അടക്കമുള്ളവര്‍ ഈ കോടതിവിധിയോട് സഹിഷ്ണുതയോട് കൂടിയുള്ള സ്വാഗതമാണ് നടത്തിയത് എന്നും വിസ്മരിക്കരുത്. കേരളീയ സമൂഹത്തിന് ഏറ്റവും ആനന്ദം പകരുന്ന ആ പ്രസംഗം നിര്‍ഭാഗ്യവശാല്‍ ഒരു വിഭാഗം മൗലികവാദികളായ ഇസ്ലാംമത വിസ്വാസികളെ ചൊടിപ്പിച്ചു. അവര്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയും സോഷ്യല്മീഡിയായിലൂടെ നിരന്തരമായി ആക്രമിക്കുകയും ചെയ്തു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..