12,500 പൗണ്ട് വരെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്ട്രിബ്യൂഷന് ഒഴിവാക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ലഭിക്കുക 450 പൗണ്ട്; നികുതി ഇളവുകളുമായി ടോറികളുടെ പ്രകടനപത്രിക
യുകെയില്‍ ഡിസംബര്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്‍സര്‍വേറ്റീവുകളും ലിബറല്‍ ഡെമോക്രാറ്റുകളും തങ്ങളുടെ പ്രകടനപത്രികകള്‍ പുറത്ത് വിട്ടു. തങ്ങള്‍ ജയിച്ച് വീണ്ടും അധികാരത്തിലെത്തിയാല്‍ 12,500 പൗണ്ട് വരെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്ട്രിബ്യൂഷന് ഒഴിവാക്കുമെന്നും ഇതിലൂടെ ഓരോരുത്തര്‍ക്കും ലഭിക്കുക 450 പൗണ്ടായിരിക്കുമെന്ന വാഗ്ദാനമാണ് ടോറികള്‍ പ്രകടനപത്രികയിലൂടെ നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നികുതി ഇളവിന്റെ പദ്ധതികളുമായി ടോറികളുടെ പ്രകടനപത്രിക ശ്രദ്ധേയമാകുന്നത്. എന്നാല്‍ തങ്ങള്‍ ജയിച്ചാല്‍ ഉടന്‍ ബ്രക്സിറ്റ് റദ്ദാക്കുമെന്ന് ഉറപ്പിച്ച് ലിബറല്‍ ഡെമോക്രാറ്റുകളും പ്രകടന പത്രികയിറക്കിയിട്ടുണ്ട്.
തങ്ങള്‍ ജയിച്ചാല്‍ നിലവിലെ നാഷണല്‍ ഇന്‍ഷുറന്‍സ് പരിധിയായ 8600 പൗണ്ട് 12,500 പൗണ്ടാക്കി ഉയര്‍ത്തുമെന്നാണ് പ്രകടന പത്രികയിലൂടെ പ്രധാനമന്ത്രി ബോറിസ് ജോണ്സന് മുന്നറിയിപ്പേകുന്നത്. ഈ നീക്കത്തിലൂടെ ഈ പരിധിക്ക് മേല്‍ സമ്പാദിക്കുന്ന ഏവര്‍ക്കും ഗുണമുണ്ടാകുന്നതാണ്. ഇതിനെ തുടര്‍ന്ന് ഈ വകയില്‍ സര്‍ക്കാരിന് 10 ബില്യണ്‍ പൗണ്ടിനടുത്ത് അധിക ചെലവ് വരുകയും ചെയ്യും. നിങ്ങള്‍ക്ക് വര്‍ഷത്തില്‍ 8600 പൗണ്ടില്‍ താഴെയാണ് വരുമാനമുള്ളതെങ്കില് ടോറികളുടെ പുതിയ നീക്കത്തിന്റെ ഗുണമൊന്നുമുണ്ടാകില്ല.
എന്നാല്‍ നിങ്ങള്‍ക്ക് വര്‍ഷത്തില്‍ 8600 പൗണ്ടിനും 12,500 പൗണ്ടിനും ഇടയിലാണ് വരുമാനമുള്ളതെങ്കില് നാഷണല്‍ ഇന്‍ഷുറന്‍സ് പരിധി 12,500 പൗണ്ടായി ഉയര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് 450 പൗണ്ട് ലാഭിക്കാനാവും. അതായത് നിങ്ങള്‍ സമ്പാദിക്കുന്ന ഓരോ പൗണ്ടില്‍ നിന്നും 12 പെന്‍സ് ലാഭിക്കാനാവും. എന്നാല്‍ വര്‍ഷത്തില്‍ 12,500 പൗണ്ടിലധികം വരുമാനമുള്ളവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്ട്രിബ്യൂഷനില് 450 പൗണ്ട് അധികമായി നല്‍കേണ്ടി വരും. ഇനി നിങ്ങള്‍ സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്ന ആളാണെങ്കില്‍ മെയിന്‍ നാഷണല്‍ ഇന്‍ഷുറന്‍സ് നിരക്കിനൊപ്പം നിങ്ങളുടെ പരിധിയും ഉയര്‍ത്തുന്നതായിരിക്കും. അതായത് സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഇത് വഴിയുള്ള നേട്ടം തുല്യമായിരിക്കുമെന്ന് സാരം.
ഇന്നലെ റിവര്‍ ടീസിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരോട് സംസാരിക്കവെയാണ് അധ്വാനിക്കുന്നവര്‍ക്ക് മേല്‍ കുറഞ്ഞ നികുതി ഭാരം മാത്രമേയെത്തുന്നുള്ളുവെന്ന് തങ്ങള്‍ ഉറപ്പ് വരുത്തുമെന്ന വാഗ്ദാനം ബോറിസ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിന് പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ് പരിധി 12,500 ആക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചതും ഇവിടെ വച്ചാണ്. കൂടാതെ ചെറിയ ബിസിനസുകള്‍ക്കുള്ള ബിസിനസ് നിരക്കുകള്‍ വെട്ടിച്ചുരുക്കുമെന്നും അധ്വാനിക്കുന്നവര്‍ക്കായി നികുതി വെട്ടിച്ചുരുക്കുമെന്നും ബോറിസ് വാഗ്ദാനം ചെയ്യുന്നു.
ലേബര്‍ പാര്‍ട്ടി കടം വാങ്ങുന്നത് വര്‍ധിപ്പിക്കാനും ചെലവിടല്‍ വര്‍ധിപ്പിക്കാനുമാണ് ഒരുങ്ങുന്നതെന്നും ഇതിലൂടെ രാജ്യത്തെ ഓരോ കുടുംബത്തിന് മേലും 2400 പൗണ്ട് നികുതിഭാരമുണ്ടാകുമെന്നും ബോറിസ് മുന്നറിയിപ്പേകുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് പരിധി വര്‍ധിപ്പിക്കുന്ന ടോറികളുടെ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കുകയാണെങ്കില്‍ അത് ഘട്ടം ഘട്ടമായിട്ടായിരിക്കും നടപ്പിലാക്കുകയെന്ന് സൂചനയുണ്ട്. അതായത് അടുത്ത വര്‍ഷം പരിധി 9500 പൗണ്ടായി വര്‍ധിപ്പിക്കുകയും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ഉയര്‍ത്തി അവസാനം 12,500 പൗണ്ടാക്കി മാറ്റുകയുമായിരിക്കും ചെയ്യുന്നത്.
ടോറികളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത്പ്രകാരം തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബ്രെക്സിറ്റ് തടയുമെന്നും അതിലൂടെ ലഭിക്കുന്ന 50 ബില്യണ്‍ പൗണ്ട് റിമെയിന് ബോണസ് പബ്ലിക്ക് സര്‍വീസുകളില്‍ ചെലവിട്ട് അവ മെച്ചപ്പെടുത്തുമെന്നും ലിബറല്‍ ഡെമോക്രാറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ 18 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് കനാബി നിയമാനുസൃതമാക്കുമെന്നും പാര്‍ട്ടി നേതാവ് ജോ സ്വിന്‍സന്‍ വാഗ്ദാനം ചെയ്യുന്നു.
ഇന്നലെ രാത്രി ലണ്ടനില്‍ വച്ച് നടന്ന പാര്‍ട്ടി റാലിയില്‍ വച്ചാണ് ജോ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജയസാധ്യത ചുരുങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് മാനിഫെസ്റ്റോ പുറത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്. അതായത് ഒക്ടോബറില്‍ നടന്ന പോള്‍ പ്രകാരം പാര്‍ട്ടിക്ക് 23 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഇപ്പോഴത് 15 ശതമാനത്തിലേക്കാണ് ചുരുങ്ങിയിരിക്കുന്നത്. അതിനാല്‍ പാര്‍ട്ടി മുന്നേറാനും താന്‍ പ്രധാനമന്ത്രി പദത്തിലെത്താനും സാധ്യ കുറവാണെന്നും അതിനായി നന്നായി അധ്വാനിക്കേണ്ടിയിരിക്കുന്നുവെന്ന കാര്യം ജോ തന്നെ സമ്മതിച്ചിട്ടുമുണ്ട്.
യൂറോപ്യന്‍ യൂണിയനില്‍ തന്നെ യുകെ തുടരുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെടുമെന്നും ഇതിലൂടെ പബ്ലിക് സര്‍വീസുകള്‍ക്കും മുന്‍ഗണനയിലുള്ള കാര്യങ്ങള്‍ക്കുമായി കൂടുതല്‍ പണം ചെലവിടാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും ലിബറല്‍ ഡെമോക്രാറ്റുകള്‍ തറപ്പിച്ച് പറയുന്നു. താന്‍ അധികാരത്തിലെത്തിയാല്‍ ആദ്യ ദിവസം തന്നെ ആര്‍ട്ടിക്കിള്‍ 50 വേണ്ടെന്ന് വച്ച് ബ്രക്സിറ്റിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുമെന്നാണ് ജോ വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ സ്ഥിരമായി അന്താരാഷ്ട്ര വിമാനയാത്രകള്‍ നടത്തുന്നവര്‍ക്ക് മേല്‍ നികുതി ചുമത്തുമെന്നും സ്കൂള്‍ ഫണ്ടിംഗ് വര്‍ഷത്തില്‍ 10 ബില്യണ്‍ പൗണ്ടായി വര്‍ധിപ്പിക്കുമെന്നും 20,000 ടീച്ചര്‍മാരെ കൂടുതലായി റിക്രൂട്ട് ചെയ്യുമെന്നും ടീച്ചര്‍മാര്‍ക്ക് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം 30,000 പൗണ്ടായി ഉയര്‍ത്തുമെന്നും പാര്‍ട്ടി പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
2030 ആകുമ്പോഴേക്കും രാജ്യത്തെ വൈദ്യുതിയില്‍ 80 ശതമാനവും റിന്യൂവബിള്‍ ഉറവിടങ്ങളില്‍ നിന്നാക്കുകയും ചെയ്യും. ഓരോ മുതിര്‍ന്നവര്‍ക്കും അവരുടെ പരിശീലനത്തിനും കഴിവുകള്‍ വികസിപ്പിക്കുന്നതിനുമായി 10,000 പൗണ്ട് വച്ച് ലഭ്യമാക്കുകയും ചെയ്യും. 26 മില്യണ്‍ വീടുകളിലെ ഊര്‍ജകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി 15 ബില്യണ്‍ പൗണ്ട് ചെലവഴിക്കും. 2030 ആകുമ്പോഴേക്കും രാജ്യത്തെ സോളാര്‍, വിന്‍ഡ് പവര്‍ ഉല്പാദനം ഇരട്ടിയാക്കുകയും ചെയ്യും. സോഷ്യല്‍ റെന്റിനായി ഓരോ വര്‍ഷവും ചുരുങ്ങിയത് ഒരു ലക്ഷത്തോളം വീടുകള്‍ നിര്‍മ്മിക്കുമെന്നും ലിബറല്‍ ഡെമോക്രാറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു.