1 GBP = 93.35 INR                       

BREAKING NEWS

അനന്യയും ജീവ ജോയിയും നടന്ന വഴിയേ സ്‌കാര്‍ബറോയിലെ സന്തോഷ് ജോണും ഡോ. പോള്‍ ഈനാശുവും; എവറസ്റ്റ് ബേസ് ക്യാംപില്‍ 65 കിലോമീറ്റര്‍ താണ്ടി 17000 അടി ഉയരത്തില്‍ പ്രാണവായുവിനു വേണ്ടി കിതയ്ക്കുമ്പോള്‍ മാത്രം തിരിച്ചറിയുന്ന ജീവിതകാഴ്ചകള്‍ തേടിയെത്തുന്ന യുകെ മലയാളികള്‍ നാലായി

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഏഴു വര്‍ഷം മുന്‍പ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന സ്വാന്‍സിയയിലെ അനന്യ ജോര്‍ജും ഇക്കഴിഞ്ഞ മെയില്‍ ലിവര്‍പൂളിലെ നഴ്സായ ജീവ ജോയിയും നടന്നു കയറിയ എവറസ്റ്റ് പര്‍വ്വതത്തിലെ അപകട വഴിയേ രണ്ടു യുകെ മലയാളികള്‍ കൂടി. ചെറുപ്പക്കാരായ അനന്യയുടെയും ജീവയുടെയും പ്രസരിപ്പ് മധ്യവയസിലും തങ്ങള്‍ക്കൊപ്പം ഉണ്ടെന്നു കൂടി തെളിയിച്ചാണ് സ്‌കാര്‍ബറോയിലെ ഡോ. പോള്‍ ഈനാശുവും ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റായ സന്തോഷ് ജോണും എവറസ്റ്റ് മുത്തച്ഛന്റെ കാല്‍ തൊട്ടു വന്ദിക്കാന്‍ ബേസ് ക്യാമ്പ് തേടിയെത്തിയത്.

ഓരോ വര്‍ഷവും 30000 സഞ്ചാരികള്‍ എത്തുന്ന ഇവിടെ നിന്നപ്പോഴാണ് ജീവിതത്തിന്റെ എളിമയും നിസാരതയും ഒക്കെ പര്‍വ്വത രാജന്റെ ഗാംഭീര്യത്തിനു മുന്നില്‍ തലകുനിച്ചു നിന്ന് ആലോചിക്കാന്‍ കഴിയുന്നതെന്ന് ഇരുവരും പറയുന്നു. ഇതേ വാക്കുകള്‍ തന്നെയാണ് മുന്‍പ് ഇവിടെയെത്തിയ അനന്യയും ജീവയും ബ്രിട്ടീഷ് മലയാളിയോടു പങ്കിട്ടതും. എവറസ്റ്റിന്റെ തലപ്പൊക്കം 29000 അടിക്കു മുകളില്‍ ആയതിനാല്‍ ബേസ്‌ക്യാമ്പിലെ 17000 അടി ഉയരത്തില്‍ എത്തുന്ന മലകയറ്റക്കാര്‍ക്കു പ്രകൃതി ശക്തികള്‍ക്ക് മുന്‍പില്‍ മനുഷ്യന്‍ എത്ര നിസാരനാണ് എന്ന ചിന്തയാണ് പര്‍വ്വതം ആദ്യം പഠിപ്പിക്കുക.
ജീവവായു പോലും ലഭിക്കാതെ, മൂക്കില്‍ നിന്നും പൊടിയുന്ന രക്തം കയ്യിലെ ഗ്ലൗസില്‍ പറ്റിയ മഞ്ഞിന്‍കണങ്ങളില്‍ ചുവപ്പു രാശി പടര്‍ത്തുന്നതൊന്നും അറിയാതെയാണ് സഞ്ചാരികള്‍ ജീവിതത്തിലെ ഏറ്റവും അവാച്യമായ മുഹൂര്‍ത്തങ്ങള്‍ ബേസ് ക്യാമ്പില്‍ പങ്കിടുക. ഒരു കാല്‍ തെന്നിയാല്‍ മരണത്തിന്റെ താഴ് വരയിലേക്ക് എടുത്തെറിയപ്പെടും എന്നതിനാല്‍ ജീവിതത്തിനും മരണത്തിനും ഇടയിലൂടെ നടന്നെത്തിയതിന്റെ സന്തോഷം കുറച്ചു മിനിറ്റുകളില്‍ ആസ്വദിച്ചു ഓരോ മലകയറ്റക്കാരും തിരിച്ചിറങ്ങണം.

