1 GBP = 93.00 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ: ഭാഗം പതിനാല്

Britishmalayali
ജെപി

ബാഗില്‍നിന്ന് മെഴുകുതിരിയും ലൈറ്ററുമെടുത്ത് മുറിയില്‍ കത്തിച്ച് വെച്ചു. അവരോട് ഇപ്പോള്‍ വരാമെന്ന് ആംഗ്യം കാണിച്ച് ഞാന്‍ മുറിക്ക് പുറത്തിറങ്ങി. ഇടനാഴി പിന്നിട്ട് വരാന്തയിലെത്തി. 

പുറത്തെ ഫ്രഷ് എയര്‍ ഏറ്റപ്പോള്‍ ഒരു പ്രത്യേക സുഖം തോന്നി. വരാന്തയില്‍ നിന്നിറങ്ങി മാന്‍ഷന്റെ മുന്‍വശത്തേക്ക് ഞാന്‍ നടന്നു. 

ചാപ്പലും ശവക്കല്ലറയും ദൂരേന്ന് തന്നെ കണ്ടു. ഇരുട്ടിന്റെ അവ്യക്തതയിലും അതൊരു ഭീകര ദൃശ്യമായി നിന്നിരുന്നു. 

കുറച്ചു നേരം ഞാന്‍ ഇരുട്ടില്‍ തന്നെ നിന്നു. കണ്‍ട്രി റോഡിലൂടെ വാഹനങ്ങളൊന്നും വരുന്നതോ, പോകുന്നതോ കണ്ടില്ല. 

മെയിന്‍ ഗേറ്റ് അടച്ചിരിക്കുന്നതു കൊണ്ട് പുറത്തേക്ക് കടക്കല്‍ അത്രക്ക് എളുപ്പമാകില്ല. പുറകുവശത്തെ അത്ര കാട്ടുചെടികള്‍ മാന്‍ഷന് മുന്‍പിലില്ലെങ്കിലും വേലി ചാടുക ദുഷ്‌കരമാണ്. 

പക്ഷെ കണ്‍ട്രി റോഡിലേക്കിറങ്ങുവാന്‍ എവിടെയെങ്കിലും ഒരു പഴുത് കാണാതിരിക്കില്ല. അത് കണ്ടെത്താനായി പിന്നെ എന്റെ ശ്രമം. 

താഴ്വരയുടെ അപ്പുറമുള്ള റോഡിലൂടെ ഒരു പൊലീസ് കാര്‍ നീല ഫ്ളാഷ് ലൈറ്റുമിട്ടുകൊണ്ട് സഞ്ചരിക്കുന്നത് കാണാമായിരുന്നു. ആ കാര്‍ കണ്‍ട്രി റോഡിലേക്ക് പ്രവേശിച്ച് കുത്തനെയുള്ള കയറ്റം കയറാന്‍ തുടങ്ങി. ഒരു പക്ഷെ മകള്‍ പോലീസിലെങ്ങാനും വിവരമറിയിച്ചിട്ടുണ്ടാകുമോ? 

ഞാന്‍ എന്‍ട്രന്‍സ് ഗേറ്റിന് നേരെ നടന്നു. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഗേറ്റെല്ലാം പരിശോധിച്ചെങ്കിലും തുറക്കാനുള്ള ഒരു ശ്രമവും ഫലിച്ചില്ല. ഇരുമ്പ് താഴിട്ട് പൂട്ടിയിരിക്കുകയാണ്. എന്നാല്‍ വലിയ ബ്രിക്ക് തൂണുകള്‍ക്കും വേലിപടര്‍പ്പുകള്‍ക്കുമിടയില്‍ ഒരാള്‍ക്ക് കടക്കാന്‍ പാകത്തില്‍ ആരോ ചെറിയൊരു ഗാപ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. 

പ്രതീക്ഷിച്ചതുപോലെ പൊലീസ് കാര്‍ മാന്‍ഷന്റെ എന്‍ട്രന്‍സ് ഗേറ്റിന് മുന്‍പില്‍ വന്നു നിന്നു. ടോര്‍ച്ച് തെളിച്ച് ഞാനവര്‍ക്കൊരു അടയാളം കാണിച്ച് കൊടുത്തു. അവരും മനുഷ്യരാണല്ലോ. ഇരുട്ടില്‍ എന്നെ കണ്ട് പേടിക്കേണ്ട. 

ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നത് ഒരു ലേഡി സര്‍ജന്റ് ആണെന്ന് കണ്ടു. അവര്‍ ഇറങ്ങിയില്ല. പക്ഷെ റേഡിയോ വഴി എന്തോ കമ്മ്യൂണിക്കേഷന്‍ നടത്തിക്കൊണ്ടിരുന്നു. 

സൈഡ് സീറ്റിലിരുന്ന ഓഫീസര്‍ ഇറങ്ങി വന്നു. ഞാനയാള്‍ക്ക് മാന്‍ഷനിലേക്ക് വരാനുള്ള വഴി കാണിച്ച് കൊടുത്തു.

കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കുന്നതിനിടയില്‍ അയാളെന്റെ മുഖത്തേക്ക് ശ്രദ്ധയോടെ നോക്കുന്നുണ്ടെന്ന് തോന്നി. ഒരു പക്ഷെ ഞാന്‍ പറയുന്നതൊന്നും അപ്പാടെ വിശ്വസിക്കാഞ്ഞിട്ടായിരിക്കും. അതല്ലെങ്കില്‍ എനിക്കീ വിഷയത്തിലുള്ള പങ്ക് എന്താണെന്നായിരിക്കും ചിന്തിക്കുന്നത്. ഞാന്‍ പറയുന്നതിനേക്കാള്‍ എന്നെയാണ് പോലീസുകാരന്‍ ശ്രദ്ധിക്കുന്നതെന്ന് ഉറപ്പായി. 

പോലീസുകാരന് വഴികാട്ടിയായി ഞാന്‍ മുന്‍പില്‍ ടോര്‍ച്ച് തെളിച്ചും, അയാള്‍ എനിക്ക് പുറകിലുമായി മാന്‍ഷന്റെ തെക്കേ അറ്റത്തേക്ക് നടന്നു. പോകുന്ന വഴിയില്‍ ഞാന്‍ ചാപ്പലിലേക്കും ശവക്കല്ലറയിലേക്കും ലൈറ്റടിച്ച് നോക്കി. അവ മനോഹരമായ കൊത്തുപണികളുള്ള മാര്‍ബിള്‍ കൊണ്ട് ഉണ്ടാക്കിയതായിരുന്നു.   

കണ്‍ട്രി റോഡിലൂടെ മറ്റൊരു കാറും കുന്ന് കയറി വരുന്നതായി കണ്ടു. ആ കാറും പോലീസ് കാറിന് പുറകില്‍ പാര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു.

മാന്‍ഷന്റെ അറ്റത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ് വരാന്തയിലോട്ട് കയറുമ്പോള്‍ പുറകില്‍ നിന്നും അപ്രതീക്ഷിതമായി പോലീസുകാരന്റെ ചോദ്യം വന്നു. 

''ജെപീ, ഈസ് ദാറ്റ് യൂ?''

ഞാനൊന്ന് വല്ലാതായി. ഇയാള്‍ക്കെന്നെ എങ്ങനെ മനസ്സിലായി. ഞാനിതുവരെ സ്വയം പരിചയപെടുത്തുകയോ, പേര് പറയുകയോ ചെയ്തിട്ടില്ല. ഞാനയാളെ തിരിഞ്ഞ് നോക്കി. കയ്യിലിരുന്ന ടോര്‍ച്ചിന്റെ പ്രകാശം പോലീസുകാരന്റെ മുഖത്ത് വീണപ്പോഴാണ് ഞാന്‍ ആളെ ശരിക്കും കാണുന്നത്. 
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam