1 GBP = 94.20 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ: ഭാഗം പന്ത്രണ്ട്

Britishmalayali
ജെപി

തിരില്‍ നില്‍ക്കുന്ന രണ്ട് രൂപങ്ങള്‍ക്ക് നേരെ ടോര്‍ച്ചടിച്ചെങ്കിലും പിന്നില്‍ നിന്നും ഒരു അറ്റാക്ക് ഏത് നിമിഷവും ഉണ്ടാകും എന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു.

ടോര്‍ച്ചിന്റെ ആദ്യ വെളിച്ചം വീണത് നാല് കാലുകളിലാണ്. കീറിപ്പൊളിഞ്ഞ ബൂട്ടിട്ട കാലുകള്‍ നിലത്ത് ചവുട്ടി തന്നെയാണ് നിന്നിരുന്നത്. 

പ്രകാശം ഞാനവരുടെ ശരീരത്തിലേക്കും മുഖത്തേക്കും തെളിച്ചു. ഭയത്തിനും ഞെട്ടലിനും അധീതമായി ഒരന്ധാളിപ്പാണെനിക്ക് തോന്നിയത്. 

പതിനെട്ടോ, ഇരുപതോ പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. അതിനേക്കാള്‍ പ്രായം കുറഞ്ഞ, ഏകദേശം പതിനഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള ഒരാണ്‍കുട്ടി. 

ടോര്‍ച്ചിന്റെ പ്രകാശം താങ്ങാതെ അവര്‍ കണ്ണുകള്‍ പൊത്തി. ഏതായാലും പ്രേതമോ, പിശാചുക്കളോ അല്ല. 

അവരണിഞ്ഞിരിക്കുന്ന കോട്ടുകള്‍ അവിടവിടെ കീറിയതും ഒരുപാട് പഴകിയതുമാണെന്ന് ഞാന്‍ കണ്ടു. 

വരണ്ടു കീറിയ ചുണ്ടുകളും, തണുപ്പില്‍ വിറങ്ങലിച്ച കൈവിരലുകളും, ഒട്ടിയ കവിളുകളും, ചീകിയൊതുക്കാത്ത തലമുടിയും, എല്ലാം കൂടെ ഒരു ദയനീയാവസ്ഥയില്‍ ആയിരുന്നവര്‍. 

ടോര്‍ച്ചിന്റെ വെളിച്ചം അവരുടെ ദേഹത്ത് നിന്നും മാറ്റി മാന്‍ഷന്റെ ചുമരിലേക്ക് പതിപ്പിച്ചു. അതില്‍ നിന്നുള്ള പ്രതിഫലനത്തില്‍ എനിക്കവരെ വ്യക്തമായി കാണാന്‍ കഴിയുന്ന തരത്തില്‍ ഞാന്‍ ടോര്‍ച്ച് വരാന്തയില്‍ വെച്ചു.

''ആര്‍ യൂ ഓക്കെ?''

എന്ത് ചോദിച്ചാണ് തുടങ്ങേണ്ടത് എന്നറിയാതെ ഞാന്‍ വിഷമിച്ചു. അവര്‍ പക്ഷെ മറുപടിയായി ഒന്നും പറഞ്ഞില്ല. 

''ഡു യു നീഡ് എനി ഹെല്‍പ്?'' ഞാന്‍ വീണ്ടും ചോദിച്ചു. 

അവരെന്തോ പറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പറയാന്‍ സാധിക്കാതെ വിതുമ്പുകയാണെന്ന് എനിക്ക് മനസ്സിലായി. 

''യു സ്പീക്ക് ഇംഗ്ലീഷ്?'' എന്നിട്ടും മറുപടിയൊന്നുമില്ല. ആണ്‍കുട്ടി പെണ്‍കുട്ടിയോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുകയും അവളുടെ പിന്നിത്തുടങ്ങിയ കോട്ടില്‍ മുഖം അമര്‍ത്തുകയും ചെയ്തു. 

സംസാരിച്ചതു കൊണ്ടിനി പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു പക്ഷെ ഇംഗ്ലീഷ് അറിയാഞ്ഞിട്ടായിരിക്കും. ഇവര്‍ ഏത് നാട്ടുകാരാണെന്നോ, ഭാഷക്കാരാണെന്നോ മനസ്സിലാകുന്നില്ല. അവരുടെ ശാരീരികാവസ്ഥ കണ്ടിട്ട് ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. 