കാരണം ശ്വാസവായു നേര്‍ത്തു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമയം ബേസ്‌ക്യാമ്പില്‍ തങ്ങുന്നത് സാധാരണക്കാരായ മലകയറ്റക്കാര്‍ക്കു ബുദ്ധിമുട്ടാകും. എവറസ്റ്റ് കീഴടക്കാന്‍ എത്തുന്ന പ്രൊഫഷണല്‍ മലകയറ്റക്കാര്‍ മാത്രമാണ് ബേസ്‌കാംപില്‍ വിശ്രമത്തിനു മുതിരാറുള്ളൂ. യുകെയിലെ പ്രധാന പര്‍വ്വതങ്ങളായ ബെന്‍ നേവിസ് അടക്കമുള്ള ത്രീ പീക്ക് ചലഞ്ച് പൂര്‍ത്തിയാക്കിയാണ് ഡോ. പോള്‍ ഈനാശു എവറസ്റ്റ് മലകയറ്റത്തിനു തയ്യാറെടുത്തത്.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് പ്രത്യേക പരിഗണന
ഈ വര്‍ഷത്തെ സീസണ്‍ അവസാനിക്കുന്നതിനു തൊട്ടു മുന്‍പാണ് ഇരുവരും എവറസ്റ്റ് തേടി എത്തിയത്. മലകയറുന്നതിനേക്കാള്‍ പ്രയാസം പലപ്പോഴും തോന്നിയത് നേപ്പാളിലെ വിമാനത്താവളത്തില്‍ അടക്കം നേരിടേണ്ടി വന്ന അനുഭവങ്ങളാണെന്നു സന്തോഷ് ജോണ്‍ പറയുമ്പോള്‍ ഓരോ സഞ്ചാരിയും മാനസികമായി ആവശ്യത്തിലേറെ സമ്മര്‍ദ്ദം അനുഭവിച്ചാണ് ട്രെക്കിങ് ആരംഭിക്കുന്നതെന്നു വ്യക്തം.

ഇമിഗ്രേഷന്‍ സംബന്ധിച്ച പ്രാഥമിക കാര്യങ്ങളില്‍ പോലും സഞ്ചാരികളെ സഹായിക്കാന്‍ എയര്‍പോര്‍ട്ടില്‍ സംവിധാനമില്ല. സഞ്ചാരികള്‍ പരസ്പരം സഹായിക്കുകയാണ് പലപ്പോഴും പതിവ്. എന്നാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് കയ്യിലുള്ളവര്‍ക്കു നേപ്പാള്‍ എയര്‍പോര്‍ട്ടില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട് എന്നും സന്തോഷ് പറയുന്നു. ഒരു പക്ഷെ അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ഉത്തമ ബന്ധം തന്നെയാകാം പ്രധാന കാരണം.

തുടക്കം മുതല്‍ യാത്രയില്‍ അപ്രതീക്ഷിത തടസമാണ് ഇരുവരെയും കാത്തിരുന്നത്. കാഠ്മണ്ഡുവില്‍ നിന്നും എവറസ്റ്റിനു തൊട്ടടുത്തുള്ള ലുക്ലാ എയര്‍പോര്‍ട്ടിലേക്ക് എത്താന്‍ ആയിരുന്നു പ്ലാന്‍ എങ്കിലും കാഠ്മണ്ഡു എയര്‍പോര്‍ട്ടിലെ നിര്‍മ്മാണ ജോലികള്‍ മൂലം നേരിട്ടുള്ള പ്ലെയിന്‍ ലഭ്യമായില്ല. പിന്നെ ഏക മാര്‍ഗം അഞ്ചു മണിക്കൂര്‍ റോഡ് യാത്ര ചെയ്തു രാമചെപ്പ് എയര്‍പോര്‍ട്ടില്‍ എത്തി ലുക്ലയിലേക്കു പറക്കുക എന്നതാണ്. കുണ്ടും കുഴിയും പൊടിയും നിറഞ്ഞ രമചെപ്പിലേക്കുള്ള യാത്ര ദുര്‍ഘടം എന്ന് പറയുന്നതിനേക്കാള്‍ ദുരിതം എന്ന് പറയുന്നതാകും ഉചിതം.

രാമച്ചെപ്പില്‍ നിന്നും ലുക്ലായിലേക്കുള്ള ദൂരം വെറും 15 മിനിറ്റ് വിമാനയാത്ര ആണെങ്കിലും കാലാവസ്ഥ മോശം ആകുമ്പോള്‍ അടിക്കടി വിമാനം റദ്ദാക്കല്‍ ഇവിടെ സാധാരണമാണ്. കേരളത്തിലെ സിനിമ തിയേറ്ററില്‍ ഇടികൂടി ടിക്കറ്റ് കരസ്ഥമാക്കുന്നത് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ എയര്‍പോര്‍ട്ടിലെ സ്ഥിതി. മാത്രമല്ല അവിചാരിതമായി ഒരു രാത്രി അവിടെയുള്ള ചായക്കടയില്‍ അന്തിയുറങ്ങുകയും വേണ്ടി വന്നു. എന്നാല്‍ തുടക്കത്തിലേ ഈ തടസങ്ങള്‍ക്കെല്ലാം എവറസ്റ്റ് പരിഹാരം നല്‍കിയത് ട്രെക്കിങ്ങിലെ തെളിമയുള്ള ദിനങ്ങള്‍ സമ്മാനിച്ചാണ് എന്ന് സന്തോഷും ഡോ. പോളും ഓര്‍ക്കുന്നു.

ആറു ദിവസം കൊണ്ട് 65 കിലോമീറ്റര്‍, ഒടുവില്‍ സ്വപ്ന സാഫല്യം
രാമച്ചെപ്പില്‍ അവിചാരിതമായി ഒരു ദിവസം തങ്ങേണ്ടി വന്നതിനാല്‍ ലുക്ലയില്‍ എത്തി ഒരു ചായ കുടിച്ചു നേരെ ട്രെക്കിങ് ആരംഭിക്കുക ആയിരുന്നു സന്തോഷും പോളും. കാരണം ചെറിയൊരു തടസം പോലും മുഴുവന്‍ ഒരുക്കങ്ങളും തകിടം മറിച്ചു മുഴുവന്‍ പ്ലാനും തെറ്റിക്കാന്‍ കാരണമായേക്കാം. അവിചാരിതമായി എത്തുന്ന ഹിമക്കാറ്റ് ഓരോ സഞ്ചാരിയുടെയും മോഹങ്ങള്‍ തകര്‍ക്കാന്‍ ഉള്ള കരുത്തുമായാകും എത്തുക.

ലുക്ലയില്‍ നിന്നും പക്ടിങ്, അവിടെ നിന്നും നാംചെ. ഇവിടെ തണുത്തുറയുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ഒരു രാത്രി സഞ്ചാരികള്‍ തങ്ങുക പതിവാണ്. പിറ്റേന്ന് റെന്‍ഗ്‌ബോച്ചേ, അവിടെ നിന്നും ഡിങ്‌ബോച്ചേ. ഇവിടെയും ഒരു ദിവസം തണുപ്പുമായി പൊരുത്തപ്പെടാന്‍ ഉപയോഗിക്കാറുണ്ടെങ്കിലും രംചെപ്പില്‍ നഷ്ടമായ ഒരു ദിവസം ലാഭിക്കാന്‍ പോളും സന്തോഷും വിശ്രമത്തിന് അവസരം എടുക്കാതെ യാത്ര തുടരുക ആയിരുന്നു.

ഡിങ്‌ബോച്ചില്‍ നിന്നും ലോബുച്ചേ, അവിടെ നിന്നും ഗോര്‍ഖചെപ്പ്, തുടര്‍ന്ന് എവറസ്റ്റ് ബേസ് ക്യാമ്പ്. ഇതായിരുന്നു ഇരുവരുടെയും യാത്രാ മാര്‍ഗം. ഓരോ ദിവസവും അഞ്ചു മണിക്കൂര്‍ വരെ ചെങ്കുത്തായ മഞ്ഞുമലകളിലൂടെ ഷെര്‍പ്പകളുടെ സഹായത്തോടെ യാത്ര. ആറാം ദിവസം ഉച്ചയ്ക്ക് തെളിഞ്ഞ സൂര്യപ്രകാശത്തില്‍ വെള്ളിമാമലകളായി തിളങ്ങി നില്‍ക്കുന്ന ഹിമവാന്റെ ഗിരിശൃംഗങ്ങള്‍ കാഴ്ചയില്‍ എത്തുമ്പോള്‍ സന്തോഷും പോളും ഒരു ജീവിതകാലം മൊത്തം മനസ്സില്‍ സൂക്ഷിച്ച സ്വപ്നത്തെ കണ്ടറിയുക ആയിരുന്നു. മനസ്സില്‍ മറ്റൊരു ചിന്തകളും ഇല്ലാത്ത ദിവ്യനിമിഷങ്ങള്‍.

ഏതു കോടീശ്വരനും സാധാരണക്കാരനായേ പറ്റൂ
ഏതു കോടീശ്വരനെയും സാധാരണക്കാരന്റെ ജീവിതാനുഭവങ്ങള്‍ പഠിപ്പിച്ചാണ് എവറസ്റ്റ് മടക്കി അയക്കുക എന്ന് ഇരുവരും പറയുന്നു. പര്‍വത യാത്രയില്‍ വല്ലപ്പോഴും കാണുന്ന ഒറ്റമുറി ചായക്കടകള്‍ മാത്രമാണ് മനുഷ്യ ജീവിതത്തിന്റെ അടയാളമായി കാണാന്‍ കഴിയുക. പലതും പ്രദേശവാസികളുടെ വീടിനോടു ചേര്‍ന്നാണ് കടകളും. മിക്കവാറും കിട്ടുക ആപ്പിളും പിയറും. കൂടെ ആവി പറക്കുന്ന ചായയും. ഭക്ഷണം നേപ്പാളി വിഭവങ്ങള്‍. യോഗം ഉണ്ടെങ്കില്‍ ചപ്പാത്തിയും പരിപ്പുകറിയും ലഭിക്കും.

ഒരുപക്ഷെ ഭക്ഷണത്തിന്റെ സ്വാദ് ഏറ്റവും അധികം ആസ്വദിക്കാന്‍ സാധിച്ചതും ഈ യാത്രയില്‍ തന്നെയെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവും വിലകൂടിയ വസ്തു കുടിവെള്ളം തന്നെ. ലുക്ലയില്‍ 25 നേപ്പാളി രൂപയ്ക്കു കിട്ടുന്ന വെള്ളം ഗോര്‍ഖഷേപ്പില്‍ എത്തുമ്പോള്‍ 350 രൂപയാകും. കാരണം തലച്ചുമടായും യാക്കുകളുടെ പുറത്തും ചുമന്നെത്തിക്കുകയേ മാര്‍ഗമുള്ളൂ. പൊതു ടോയ്‌ലെറ്റാണ് ഏവര്‍ക്കും ആശ്രയം. തന്നെ തേടിയെത്തുന്ന ഏതു കോടീശ്വരനെയും സാധാരണക്കാരനാക്കി മാറ്റുന്ന എവറസ്റ്റ് മാജിക്.
സന്തോഷും പോളും ഈ യാത്രയില്‍ ഹിമാലയ ഗിരിശൃംഗങ്ങളായ അമദബലം, ലോത് സെ, ണുപ് സെ, എവറസ്റ്റ് എന്നീ കൊടുമുടികളാണ് കണ്ടത്. ഇടയ്ക്കു നദികള്‍ മുറിച്ചു കടക്കേണ്ടിടത്ത് ആട്ടുപാലങ്ങള്‍. ദൂത്‌കോശി നദീ തടങ്ങള്‍ ഒക്കെ അവിസ്മരണീയ കാഴ്ചകളാണ്. ലുബ്‌ച്ചേ പിന്നിട്ടാല്‍ പിന്നെ മരങ്ങള്‍ പോലും ഇല്ല. പ്രധാന കാരണം ജീവവായുവിന്റെ കുറവ് തന്നെ. ഓരോ കയറ്റവും കാത്തിരിക്കുന്നത് ശ്വാസവായുവിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു കൊണ്ടുതന്നെയാണ്.

ജനനം മുതല്‍ മരണം വരെ കൂടെയുള്ള ജീവവായുവിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ ഇങ്ങനെ ഒരു യാത്ര വഴി മാത്രമേ കഴിയൂ. അമേരിക്ക, ബ്രിട്ടന്‍, കാനഡ തുടങ്ങി 18 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സംഘത്തിലാണ് സന്തോഷും പോളും എവറസ്റ്റ് ബേസ്‌ക്യാമ്പില്‍ എത്തിയത്. രണ്ടു കുട്ടികളും സംഘത്തില്‍ ഉണ്ടായിരുന്നു. ഹല്‍ നിന്നെത്തിയ ബ്രിട്ടീഷ് കുടുംബത്തിലെ പന്ത്രണ്ടുകാരന്‍ പയ്യന്‍ തനിക്കു 20 വയസില്‍ എവറസ്റ്റിന്റെ നെറുകയില്‍ എത്തണം എന്ന നിശ്ചയ ദാര്‍ഢ്യവുമായാണ് ബേസ്‌ക്യാമ്പ് കീഴടക്കിയത്.
വഴികളില്‍ സഞ്ചാരികളെ കാത്തു ടെങ്പോച്ചെ ബുദ്ധ ആശ്രമം, ടെന്‍സിങ് സ്മാരകം, സ്വയംഭൂ നാഥ് ക്ഷേത്രം, പശുപതി നാഥാ ക്ഷേത്രം, ഷേര്‍പ ആശ്രമം എന്നിവയൊക്കെയുണ്ട്. എവറസ്റ്റ് എന്ന സിനിമയ്ക്ക് കാരണമായ 96ലെ അപകടത്തില്‍ കൊല്ലപ്പെട്ട സഞ്ചാരി സ്‌കോട് ഫിഷറിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കാഴ്ചകള്‍ ഒക്കെ ഓരോ സഞ്ചാരിയും നേരിടേണ്ടി വന്ന ദുരിതങ്ങളും സാഹസികതയും കൂടി ഓര്‍മ്മിപ്പിക്കുന്നതാണ്. വഴിയില്‍ ഒരിടത്തു പോലും സഞ്ചാരികള്‍ക്കു മോശം അനുഭവം ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഒരു പോലീസ് ചെക് പോസ്റ്റോ ഉദ്യോഗസ്ഥനെയോ കാണാനില്ല. ടൂറിസം വരുമാനമാക്കി മാത്രം ജീവിക്കുന്ന ഒരു ജനത ഓരോ സഞ്ചാരിയേയും ദൈവ തുല്യം ആദരിക്കുമ്പോള്‍ നല്ല അനുഭവങ്ങള്‍ മാത്രമാണ് കൂടെയുണ്ടാവുക. കുംഭു ഐസ് പാളികള്‍ എന്നറിയപ്പെടുന്ന ബേസ്‌ക്യാമ്പ് താഴ്‌വരയില്‍ നിന്നും എവറസ്റ്റിന്റെ തല ഉയര്‍ത്തിയുള്ള നില്‍പ്പ് കാണുമ്പോള്‍ ഭൂമിയിലെ സമുദ്ര നിരപ്പില്‍ നിന്നും 17000 അടി മുകളില്‍ എത്തിയതായി ഒരു സഞ്ചാരി പോലും ഓര്‍ക്കില്ല. കാരണം അത്രയ്ക്ക് അവിസ്മരണീയ കാഴ്ചകളാണ് അവിടെ കാത്തിരിക്കുന്നത് എന്നത് തന്നെ.

നടപ്പാണ് ഹോബി, മലകയറ്റമാണ് മനസിന് ഊര്‍ജ്ജം
നീണ്ട നടത്തം, അതാണ് സന്തോഷിന്റെ പ്രധാന ഹോബി. എന്നാല്‍ ഒരു മല കണ്ടാല്‍ അത് കയറി മുകളില്‍ എത്തി ഒന്ന് ശ്വാസം എടുത്താലേ ഡോ. പോളിന് ആശ്വാസമാകൂ. ഈ സ്വഭാവക്കാര്‍ രണ്ടും ചേര്‍ന്നപ്പോള്‍ എവറസ്റ്റ് ബേസ്‌ക്യാമ്പ് എന്ന ആശയം ഉദിക്കുകയായിരുന്നു. രണ്ടു പേരും ധാരാളം വായിക്കുന്നവര്‍. എവറസ്റ്റിനെ കുറിച്ച് പറഞ്ഞു കേട്ടതും വായിച്ചറിഞ്ഞതും അനവധി കാര്യങ്ങള്‍. ഇങ്ങനെ ഒക്കെ ആകുമ്പോള്‍ ആര്‍ക്കാണ് എവറസ്റ്റ് എന്ന മോഹം ഉണ്ടാകാതിരിക്കുക.
എവറസ്റ്റിനു വേണ്ടി സന്തോഷ് നോര്‍ത്ത് യോര്‍ക്കിലെ ക്ലീവ്ലാന്റ് മലകയറി 109 മൈല്‍ പൂര്‍ത്തിയാക്കിയാണ് ഫിറ്റ്നസ് ഉണ്ടെന്നു സ്വയം ബോധ്യപ്പെടുത്തിയത്. സ്‌കോട്ട്ലന്റിലെ പര്‍വത ആരോഹക പരിശീലന കേന്ദ്രത്തില്‍ ഉയര്‍ന്ന മേഖലയില്‍ ശരീരം ഏതൊക്കെ തരത്തില്‍ കുറഞ്ഞ ശ്വാസവായുവില്‍ പ്രതികരിക്കും എന്നതിനെ പറ്റി മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുത്താണ് ഇവര്‍ യാത്രയ്ക്ക് ഒരുങ്ങിയത്. മല കയറുമ്പോള്‍ ധരിക്കേണ്ട വസ്തുക്കളും കയര്‍ ഉപയോഗിച്ച് മല കയറേണ്ടി വരുന്ന സാഹചര്യവും ഒക്കെ പരിശീലിപ്പിക്കുന്ന ഫിറ്റ്നസ് ട്രെയിനിങ് കൂടിയാണിത്.
സന്തോഷിന്റേയും പോളിന്റെയും അടുത്ത ലക്ഷ്യം ഇംഗ്ലണ്ട് - സ്‌കോട്ട്ലന്റ് അതിര്‍ത്തി പങ്കിടുന്ന ഹാര്‍ഡിയന്‍ മതിലു തേടിയുള്ള 84 മൈല്‍ യാത്രയാണ്. കോട്ടയം വടവാതൂര്‍ സ്വദേശിയായ സന്തോഷ് ജോര്‍ജ് ജോണ്‍ സ്‌കാര്‍ബറോ ജനറല്‍ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റ് ആണ്. ഭാര്യ സൂസന്‍, മകള്‍ ഹന്നാ എന്നിവരാണ് കുടുംബ അംഗങ്ങള്‍. സ്‌കാര്‍ബറോയിലെ ക്രോസ് ലൈന്‍ ഹോസ്പിറ്റലില്‍ സൈക്ക്യാട്രിസ്റ്റ് കണ്‍സല്‍ട്ടന്റ് ആണ് ഡോ പോള്‍. ചാലക്കുടി സ്വദേശിയാണ് ഇദ്ദേഹം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category