1 GBP = 94.40 INR                       

BREAKING NEWS

ബിബിസി റിപ്പോര്‍ട്ടര്‍ കനകദുര്‍ഗയെ കാണാന്‍ എത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞത് എന്തിന്? ബിബിസി എക്സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ പൂര്‍ണ രൂപം വായിക്കാം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: വൃശ്ചികം ഒന്ന് പിറന്ന ഞായറാഴ്ച ബിബിസി തമിഴ് പതിപ്പ് പുറത്തു വിട്ട ശബരിമല വിവാദ നായികാ കനകദുര്‍ഗയുടെ ഏറ്റുപറച്ചിലുകള്‍ ആഘോഷമാക്കുകയാണ് ഇന്ത്യന്‍ മാധ്യമ ലോകവും സോഷ്യല്‍ മീഡിയയും. ധീരയും ഉറച്ച നിലപാടുകള്‍ ഉള്ളവളും എന്ന നിലയില്‍ വനിതാ ശാക്തീകരണത്തിന്റെ പ്രതീകമായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നവള്‍ ബിബിസിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത് കണ്ടപ്പോള്‍ കനക ദുര്‍ഗയെ നേരിട്ടും അല്ലാതെയും അറിയുന്നവര്‍ മുഴുവന്‍ സ്തബ്ധരായി.

സ്വന്തം കുടുംബം പോലും ഇല്ലാതായിട്ടും നിലപാടില്‍ ഉറച്ചു നിന്ന കനക ദുര്‍ഗ എന്തിനു പൊട്ടിക്കരഞ്ഞു എന്ന ആകാംക്ഷ കൊണ്ടാണ് ആളുകള്‍ വിഡിയോ ദൃശങ്ങള്‍ പരതിയത്. വിഡിയോ പുനഃസംപ്രേക്ഷണം അനുമതി ഇല്ലാത്തതിനാല്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ക്കും വീഡിയോ ദൃശ്യങ്ങള്‍ക്കും അഭിമുഖത്തിന്റെ പൂര്‍ണ രൂപം കാണാനായില്ല.

എന്നാല്‍ ഇതിനു ഉത്തരം ലഭിക്കുന്നത് ബിബിസി തന്നെ പുറത്തു വിട്ട നാലു മിനിറ്റ് വിഡിയോ ദൃശ്യങ്ങളാണ്. ഈ വിഡിയോയില്‍ രണ്ടു മിനിറ്റ് കഴിയുമ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യം പറയുമ്പോഴാണ് കനക ദുര്‍ഗ നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്നത്. സമൂഹത്തില്‍ എത്ര കരുത്തോടെ നിന്നാലും വ്യക്തി ജീവിതത്തില്‍ ഏവര്‍ക്കും താങ്ങും തുണയുമായി മാറുക സ്വന്തം കുടുംബം മാത്രമായിരിക്കും എന്ന സത്യമാണ് കനക ദുര്‍ഗ്ഗയുടെ കണ്ണീരിലൂടെ പുറത്തു വരുന്നത്.

എത്ര ധീരരായ വ്യക്തികള്‍ക്കും കുടുംബവും സമൂഹവും ഒറ്റപ്പെടുത്തിയാല്‍ പിടിച്ചു നില്‍ക്കുക പ്രയാസം തന്നെ ആയിരിക്കും എന്നും കനകയുടെ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. പുറത്തേക്കു നിലപാടുകളുടെ പേരില്‍ ധൈര്യം കാട്ടിയാലും എല്ലാവരും പിരിഞ്ഞു ഒറ്റയ്ക്കകയുമ്പോള്‍ ഏതു വ്യക്തിയും ഇഷ്ടപ്പെടുന്നവരുടെ സാമീപ്യവും കരുതലും ആഗ്രഹിക്കുന്നു എന്ന മനഃശാസ്ത്ര വശവും കനകയുടെ കണ്ണീര്‍ തുറന്നു കാട്ടുന്ന വസ്തുതയാണ്. ബിബിസി തമിഴ് പതിപ്പിന്റെ കനക ദുര്‍ഗയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ രൂപം:

ബിബിസി: സുപ്രീം കോടതിയുടെ ഒടുവില്‍ ഉണ്ടായ തീരുമാനത്തെ എങ്ങനെ കാണുന്നു?
കനക: സുപ്രീം കോടതിയുടെ സെപ്റ്റംബര്‍ 28ലെ വിധി ഉചിതം തന്നെയാണ്. ഏഴംഗ ബെഞ്ച് അത് പുനഃ പരിശോധിക്കേണ്ട കാര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.

ബിബിസി: മന്ത്രി സുരേന്ദ്രന്‍ സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ലെന്ന് പറഞ്ഞല്ലോ, തീര്‍ത്ഥാടനം അല്ലാത്തതായ ഒന്നെന്ന സൂചനയെ നിങ്ങള്‍ എങ്ങനെ കാണുന്നു?
കനക: അദ്ദേഹം പറയുന്ന ഫങ്ക്ഷണല്‍ മൊബിലിറ്റി എന്നത് എന്താണ് എന്ന് എനിക്ക് മനസിലായിട്ടില്ല. മന്ത്രി സുരേന്ദ്രന്റെ വാക്കുകള്‍ ഞാന്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല. മുന്‍ വിധി നടപ്പാക്കാന്‍ ഒരു തടസവും നിലനില്‍ക്കുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചിട്ടില്ല. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ചുമതല സര്‍ക്കാരിനും പോലീസിനുമുണ്ട്. സമൂഹവും സ്ത്രീകളെ സംരക്ഷിക്കണം. ക്ഷേത്രത്തിലേക്കുള്ള സഞ്ചാര മാര്‍ഗത്തിലും ആരാധന സമയത്തും സംരക്ഷണം വേണം. ഇത് ഉറപ്പാക്കപ്പെടണം.

ബിബിസി: ശബരിമല പുരോഗമന ആശയത്തിന്റെ പ്രതീകമാണോ മതത്തിന് അതീതമാണോ?
കനക: രണ്ടുമാണ്. മതപരമായും ലിംഗ സമത്വം ഉറപ്പാക്കപ്പെടുകയും വേണം. ഇത് മനസ്സില്‍ എത്തിയതോടെയാണ് ഞാന്‍ ശബരിമലക്ക് പോകാന്‍ തീരുമാനിച്ചത്. സുപ്രീം കോടതി സ്ത്രീകളുടെ സ്വാതന്ത്ര്യമാണ്. ഉറപ്പാക്കിയത്. അത് സ്ത്രീകള്‍ക്ക് ഒരവസരം തുറന്നിടുക ആയിരുന്നു. എനിക്ക് അയ്യപ്പനില്‍ പൂര്‍ണ വിശ്വാസമായിരുന്നു.

ബിബിസി: നിങ്ങള്‍ തിരിച്ചു വന്നപ്പോള്‍ കൂടുതല്‍ പ്രയാസം നേരിടുക ആയിരുന്നല്ലോ, സത്യത്തില്‍ എന്താണുണ്ടായത്?
കനക: അയ്യപ്പനെ കണ്ട ശേഷം പത്തു പന്ത്രണ്ടു ദിവസത്തിന് ശേഷമാണ് എനിക്ക് വീട്ടില്‍ എത്താനായത്. രാവിലെ ഏഴു മണിക്ക് എത്തുമ്പോള്‍ ഭര്‍ത്താവിന്റെ അമ്മ ആയിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവും കുട്ടികളും നഷ്ടമായി. ഞാന്‍ വീട്ടിലേക്കു പ്രവേശിച്ചപ്പോള്‍ അസഭ്യ വര്‍ഷവും ദേഹോപദ്രവവും ഉണ്ടായി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഒന്‍പതു ദിവസം ചികിത്സയില്‍ ആയിരുന്നു. എന്റെ തലയിലും ചുമലിലും ആയി 12 തവണ എങ്കിലും ക്ഷതം ഏറ്റിരുന്നു. എന്റെ പുറം വേദന മൂലം പൊട്ടിപ്പൊളിയുക ആയിരുന്നു. തലയില്‍ മുറിവുണ്ടായിരുന്നു. കഴുത്തില്‍ ബെല്‍റ്റ് ധരിക്കേണ്ടി വന്നു.
ഹോസ്പിറ്റലില്‍ നിന്നും മടങ്ങി വന്നപ്പോള്‍ എന്റെ ഭര്‍ത്താവ് നേരെ കൊണ്ടുപോയത് പെരിന്തല്‍മണ്ണ പോലീസ് സ്റേഷനിലേക്കാണ്. പോലീസ് ഇന്‍സ്‌പെക്ടര്‍ മൂന്നര മണിക്കൂര്‍ നേരം ഞങ്ങളോട് സംസാരിച്ചു. പക്ഷെ ഭര്‍ത്താവ് ഉറച്ച തീരുമാനത്തില്‍ ആയിരുന്നു, നിലപാട് മാറ്റാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടത് എന്റെ സുഹൃത്തുക്കള്‍ക്ക് ഒപ്പം പോകുവാന്‍ വേണ്ടിയാണ്. ഞാന്‍ ശബരിമല സന്ദര്‍ശിച്ചുവെന്നതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചതും ഭര്‍ത്താവിന്റെ പ്രകോപനത്തിന് കാരണമാണ്.

തുടര്‍ന്ന് ഞാന്‍ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണയിലായി. ഇരുപതു ദിവസത്തോളം അവിടെ കഴിഞ്ഞു. തുടര്‍ന്ന് ഞാന്‍ കോടതിയിലെത്തി. കോടതി ഉത്തരവുമായി ഞാന്‍ ഫെബ്രുവരി അഞ്ചിന് വീണ്ടും വീട്ടിലെത്തി. അന്ന് വീടിന്റെ വാതിലുകള്‍ എനിക്കായി തുറന്നിട്ടു. പക്ഷെ ഭര്‍ത്താവും കുട്ടികളും വീട്ടില്‍ നിന്നും വാടക വീട്ടിലേക്ക് ഇറങ്ങി പോയി. അന്ന് മുതല്‍ ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കാണ്.

ബിബിസി: കുട്ടികളെ കാണാന്‍ അനുവദിക്കാറുണ്ടോ?
കനക: ആദ്യം കുട്ടികളെ കാണാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഞാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിക്ക് മുന്നില്‍ എത്തി. ആഴ്ചയില്‍ ഒരിക്കല്‍ കാണാന്‍ അങ്ങനെ അനുവാദം ലഭിച്ചു. തുടര്‍ന്ന് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കുട്ടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ എനിക്കൊപ്പമായി. എന്നാല്‍ മാര്‍ച്ചില്‍ ഭര്‍ത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയില്‍ എത്തി, കുട്ടികളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 28നാണ് ഞാന്‍ അവസാനമായി കുട്ടികളെ കാണുന്നത്. എനിക്ക് എന്റെ കുട്ടികളെ എന്നോടൊപ്പം വേണം. പന്ത്രണ്ട് വയസു വരെ അവര്‍ എല്ലായ്പ്പോഴും എനിക്കൊപ്പം നിന്നാണ് വളര്‍ന്നത്. അവര്‍ ഇല്ലാതെ ഈ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്നത് അസഹ്യമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാന്‍ കുട്ടികളുമായി സംസാരിച്ചപ്പോള്‍ എനിക്ക് മനസിലായി അവര്‍ എന്നെ വെറുക്കുന്നില്ല എന്ന്. എന്നോട് ദേഷ്യം തോന്നുന്നില്ല എന്നും കുട്ടികള്‍ പറഞ്ഞിരുന്നു. പിന്നീട് എന്തുണ്ടായി എന്ന് എനിക്കറിയില്ല. (ഇക്കാര്യങ്ങള്‍ പറയുമ്പോഴാണ് ഇടനെഞ്ച് വിങ്ങി കനകദുര്‍ഗാ പൊട്ടിക്കരഞ്ഞത്)

മെയ് അവസാനം അവര്‍ താമസിക്കുന്ന വീട്ടില്‍ എത്തി ഞാന്‍ കണ്ടിരുന്നു. ഞാന്‍ ചെന്നപ്പോള്‍ അവര്‍ കളിക്കുക ആയിരുന്നു. അവര്‍ എന്നെ കാണാന്‍ ഓടിവന്നു. എന്നോടൊപ്പം വരാന്‍ ഞാന്‍ അവരെ വിളിച്ചു. തുടര്‍ന്ന് കുട്ടികള്‍ വീടിനകത്തു കയറിയപ്പോള്‍ അവര്‍ക്കു പിന്നില്‍ വാതില്‍ അടയുക ആയിരുന്നു.

തുടര്‍ന്ന് അവര്‍ ഫോണ്‍ ചെയ്തു പറഞ്ഞത് അച്ഛന്‍ ജോലി കഴിഞ്ഞു വന്നാല്‍ എന്റെ കൂടെ വരാം എന്നാണ്. കുട്ടികള്‍ക്ക് എന്നോടു ദേഷ്യം ഇല്ലെന്ന് എനിക്കുറപ്പായി. എന്നാല്‍ ഭര്‍ത്താവും കുടുംബവും കുട്ടികളില്‍ എന്നെക്കുറിച്ചു ഭയം വളര്‍ത്തുക ആയിരുന്നു. പിനീട് കുട്ടികള്‍ എന്നെ കാണാന്‍ ആഗ്രഹം ഇല്ലെന്നും എന്നെ കാണേണ്ടെന്നും വിളിച്ചു പറഞ്ഞു.

ബിബിസി: കുട്ടികളെ നിങ്ങള്‍ക്ക് കാണാന്‍ കിട്ടാത്തതില്‍ നിങ്ങള്‍ പരാതി നല്‍കിയില്ലേ?
കനക: കുട്ടികളെ കൈമാറാന്‍ എന്നോട് മാര്‍ച്ചില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഒന്നും സംഭവിച്ചില്ല. എനിക്കവരെ കാണാനായില്ല. കുട്ടികളെ കാണാന്‍ ജഡ്ജ് അനുവാദം നല്‍കിയില്ല. ഭര്‍ത്താവ് ഇത്തരത്തില്‍ പെരുമാറും എന്നും കുട്ടികളെ എന്നില്‍ നിന്ന് വേര്‍പ്പെടുത്തും എന്നും ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. രാഷ്ട്രീയക്കാരാണ് ഇത് ഇത്രയും വഷളാക്കിയത്. അവര്‍ എന്തിനിതു ചെയ്യുന്നുവെന്നു ഞാന്‍ അത്ഭുതപ്പെടുകയാണ്.
ബിബിസി: എങ്ങനെയായിരുന്നു ഭര്‍ത്താവിന് നിങ്ങളോടുള്ള പ്രതിഷേധം
കനക: തുടക്കം മുതലേ വിശ്വാസത്തിലും ആശയങ്ങളിലും ഞങ്ങള്‍ രണ്ടു തരത്തില്‍ ആയിരുന്നു. പക്ഷെ ഞങ്ങള്‍ കുടുംബമായി ജീവിച്ചു. ഞങ്ങള്‍ക്കിടയില്‍ ശബരിമലയാണ് പ്രധാന വിഷയമായി വന്നത്. അദ്ദേഹത്തോട് പറയാതെ ശബരിമലയ്ക്കു പോയി എന്നതാണ് പ്രധാന കുറ്റമായി മാറിയത്. ഞാന്‍ പോയത് ശബരിമല വിഷയത്തില്‍ വലിയ പ്രതിഷേധം ഉണ്ടാക്കി എന്നാണ് എന്റെ ഭര്‍ത്താവ് പറയുന്നത്.

ബിബിസി: ശബരിമല വിഷയത്തിന് മുന്‍പ് നിങ്ങളുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ?
കനക: ശബരിമല പോയി വന്ന ശേഷം എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. ഭര്‍ത്താവിന്റെ കുടുംബം മാത്രമല്ല, എന്റെ കുടുംബവും. എനിക്ക് അമ്മയും രണ്ടു സഹോദരന്മാരും മൂന്നു സഹോദരിമാരും ഉണ്ട്. എന്റെ സഹോദരന്‍ എന്നോട് സംസാരിച്ചിരുന്നു. എന്നാല്‍ ഞാന്‍ അമ്മയെ പിന്നെ കണ്ടിട്ടില്ല, കഴിഞ്ഞ നവംബര്‍ മുതല്‍.

ബിബിസി: എങ്ങനെയാണു പിടിച്ചു നില്‍ക്കാന്‍ കരുത്തു കിട്ടുന്നത്?
കനക: സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് എനിക്ക് ചെറുപ്പം മുതല്‍ കൂടെയുണ്ട്. പുരോഗമന ചിന്താഗതിക്കാരായ സുഹൃത്തുക്കളുടെ വലയവും എന്നോടൊപ്പമുണ്ട്. എല്ലാവരും ഫോണില്‍ വിളിക്കുന്നത് വലിയ ധൈര്യമാണ് നല്‍കുന്നത്. എന്റെ ജോലി സ്ഥലത്തു ഉള്ളവരും മറ്റും നല്‍കുന്ന പിന്തുണയും വലുതാണ്. എന്റെ സുഹൃത്തുക്കളാണ് എന്റെ ധൈര്യം.

ബിബിസി: ജീവിതത്തില്‍ ഇപ്പോള്‍ എന്താണ് തോന്നുന്നത്?
കനക: പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. സ്വന്തമായി ഒരു വീട് എങ്കിലും ഉണ്ട്. ഞാന്‍ എന്റെ കുട്ടികളെയും ഭര്‍ത്താവിനെയും സംരക്ഷിച്ചിരുന്നു. സമൂഹത്തില്‍ നന്നായി ഇടപഴകുകയും ചെയ്തിരുന്നു. എപ്പോഴും സാമൂഹ്യ വിഷയങ്ങളില്‍ എന്റെ ശ്രദ്ധ ഉണ്ടായിരുന്നു.

ബിബിസി: രാഷ്ട്രീയത്തില്‍ താല്‍പ്പര്യം ഉണ്ടോ?
കനക: രാഷ്ട്രീയ താല്‍പ്പര്യം ഉണ്ട്. എനിക്ക് രാഷ്ട്രീയ വിശ്വാസവും ഉണ്ട്. പക്ഷെ രാഷ്ട്രീയക്കാരില്‍ വിശാസം ഇല്ല. എല്ലാവരും അവനവന്റെ കാര്യവും പണവും ഉണ്ടാക്കുകയാണ്. ഇപ്പോള്‍ ജനസേവനം ആരുടേയും ലക്ഷ്യമല്ല. ഇതുകൊണ്ടാണ് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ എനിക്ക് വിശ്വാസം ഇല്ലാത്തത്.

ബിബിസി: ഇപ്പോഴത്തെ അനുഭവത്തില്‍ മറ്റു സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് പ്രോത്സാഹിപ്പിക്കുമോ?
കനക: ഞാന്‍ പ്രോത്സാഹിപ്പിക്കും. ഏകദേശം നൂറു പേരെങ്കിലും എന്നോടു പോകാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ അനുഭവം അവരെ പിന്തിരിപ്പിക്കുകയാണ്. എന്റെ അനുഭവ ശേഷം 95 ശതമാനം പേരും അവരുടെ സുഖങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല. എന്നിട്ടും ചിലര്‍ തയാറാണ്, അവരെ ഞാന്‍ പ്രോത്സാഹിപ്പിക്കും.

ബിബിസി: വീണ്ടും ശബരിമലക്ക് പോകുമോ
കനക: ഇപ്പോള്‍ ഒരു തീരുമാനവും ഇല്ല. എനിക്ക് തോന്നിയാല്‍ ഞാന്‍ പോകും. ഞാന്‍ തീരുമാനിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category