1 GBP = 94.40 INR                       

BREAKING NEWS

മകളുടെ സ്വപ്നത്തിനായി വീട് പണയപ്പെടുത്തി ന്യൂഹാമിലെ മലയാളി മാതാപിതാക്കള്‍; പൈലറ്റാകാന്‍ ഒരുങ്ങുന്ന ഐശ്വര്യയ്ക്ക് വേണ്ടി 89000 പൗണ്ട് വായ്പ എടുത്തു മാതാപിതാക്കള്‍; പണം ഉണ്ടെങ്കില്‍ മാത്രം പഠിക്കാന്‍ പറ്റുന്ന പൈലറ്റ് കോഴ്‌സിലൂടെ കൂടുതല്‍ മലയാളി പൈലറ്റുമാര്‍ യുകെയില്‍ പിറവിയെടുക്കുന്നു

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: യുകെയിലെ ഏറ്റവും ധീരരായ മലയാളി മാതാപിതാക്കളെ അന്വേഷിച്ചാല്‍ അതിന് ഉത്തരം കിട്ടിയിരിക്കുന്നു, ലണ്ടനിലെ ന്യൂഹാമില്‍ നിന്നും. സാധാരണ വരുമാനക്കാരായ അച്ഛനും അമ്മയും മകളുടെ ആഗ്രഹത്തിന് വേണ്ടി സ്വന്തം വീട് പണയപ്പെടുത്തിയിരിക്കുന്നു, അതും 89000 പൗണ്ടിന്. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഒരു പക്ഷെ ആ പണം ഉപയോഗിച്ച് മറ്റൊരു വീട് വാങ്ങുന്ന കാര്യം തീരുമാനിച്ചേനെ. അത്തരക്കാരാണ് യുകെ മലയാളികളില്‍ പലരും. എന്നാല്‍ കോട്ടയം കുട്ടിക്കാനം ചെമ്പന്‍കുളം തറവാട്ടിലെ ബിജു ബാലചന്ദ്രനും പത്നി രജിതയും അത്തരക്കാരല്ല. മക്കള്‍ നല്ല നിലയില്‍ എത്തണം എന്ന ചിന്തയുള്ള വെറും സാധാരണക്കാരായ ദമ്പതികളാണ്. അതിനായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ജീവിതം ഇവര്‍ മാറ്റിവച്ചതും.

രണ്ടു പേരും ആഴ്ചയില്‍ അമ്പതു മണിക്കൂര്‍ വീതമാണ് ജോലി ചെയ്തതും. എന്നാല്‍ ആ കഷ്ടപ്പാടുകള്‍ വെറുതെ ആയില്ല എന്നതാണ് ഇപ്പോള്‍ യുകെ മലയാളി സമൂഹത്തിനു മാതൃക ആയി മാറുന്നത്. ഇപ്പോള്‍ ഇളയമകള്‍ ഐശ്വര്യയ്ക്ക് പൈലറ്റ് ആകണം എന്ന ആഗ്രഹം സാധ്യമാക്കാനാണ് പഠനചെലവിന് ആവശ്യമായ പണം കണ്ടെത്താന്‍ ഇവര്‍ വീട് പണയപ്പെടുത്തിയിരിക്കുന്നത്.

യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നല്‍കാത്ത അപൂര്‍വം കോഴ്‌സുകളില്‍ ഒന്നാണ് പൈലറ്റ് പഠനം. ആവശ്യമായ മുഴുവന്‍ പണവും സ്വന്തമായി കണ്ടെത്തണം. മൂന്നു വര്‍ഷത്തെ ഡിഗ്രി കോഴ്സ് പഠിച്ചിറങ്ങുമ്പോഴേക്ക് ശരാശരി 1.30 ലക്ഷം പൗണ്ട് എങ്കിലും ചിലവാകുമെന്നു യുകെ മലയാളികള്‍ക്കിടയിലെ ആദ്യ പൈലറ്റ് ആകാന്‍ തയ്യാറെടുക്കുന്ന കാര്‍ഡിഫിലെ അലന്‍ റെജി പറയുന്നു. പരിശീലനം പൂര്‍ത്തിയാക്കി ഒറ്റയ്ക്കുള്ള പറക്കല്‍ തുടങ്ങിയിരിക്കുന്ന അലന്‍ ഇപ്പോള്‍ ന്യൂസിലാന്റില്‍ തന്റെ അവസാനവട്ട പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.


തന്റെ പഠന ചിലവിനു വേണ്ടി ഒഴിവു സമയങ്ങളില്‍ പലവിധ ജോലികള്‍ വരെ ചെയ്തു പണമുണ്ടാക്കിയ കാര്യം അലന്‍ മുന്‍പ് ബ്രിട്ടീഷ് മലയാളി വായനക്കാരുമായി പങ്കിട്ടിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഏതാനും മാസം ടാക്സി ഡ്രൈവര്‍ ആയും വേഷം ഇടേണ്ടി വന്ന കാര്യം അലന്‍ പറയുമ്പോള്‍ അത്ഭുതത്തോടെയേ കേട്ടിരിക്കാന്‍ ആകൂ. ഇപ്പോള്‍ പൈലറ്റ് പഠനത്തിന് തയാറെടുപ്പ് നടത്തിയതിന്റെ മറ്റൊരു വിസ്മയ കഥകളാണ് ന്യൂഹാമിലെ ഐശ്വര്യയ്ക്ക് പറയാനുള്ളത്.

ദിവസേനെ 14 ലക്ഷം ആളുകള്‍ വായിക്കുന്ന മെട്രോ പത്രത്തില്‍ ഇവരെക്കുറിച്ചുള്ള വാര്‍ത്ത ഇന്നലെ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ വിവരം മലയാളി സമൂഹത്തില്‍ എത്തുന്നത്. ഐശ്വര്യ പഠിക്കുന്ന ന്യൂഹാം കോളീജിയറ്റ് സിക്സ്ത് ഫോം സെന്ററിലെ ഹെഡ് ടീച്ചര്‍ മുഹ്സിന്‍ ഇസ്മായില്‍ മുന്‍കൈ എടുത്താണ് ദേശീയ മാധ്യമങ്ങളെ ബന്ധപ്പെട്ടത്. ഇതോടെ മാതാപിതാക്കളുടെ പ്രയ്തനം സമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ തയ്യാറാവുക ആയിരുന്നു.

വരും ദിവസങ്ങളില്‍ മറ്റു പ്രധാന മാധ്യമങ്ങളിലും ഐശ്വര്യയുടെ സ്വപ്നം പൂവണിയാന്‍ തയാറാകുന്ന വാര്‍ത്ത പ്രത്യക്ഷപ്പെടും. മാധ്യമ പ്രതിനിധികള്‍ ഇതിനകം കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഐശ്വര്യ പൈലറ്റായി കുപ്പായമിടുമ്പോള്‍ യുകെ മലയാളി സമൂഹത്തിലെ ആദ്യ വനിതാ പൈലറ്റ് എന്ന കിരീടവും ഈ പെണ്‍കുട്ടിക്കൊപ്പം ചേര്‍ന്നു നില്‍ക്കും.

ഐശ്വര്യയെ പൈലറ്റായി വിടാന്‍ ഉള്ള തീരുമാനത്തില്‍ ചെറിയ റോള്‍ ബ്രിട്ടീഷ് മലയാളിക്കും ഉണ്ടെന്നാണ് ബിജു ബാലചന്ദ്രന്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം യുകെ മലയാളികള്‍ക്കിടയിലെ ആദ്യ പൈലറ്റായി മാറുന്ന കാര്‍ഡിഫിലെ അലന്‍ റെജിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബ്രിട്ടീഷ് മലയാളിയില്‍ പ്രത്യക്ഷപ്പെട്ടത് സശ്രദ്ധം വായിച്ചാണ് ബിജു ഒടുവില്‍ തീരുമാനത്തില്‍ എത്തുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ യുവ പ്രതിഭകളില്‍ അലന്‍ പിടിച്ചതും കവന്‍ട്രി കേരള സ്‌കൂളില്‍ എത്തി മലയാളികുട്ടികളുമായി നടത്തിയ സംവാദത്തില്‍ പറഞ്ഞ കാര്യങ്ങളും ഒക്കെ പൈലറ്റ് കോഴ്‌സിനെക്കുറിച്ചു കൂടുതല്‍ അറിയാന്‍ സഹായകമായി. ഇതോടെ തീരുമാനവും വേഗത്തിലായി. മകള്‍ക്ക് പൈലറ്റാകാന്‍ ഉള്ള ആഗ്രഹം ചെറുപ്പത്തിലേ പറഞ്ഞിട്ടുണ്ടെങ്കിലും എ ലെവല്‍ പഠനത്തിന് ബുദ്ധിമുട്ടുള്ള കണക്കും ഫിസിക്‌സും ഒന്നിച്ചെടുത്തതോടെ പൈലറ്റാകാന്‍ ഉള്ള തീരുമാനം തന്നെയാണെന്ന് മാതാപിതാക്കള്‍ ഉറപ്പിച്ചു.

പഠിക്കാന്‍ മിടുക്കിയായ ഐശ്വര്യ മുഴുവന്‍ വിഷയങ്ങളിലും മികച്ച മാര്‍ക്കിലാണ് ജിസിഎസ്ഇ പാസായത്. അതിനാല്‍ ബുദ്ധിമുട്ടുള്ള രണ്ടു വിഷയവും ഒന്നിച്ചെടുക്കണ്ട എന്ന് ഉപദേശിച്ചിട്ടും മകള്‍ ആ വഴി തിരഞ്ഞെടുക്കുക ആയിരുന്നു എന്ന് ബിജു പറയുന്നു. ആറു വര്‍ഷം മുന്‍പ് മൂത്തമകള്‍ അശ്വതി മുഴുവന്‍ വിഷയത്തിലും എ ഗ്രേഡ് നേടി മെഡിസിന്‍ പഠനം തിരഞ്ഞെടുത്തപ്പോള്‍ ബ്രിട്ടീഷ് മലയാളി നല്‍കിയ പ്രോത്സാഹനം ഈ പിതാവ് മറന്നിട്ടില്ല.

അന്ന് മുതല്‍ മികവ് കാട്ടുന്ന കുട്ടികളെ കുറിച്ച് പ്രത്യക്ഷപ്പെടുന്ന ഫീച്ചറുകള്‍ ഇദ്ദേഹം മുടങ്ങാതെ വായിക്കുന്നുണ്ട്. അതിനാല്‍ മക്കളെ പഠിപ്പിക്കാന്‍ പണം മുടക്കുന്നതില്‍ ഒരിക്കലും രണ്ടാമതൊരു ചിന്ത ഉണ്ടായിട്ടില്ല. തനിക്കു 18 വയസുള്ളപ്പോള്‍ പിതാവിന്റെ മരണം മൂലം പഠനം നിര്‍ത്തേണ്ടി വന്ന ബിജു ആ സങ്കടം തീര്‍ക്കുന്നത് മക്കളിലൂടെയാണ്. പതിനേഴു വയസായപ്പോള്‍ തന്നെ പൈലറ്റ് പരിശീലന യോഗ്യത നേടിയ ഐശ്വര്യ 18 തികയാന്‍ കാത്തിരിക്കുകയാണ് കോഴ്‌സില്‍ പ്രവേശനം നേടാന്‍.

അതിനിടയില്‍ എ ലെവല്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതും ഈ മിടുക്കിക്ക് ഒട്ടും സമയം കളയാതെ പൈലറ്റ് പഠനത്തിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കും. കോഴ്സ് പാസായാല്‍ ഐശ്വര്യയുടെ കയ്യില്‍ എയര്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് എ ടി പി എല്‍ - എത്തും. ഇതോടെ വിമാനം പറത്താനും യോഗ്യതയാകും. മക്കളുടെ ആഗ്രഹം സാധിക്കാന്‍ കൂടെ നില്‍ക്കുന്നതിലും വലിയ സന്തോഷം വേറെ എന്തുണ്ട് എന്ന് ബിജു ചോദിക്കുമ്പോള്‍ ഇത്രയും സ്നേഹമുള്ള പിതാവിന്റെ മക്കളായി ജനിക്കാന്‍ സാധിച്ചതല്ലേ ഏറ്റവും വലിയ പുണ്യമെന്നു ഐശ്വര്യയും അശ്വതിയും ഒരേപോലെ ചോദിക്കും.

ആദ്യമായി അഞ്ചു വയസുള്ളപ്പോള്‍ കേരളത്തില്‍ വര്‍ക്കലയിലും കൂട്ടിക്കലിലും ഉള്ള തറവാട്ടു വീടുകളിലേക്കുള്ള യാത്രയില്‍ പ്ലെയിനില്‍ കാലെടുത്തു വച്ചപ്പോള്‍ മുതല്‍ തന്നെ ഒരു വികാരമായി അത് പിന്തുടരുക ആയിരുന്നെന്നു ഐശ്വര്യ പറയുന്നു. ഒരിക്കലും ആ ആഗ്രഹത്തില്‍ നിന്നും മോചനം നേടാന്‍ സാധിച്ചിട്ടില്ല. വിമാനം ഒരു വലിയ പക്ഷിയെ പോലെ പറക്കുന്നതായാണ് തനിക്കു തോന്നുന്നത്. തന്റെ ആഗ്രഹത്തിന് ഒപ്പം നില്‍ക്കുന്ന മാതാപിതാക്കളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനവും ആദരവും കടപ്പാടും എല്ലാം ചേര്‍ന്ന വികാരങ്ങളാണ് മനസ്സില്‍ നിറയുന്നത്, കൂടെ ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്ത സ്‌നേഹക്കടവും.

അതിനായി ആഴ്ചയില്‍ ശരാശരി 50 മണിക്കൂര്‍ വരെയാണ് ഇദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നത്. ഭാര്യ രാജിതയും മക്കളുടെ പഠനത്തിന് വേണ്ടി ടെസ്‌കോയില്‍ ഡ്യൂട്ടി മാനേജരായി ജോലി ചെയ്യുകയാണ്. ബള്‍ഗേറിയയില്‍ പഠിക്കുന്ന മൂത്ത മകള്‍ക്കു വേണ്ടിയും നല്ലൊരു സമ്പാദ്യം ചിലവിട്ടു കഴിഞ്ഞു. മറ്റൊരു വീട് കൂടിയുള്ള ബിജു ഇളയമകള്‍ക്കു പൈലറ്റ് പ്രവേശനം ഉറപ്പാണെന്നു വ്യക്തമായപ്പോഴാണ് വീട് വീണ്ടും പണയപ്പെടുത്താന്‍ നിശ്ചയിച്ചത്.

പൈലറ്റാകാന്‍ വേണ്ട അടിസ്ഥാന യോഗ്യതകള്‍ക്കുള്ള 13 പ്രിലിമിനറി ടെസ്റ്റുകളും പാസായാണ് ഐശ്വര്യ വെസ്റ്റ് സസക്സിലെ ക്രൗളി എല്‍ ത്രീ ഹാരിസ് എയര്‍ലൈന്‍ അക്കാഡമിയില്‍ പഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്. ഈ അക്കാദമിക്ക് ലോകമൊട്ടാകെ ആയി 31 എയര്‍ലൈനുകളുമായി ക്യാമ്പസ് റിക്രൂട്ട്മെന്റ് കരാര്‍ ഉള്ളതിനാല്‍ പഠന ശേഷം ജോലിയും പ്രയാസമായി മാറിയേക്കില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category