ഞാന്‍ ബാക് പാക്ക് തുറന്ന് കുപ്പിവെള്ളമെടുത്ത് അവര്‍ക്ക് നേരെ നീട്ടി. ആണ്‍കുട്ടി വേഗം വന്ന് കുപ്പി വാങ്ങി തിരികെ പോയി ചേച്ചിയോട് ചേര്‍ന്ന് നിന്നു. ബാഗില്‍ ബിസ്‌ക്കറ്റ് ഉള്ളത് ഞാനോര്‍ത്തു. 

ഞാനെത്തിപ്പെട്ടിരിക്കുന്നത് ഒരു പ്രത്യേക അവസ്ഥയിലാണെന്ന് എനിക്ക് ബോധ്യമായി. പ്രേതത്തെയോ, പിശാചിനെയോ പ്രതീക്ഷിച്ചിറങ്ങിയ ഞാന്‍ രണ്ടു മനുഷ്യ ജീവനുകള്‍ക്ക് മുന്‍പിലാണ്. അവരാരെന്നോ, എങ്ങനെ ഈ അവസ്ഥയില്‍ എത്തിപ്പെട്ടെന്നോ മനസ്സിലാക്കാന്‍ മാര്‍ഗങ്ങളൊന്നുമില്ലാത്ത ഒരവസ്ഥ. 

ബാഗില്‍ നിന്നും ബിസ്‌ക്കറ്റെടുത്ത് ഞാനവര്‍ക്ക് നേരെ നീട്ടി. അവനത് വാങ്ങിയെങ്കിലും തിന്നാനുള്ള വ്യഗ്രതയൊന്നും പ്രകടിപ്പിക്കുന്നതായി കണ്ടില്ല. വെള്ളക്കുപ്പിയും ബിസ്‌കറ്റും കോട്ടിനടിയില്‍ മാറോട് ചേര്‍ത്ത് പിടിച്ചവന്‍ നിന്നു.

ഇനിയെന്ത് ചെയ്യണം എന്നറിയാതെ ഞാനും നിന്നു. യാതൊരു പ്രതികരണവും അവരുടെ ഭാഗത്ത് നിന്നുമില്ല. അസ്വസ്ഥകരമായ നിശബ്ദതയിലൂടെ ഒരല്‍പ സമയം കടന്ന് പോയി.

രാത്രിയില്‍ കണ്ട രണ്ട് നിഴലുകള്‍ ഇവരുടേതായിരുന്നു എന്ന കാര്യത്തില്‍ തീരുമാനമായി. പക്ഷെ ഇവര്‍ ആരാണ്? എങ്ങനെ ഇവിടെ വന്ന് പെട്ടു? ഈ ആളൊഴിഞ്ഞ, പ്രേതബാധ ഉണ്ടെന്ന് വിശ്വസിക്കുന്ന മാന്‍ഷനില്‍ എന്തിന് തങ്ങുന്നു?

ഇത്യാദി ചോദ്യങ്ങള്‍ ഒരുപാടെന്നിലൂടെ കടന്ന് പോയി. ഇതിനൊക്കെ ഉത്തരങ്ങള്‍ ലഭിക്കണമെങ്കില്‍ ഇവര്‍ സംസാരിക്കണം. പക്ഷെ ഇംഗ്ലീഷ് അറിയുമെന്ന് തോന്നുന്നില്ല. പിന്നെ ഏത് ഭാഷ? 

വലിയൊരു ചിന്താകുഴപ്പത്തോടെ ഞാന്‍ കുനിഞ്ഞ് വരാന്തയില്‍ വെച്ചിരുന്ന ടോര്‍ച്ചെടുത്ത് നിവരുമ്പോഴേക്കും ഒരു മിന്നായം പോലെ രണ്ട് പേരും ഇരുട്ടിന്റെ മറയിലേക്ക് നീങ്ങിയെന്ന് എനിക്ക് തോന്നി. 

നിന്നിരുന്ന സ്ഥലത്തുനിന്നും രണ്ട് പേരും ഞൊടിയിടയില്‍ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. 
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam