1 GBP = 93.00 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ: ഭാഗം പതിമൂന്ന്

Britishmalayali
ജെപി

കുട്ടികള്‍ ഏത് വശത്തേക്കായിരിക്കും മാറിയിട്ടുണ്ടാവുക എന്നൊരു ആശയക്കുഴപ്പത്തില്‍ ഞാന്‍ ടോര്‍ച്ചും തെളിച്ചുകൊണ്ട് വരാന്തയിലൂടെ മുന്നോട്ട് നടന്നു. അപ്പോഴാണ് വരാന്ത അവസാനിക്കുന്നിടത്ത് വേറൊരു ഇടനാഴി വലത്തോട്ട് തിരിയുന്നത് കണ്ണില്‍ പെട്ടത്.

ഏതായാലും ആ ഇടനാഴിയിലേക്ക് നടക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. പുറത്ത് നിന്ന് വെളിച്ചം കയറാന്‍ സാധ്യത ഇല്ലാത്തതിനാലും, ഇടുങ്ങി വീതി കുറഞ്ഞതിനാലും ഇടനാഴിയില്‍ ഇരുട്ടിന് കട്ടി കൂടുതലായിരുന്നു.

കയ്യിലിരുന്ന കുരിശ്ശ് ഞാന്‍ ബാഗിനുള്ളില്‍ വെച്ചു. ഇനിയേതായാലും പ്രേതങ്ങളെ പേടിക്കണ്ടല്ലോ.

ഇടനാഴി അവസാനിക്കുന്നിടത്ത് ഇടതും വലതും ഓരോ വാതിലുകള്‍ കണ്ടു. അതില്‍ ഇടത്തെ വാതില്‍ പാതി തുറന്ന് കിടന്നിരുന്നു. അടഞ്ഞ് കിടന്ന വലത്തെ വാതില്‍ പതുക്കെ തള്ളി നോക്കി. അനങ്ങുന്നില്ല, പൂട്ടിയിരിക്കുകയാണെന്ന് തോന്നുന്നു.

എന്റെ ശ്രദ്ധ മുഴുവന്‍ പാതി തുറന്ന് കിടക്കുന്ന ഇടത്തെ വാതിലിലായി. അതൊരു മുറിയിലേക്കായിരിക്കും തുറക്കുക എന്ന് ഞാന്‍ കണക്ക് കൂട്ടി. ഒരു പക്ഷെ അതിനകത്ത് ആരെങ്കിലും കാണുമോ.

ഒരു നിമിഷം ഞാന്‍ അനങ്ങാതെ നിന്നു. എന്റെ ഹൃദയമിടിപ്പിന്റെ താളം ഒരല്‍പം വേഗത്തിലായി. തൊണ്ട വരണ്ടുണങ്ങി. ടോര്‍ച്ചിന്റെ വെട്ടം അണക്കാതെ തന്നെ ഞാന്‍ ഇടത്തെ വാതിലിന്റെ കതകുകള്‍ തുറന്നു. മുറിയിലേക്ക് വെളിച്ചം അരിച്ചിറങ്ങി.

മുറിയില്‍ ഒരു മൂലയിലായി ഞാനാ കുട്ടികളെ വീണ്ടും കണ്ടു. അവര്‍ താഴേക്ക് നോക്കി നില്‍ക്കുകയാണ്. മുറിയിലാകെ ടോര്‍ച്ചടിച്ച് നോക്കി. വെറും കാലിയായ മുറി. കുട്ടികളുടെ കാലിനരുകിലായി എന്തോ സാധനങ്ങള്‍ കുന്നു കൂടി കിടപ്പുണ്ട്.

ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ സൂക്ഷിച്ച് നോക്കിയപ്പോഴാണ് ആരോ തറയില്‍ കിടപ്പുണ്ടെന്ന് മനസ്സിലായത്. പഴയ കോട്ടുകളും, തുണികളും കൊണ്ട് ആളെ പൊതിഞ്ഞിരിക്കുകയാണ്.

ഞാനവരുടെ അരികിലേക്ക് ചെന്നു. താഴെ കിടക്കുന്ന ആള്‍ ചെറുതായി ഞരങ്ങുന്നുണ്ട്. അയാള്‍ക്കെന്തോ അസുഖം ബാധിച്ചിട്ടുള്ളതായി എനിക്ക് തോന്നി. അയാളുടെ കണ്ണുകള്‍ ദയനീയമായി എന്നെ നോക്കി. പിന്നെ എന്തോ പുലമ്പിക്കൊണ്ടിരുന്നു.

ടോര്‍ച്ച് പെണ്‍കുട്ടിയെ ഏല്‍പിച്ചിട്ട് ഞാനയാളെ താങ്ങി എഴുന്നേല്‍പ്പിച്ച് ചുമരിനോട് ചേര്‍ത്തിരുത്തി. അയാളുടെ കാലില്‍ വലിയൊരു മുറിവ് വെച്ചുകെട്ടിയിട്ടുണ്ട്. ആ തുണിയില്‍ രക്തം കട്ടപിടിച്ച് ഇപ്പോഴും കിടപ്പുണ്ട്.

പെട്ടന്ന് ഞാന്‍ എഴുപത്തി ഒന്‍പതാം നമ്പര്‍ വീടിന്റെ പടിയിലും വാതിലും കണ്ട ചോരപ്പാടുകളെ ഓര്‍ത്തുപോയി. ഒരുപക്ഷെ ഇയാളായിരിക്കും കാലിയായ വീട്ടില്‍ രാത്രിയിലും കയറിയത്. പാവം എന്തെങ്കിലും ഭക്ഷണം തേടി വന്നതായിരിക്കും.

അയാള്‍ മനസ്സിലാകാത്ത  ഭാക്ഷയില്‍ എന്തോ പറഞ്ഞുകൊണ്ടിരുന്നു. ഇനി ഏതെങ്കിലും രാജ്യത്ത് നിന്നുള്ള അഭയാര്‍ത്ഥികളായിരിക്കുമോ? പല നാടുകളും എന്റെ മനസ്സിലൂടെ കടന്ന് പോയി. സിറിയ, ഇറാഖ്, ലെബനോന്‍, അള്‍ജീരിയ, യമന്‍?

അറബിയില്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ പറഞ്ഞുനോക്കി. പക്ഷെ പനി പിടിച്ച് വിറയ്ക്കുന്ന ആ മനുഷ്യന്‍ പറയുന്നതെന്താണെന്ന് ഒരു നിശ്ച്ചയവുമില്ല.

നിരാശനായി ഞാന്‍ പെണ്‍കുട്ടിയെ നോക്കി. അപ്പോഴവള്‍ ആദ്യമായി വായ് തുറന്നു. ക്ഷീണിച്ച സ്വരത്തില്‍ അവള്‍ പറഞ്ഞു,

'സൊറാനി'.

അതെന്ത് സാധനം എന്ന് ഞാനാലോചിച്ചു. എന്റെ മുഖത്തെ ഭാവം കണ്ടിട്ടാകണം, അവള്‍ വീണ്ടും പറഞ്ഞു.

''സൊറാനി, കുര്‍ദിഷ്''.

കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസ്സിലായി. സിറിയയില്‍ യുദ്ധം രൂക്ഷമായപ്പോള്‍ കുടുംബവുമായി നാടുവിട്ടതായിരിക്കണം. കുര്‍ദുകളുടെ ഭാക്ഷ ആയിരിക്കും സൊറാനി. പല നാടുകളും, പല വഴികളും താണ്ടി ഒടുവില്‍ ഈ മാന്‍ഷനില്‍ എത്തിപ്പെട്ടതാകാം. ഈയവസ്ഥയില്‍ അവരിവിടെ കിടന്നാല്‍ പട്ടിണിയും, രോഗവും മൂലം അധികനാള്‍ ജീവിച്ചിരിക്കില്ല.

ഇവരെ എങ്ങനെ രക്ഷിക്കാം എന്നായി എന്റെ ചിന്ത. ഞാനെന്റെ മൊബൈല്‍ തപ്പിയെടുത്ത് വീട്ടിലേക്ക് വിളിക്കാമെന്ന് കരുതി നോക്കിയപ്പോള്‍, ചാര്‍ജിന്റെ കള്ളി മഞ്ഞയായിരിക്കുന്നു. വെറും പത്ത് ശതമാനം മാത്രം ജീവനെ മൊബൈലിനുള്ളൂ.

ഭാര്യയെയും മക്കളെയും മാറി മാറി വിളിച്ച് നോക്കിയെങ്കിലും ആരും ഫോണെടുക്കുന്നില്ല. ഒരല്‍പം കഴിഞ്ഞ് രണ്ടാമത്തെ മകളുടെ ഫോണില്‍ നിന്നും വിളി വന്നു.

''ഡാഡ്  വേര്‍ ആര്‍ യു?''

''ഞാനീ മാന്‍ഷനിലാണ്. നീ പെട്ടന്നൊരു കാര്യം ചെയ്യണം. എന്റെ മൊബൈലില്‍ ചാര്‍ജില്ല''.

''മാന്‍ഷനിലോ? ആര്‍ യൂ ക്രേസി? അതൊരു ഹോണ്ടഡ് പ്ലേസ് ആണ്.''

''എനിക്കറിയാം, ഇപ്പൊ നീ, ഞാന്‍ പറയുന്ന പോലെ ചെയ്യ്..........''

കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീരുന്നതിന് മുന്‍പേ ഫോണ്‍ നിലച്ചു.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam