1 GBP = 93.00 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ: ഭാഗം പതിനഞ്ച്

Britishmalayali
ജെപി

വശരായ കുര്‍ദിഷ് കുടുംബത്തെ മാര്‍ട്ടിന് കാണിച്ച് കൊടുത്ത് കാര്യങ്ങളൊക്കെ വിവരിച്ച് കഴിഞ്ഞപ്പോള്‍ എന്റെ ദൗത്യം തീര്‍ന്നു. 


മാര്‍ട്ടിന്‍ പോലീസില്‍ ചേരുന്നതിന് മുന്‍പ് ഞങ്ങളൊരുമിച്ച് കുറച്ച് കാലം ജോലി ചെയ്തവരാണ്. പോലീസ് ട്രെയിനിങ് സെലക്ഷന്‍ കിട്ടി യാത്ര പറഞ്ഞ് പോയ മാര്‍ട്ടിനെ പിന്നെ ഇപ്പോഴാണ് കാണുന്നത്. 

കൂടി കൂടി വരുന്ന ഹ്യൂമന്‍ ട്രാഫിക്കിങ്ങിനെ (Human  trafficking ) കുറിച്ച് മാര്‍ട്ടിന്‍ പറഞ്ഞപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലാവുന്നത്. ആഴ്ചയില്‍ ഒരു കേസ്സെങ്കിലും ഈ സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടത്രേ. 

ഈയിടെ കണ്ടെയ്‌നറില്‍ കടത്താന്‍ ശ്രമിച്ച 39 പേരുടെ ജീവന്‍ നഷ്ടപ്പെട്ടത് ഞാനോര്‍ത്തു. അതില്‍ ചിലരുടെ ശവസംസ്‌ക്കാര ചടങ്ങുകള്‍ ന്യൂസിലുണ്ടായിരുന്നു. അതൊരു ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു. 

ഞാന്‍ കുര്‍ദിഷ് കുടുംബത്തോട് യാത്ര പറഞ്ഞു. ആ കുട്ടികളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. 

എന്റെ കോണ്‍ടാക്ട് നമ്പറും അഡ്രസ്സും മാര്‍ട്ടിന് പറഞ്ഞ് കൊടുത്തു. ഈ കുടുംബത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും അറിയുകയാണെങ്കില്‍ എന്നെ അറിയിക്കാമെന്ന് മാര്‍ട്ടിന്‍ ഉറപ്പ് നല്‍കി. ചിലപ്പോള്‍ സ്റ്റേഷനില്‍ ചെന്ന് ഞാനൊരു സ്റ്റേറ്റ്‌മെന്റ് കൊടുക്കേണ്ടി വരുമെന്ന് മാര്‍ട്ടിന്‍ സൂചിപ്പിച്ചു. 

മാര്‍ട്ടിന്‍ റേഡിയോ വഴി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്ന തിരക്കിലായി. ഇനിയെന്ത് എന്ന ചിന്തയോടെ ഞാന്‍ മാന്‍ഷന്റെ ഗേറ്റിലേക്ക് നടന്നു. ഗേറ്റിന് വെളിയില്‍ പോലീസ് ഓഫീസറും എന്റെ രണ്ടാമത്തെ മകളും ചിരപരിചിതരെ പോലെ സംസാരിക്കുന്നത് കണ്ടു. 

കാറില്‍ മകളുടെ കൂടെ വീട്ടിലേക്ക് പോകുമ്പോള്‍ അവള്‍ ഒരു കാര്യമേ പറഞ്ഞുള്ളു. 

''യു ഡണ്‍ എ ഗ്രേറ്റ് ജോബ് ഡാഡ്.''

കാര്യങ്ങളൊക്കെ അവള്‍ പോലീസുകാരിയില്‍ നിന്നും മനസ്സിലാക്കിക്കാണും. ഞങ്ങള്‍ക്കെതിരെ ഒന്നിന് പുറകെ ഒന്നായി രണ്ട് ആംബുലന്‍സുകള്‍ കടന്നുപോയി. ഒന്ന് രണ്ട് പോലീസ് വാഹനങ്ങളും. 

''എന്റെ ഫോണ്‍ ഇടയ്ക്കു വെച്ച് നിന്ന് പോയപ്പോള്‍ നീ പോലീസിനെ വിളിച്ചൊ?''

ഒരു നന്ദി വാക്കിനുശേഷം ഞാനവളോട് ചോദിച്ചു. 

''ഡാഡി മാന്‍ഷനിലാണെന്ന് പറഞ്ഞ് ഫോണ്‍ കട്ടായപ്പോള്‍ എന്തോ പ്രോബ്ലം ഉണ്ടെന്ന് തോന്നി. ഏറ്റവും പെട്ടെന്ന് ഹെല്‍പ് കിട്ടാവുന്നത് പോലീസില്‍ നിന്നായതുകൊണ്ട് ഞാനവരെ വിളിച്ചുപറഞ്ഞു. അതിനുള്ളിലെ ആളുകളെ കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു.''

''അത് നന്നായി.'' അവള്‍ ചെയ്തത് ബുദ്ധിപരമായി എന്ന് തോന്നിക്കോട്ടെ. 

''അവര്‍ ആരാണെന്നൊന്നും അറിയില്ല. സിറിയ - തുര്‍ക്കി ബോഡറില്‍ നിന്നായിരിക്കണം. നടന്നോ, കപ്പലിലോ, കണ്ടെയ്‌നറിലോ ഒക്കെ യാത്ര ചെയ്തിട്ടായിരിക്കണം ഇവിടെ എത്തിയിട്ടുണ്ടാകുക. ഇതിന് പുറകില്‍ ഏജന്റുമാരും കാണും.''

വീട്ടിലെത്തിയപ്പോള്‍ ഞങ്ങളാ വിഷയം വിട്ടു. ക്രിസ്തുമസിന് ലൈറ്റുകള്‍ ഇടേണ്ടതിനെ കുറിച്ചായി പിന്നെ സംസാരം. 

എഴുപത്തി ഒന്‍പതാം നമ്പര്‍ വീട്ടില്‍ പുതിയ താമസക്കാരെത്തിയിട്ടുണ്ട്. വീടിനുള്ളില്‍ നിറയെ വെളിച്ചം. പുറത്ത് കിടന്നിരുന്ന കാറില്‍ നിന്നും സാമഗ്രികള്‍ ഇറക്കുന്ന ഒരു ആഫ്രിക്കന്‍ വംശജയായ സ്ത്രീയെ കണ്ടു. ഭാരമുള്ള വസ്തുക്കളെല്ലാം അവര്‍ തനിയെ ആണ് ഇറക്കുന്നത്. ഒറ്റക്കായിരിക്കണം താമസം. 

ഒന്ന് കുളിച്ച് ഫ്രഷ് ആയി വന്നപ്പോഴേക്കും വീട്ടിലുള്ളവരെല്ലാം ഉണര്‍ന്ന് കഴിഞ്ഞിരുന്നു. ഡിന്നറിനുള്ള ഒരുക്കങ്ങള്‍ കിച്ചനില്‍ നിന്നും കേള്‍ക്കാം. 

കഥകളൊന്നും അറിയാത്ത ഭാര്യയും മൂത്ത മകളും അടുക്കളയിലാണ്. അവരോട് വിശദമായി എല്ലാം നാളെ പറയാം. എന്തെങ്കിലും കഴിച്ച് നേരത്തെ കിടക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. കുറേ ദിവസത്തെ യക്ഷി ശല്യം ഇന്നത്തോടെ തീരുകയാണല്ലോ. 

ഭക്ഷണം കഴിച്ച് കിടക്കാന്‍ നേരം മാന്‍ഷനെ കുറിച്ചും കുര്‍ദിഷ് കുടുംബത്തെക്കുറിച്ചുമായിരുന്ന് മനസ്സ് നിറയെ. ആ കുടുംബം ഒന്നോ രണ്ടോ ജന്മങ്ങള്‍ കൊണ്ട് അനുഭവിക്കേണ്ടിയിരുന്ന യാതനകള്‍ ആയിരിക്കണം ഒന്ന് രണ്ട് ആഴ്ചകള്‍ കൊണ്ട് അല്ലെങ്കില്‍ മാസങ്ങള്‍ കൊണ്ട് അനുഭവിച്ച് തീര്‍ത്തത്. ഒരുപക്ഷെ ആ കുട്ടികളുടെ അമ്മയോ മറ്റു ഉറ്റവരോ വഴിയിലെവിടെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകാം. 

മാന്‍ഷനില്‍ താമസിച്ചിരുന്നു എന്ന് പറയപ്പെടുന്ന വിക്കഡ് ലേഡിയെ കുറിച്ചായി പിന്നെ എന്റെ ചിന്തകള്‍. ഉറങ്ങുന്നതിന് മുന്‍പ് ഗൂഗളിലൊന്ന് സേര്‍ച്ച് ചെയ്യാമെന്ന് തോന്നി.

wicked woman in hertfordshire  എന്നടിച്ചപ്പോള്‍ കിട്ടിയത് കാതറിന്‍ ഫെറസ് (Katherine  Ferrers ) എന്ന വിക്കഡ് ലേഡിയെ കുറിച്ചാണ്. 

പൊടിപ്പും തൊങ്ങലും ഒരുപാട് ചേര്‍ത്ത രസകരങ്ങളായ കഥകളാണ് അവരെക്കുറിച്ച്. എന്തായാലും നാളെ വായിക്കാം. ഗാഢമായ ഒരു ഉറക്കമാണ് ഇന്ന് ഉത്തമം. 

ഭാര്യ വന്ന് അടുത്തിരുന്നു. 

''ഉറങ്ങിയോ?''

''ഉം ഏതാണ്ട്.''

''എന്തായിരുന്നു ഇത്രേം വല്യ നടത്തം?''

അപ്പോള്‍ മകളൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. 

''ഒക്കെ നാളെ പറയാം. ഇപ്പൊ ഉറങ്ങണം. സോ ടയേഡ്.''

''ശരി, ഉറങ്ങിക്കോ. പിന്നേയ് അപ്പുറത്തെ വീട്ടില്‍ ഒരു മദാമ്മ താമസിക്കാന്‍ വന്നിട്ടുണ്ട്. ഒറ്റയ്ക്കാണെന്നാ തോന്നണേ.''

ഉറക്കത്തിലേക്ക് വഴുതിക്കൊണ്ടിരുന്ന ഞാന്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. 

''മദാമ്മേനെ നീ കണ്ടോ?''

''പിന്നല്ലാണ്ട്. ഞാന്‍ വെറുതെ ഒരു ഹായ് പറഞ്ഞു.''

അവള്‍ അതത്രയും ഉറപ്പിച്ചാണ് പറഞ്ഞത്. 

അപ്പോള്‍ ഞാന്‍ കണ്ട ആഫ്രിക്കക്കാരിയായ കറുത്ത സ്ത്രീയോ? ചെറിയൊരു ഉദ്വേഗത്തോടെ ഞാന്‍ തിരിഞ്ഞു കിടന്നു. റൂമിലെ ലൈറ്റണച്ച് ഭാര്യ താഴേക്ക് പോയപ്പോള്‍ ഞാന്‍ എഴുന്നേറ്റ് ജനലിലൂടെ എഴുപത്തി ഒന്‍പതാം നമ്പര്‍ വീട്ടിലേക്ക് എത്തിനോക്കി. 

ആ വീട് അപ്പോഴേക്കും അന്ധകാരത്തിന്റെ ആവരണത്തില്‍ മുങ്ങി കഴിഞ്ഞിരുന്നു.

(അവസാനിച്ചു)

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam