1 GBP = 97.70 INR                       

BREAKING NEWS

നാട്ടിലെ കിടപ്പാടം പണയപ്പെടുത്തി മകളുടെ വിവാഹം നടത്തിയതിന്റെ കടം വീട്ടാന്‍ തുടങ്ങിയില്ല; സാലറി ക്രൈറ്റീരിയ തികയാത്തതിനാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിസ ലഭിക്കാത്തതിനാല്‍ ആശുപത്രിയിലായപ്പോള്‍ എത്തിയത് താല്‍ക്കാലിക വിസയില്‍: എല്ലാ പ്രതീക്ഷയും പൊലിഞ്ഞ് ഇരുട്ടിന്റെ ലോകത്തേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ഈ അമ്മയ്ക്കും മക്കള്‍ക്കും വേണ്ടി ഒരുമിക്കാം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ശോഭ, ഹരിഷ്മ, ഹര്‍ഷാ. ഇവര്‍ മൂവരും കഴിഞ്ഞ ദിവസം ലണ്ടനില്‍ അന്തരിച്ച ഹരിയുടെ ഭാര്യയും മക്കളുമാണ്. ഭര്‍ത്താവിനെയും അച്ഛനെയും നഷ്ടമായ മൂന്നു ജീവിതങ്ങള്‍. ഒട്ടും പ്രതീക്ഷിക്കാതെ മൂന്നാഴ്ച മുന്‍പ് സന്ധ്യാ നേരത്തു ചിറയിന്‍കീഴിലെ മാങ്കായിവിളകം വീട്ടിലേക്ക് എത്തിയ ഒരു ഫോണ്‍ കോളില്‍ തുടങ്ങിയതാണ് ഇവരുടെ ജീവിതത്തിലെ അനിശ്ചിതത്വം. ഭര്‍ത്താവിന് എന്തോ വയ്യായ്ക ആണെന്ന് ഭാര്യ ശോഭയും അച്ഛന്‍ സുഖമില്ലാത്തതിനാല്‍ സഹായത്തിനു തങ്ങളുടെ സാന്നിധ്യം ആവശ്യമായി വന്നേക്കും എന്നുമേ മക്കളായ ഹരിഷ്മയും ഹര്‍ഷയും കരുതിയിരുന്നുള്ളൂ.

അച്ഛനെ കാണാന്‍ ലണ്ടനിലേക്ക് പോകാന്‍ തയ്യാറാകണമെന്ന് ഇവരെ അറിയിക്കുമ്പോള്‍ ഇവ്വിധം ഒരു യാത്ര ആയിരുന്നില്ല കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇവര്‍ ആഗ്രഹിച്ചിരുന്നതും. ഓരോ തവണ നാട്ടില്‍ എത്തുമ്പോഴും ലണ്ടനില്‍ കൂടെ വന്നു താമസിക്കാന്‍ ഉള്ള ആഗ്രഹം പറയുമ്പോഴും സാധാരണ നഴ്‌സിങ് ഹോമില്‍ കെയര്‍ ജോലി ചെയ്തിരുന്ന ഒരാളുടെ ശമ്പളത്തില്‍ കുടുംബത്തിന് ആശ്രിത വിസ ബ്രിട്ടീഷ് ഹോം ഓഫിസ് നല്‍കില്ലെന്നൊന്നും മനസിലാക്കാന്‍ ഉള്ള പ്രായം ഈ കുഞ്ഞുങ്ങള്‍ക്ക് അന്നുണ്ടായിരുന്നില്ല.
ഒടുവില്‍ തിരിച്ചറിവായതോടെ അവര്‍ ലണ്ടന്‍ യാത്രയെന്ന സ്വപ്നം ഏറെക്കുറെ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ വിധി പലപ്പോഴും അതിക്രൂരമായ വിധത്തില്‍ പെരുമാറും എന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ പരാമര്‍ത്ഥമായി മാറുകയാണ് ഈ മൂന്നു പേരുടെയും ജീവിതത്തില്‍. ഏറ്റവും സന്തോഷത്തോടെ ഭര്‍ത്താവിനെ കാണാന്‍ കാത്തിരുന്ന ഭാര്യയ്ക്കും അച്ഛന്റെ കൈപിടിച്ച് ലണ്ടന്‍ നഗരം കാണാന്‍ കൊതിച്ചിരുന്ന മക്കളും ആശുപത്രിയില്‍ കിടക്കുന്ന അച്ഛനെ കാണാന്‍ കരഞ്ഞു കലങ്ങിയ കണ്ണുകളും ആശങ്ക തുടിക്കുന്ന മനസുമായാണ് കഴിഞ്ഞ ആഴ്ച താല്‍ക്കാലിക വിസയില്‍ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയത്.

ചലനമറ്റ ശരീരവുമായി അബോധാവസ്ഥയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഹൃദയ തുടിപ്പ് മാത്രമായി കിടക്കുന്ന അച്ഛനെ ആ കുരുന്നുകള്‍ക്ക് ഒന്നേ നോക്കാനായുള്ളൂ. ഹൃദയം ഉള്ള ഏതൊരാളുടെയും ചങ്കു തകരുന്ന കാഴ്ച. ഇവരെ സഹായിക്കാന്‍ കൂടെ ആശുപത്രിയില്‍ എത്തിയ പലര്‍ക്കും ഭാര്യയും മക്കളും അവസാനമായി ഹരിയോട് വിട ചോദിക്കുന്ന രംഗങ്ങള്‍ ഒന്നും കണ്ടു നില്‍ക്കാന്‍ ഉള്ള ത്രാണി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഹര്‍ഷയോടു ഇപ്പോഴും അച്ഛന്റെ കാര്യം ചോദിച്ചാല്‍ ഏങ്ങലടി മാത്രമാണ് ആ കുരുന്നു മനസ്സില്‍ നിന്നും ഉയരുന്നത്.

ഒരു പരിചയവും ഇല്ലാത്ത ഒരു ലോകത്തു ഇപ്പോള്‍ അച്ഛന്റെ മരണത്തിനു സാക്ഷികളായി ഓരോ ദിവസവും തുടര്‍ നടപടി ക്രമങ്ങള്‍ക്കായി ഓരോ ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് ഹരിയുടെ ഭാര്യ ശോഭയും മക്കളും. എന്തിനും ഏതിനും കൂടെയുള്ളത് ഹരിയുടെ പരിചയക്കാരന്‍ ആയിരുന്ന കാറല്‍ മിറാന്‍ഡയും ഏതാനും സുഹൃത്തുക്കളും. എവിടെ തുടങ്ങണം എങ്ങനെ മുന്നോട്ടു നീങ്ങും തുടങ്ങിയ കാര്യങ്ങളില്‍ ഒട്ടേറെ ആശങ്കകളാണ് ഈ കുടുംബത്തിന് ഇപ്പോള്‍ കൂടെയുള്ളത്. യുകെയില്‍ എത്തിയപ്പോള്‍ തങ്ങാന്‍ ഇടമില്ലാതെ വന്നപ്പോള്‍ സുമനസുകള്‍ സഹായിച്ചു ഒരാഴ്ചത്തേക്ക് ബുക്ക് ചെയ്ത ബ്രെഡ് ആന്‍ഡ് ബ്രേക്ഫാസ്റ്റ് താമസ സൗകര്യം കൂടി അവസാനിക്കുകയാണ്. ഇനിയും ഏറെ നാള്‍ പണം നല്‍കി ഇങ്ങനെ താമസിക്കാനാകില്ല. ആരെങ്കിലും ഒക്കെ കനിഞ്ഞേ മതിയാകൂ.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കാളയെ പോലെ തുച്ഛ ശമ്പളത്തിന് പണിയെടുക്കുക ആണെങ്കിലും നാട്ടിലെ കുടുംബത്തെ സംരക്ഷിക്കാനും യുകെയിലെ ജീവിത ചിലവും കഴിഞ്ഞു കാര്യമായൊന്നും ഹരിയുടെ കയ്യില്‍ ബാക്കി ഉണ്ടായിരുന്നില്ല. ആകെ മിച്ചം ഉണ്ടായിരുന്നത് പലരെയും പോലെ ലണ്ടന്‍ മലയാളിയെന്ന മേല്‍വിലാസം മാത്രം. ഈ കുഞ്ഞുങ്ങളും ഭാര്യയും നാട്ടില്‍ എത്തിയാല്‍ ആദ്യം ഇവരെ കാത്തിരിക്കുന്നത് വീടും പറമ്പും പണയപ്പെടുത്തി എടുത്ത 25 ലക്ഷം രൂപയുടെ വായ്പാ കുടിശിക മുടങ്ങിയ നോട്ടീസ് ആയിരിക്കും. കാരണം ഇനി വായ്പ ഗഡു അടയ്ക്കുക എന്നതൊക്കെ ഇവര്‍ക്ക് വെറും സ്വപ്നം മാത്രമാകും.

ഉണ്ണാനും ഉടുക്കാനും വകയില്ലാത്തവര്‍ എങ്ങനെ വായ്പ തിരിച്ചടയ്ക്കാന്‍. ഒടുവില്‍ സ്വന്തമായി ഉണ്ടായിരുന്ന വീടും പറമ്പും കൂടി ഇല്ലാതാവുന്ന സാഹചര്യം. മൂത്ത മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായാണ് ഹരി ഉള്ള സമ്പാദ്യം പണയപ്പെടുത്തിയത്. അതല്ലാതെ അദ്ദേഹത്തിനു വേറെ വഴി ഇല്ലായിരുന്നു. ആരുടേയും മുന്നില്‍ കൈ നീട്ടേണ്ട എന്ന തീരുമാനം ആയിരുന്നു ആ പിതാവിന്. ധാരാളം ആളുകളെ പലപ്പോഴായി സഹായിച്ചിട്ടുള്ള തനിക്ക് ഈശ്വരന്‍ എന്തെങ്കിലും വഴി തെളിച്ചു തരും എന്നായിരുന്നു ഹരി ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നത്.

ലണ്ടനില്‍ മടങ്ങി എത്തിയാല്‍ കൂടുതല്‍ സ്ഥലത്തു ജോലി ചെയ്തു കടം വേഗം വീട്ടിയെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. എന്നാല്‍ ഒരു കടവും ഇല്ലാത്ത ലോകത്തേക്ക് ആയിരുന്നു വിധി അദ്ദേഹത്തെ ക്ഷണിച്ചത്. വായ്പ എടുത്തയാള്‍ മരിച്ചെന്നു കരുതി നാട്ടിലെ ബാങ്കുകാര്‍ക്കു കൊടുത്ത പണം തിരികെ ഈടാക്കാതിരിക്കാന്‍ ഉള്ള സന്മനസ് ഒന്നും ഉണ്ടാകില്ല, നിയമവും അവരോടൊപ്പം തന്നെ നില്‍ക്കും. ഈ സാഹചര്യത്തില്‍ ഉടുതുണിക്ക് മറുതുണി ഇല്ലാത്തവരെ പോലെ സ്വന്തം വീട്ടില്‍ നിന്നും പടിയിറങ്ങേണ്ടി വരുന്ന നിസ്സഹായത ഓര്‍ത്ത് ഇനിയുള്ള നാളുകളില്‍ ശോഭയ്ക്ക് ഒരിക്കലും മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞേക്കില്ല. ഇപ്പോള്‍ ചുറ്റിനും ഏതാനും പേര്‍ സഹായവും ആയി കൂടെ നില്‍ക്കുന്നുണ്ടെങ്കിലും എല്ലാത്തിനും പരിമിതി ഉണ്ട് എന്ന സത്യം കൂടിയാണ് ഈ അമ്മയും മക്കളും ഇപ്പോള്‍ തിരിച്ചറിയുന്നത്. അതുകൊണ്ടു കൂടിയാണ് അവസാന ആശ്രയം എന്ന നിലയില്‍ ശോഭയും മക്കളും ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മുന്നില്‍ എത്തുന്നത്.

ഇതുവരെ കാണാത്ത, കേള്‍ക്കാത്ത മുഖങ്ങള്‍. പക്ഷെ മനസ്സില്‍ അലിവും നന്മയും ഉള്ളവരാണ് യുകെ മലയാളികള്‍ എന്ന കേട്ടറിവാണു ഭര്‍ത്താവിനെയും അച്ഛനെയും നഷ്ടമായ മൂവര്‍ക്കും മനസ്സില്‍ അല്‍പം ആശ്വാസമായി മാറുന്നത്. മാറി ഉടുക്കാന്‍ കൂടെ കരുതിയ വസ്ത്രങ്ങള്‍ അല്ലാതെ മറ്റൊന്നും ഇവര്‍ക്കൊപ്പമില്ല. സങ്കട കടലിനു മദ്ധ്യേ നില്‍ക്കുമ്പോള്‍ മുന്നില്‍ എത്തുന്ന ഭക്ഷണം പോലും മനസ് നിറഞ്ഞ് ആസ്വദിക്കാന്‍ പോലും മൂവര്‍ക്കും കഴിയുന്നില്ല, സാഹചര്യം അതാണ്. ഒരിക്കലും ആരും ആഗ്രഹിക്കാത്ത ദുര്‍ഘട നിമിഷങ്ങളിലൂടെയാണ് ഇപ്പോള്‍ ഇവരുടെ ദിവസങ്ങള്‍ കൊഴിഞ്ഞു വീഴുന്നത്. പക്ഷെ നാളെ ആര്‍ക്കും സംഭവിക്കാവുന്ന സാഹചര്യങ്ങള്‍ തന്നെയാണ് ഇവയൊക്കെ എന്നതാണ് മറ്റൊരു നിത്യസത്യം.

അതിനാല്‍ നൂറുകണക്കിന് സാധാരണക്കാരുടെ സമാന സാഹചര്യങ്ങളില്‍ കൂടെനിന്ന ബ്രിട്ടനിലെ മലയാളികള്‍ ഹരിയുടെ ഭാര്യയുടെയും മക്കളുടെയും കണ്ണുനീര്‍ തുടയ്ക്കാന്‍ കൂടെയുണ്ടാകും എന്നു തന്നെയാണ് പ്രതീക്ഷ. ഈ അമ്മയും മക്കളും യുകെയില്‍ നിന്ന് മടങ്ങേണ്ടി വന്നാല്‍ അവര്‍ക്കു കൂടെ കരുതാന്‍ ഹരിയുടെ ചിതാഭസ്മം മാത്രമാകരുത് കൂടെ ഉണ്ടാകേണ്ടത്, മറിച്ചു മാറോടണച്ചു സ്നേഹിക്കും വിധം ഓരോ യുകെ മലയാളിയുടെയും കരുണയും കരുതലും കൂടെയുണ്ടാകണം.

അതിനായി ഒരു നേരത്തെ ആഹാരം മാറ്റിവച്ചും സഹായിക്കണം എന്നാണ് ലോക് കേരള സഭാംഗം കാറല്‍ മിറാന്‍ഡയെ പോലെ ഉള്ളവരുടെ ആവശ്യം. തന്റെ യുകെ ജീവിതകാലത്തു സമാന സ്ഥിതിയില്‍ ഉള്ള ഒട്ടേറെ ആളുകള്‍ക്ക് പോക്കറ്റില്‍ നിന്നും സാധ്യമായ പോലെ സഹായങ്ങള്‍ നല്‍കിയ സാധാരണക്കാരില്‍ സാധാരണക്കാരനായ മിറാന്‍ഡയെ പോലെയുള്ള നന്മയുടെ പ്രതീകങ്ങളാണ് ഇപ്പോള്‍ ശോഭക്കും മക്കള്‍ക്കും ഒപ്പം ഉള്ളത് എന്നതും വലിയ ആശ്വാസമാണ്.

വലിയ ഈശ്വര വിശ്വാസികള്‍ കൂടിയായ യുകെ മലയാളികള്‍ ഉണ്ണിയേശുവിന്റെ തിരുപിറവിക്കു മുന്നോടിയായും മണ്ഡലകാല വിശുദ്ധിയുടെ നാളുകളിലും വൃതം എടുക്കുന്നവര്‍ കൂടിയാണ്. മനസും ശരീരവും പ്രാര്‍ത്ഥനയിലും ആഹാര വര്‍ജ്യവും വഴി ശുദ്ധമാക്കുന്നവര്‍ക്കു കരുണയുടെ പ്രകാശം പരത്താന്‍ ഒട്ടും മടിയുണ്ടാകില്ല എന്ന വിശ്വാസത്തോടെയാണ് ഇന്ന് മുതല്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഹരിയുടെ കുടുംബത്തെ സഹായിക്കുവാന്‍ രംഗത്ത് എത്തുന്നത്.

ഈ ആവശ്യത്തിന് നിങ്ങള്‍ മാത്രമല്ല, നിങ്ങളുടെ സുഹൃത്തുക്കളോടും ജോലി സ്ഥലത്തു പരിചയം ഉള്ളവരോടും ഒക്കെ ഒരു കൈ സഹായം ആവശ്യപ്പെടുന്നത് മൂന്നു ജീവിതങ്ങളെ ഇന്നിന്റെ ഇരുട്ടില്‍ നിന്നും പ്രതീക്ഷയുടെ പുതിയ നാളെയിലേക്കു കൈപിടിച്ച് നടത്തിനു തുല്യമാണ്. അത്തരം നന്മകള്‍ക്കു എന്നും കൂടെ നിന്നിട്ടുള്ള ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ഹരിയുടെ കുടുംബത്തിന് വേണ്ടി സഹായം നല്‍കാന്‍ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിര്‍ജിന്‍ മണി ലിങ്ക് വഴിയും ബാങ്ക് അക്കൗണ്ട് വഴിയുമാണ് ഫണ്ട് ശേഖരണം നടക്കുക. ഹരിയുടെ കുടുംബത്തിന് സഹായം നല്‍കുന്നവര്‍ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കാരണം, വിര്‍ജിന്‍ മണി വഴി നല്‍കുന്ന ഓരോ പൗണ്ടിനും വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് ലഭിക്കുമ്പോള്‍ ഒന്നേകാല്‍ പൗണ്ട് വീതം ഹരിയുടെ കുടുംബത്തിന് കൈമാറുവാന്‍ സാധിക്കും. അതിനാല്‍ തന്നെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി നിരവധി പേര്‍ ഓരോ തവണയും ഫണ്ട് നല്‍കുകയും ചെയ്യുന്നുണ്ട്. 
വിര്‍ജിന്‍ മണി വഴി നിങ്ങളുടെ സഹായം കൈമാറുമ്പോള്‍ ഗിഫ്റ്റ് എയ്ഡ് ബോക്‌സ് മറക്കാതെ ടിക്ക് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം, ഗിഫ്റ്റ് എയ്ഡ് തുക ലഭിക്കുന്നതല്ല. വിര്‍ജിന്‍ മണി വഴി നല്‍കുവാന്‍ സാധിക്കാത്തവര്‍ മാത്രം നിങ്ങളാല്‍ കഴിയുന്ന തുക ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് നല്‍കുക. നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും കൃത്യമായ കണക്കുണ്ടാവുകയും അത് പരസ്യമാക്കുകയും ചെയ്യും. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Hari Appeal
IBAN Number: GB70MIDL4047087231432

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category